എന്താ അവറാന് ചേട്ടാ .. കൈയ്യിലൊരു പൊതി …?”
”ശൂ .., ഒന്ന് പതുക്കെ പറയെടാ ….”!
”അയ്യോ .., ഇതെന്താപ്പാ .., ഇത്ര വല്യ രഹസ്യം …?”
”എടാ .., ഇത് കുറച്ച് ഇറച്ചിയാണ് ..,പോത്തിന്റെ ….”!
”അതെന്തിനാ .., അവറാന് ചേട്ടന് ഇങ്ങനെ ഒളിച്ചു കൊണ്ടു പോണേ ..?”
” നിനക്ക് എന്നെ നാട്ടുകാര്‍ തല്ലിക്കൊല്ലണത് കാണണം അല്ലേ …?,എടാ ഇത് പോത്താണെന്ന് എനിക്കും .., ഇപ്പോ നിനക്കും അറിയാം ..!, പക്ഷേ .. തല്ലിക്കൊല്ലാന്‍ വരണവര്ക്ക് അത് അറിയില്ലല്ലോ …?
പിന്നെ തല്ലിക്കൊന്ന് കഴിഞ്ഞിട്ട് .., ഇത് പോത്താണ് .., ആടാണ് .., ന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുണ്ടോ …?
അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഖി:ക്കേണ്ട…!”
”അതിന് അവറാന് ചേട്ടാ .., നമ്മുടെ നാട്ടില്‍ .. ഈ വക പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ …, ഇവിടെ പശൂനെ അല്ല .., പട്ടീനെ വരെ തിന്നാലോ …”
”എന്നാലും ഒരു മുന്‍കരുതല്‍ എടുക്കുന്നതില്‍ തെറ്റില്ലല്ലോ ..?, പശൂനെ തിന്നൂന്നും പറഞ്ഞ് വെറുതെ നമ്മുടെ ജീവന് കളയാന്‍ പറ്റോ …”?
”അവറാന് ചേട്ടാ ..,ഇന്ന് നമ്മടെ കവലേല് ബീഫ് ഫെസ്റ്റ് നടത്തന്നുണ്ട് .., പഞ്ചായത്ത് മെമ്പറ് .., സുകെശന്‍..!
”ഓ ..,ഞാനില്ലെടാ ഉവ്വേ ..,ഇപ്പോ പണ്ടെത്തെപ്പോലെ ഒടാനോന്നും വയ്യ ..”!
”എന്റെ പ്രിയപ്പെട്ട ജനങ്ങളെ .., ബീഫ് കഴിച്ചു .., എന്ന സംശയത്തിന്റെ പേരില്‍ ഒരു പാവം മനുഷ്യനെ അങ്ങ് തല്ലിക്കൊന്നിരിക്കുന്നു .., സത്യത്തില്‍ അയാള്‍ കഴിച്ചത് ആട്ടിറച്ചി ആയിരുന്നു …!
ജനാധിപത്യമെന്ന സംസ്കാരത്തിന്റെ കടക്കല്‍ വീണ കോടാലി …
എന്തിന് .., പശുവെന്നാല്‍ .., ഗോമാതാവ് ആണത്രേ …!
ഭഗവാന് മുരുകന്റെ വാഹനമാണ് മയില്‍ …, ഗണേശ ഭഗവാന്റെ വാഹനമാണ് എലി .., അയ്യപ്പന്റെത് പുലിയും .., യമന്റെതു പോത്തും …!
നമ്മുടെ വീട്ടിലും .. കൃഷിയിടങ്ങളിലും ..,തുരങ്കം വെക്കുന്ന എലിയെ നമ്മള് ചുട്ടു കൊല്ലാറില്ലേ …?, വിഷം വെച്ചു കൊല്ലാറില്ലേ …? അപ്പോ അങ്ങിനെ ചെയ്യാന്‍ പാടുണ്ടോ …?,
നമ്മളതിന് .., ഗണപതിയുടെ വാഹനം എന്ന പരിഗണന കൊടുക്കേണ്ടതല്ലേ …?
കാടിറങ്ങുന്ന പുലി .., മനുഷ്യരെ കൊല്ലാന്‍ വരുമ്പോള്‍ .., നമ്മള് അതിനെ പൂജിക്കുകയാണോ ചെയ്യാറ് …?
