Share The Article

0XrPOCIAd_M------

മിനി മാത്യു – പബ്ലിസിറ്റി ഓഫീസര്‍, നാളികേര വികസന ബോര്‍ഡ്, കൊച്ചി

അമിതവണ്ണം നിയന്ത്രിക്കുന്നതിന് വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന ചില ഔഷധക്കൂട്ടുകള്‍ക്ക് സാധിക്കുമെന്നത് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്തയാണ്. കോയമ്പത്തൂര്‍ ആര്യവൈദ്യശാലയാണ് പൊണ്ണത്തടിയന്മാര്‍ക്ക് ആശ്വാസമേകുന്ന ഗവേഷണഫലങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ആയുര്‍വേദത്തില്‍ വെളിച്ചെണ്ണയുടെ മൂല്യവര്‍ദ്ധനവ് എന്ന വിഷയം ആസ്പദമാക്കി കോയമ്പത്തൂര്‍ ആര്യവൈദ്യശാല നാളികേരവികസന ബോര്‍ഡിന്റെ ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.

2008ല്‍ ആരംഭിച്ച പ്രോജക്ടിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. രാം മനോഹര്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാല ‘അഢഠഅഞ്ഞ’ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ വിഭാഗം ഡയറക്ടര്‍ ആണ്. അദ്ദേഹം തന്റെ ഗവേഷണത്തിന്റെ വിജയസാദ്ധ്യതകളെക്കുറിച്ചും ഈയൊരു പ്രോജക്ട് ഏറ്റെടുത്ത് പഠനം നടത്താന്‍ പ്രേരകമായ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുന്നു.

‘വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച് വിദേശ ശാസ്ത്രജ്ഞന്മാരും ഭിഷഗ്വരന്മാരും ശാസ്ത്രീയാടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങളുടെ ഫലങ്ങള്‍ ലോകമെങ്ങും വ്യാപകമായിട്ടും കല്‍പവൃക്ഷത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ ഏറെ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നു. ആ പശ്ചാത്തലത്തില്‍ ശുശ്രുത സംഹിത, ചരക സംഹിത തുടങ്ങിയ ഭാരതീയ പൗരാണിക ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങളുടെ പിന്‍ബലത്തിലും ആയുര്‍വേദത്തിന്റെ കൈമുതലായ ഗവേഷണ നിരീക്ഷണങ്ങള്‍ അനുഭവ പാഠമാക്കിയുമാണ് ഈ പ്രോജക്ട് ഏറ്റെടുത്തത്.

2

ആയുര്‍വേദത്തില്‍ നിലവില്‍ വെളിച്ചെണ്ണ പ്രധാനമായും ഉപയോഗിക്കുന്നത് ചര്‍മ്മ കേശ സംരക്ഷണരംഗത്ത് മാത്രമാണ്. അകത്തേക്ക് കഴിക്കുന്ന മരുന്നുകളുടെ നിര്‍മ്മാണത്തില്‍ വെളിച്ചെണ്ണ ഉപയോഗിക്കാമെന്ന് ശാസ്ത്രവിധികളുണ്ടെങ്കിലും പ്രയോഗത്തില്‍ ഇത് അത്രയധികം പ്രാവര്‍ത്തികമായിട്ടില്ല. വെളിച്ചെണ്ണ ആരോഗ്യത്തിന് ദോഷകരമാണെന്ന പ്രചരണം ശക്തമായപ്പോള്‍ ആയുര്‍വേദ രംഗത്തുള്ളവരും വെളിച്ചെണ്ണ ഉപയോഗിക്കാതായി. എന്നാല്‍ ശുശ്രൂത സംഹിത, ചരക സംഹിത തുടങ്ങിയ പൗരാണിക ആയുര്‍വേദ സംഹിതകളില്‍ തേങ്ങയുടെ സദ്ഗുണങ്ങള്‍ ഏറെ പരാമര്‍ശിച്ചിട്ടുണ്ട്. അക്കാലത്തൊക്കെ ക്ഷേത്രാവശ്യങ്ങള്‍ക്കാണ് തേങ്ങ പ്രധാനമായി ഉപയോഗിച്ചിരുന്നത്. പിന്നെ വെളിച്ചെണ്ണയെ സംബന്ധിച്ച് കുപ്രചരണം ശക്തമായപ്പോള്‍ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്ത് നിലവിലുണ്ടായിരുന്ന വെളിച്ചെണ്ണയുടെ കുറഞ്ഞ തോതിലുള്ള ഉപയോഗവും നിലയ്ക്കുന്ന സ്ഥിതി സംജാതമായി. ഈ സാഹചര്യത്തിലാണ് വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഈ രംഗത്ത് കൂടുതല്‍ പഠനം നടത്തുന്നതിനുള്ള തീരുമാനമെടുത്തത്.

