അക്ഷരങ്ങള്‍

ഒറ്റപ്പെടല്‍, അത് സ്വയം തീര്‍ത്തത്. പിന്നെ അപമാനം എല്ലാ നെഗറ്റീവും പോസിറ്റീവാകുമ്പോള്‍ അപമാനവും അവഗണനയുമെല്ലാം മഴയില്‍ കെട്ടടങ്ങിയ തീ നാളം പോലെ നനഞ്ഞു കുതിരും പക്ഷേ.. എത്ര വെയിലിലും എത്ര മഴയിലും എത്ര വറ്റിച്ചാലും വറ്റാതെ ഉപ്പു വെള്ളത്തിന്റെ രണ്ടു തടാകങ്ങള്‍ അവ ഇടയ്ക്കിടയ്ക്ക് ചുരത്തിക്കൊണ്ടിരിക്കും.

കഥാപാത്രങ്ങളുടെ മുഖങ്ങളെല്ലാം പരിചയമുള്ളത്, പക്ഷേ എന്തോ കാറും കോളും നിറഞ്ഞ മാനം നോക്കി മയില്‍ ആനന്ദ നൃത്തം ചവിട്ടുന്നു. ഒരിക്കല്‍ പോലും അതിനു നൃത്തം പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. അതിനു മുമ്പേ പേമാരി പെയ്തിറങ്ങും. ഇടി നാദം.. മിന്നല്‍ പിണരുകള്‍.. വീണ്ടും കാറ്റും കോളും. മഴ മുത്തുകളില്‍, പളുങ്ക് മണികളില്‍ സംഗീതം.. നൃത്തം.. കവിത.. കഥ.

വാക്കുകള്‍ നഷ്ടപ്പെട്ട, പദങ്ങള്‍ മറന്നു പോയ, അക്ഷരങ്ങള്‍ മാറിമറിഞ്ഞ മനസ്സ്. അതിലെ അക്ഷരങ്ങള്‍ ഡോക്ടര്‍ സിയുസ്സിന്റെ
കഥ പോലെ മറിഞ്ഞും തിരിഞ്ഞും വട്ടത്തിലും നീളത്തിലും വെളുത്തും കറുത്തും അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍ അവ തിരിഞ്ഞും മറിഞ്ഞും
എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഒന്നും കൂട്ടി വായിക്കാനാകുന്നില്ല. ചേര്‍ത്ത് വെക്കാന്‍ കഴിയുന്നില്ല. ഒച്ചിന്റെ ശരീരത്തേക്കാളും
വഴുവഴുത്ത അക്ഷരങ്ങള്‍ പിടിക്കാന്‍ കിട്ടുന്നില്ല, സ്ഥായിയായ നിറമില്ല. എത്തി പ്പിടിക്കാന്‍ ശ്രമിക്കും തോറും അകന്നകന്നു പോകുന്നു.

എന്നാല്‍, ഉപ്പുവെള്ളം അതിനെ പിടിച്ചു വെക്കാന്‍ എനിക്ക് കഴിയുന്നില്ല. വല്ലവരും കണ്ടാല്‍? എന്തിനാ എല്ലാവരെയും പേടി?
അറിയില്ല .എല്ലാം എല്ലാം പേടി പ്പെടുത്തുന്ന പിശാചുക്കള്‍. അതാ …അവിടെ …അവിടെ എന്തോ വാക്കുകള്‍.. അക്ഷരങ്ങള്‍ എന്റെ കൂട്ടുകാര്‍, അവര്‍ പോയി. മരിച്ചതോ? കൊന്നതോ? അറിയില്ല. രണ്ടായാലും ജീവിച്ചിരിപ്പില്ല. സ്വപ്നത്തില്‍ മാത്രം വന്നു പോകുന്നു. എത്തി പ്പിടിക്കാന്‍ ശ്രമിക്കും തോറും അകന്നകന്ന്. സ്വന്തം വ്യക്തിത്വമില്ലാത്ത വരുടെ കൂടെ എങ്ങിനെ നില്‍കാന്‍? ആരുമില്ല. ഇരുട്ട്, അഗാധമായ ഗര്‍ത്തം, ഒരു പിടിവള്ളി? ഇല്ല കിട്ടില്ല. എല്ലാം നഷ്ടപ്പെടുത്തി. ഇല്ല, എനിക്കിപ്പോള്‍ ഇരുട്ട് മതി. അതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. വെളിച്ചം.. വേണ്ട… വേണ്ട.. എനിക്കു കാണണ്ട.

കണ്ണുകള്‍ ഇറുക്കിയടച്ചാല്‍ പല നിറങ്ങള്‍. എല്ലാം ഒറ്റ നിറങ്ങള്‍. കരിമ്പടത്തിനു കീഴെ ഇരുട്ട്.. ഇരുട്ട്.. ഇരുട്ട്.. ഞാന്‍ നിന്നോട് കൂടെ അലിഞ്ഞലിഞ്ഞു.. ഒരിക്കലും വെളിച്ചത്തിന് വരാന്‍ കഴിയാത്ത ഏതെങ്കിലും ഒരു ഗുഹയില്‍.

SHARE