ആയതുകൊണ്ട് എന്റെ ജനങ്ങളെ .., ഒരു കൂട്ടം വിഡ്ഢിത്തരങ്ങള്ക്കെതിരെയാണ് നമ്മുടെ ഈ സമരം …!, അതിന് പ്രതീകാത്മകമായി .. ബീഫും .., ബ്രെഡും ഇന്നിവിടെ വിളമ്പുന്നതാണ് .., എല്ലാവര്ക്കും ആവശ്യാനുസരണം കഴിക്കാം …!
കൂടുതല്‍ ഉഷാറാവേണ്ടവര്ക്ക് .., നമ്മുടെ വറീതിന്റെ കള്ള് ഷാപ്പീന്ന് വയറു നിറയെ കള്ളും ..,കുടിക്കാവുന്നതാണ് …., പക്ഷേ .., അതിന്റെ കാശ് പഞ്ചായത്തീന്ന് കൊടുക്കുന്നതായിരിക്കില്ല …!
അല്ല .., സുകേശന് ആള് കൊള്ളാലോ .., ഇത്രയൊക്കെ കഴിവുണ്ടോ ..? ഇപ്പോഴാണ് സുകേശന് ഒരു പഞ്ചായത്ത് മെമ്പറായത് …!
എനിക്ക് .., സുകേശനോട് ബഹുമാനം തോന്നി ..!
സുകേശന് .., ആകെയൊന്ന് വലുതായ പോലെ …!
വലുതായി .., വലുതായി ..,വല്യ ഒരു സുകേശന് …!, പഞ്ചായത്തിനെക്കാളും ഉയരത്തില്‍ വളര്‍ന്നു നില്ക്കുന്നു …!
ബീഫെന്ന് കേട്ടതോടെ .., റോമു .., പാക്കരന്റെ ചായക്കടക്ക് മുന്നില്‍ നിന്ന് കുരയോട് കുര ..!
ഈ സമരത്തില്‍ ഒന്നും റോമൂനു ഒരു താല്പര്യവുമില്ല .., പക്ഷേ ബീഫ് അത് കിട്ടാന്‍.., റോമു ഏതു സമരത്തിലും പങ്കാളിയാവും ….!
പാക്കരന്റെ വീട്ടില്‍ .., ആഴ്ചയില്‍ ഒരു ദിവസം മാത്രമേ .., ബീഫ് വിരുന്നു വരാറുള്ളൂ …ഞായറാഴ്ച്ച മാത്രം …!
അതാണെങ്കില്‍ അരക്കിലോ ബീഫില്‍ എന്തെങ്കിലും ഒരു കഷണം കായയോ .., ചേനയോ .. ഇട്ട് .., ഒരു ചാര് പൂരം .., എട്ടൊമ്പത് പേര്‍ക്ക് വിളമ്പണേ …!
റോമൂനു എപ്പഴും കഷണം മാത്രമേ കിട്ടുള്ളൂ ..,ഇറച്ചി കിട്ടാറില്ല …! ബീഫ് വാങ്ങിക്കൊണ്ട് പോകുന്നതൊക്കെ കാണാമെന്നല്ലാതെ അതില്‍ നിന്ന് ഒരു കഷണം പോലും ഒറോതോ ചേട്ടത്തി റോമൂനു കൊടുക്കാറില്ല ….!
സംഗതി ഇല്ലാഞ്ഞിട്ടാ .., അല്ലാതെ റോമുനോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല …!
ആ അരക്കിലോ ബീഫിലെ ഒരു കഷണത്തിനു വേണ്ടി മനുഷ്യര്‍ കടിപിടി കൂടുമ്പോ .., പിന്നെ റോമുന്റെ കാര്യം പറയാനുണ്ടോ …?
പതിനൊന്ന് മണിക്ക് ബീഫ് നല്ല മസാല ഒക്കെ ഇട്ട് വെന്ത മണം കിട്ടുമ്പോ തന്നെ റോമു കിടന്ന് തുടല് പൊട്ടിക്കാന്‍ തുടങ്ങും … സന്തോഷം കൊണ്ട് അവന്റെതായ രീതിയില്‍ ചില പാട്ടുകളും , സൌണ്ടും മറ്റും .., , അങ്ങിനെ ആകെ ഒരു ബഹളമയമായിരിക്കും …!
അന്ന് റോമൂനു .., എല്ലാവരോടും ഭയങ്കര സ്നേഹമായിരിക്കും …!
അവസാനം ഒറോതചേട്ടത്തിടെ ..ചോറു കൊണ്ട് വരുമ്പോഴുള്ള…, ആ .. വരവ് കാണുമ്പോ തന്നെ .., റോമൂന്റെ ഒരു സ്നേഹ പ്രകടനം കാണണം …!
നമ്മടെ കണ്ണ് നിറയും …!
സംഗതി ഇറച്ചി ആണെന്ന് കരുതി റോമു കടിക്കുന്നതൊക്കെ കായക്കഷ്ണങ്ങളൊ .. ചേന കഷ്ണങ്ങളോ .., ആയിരിക്കും …!, ഇറച്ചീടെ ഒരു കഷ്ണം പോലും ആ ചോറില്‍ ഉണ്ടാവില്ല…!
ചതി മനസ്സിലാവുമ്പോ ….., റോമു ആദ്യം ഒന്ന് പിണങ്ങി മാറിക്കിടക്കും .., പിന്നെ വേറെ വഴി ഇല്ലാന്ന് മനസ്സിലായി വിശക്കുമ്പോ ..വന്ന് തിന്നും ..!
ഈ അവഗണനയില്‍ റോമുന് കടുത്ത നിരാശയുണ്ട് .., പക്ഷേ .., വേറെ വഴി ഇല്ല …!
ഏതായാലും ഇന്നത്തെ ഈ സമരത്തില്‍ ആദ്യാവസാനം തന്നെ പങ്കെടുക്കുന്ന് .., റോമു പ്രഖ്യാപിച്ചു കഴിഞ്ഞു …!
ഇറച്ചി വെന്ത മണം അടിച്ച് .., അവന്റെ വായില്‍ നിന്നൂറിയ വെള്ളം കൊണ്ട് ആ ഏരിയ മുഴുവന്‍ കുതിര്‍ന്നു …!
എന്താ സംഭവംന്ന് അറിയാണ്ട് .., പാക്കരന് വാ പൊളിച്ച് നിക്കണിണ്ട്
”എന്താടാ .., ഇന്ന് ആരുടെയെങ്കിലും ബെര്‍ത്ത് ഡേ ആണോ …?”
”അപ്പോ .., ചേട്ടന് ഇതൊന്നും അറിഞ്ഞില്ലേ ..?”
”എന്ത് ..”?
”എന്റെ ചേട്ടാ .., ഇപ്പോ .., ഈ പശൂനെ ഒന്നും തിന്നാന്‍ പാടില്ലാന്ന് …, തിന്നവനെ ആദ്യം തട്ടൂത്രേ …”!
”എന്തിന് ….”?
”പശു എന്നാല്‍ ഗോമാതാവ് ..,ആണെന്ന് …”!
”എന്ന് വെച്ചാ എന്താ ….”?
എന്റെ ചേട്ടാ….. ഒരു ദൈവം പോലെ ആണെന്ന് ….!” അതായത് ഗോമാതാവ് ..”
”അതിന് …’?
”എന്റെ ചേട്ടാ പശു ഗോമാതാവ് ആയത് കൊണ്ട് അതിനെ കൊന്ന് തിന്നാന്‍ പാടില്ലത്രേ ….”!
”അപ്പോ .., നമ്മള് ഇത്ര കാലം തിന്നതോ …?”
”ഇത്ര കാലം തിന്നത് പോട്ടേ .., ഇനി തിന്നാ തിന്നവരെ തട്ടുംന്ന് പറഞ്ഞ് കുറേ പേര് നടക്കണി ണ്ട് …!”
”നീ ഒന്ന് പോടാ ചെക്കാ …, മനുഷ്യനാണ് ഏറ്റവും വലിയ ദൈവം .., അത് കഴിഞ്ഞിട്ടേ ഉള്ളൂ .., മറ്റെല്ലാ സാധനങ്ങളും …!
എടാ ഈ മനുഷ്യന് എങ്ങിനെയാ ഉണ്ടായത് ..?പശുവാണോ .., മനുഷ്യനെ ഉണ്ടാക്കിയത് …?, ചിലര്‍ പറയണൂ ദൈവം സൃഷ്ട്ടിച്ചതാണെന്ന് …!, വേറെ ചിലര്‍ പറയണൂ …,കുരങ്ങന് മാറി .., മാറി .., മനുഷ്യനായതാണെന്ന് …!
അതെന്തുട്ടാണെങ്കിലും .., അതിന്റെ ഇടേല് ..,എവിടെയാടാ ..,ഈ പശു വരുന്നത് …’?
നമ്മളെന്നെ ഓരോന്ന് ഉണ്ടാക്കി .., നമ്മടെ തല തല്ലിപ്പൊട്ടിക്കുന്നു …!, ഇതൊന്നും അറിയാണ്ട് ആ പാവം പശു പുല്ല് തിന്ന് ജീവിക്കുന്നു ..!