പരമ്പരാഗത ആയുര്‍വേദ ഗ്രന്ഥങ്ങളോടൊപ്പം തന്നെ ആധുനിക ശാസ്ത്രീയ പഠനങ്ങളിലൂടെ ലഭിച്ച അറിവും സംയോജിപ്പിച്ചാണ് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോയത്. ഇതിന് വലിയൊരു സാദ്ധ്യതകണ്ടു. മേരി എനിഗ്, കബാറ, ബ്രൂസ് ഫിഫെ തുടങ്ങിയ വിദേശ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണ നിരീക്ഷണ ഫലങ്ങളും ഇതിന് പ്രചോദനമായിട്ടുണ്ട്. ആധുനിക പഠനങ്ങള്‍ ഇത്തരം സാദ്ധ്യതകളിലേക്ക് നമ്മെ വഴിതിരിച്ചുവിട്ടപ്പോള്‍ നമ്മള്‍ മറന്നുപോയ, നമ്മള്‍ തള്ളിക്കളഞ്ഞ നമ്മുടെ തനത് ഉല്‍പന്നം ഇതിനായി ഉപയോഗിക്കാം എന്നൊരുചിന്തയുണ്ടായി. അമേരിക്കയിലേയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേയും ഭിഷഗ്വരന്‍മാരും പ്രകൃതിചികിത്സകരുമൊക്കെ വെളിച്ചെണ്ണയുടെ മഹിമ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ എന്തുകൊണ്ട് പാടില്ല എന്ന ചിന്തയാണ് അകത്തേക്ക് കഴിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ കാച്ചിയെടുക്കുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കാന്‍ പ്രേരകമായത്. പാചക എണ്ണയായ വെളിച്ചെണ്ണയ്ക്ക് ശരീരത്തിനുണ്ടാകുന്ന അമിത ചൂടിനെ നിയന്ത്രിക്കാന്‍ ശേഷിയുണ്ട്. ഇത് മറ്റ് എണ്ണകളെ അപേക്ഷിച്ച് സവിശേഷമായൊരു ഗുണമാണ്. മറ്റ് പല എണ്ണകളുമായി താരതമ്യം ചെയ്യുമ്പോള്‍ വെളിച്ചെണ്ണയ്ക്കുള്ള മറ്റൊരു പ്രത്യേകത ഇത് പുനരുപയോഗിക്കുമ്പോള്‍ മറ്റുള്ളതിനെയപേക്ഷിച്ച് പൊതുവേ ദോഷം കുറവാണ് എന്നതാണ്.

3

വെര്‍ജിന്‍ വെളിച്ചെണ്ണ കഴിച്ചാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന ഗുണവിശേഷവും ഈ പ്രോജക്ടില്‍ പഠനവിധേയമാക്കി. ഇതനുസരിച്ച് 24 ഇനം പച്ചമരുന്നുകളടങ്ങിയ വ്യോഷാദിചൂര്‍ണ്ണം നാലു തരത്തില്‍ തയ്യാറാക്കിയ വെളിച്ചെണ്ണയില്‍ ആയുര്‍വേദ വിധിപ്രകാരം പൊണ്ണത്തടിക്ക് പരിഹാരമായി പരീക്ഷണം നടത്തി.

