Share The Article

a

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഏതെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഒരുത്തരമേ കാണൂ. ഫേസ്ബുക്ക് എന്നാകും ആ ഉത്തരം. ഫേസ്ബുക്കിനെ തടയിടാന്‍ ആരെക്കൊണ്ടും കഴിയില്ല എന്ന ശുഭാപ്തിവിശ്വാസം ആയിരിക്കാം നിങ്ങളെ കൊണ്ട് ആ ഉത്തരം പറയിപ്പിച്ചത്. എന്നാല്‍ ആ ഉത്തരം മാറ്റി പറയാന്‍ ഇനി ഏറെ കാലം വേണ്ടി വരില്ല എന്നാണ് ഫേസ്ബുക്കിന്റെ തന്നെ വളര്‍ത്തുപുത്രനായ വാട്സ് ആപ്പ് നമ്മോടു പറയുന്നത്.

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളായ വാട്സ് ആപ്പും വീ ചാറ്റും വന്‍ തോതിലാണ് ജനങ്ങളുടെ ഇടയില്‍ വളര്‍ന്നു പന്തലിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗ്ലോബല്‍ വെബ്‌ ഇന്ടെക്സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ട്‌ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന് അത്ര സന്തോഷം പകരുന്ന കാര്യമല്ല.

ഗ്ലോബല്‍ വെബ്‌ ഇന്ടെക്സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ട്‌ പ്രകാരം ഭൂരിഭാഗം പേരും തങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും മറ്റു അടുപ്പക്കാരുമായും ചാറ്റ് ചെയ്യാന്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്സ് ആപ്പ് ആണ് ഉപയോഗിക്കുന്നത് എന്നാണ്.  ഫേസ്ബുക്ക് വാളില്‍ പോസ്റ്റ്‌ ചെയ്യുന്നതും ഫേസ്ബുക്കിലൂടെയുള്ള മെസേജിംഗും അവര്‍ കുറച്ചു എന്നാണ് ഗ്ലോബല്‍ വെബ്‌ ഇന്ടെക്സ് റിപ്പോര്‍ട്ട്‌ പറയുന്നത്.

ഈ പഠനം നടത്തിയത് ഏഷ്യയിലെ നാല്‍പ്പത്തിരണ്ടായിരം ആളുകളില്‍ ആണ്. അതില്‍ അയ്യായിരം ഇന്ത്യക്കാരും ഉള്‍പ്പെടും. ഈ പഠന റിപ്പോര്‍ട്ട്‌ പറയുന്നത് പ്രകാരം ഒരു നോര്‍മല്‍ ഫേസ്ബുക്ക് യൂസര്‍ ഇപ്പോള്‍ ഫേസ്ബുക്ക് തുറക്കുന്നത് അവരുടെ അവരുടെ സുഹൃത്തുക്കളുടെ ടൈം ലൈനില്‍ എന്താണ് നടക്കുന്നത് എന്ന് കാണാനാണ്. വാട്സ് ആപ്പ് പോലുള്ള മെസജിംഗ് സര്‍വീസിലേക്കുള്ള സൌജന്യ സേവനം അവരെ കൂടുതല്‍ ജനപ്രിയമാക്കി എന്നും അങ്ങിനെ ഒരു സൌജന്യം ഇല്ലാത്തത് ഫേസ്ബുക്കിനെ ജനങ്ങളില്‍ നിന്നും അകറ്റി എന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

ആ റിപ്പോര്‍ട്ട്‌ പ്രകാരം മൊത്തം ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 83% പേര്‍ക്കും ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടെങ്കിലും അവരില്‍ 47% പേര്‍ മാത്രമേ അതില്‍ നിത്യേനയെന്നോണം കയറുന്നുള്ളൂ. ഇന്ത്യയില്‍ ആണെങ്കില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 93% പേര്‍ക്കും ഫേസ്ബുക്ക് ഉണ്ടെങ്കിലും അവരില്‍ 48% പേര്‍ മാത്രമേ ആ വഴി പോകുന്നുള്ളൂ.

2013 ആദ്യപാദത്തില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 446 മില്യണ്‍ ആയിരുന്നെങ്കില്‍ 2014 മൂന്നാം പദത്തില്‍ അത് 616 മില്യണ്‍ ആയി നില്‍ക്കുകയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമനേക്കാള്‍ പെട്ടെന്ന് ഉപയോഗിക്കുവാനുള്ള സൗകര്യം ആണ് ആളുകളെ ഇത്തരം ആപ്പുകളിലെക്ക് അടുപ്പിച്ചത്.

എന്നാല്‍ ഫേസ്ബുക്കിനെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ വാട്സ് ആപ്പിന്റെ ഈ വളര്‍ച്ചയെ മറ്റൊരു കാഴ്ചപ്പാടില്‍ ആണ് കാണുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ്‌ ഫേസ്ബുക്ക് വാട്സ് ആപ്പിനെ സ്വന്തമാക്കിയത് എന്നാണവരുടെ വാദം. സ്വന്തം ജീവന്‍ കളഞ്ഞിട്ടു വേണോ അതെന്നത് മറ്റൊരു ചോദ്യം.