Share The Article

DAAAQ

ദൈവമേ..വിഷമില്ലാത്ത എന്തെങ്കിലും ഇന്നെങ്കിലും കഴിക്കാന്‍ കിട്ടണേ എന്നാ പ്രാര്‍ഥനയുമായിയാണ് ഇപ്പോള്‍ ഒരു ഇന്ത്യക്കാരും തങ്ങളുടെ ദിവസം തുടങ്ങുന്നത്. ഓരോ ദിവസം കഴിയും തോറും നമ്മള്‍ തൊടുന്നത് എല്ലാം വിഷമാണ് എന്നാ കണ്ടെത്തലുകള്‍ പുറത്ത് വരികയാണ്.

കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ ആസ്വദിച്ചു കഴിച്ചിരുന്ന മാഗി ഇന്ത്യ മുഴുവന്‍ നിരോധിച്ചു. ഹൊ, ഇനി അങ്ങനെ ഒരു വിപത്ത് ഉണ്ടാകില്ല എന്ന് കരുതി വീണ്ടും അടുക്കളയിലേക്ക് കയറിയപ്പോള്‍ അമൂലും നിരോധിച്ചു..! സമാധാനമായി, കഴിഞ്ഞു, ക്ഷീണം മാറ്റാന്‍ ഇനി എന്തേലും ഹെല്‍ത്ത്‌ ഡ്രിങ്ക്സ് കുടിക്കാം എന്ന് കരുതിയ ഇന്ത്യക്കാരെ വീണ്ടും ഞെട്ടിച്ചു കൊണ്ട് ഇന്ത്യക്കാരുടെ പ്രീയ എനര്‍ജി ഡ്രിങ്ക് കോമ്പ്ലാനില്‍ പുഴുക്കളെ കണ്ടെത്തി…!

‘കംപ്ലീറ്റ് പ്ലാന്ഡ് ഫുഡ്’ എന്നാണ് കോംപ്ലാന്‍ സ്വയം വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ ലഖ്‌നൗവിലെ ഒരു വീട്ടില്‍ വാങ്ങിയ കോംപ്ലാന്‍ പാക്കറ്റില്‍ കണ്ടത് പുഴുക്കളെയാണ്. ലഖ്നൗവിലെ മഹാനഗറിലാണ് സംഭവം. സ്ഥിരമായി കോംപ്ലാന്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ ഇപ്പോഴും അതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പാക്കറ്റില്‍ നിന്നും എടുത്ത് പാലില്‍ കലക്കിയപ്പോഴാണ് ജീവനുള്ളതും ചത്തും ആയ പുഴക്കളെ കണ്ടത്. ഫെബ്രുവരി 2015 ല്‍ നിര്‍മിച്ചതാണ് എന്നാണ് പാക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് വീട്ടുകാരിയായ തനിഷ പറയുന്നു.

സംഭവം വാര്‍ത്തയായതോടെ ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ വീട്ടിലെത്തി കോംപ്ലാന്‍ പാക്കറ്റ് പരിശോധനക്കായി കൊണ്ടുപോയി. കോംപ്ലാന്‍ നിര്‍മാതാക്കളായ ഹീന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് തനിഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.