അഷ്ടാംഗഹൃദയത്തിലും അമിതവണ്ണം ലഘൂകരിക്കുന്നതിന് ഈ 24 ഇനം ഔഷധക്കൂട്ടുകള്‍ ചേര്‍ന്ന വ്യോഷാദിയോഗം ഫലപ്രദമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കികൊണ്ട് കോയമ്പത്തൂര്‍ ആര്യവൈദ്യശാലയുടെ പഠനങ്ങളും ആരംഭിച്ചു. കടുത്ത ചവര്‍പ്പും കയ്പ്പും മൂലം ഉള്ളില്‍ കഴിക്കാന്‍ നന്നേ ബുദ്ധിമുട്ടുള്ള ഈ കൂട്ട് തനതായി ഉള്ളില്‍ കഴിക്കാനാകട്ടെ എണ്ണ,നെയ്യ്,തേന്‍, മലര്‍,എന്നിവ ചേര്‍ത്താണ് നല്‍കുന്നത്. 150 ഗ്രാം വീതം ഇത് ദിവസേന രണ്ട് നേരം കഴിച്ചാല്‍ ഫലസിദ്ധികിട്ടും. അളവ് കൂടുതലായതിനാല്‍ മരുന്ന് ഉള്ളിലേക്കിറക്കാന്‍ വൈഷമ്യങ്ങളേറെയുണ്ട്. ദഹന സംബന്ധമായ പ്രശ്‌നങ്ങളും രോഗിക്ക് അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രോജക്ടനുസരിച്ച് മരുന്ന് എണ്ണയില്‍ കാച്ചി തൈല രൂപത്തിലാക്കി ഉള്ളില്‍ കഴിക്കാന്‍ പാകപ്പെടുത്തുന്നത്. ഇതനുസരിച്ച് വ്യോഷാദിയോഗം വിവിധരീതിയില്‍ തയ്യാറാക്കിയ നാലിനം വെളിച്ചെണ്ണകളില്‍ പരീക്ഷിച്ചു.

നാലിനം പരീക്ഷണക്കൂട്ടുകള്‍

  1. വെര്‍ജിന്‍ വെളിച്ചെണ്ണ (VCO)+ വ്യോഷാദിയോഗം മരുന്നുകള്‍.
  2. പരമ്പരാഗതമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ (TCO) + വ്യോഷാദിയോഗം മരുന്നുകള്‍.
  3. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണ (CVCO) + വ്യോഷാദിയോഗം മരുന്നുകള്‍.
  4. പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ + തേങ്ങാപ്പാല്‍ (KVCO) + വ്യോഷാദിയോഗം മരുന്നുകള്‍.

സിവിസിഒ – വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്. റിഫൈന്‍മന്റ് പ്രോസസുകള്‍, ബ്ലീച്ചിംഗ്, ഡീ ഓഡറൈസേഷന്‍ എന്നീ പ്രക്രിയയ്ക്ക് വിധേയമാക്കിയത്.

ടിസിഒ – കൊപ്രയില്‍ നിന്നും ആട്ടിയെടുത്തുണ്ടാക്കിയ ശുദ്ധമായ വെളിച്ചെണ്ണ. ഇത് ബ്ലീച്ചിംഗ്, ഡീ ഓഡറൈസേഷന്‍ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് വിധേയമാക്കിയിട്ടില്ല.

കെ.വി.സി.ഒ – കുറഞ്ഞ ചൂടില്‍ തേങ്ങാപ്പാല്‍ വറ്റിച്ച് അടുക്കളയില്‍ തയ്യാറാക്കിയ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍.

ഗവേഷണഫലം – ഒന്നാംഘട്ടം

തനതായി ഉപയോഗിക്കുമ്പോള്‍ ഏറ്റവും മികച്ച ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിച്ചതു നാലാമത്തെ മിശ്രിതമായ കൊപ്രവെളിച്ചെണ്ണയില്‍ തിളപ്പിച്ച് കാച്ചിയ തേങ്ങാപ്പാല്‍ എണ്ണയാണ്. എന്നാല്‍ മിശ്രിത രൂപത്തിലാകുമ്പോള്‍ എല്ലാ ഓയിലുകളും ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നുമുണ്ട്. അതു മാത്രമല്ല മിശ്രിത രൂപത്തിലാകുമ്പോള്‍ വിറ്റാമിന്‍ ഇയുടെ സാന്നിദ്ധ്യവും ഏറെ അധികരിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചു. അതിനുതകുന്ന മരുന്നുകൂട്ടുകളാണ് വ്യോഷാദിയോഗത്തിലുള്ളത്. ആയുര്‍വേദത്തില്‍ അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് പ്രധാനമായും ഇത് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്

നത്. വെര്‍ജിന്‍ വെളിച്ചെണ്ണയുടെ സവിശേഷമായ ഗുണങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍, ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്തേണ്ടിയിരിക്കുന്നു. പഠനങ്ങളില്‍ നിന്നും ബോധ്യപ്പെട്ട മറ്റൊരു കാര്യം വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണ വെളിച്ചെണ്ണ എന്നിവയേക്കാളും ഗുണമേന്മയുള്ളത് പരമ്പരാഗതാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കുമാണെന്നാണ്. ആന്റി ഓക്‌സിഡന്റ് ആക്ടിവിറ്റി ടെസ്റ്റ് റിസല്‍ട്ടുകളും വെളിപ്പെടുത്തുന്നത് നാലിനത്തില്‍ ഏറ്റവും മികച്ച ഔഷധയെണ്ണയെന്ന് നമുക്ക് പറയാവുന്നത് വെര്‍ജിന്‍ കോക്കനട്ട് ഓയിലിന്റേയും കൊപ്രയില്‍ നിന്നും നേരിട്ട് നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയുടേയും മിശ്രിതമാണെന്നാണ് (കെവിസിഒ). ഇതോടൊപ്പം ശരീരത്തിവുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ഈ കൂട്ടിന് പ്രത്യേക കഴിവുണ്ട്. പൊളന്‍സ്‌കെ ടെസ്റ്റ് ഫലങ്ങളും, മറ്റും ഇത് സാധൂകരിക്കുന്നു.

എപിസിസിയുടേയും നാളികേര ബോര്‍ഡിന്റേയും ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് വെര്‍ജിന്‍ വെളിച്ചെണ്ണയില്‍ പരീക്ഷണം നടത്തിയത്. പരിശോധനകള്‍ക്ക് വിവിധ മാനദണ്ഡങ്ങളുണ്ടായിരുന്നു. മരുന്നുകള്‍ കൂടിച്ചേരുമ്പോള്‍ എല്ലാ എണ്ണകളുടേയും ആന്റി ഓക്‌സിഡന്റ് ശേഷി വലിയ അളവില്‍ വര്‍ദ്ധിക്കുന്നതായി മനസ്സിലാക്കി. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ട്. അതിനുശേഷമേ പ്രയോഗത്തിന്റെ അളവും മറ്റ് കാര്യങ്ങളും നിശ്ചയിക്കാന്‍ പറ്റൂ. വിവിധ പഠനങ്ങള്‍ക്കുശേഷം തെരഞ്ഞെടുത്ത 24 ഇനം ഔഷധ സസ്യങ്ങളാണ് ഇതില്‍ ചേര്‍ക്കാനായി ഉപയോഗിക്കുന്നത്. അതിന് ആയുര്‍വ്വേദ ഗ്രന്ഥങ്ങളുടെ പിന്‍ബലമുണ്ട്. പൊണ്ണത്തടിക്ക് മരുന്നെന്ന നിലയില്‍ ആയുര്‍വേദ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള ഔഷധക്കൂട്ടില്‍ ഈ എണ്ണ മിശ്രിതം കൂടി ശാസ്ത്രീയ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കുകയായിരുന്നു. വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്ക് പല രോഗങ്ങളേയും നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, ഹൈപ്പര്‍ ലിപിഡിമിക് ആക്ടിവിറ്റി, എയ്ഡ്‌സ് തുടങ്ങിയവയ്‌ക്കൊക്കെ ഫലപ്രദമാണിത്. വിവിധ പരീക്ഷണ ഘട്ടങ്ങള്‍ക്കുശേഷമാണ് ഈ ഫലത്തില്‍ എത്തിനില്‍ക്കുന്നത്. ആദ്യം എലികളില്‍ പരീക്ഷണം നടത്തി. ഇനി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരില്‍ പ്രയോഗിച്ച് ഫലം കാണണം. അതിനുശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ ഇത് നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കേവലം ഭാര നഷ്ടത്തിലൂടെ അമിതവണ്ണത്തിന് പരിഹാരമുണ്ടാക്കുന്ന ഔഷധമല്ല. മറിച്ച് വിവിധ പരീക്ഷണഘട്ടത്തിലൂടെ കടന്നുപോയി വിവിധ നിരീക്ഷണങ്ങള്‍ സ്വാംശീകരിച്ച് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള യഥാര്‍ത്ഥ ആയുര്‍വേദ ഔഷധമാണ്. മിശ്രിതത്തിന്റെ സാങ്കേതികതയ്ക്ക് സംയുക്ത പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് നാളികേര വികസന ബോര്‍ഡും കോയമ്പത്തൂര്‍ ആര്യവൈദ്യശാലയും.

മിനി മാത്യു
മിനി മാത്യു

ഈ ഔഷധക്കൂട്ട് കഷായത്തെ വിവിധയെണ്ണകളില്‍ കാച്ചി പരീക്ഷിച്ചതിനുശേഷമാണ് ടിസിഒ, സിവിസിഒ മിശ്രിതത്തില്‍ കാച്ചിയെടുക്കുന്ന ഔഷധം ഏറ്റവും ഫലപ്രദമെന്ന് തെളിഞ്ഞത്. എണ്ണ നിര്‍മ്മാണത്തിന് ആയുര്‍വേദത്തില്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാതൃകയിലാണ് ഇതും നിര്‍മ്മിക്കുന്നത്. ആദ്യം ഔഷധങ്ങളെല്ലാം ഒന്നിച്ചിട്ട് കഷായരൂപത്തിലാക്കിയതിന്റെ പേസ്റ്റും കഷായവും വേര്‍തിരിച്ചെടുക്കുന്നു. പേസ്റ്റിന്റെ നാലിരട്ടി കഷായം എന്ന അനുപാതത്തിലാണ് എടുക്കുന്നത.?!് പിന്നെ ആയുര്‍വേദ വിധിപ്രകാരം നിര്‍മ്മിക്കുമ്പോള്‍ കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാകുമായിരുന്ന ഉത്തമമായ ഒരൗഷധം, കഴിക്കാന്‍ യാതൊരു പ്രയാസവുമില്ലാത്ത രൂപത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തി നിര്‍മ്മിക്കാന്‍ സാധിച്ചുവേന്നത് വലിയ നേട്ടമാണ്. ടോക്‌സിസിറ്റി പഠനങ്ങളുടെ ഫലത്തെ ആശ്രയിച്ചു കൂടിയാണ് പദ്ധതിയുടെ അടുത്തഘട്ടം.

അടുത്ത ഘട്ടമായി 12 മി. ലിറ്റര്‍ കഴിക്കാന്‍ പാകത്തില്‍ ലഭ്യമായ എണ്ണആവര്‍ത്തിത തൈലമാക്കി 1 മി. ലിറ്ററിന്റെ ക്യാപ്‌സൂളുകളാക്കി എളുപ്പത്തില്‍ കഴിക്കാന്‍ പാകത്തില്‍ രൂപം കൊടുക്കുകയാണ്.

വ്യായാമത്തിന് സവിശേഷമായ സ്ഥാനമാണ് ആയുര്‍വേദം കല്‍പ്പിക്കുന്നത്. നല്ല വ്യായാമമുള്ളയാള്‍ അല്‍പ്പം കൂടിയ അളവില്‍ ഭക്ഷണം കഴിച്ചാലും ശരീരത്തിന് പ്രശ്‌നമില്ല. സമ്മര്‍ദ്ദങ്ങളില്ലാത്ത നല്ല വ്യായാമമുള്ള വ്യക്തികള്‍ക്കാവും ഈ മരുന്ന് കൂടുതല്‍ ഫലപ്രദമാകുന്നത്. അശാസ്ത്രീയമായ രീതിയില്‍ ഭാരം കൂറച്ച് വണ്ണം കുറച്ചാല്‍ അതിന് പാര്‍ശ്വഫലവും കാണും. ഇന്ന് ജനങ്ങള്‍ക്കിടയില്‍ ജീവിതശൈലീരോഗങ്ങള്‍ കൂടിവരികയാണല്ലോ. വ്യായാമക്കുറവ് പ്രധാനപ്രശ്‌നമാണ്. ശരീരത്തിന് ആവശ്യമില്ലാത്ത കഫങ്ങളും മറ്റും പുറന്തള്ളാന്‍ സഹായിക്കുന്നതാണ് ഈ ഔഷധം. നിത്യവും വ്യായാമം ചെയ്യുന്നവര്‍ക്ക് എന്തും കഴിക്കാമെന്നാണല്ലോ പ്രമാണം.

‘വ്യായാമനിത്യന്മാര്‍ക്ക് അഗ്‌നിഫലം നന്നായിരിക്കും. അതോടൊപ്പം മരുന്നും ഫലിക്കും’.