Share The Article

Untitled-1കാണേണ്ടിയിരുന്നില്ല എന്ന ഉള്‍ത്തരിപ്പോടെ കണ്ണുകളെ പിന്‍വലിപ്പിച്ചുകളയും വിധം ക്രൂരവും വേദനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം അനാവരണം ചെയ്യുന്ന ഈ ഏഴുമിനിട്ട് ചെറുസിനിമ കടുകോളമേ ഉള്ളൂവെങ്കിലും കടലോളം ചിന്തിപ്പിച്ചേക്കാം.

ഒരു പറ്റം പ്രവാസി മലയാളികള്‍ അവരുടെ ജോലിക്കും പ്രവാസ നോവുകള്‍ക്കുമിടയിലെ അല്‍പ വിശ്രമ സമയങ്ങളില്‍ പരിമിതമായ സാങ്കേതിക, സാമൂഹിക സൗകര്യങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും സൗദി അറേബ്യയില്‍ ചിത്രീകരിച്ച ലഘു ചിത്രം. സാങ്കേതികവും കലാപരവുമായ കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. തുടക്കക്കാരുടെ വഴക്കമില്ലായ്മയായി പരിഗണിച്ച് ക്ഷമിക്കണം. 2010 ഒക്ടോബര്‍ 21ന് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡരുകില്‍ കിടന്ന് ഏതോ മനുഷ്യസ്നേഹിയായ പൊലീസുകാരനാല്‍ അജ്ഞാതനെന്ന ലേബലോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മരണത്തോട് തോറ്റ് ഒടുവില്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വെച്ച് മാത്രം തിരിച്ചറിയപ്പെട്ട മലയാളത്തിന്‍െറ പ്രിയ കവി എ. അയ്യപ്പന് സ്മരണാഞ്ജലി. പൊള്ളുന്ന സത്യങ്ങള്‍ തീ തുപ്പുന്ന വാക്കുകളാല്‍ കോറിയിട്ട് കടന്നുപോയ ആ കവിയുടെ ‘അത്താഴം’ എന്ന കവിതയാല്‍ സ്വാധീനിക്കപ്പെട്ട ‘അത്താഴം’ എന്ന ഈ ലഘു ചിത്രം റിയാദ് ടാക്കീസ് പ്രേക്ഷക സമക്ഷം അവതരിപ്പിക്കുന്നു.