അനുയായികളില്ല, ബിജെപിക്കോ വാസനോ വേണ്ട : ജയന്തി നടരാജന്റെ രാഷ്ട്രീയം അസ്തമിക്കുന്നുവോ ?

jayanthi_650_013015074314

കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുവന്ന മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. രാഹുല്‍  ഗാന്ധിയെ അതി നിശിതമായി വിമര്‍ശിച്ച് സോണിയാ ഗാന്ധിക്കെഴുതിയ കത്ത് പുറത്തുവന്നതിന് ശേഷമാണ് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുടെ മകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെച്ചത്. രാഹുല്‍ഗാന്ധി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടുവെന്നായിരുന്നു ജയന്തിയുടെ പ്രധാന ആരോപണം. ഉടനെങ്ങും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുകയില്ലെന്നും അവര്‍ പറഞ്ഞു.

ജയന്തി നടരാജന്‍ എന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ രാഷ്ട്രീയവും ദില്ലികേന്ദ്രീകരിച്ചായിരുന്നു. കോണ്‍ഗ്രസ്സിലെ ചില താപ്പാനകളുമായി  മാത്രമാണ് അവര്‍ക്ക് ബന്ധമുള്ളതും. ജി കെ മൂപ്പനാരാണ് ജയന്തിയെ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നത്. 80കളുടെ പകുതിയോടെ ജയന്തിയെ മൂപ്പനാര്‍ രാജീവ് ഗാന്ധിക്ക് പരിചയപ്പെടുത്തുകയും, വളരെ പെട്ടെന്ന് തന്നെ അവര്‍ രാജ്യസാഭാംഗവുമായി മാറുകയും ചെയ്തു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായി 27 വര്‍ഷം രാജ്യസഭാംഗമായി തുടരാനും, രണ്ട് തവണ കേന്ദ്രമന്ത്രിയാകുനും ജയ്ന്തിക്ക് കഴിഞ്ഞു.

എന്നാല്‍ തമിഴ്‌നാട്ടില്‍ ഒരു അനുയായി വൃന്ദം ഉണ്ടാക്കിയെടുക്കുവാന്‍ ജയന്തി പരാജയപ്പെട്ടു. ഈ ഒരു അവസ്ഥയില്‍ രാഷ്ട്രീയമായി പിന്തുണയ്ക്കുവാന്‍ അവര്‍ക്കൊപ്പം ആരുമില്ലെന്നതാണ് സത്യം. ദേശീയ കക്ഷിയുടെ വക്താവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് പോലും ജയന്തിക്ക് ഗുണകരമായി മാറിയില്ല.

ജയന്തിയുടെ നീക്കത്തിന്റെ പിന്നില്‍ ബിജെപി കരങ്ങളാനെന്നാണ്  കോണ്‍ഗ്രസ് സ്വാഭാവികമായും സംശയിക്കുന്നത്. മുമ്പ് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയവരെ പോലെ ജയന്തിക്കും  ബിജെപി എന്ന സാധ്യതയാണുള്ളത്. എന്നാല്‍ അണിയറയ്ക്ക് പിന്നില്‍ ജയന്തി നടരാജനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച് വരികയാണ്. പല കേസുകളിലും സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ കാത്തിരിക്കാനായിരുക്കും ജയന്തിയോട് ബിജെപി നിര്‍ദ്ദേശിക്കുക.

ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്ക് ജയന്തിയെ സ്വീകരിച്ച് വലിയ ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ജയന്തി നടരാജനെതിരെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നത് അറിയാത്തത് അവര്‍ക്ക് മാത്രമായിരിക്കുമെന്ന അഭിഷേക് സിംഗ്വിയുടെ പ്രസ്താവനയും ഇത് മുന്നില്‍ കണ്ടാണ്. മോദി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉന്നയിച്ച ‘ജയന്തി ടാക്‌സ്'( പരിസ്ഥിതി അനുമതികള്‍ക്കായി ജയന്തിയ്ക്ക് നല്കുന്ന കൈക്കൂലി) പരാമര്‍ശങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇനി അടുത്തിടെ ജി.കെ വാസന്‍ രൂപീകരിച്ച തമിഴ് മാനില കോണ്‍ഗ്രസിലേക്ക് ചേക്കേറാമെന്ന് കരുതിയാല്‍ അവിടെയും കാര്യങ്ങള്‍ പന്തിയല്ല. 1996 ല്‍ മൂപ്പനാര്‍ മാനില കോണ്‍ഗ്രസ് രൂപികരിക്കുമ്പോള്‍ ജയന്തിയും ഒപ്പമുണ്ടായിരുന്നു, എന്നാല്‍ മൂപ്പനാരുടെ മരണത്തിന് ശേഷം മകന്‍ വാസനുമായി ഒത്തുപോകുവാന്‍ ജയന്തിയ്ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മാനില കോണ്‍ഗ്രസ് , കോണ്‍ഗ്രസിലേക്ക് ലയിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ജയന്തി മാതൃ സംഘടനയിലേക്ക് തിരികയെത്തി. നിലവിലെ സാഹചര്യങ്ങളില്‍ ജയന്തിയ്ക്ക് പരവതാനി വിരിക്കേണ്ടന്ന് തന്നെയാണ് വാസന്റെ തീരുമാനവും.

വിമതവാക്യം : ഇല്ലത്തൂന്ന്‍ ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല …!