Share The Article

തലവേദനയുണ്ടെങ്കില്‍ ഒന്ന് ഉറങ്ങിയാല്‍ മാറുമെന്ന് പറയാറുണ്ട്. എന്നാല്‍ കൂടുതല്‍ ഉറങ്ങിയാല്‍ തലവേദനയുണ്ടാകുമെന്നതാണ് സത്യം. ഇത്തരം തലവേദന മാറാന്‍ ബുദ്ധിമുട്ടാകുമെന്നത് മറ്റൊരു കാര്യം.

ഉറങ്ങുമ്പോള്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തലവേദനക്ക് കാരണമാകുന്നത്. കണ്ണുകളുടെ ചലനവ്യതിയാനങ്ങളും ഉറങ്ങുമ്പോള്‍ തലവേദനയുണ്ടാക്കുന്നു.

ഉറങ്ങുമ്പോള്‍ ചിലരില്‍ സ്ലീപ് ആപ്നിയ എന്നൊരു അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അല്‍പനേരം ശ്വസിക്കുന്നത് നാമറിയാതെ തന്നെ തടസപ്പെടുന്നു. ഇത് ഓക്‌സിജിന്‍ കുറവു അതുവഴി തലവേദനയും ഉണ്ടാക്കുന്നുണ്ട്.

കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഡിപ്രഷന്‍ അനുഭവപ്പെടും. ഡിപ്രഷന്‍ തലവേദനക്കു കാരണമാകുകയും ചെയ്യും.

സാധാരണ ഗതിയില്‍ ഒരാള്‍ക്ക് എട്ടു മണിക്കൂര്‍ ഉറക്കം ധാരാളമാണ്. ഉറങ്ങാനും ഉണരാനും കൃത്യമായ സമയം നിശ്ചയിക്കുക.

ഉച്ചയുറക്കം വേണ്ട, മയക്കം മതി. അര മണിക്കൂറോ അല്ലെങ്കില്‍ ഒരു മണിക്കൂറോ ധാരാളം. ഉച്ചക്ക് കൂടുതലുറങ്ങിയാല്‍ ക്ഷീണവും കൂടും. ഉച്ചയുറക്കം കൂടിയാല്‍ രാത്രി ഉറക്കം വരാനും വൈകും. എഴുന്നേല്‍ക്കാനും വൈകും. ഇതും തലവേദനക്കു കാരണമാകും.

ഉറങ്ങുന്നതിന് മുന്‍പ് മദ്യം, കാപ്പി എന്നിവ ഒഴിവാക്കുക. ഇത് നല്ല ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.

കിടപ്പുമുറിയില്‍ നല്ല ഉറക്കത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുക. ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ ബെഡ്‌റൂമില്‍ വേണ്ട. വല്ലാതെ പ്രകാശിക്കുന്ന ലൈറ്റുകളും വേണ്ട. കിടക്കയും തലയിണയും വൃത്തിയായിരിക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും.

ജീവിതത്തില്‍ ഒരിക്കല്‍ പോലും തലവേദന വരാത്തവര്‍ കുറവായിരിക്കും. ആര്‍ക്കും എപ്പോഴും വരാവുന്ന ഒരു അസുഖമാണിത്. മിക്കവാറും പേര്‍ മരുന്നുകള്‍ കഴിച്ചായിരിക്കും തലവേദനയ്ക്ക് ആശ്വാസം കണ്ടെത്തുക. മരുന്നുകളല്ലാതെ തലവേദനക്ക് പരിഹാരമാര്‍ഗങ്ങള്‍ പലതുണ്ട്.

തലവേദനക്ക് കാരണങ്ങള്‍ പലതുണ്ട്. ആദ്യമായി കാരണം മനസിലാക്കുകയാണ് വേണ്ടത്. അപ്പോള്‍ പരിഹാരവും എളുപ്പമായിരിക്കും.

ടെന്‍ഷനും സ്‌ട്രെസും കാരണം പലര്‍ക്കും തലവേദന വരാറുണ്ട്. ഇത്തരം കാരണങ്ങളില്‍ നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കുക. ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും മറന്നു കളയൂ. പുറത്തിറങ്ങി നടക്കുന്നതും പാട്ടു കേള്‍ക്കുന്നതും പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കുന്ന കാര്യങ്ങളാണ്. ഒന്നുമില്ലെങ്കില്‍ പുറത്തിറങ്ങി വെറുതേയൊന്നു നടന്നാലും മതി, ടെന്‍ഷന്‍ കുറയും. അതുപോലെ ഒച്ചയില്‍ നിന്നും ബഹളത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക.

ടെന്‍ഷനും തലവേദനയും വരുമ്പോള്‍ കണ്ണടച്ചിരുന്ന് എന്തെങ്കിലും ദിവാസ്വപ്‌നം കണ്ടുനോക്കൂ. നിങ്ങള്‍ക്കിഷ്ടമുള്ള ഏതു കാര്യങ്ങളെപ്പറ്റിയും സ്വപ്‌നം കാണാം. ആശ്വാസം ലഭിക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകലെയാണെങ്കിലും മനസിന് ടെന്‍ഷനില്‍ നിന്നും മോചനം നല്‍കാന്‍ ഈ രീതി ഒരു പരിധി വരെ സഹായിക്കും.

തലവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങളാണ് ടിവിയും കമ്പ്യൂട്ടറും. ഇതിലേക്ക് നോക്കിയിരുന്നാല്‍ കണ്ണുകള്‍ക്കും തലയ്ക്കും സ്‌ട്രെയിനുണ്ടാകും. ടെന്‍ഷന്‍ കുറയ്ക്കാനായി ഇഷ്ടമുള്ള ഒരു സിനിമ കണ്ടുകളയാമെന്നും കരുതരുത്. ഇത് മനസിന് സന്തോഷം നല്‍കുമെങ്കിലും കണ്ണിന് സ്‌ട്രെയിനുണ്ടാക്കും.

തലയിലെ ഭാരം ഒഴിവാക്കാന്‍ കുളിക്കുന്നത് നല്ലതാണെന്നു പറയും. ചെറുചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ചു കുളിയ്ക്കാം. ഷവര്‍ തുറന്നിട്ട് അല്‍പനേരം നില്‍ക്കുന്നതും ബാത്ടബില്‍ കിടക്കുന്നതും തലവേദന കുറക്കും.

സുഗന്ധം ശ്വസിക്കുന്നതും തലവേദന കുറക്കും. നല്ല മണമുള്ള മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിച്ചു വച്ച് കണ്ണടച്ചു പിടിച്ച് റിലാക്‌സ് ചെയ്യാം.

ഉറക്കം ശരിയാവാതിരുന്നാല്‍ തലവേദന വരും. ഉറങ്ങുന്നതിന് മുന്‍പ് മറ്റുള്ളവരുമായി വാഗ്വാദത്തിലേര്‍പ്പെടാതിരിക്കുന്നത് നല്ല ഉറക്കത്തിന് പ്രധാനമാണ്. ഉറങ്ങുന്നതിന് രണ്ടു മണിക്കൂറിനു മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. നല്ല ദഹനവും നല്ല ഉറക്കത്തിന് സഹായിക്കും. ചെയ്യാന്‍ ബാക്കിയുള്ള ജോലികളെപ്പറ്റിയും ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളെപ്പറ്റിയും ആലോചിക്കാതിരിക്കുക.

Written By : Ashraf Salam

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.