നീ ആ പശൂനെ ഇവിടെക്കൊണ്ട് വന്ന് കേട്ട്യേ …,. എന്നിട്ട് അതിനോട് ഒരു നേരത്തെ ഭക്ഷണം തരോന്ന് ചോദിച്ചു നോക്ക്യേ ….?
അത് .., പാവം വാ .., പൊളിച്ച് നിന്ന് അമറും …, അതിന് അറിയില്ലല്ലോ ദൈവത്തിന്റെ പരിവേഷമാണെന്ന് …!
വിശ്വാസങ്ങള്‍ നല്ലതു തന്നെ .., അതിനെ ആരും ചോദ്യം ചെയ്യുന്നുമില്ല .., എന്നാല്‍ അവനവന്റെ വിശ്വാസങ്ങള്‍ .., അവനവന്റെ കൂടാരങ്ങളില്‍ ഒതുങ്ങി നില്ക്കട്ടെ …, അല്ലാതെ അതുമായി അടുത്തവന്റെ കൂടാരത്തിനുള്ളിലേക്ക് കടന്നു കയറുകയല്ല വേണ്ടത് …!
വിഡ്ഢികളായ ജനങ്ങളുടെ ഒരു ലോകം .., സ്വന്തം രക്തത്തെ തിരിച്ചറിയാത്തവന് .., മറ്റൊരു ജീവിക്കുവേണ്ടി വാളെടുക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു …!
ഹേ ….., മനുഷ്യാ .., തലയും .., ബുദ്ധിയും ..,കൈയ്യും .., കാലും ഉള്ള .., നാലു കാലില്‍ നടക്കാത്ത നീ .., ഒരു നാല്‍ക്കാലിയേക്കാള്‍ ബുദ്ധിശൂന്യനോ ..?
സ്വന്തം രക്തത്തെ തിരിച്ചറിയുന്നിടത്താണ് .., ദൈവീക സ്നേഹമുണ്ടാകുന്നത് .., ചേതനയുണ്ടാകുന്നത് …., അതാണ് ദൈവമായി ഉള്ളില്‍ രൂപാന്തരം പ്രാപിക്കേണ്ടത് ….!, അല്ലാതെ ഒരു മൃഗത്തിന്റെ ഇറച്ചി തിന്നതിന്റെ പേരില്‍ .., ഒരു സഹജീവിയെ തല്ലിക്കൊന്നിട്ടല്ല .., ദൈവത്തോടുള്ള വിധേയത്വം പ്രകടമാക്കേണ്ടത് …!
ദൈവം ജീവിക്കുന്നത് ..,കഠാരത്തുമ്പിലോ .., മറ്റു മൃഗങ്ങളിലോ അല്ല …, അത് നിന്റെ ഉള്ളില്‍ത്തന്നെയാണ് …, അത് നീ തിരിച്ചറിയാത്തിടത്തോളം കാലം .., നീയൊരു മൃഗമായിത്തന്നെ തുടരും .., വെറും മൃഗമല്ല .., മനുഷ്യ മൃഗം …!”
എന്റെ ഉള്ളില്‍ ഒരു ലഡ്ഡു പൊട്ടി .., വലിയൊരു ലഡ്ഡു …!, ഒരു ചായക്കടക്കാരന്റെ അറിവും മനുഷ്യത്വവും .., ഇല്ലാത്തവരാണോ .., നമ്മളെ നയിക്കുന്നവരില്‍ ചിലര്‍ …?
ഹാ ..,കഷ്ടം …!
ക്രിസ്തുവും .., നബിയും .., ജീവിച്ച ലോകം …, രാമനും സീതയും .., ജീവിച്ച ലോകം …, മഹാവിഷ്ണു അവതാരങ്ങള്‍ എടുത്ത ലോകം .., ശ്രീ ബുദ്ധനും .., ശ്രീ നാരായണ ഗുരുവും .., ജീവിച്ചു മരിച്ച ലോകം …., അവര്‍ക്ക് ആര്‍ക്കും കൊടുക്കാത്ത…, ”അതുക്കും മേലേ ” ഉള്ള ഒരു മഹത്വമാണോ നമ്മള് ഇതിനു കൊടുക്കേണ്ടത് …..?
ചിന്തിക്കേണ്ടത് മനുഷ്യരായ നമ്മള് തന്നെ …!