obesity

ശരീരവണ്ണം വര്‍ദ്ധിച്ച് രോഗാവസ്ഥയിലെത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതില്‍ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരില്‍ കാന്‍സര്‍, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരള്‍രോഗം എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ലോഗാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു.

ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം. അമിതവണ്ണം മൂലം ശരീരഭാരം വര്‍ദ്ധിച്ച് എല്ലുകള്‍ക്ക് തേയ്മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണക്കാരില്‍ ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോള്‍ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം, രക്തസമ്മര്‍ദ്ധം എന്നിവ ഉണ്ടാകുന്നു. രക്തത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകവഴി ഹൃദയധമനികളില്‍ തടസമുണ്ടാക്കുന്നു. ഇതും ഹൃദ്രോഗത്തിനു കാരണമാകുന്നു.

ശരീരഭാരം കൂടുമ്പോള്‍ കാലുകള്‍ക്ക് ഭാരം താങ്ങാന്‍ കഴിയാതെ വരികയും വീഴ്ചയുണ്ടായാല്‍ എല്ലുകള്‍ക്ക് ഒടിവ് സംഭവിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ ഊര്‍ജ്ജവും കൊഴുപ്പും വര്‍ദ്ധിക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുകയും തന്മൂലം പ്രമേഹം പിടിപെടുകയും ചെയ്യും. അമിതവണ്ണമുള്ളവരില്‍ കോശവിഭജനം അതിവേഗത്തില്‍ നടക്കുകയും തന്‍ മൂലം കാന്‍സറിനു കാരണമാകുകയും ചെയ്യുന്നു. കൂടാതെ ഇത്തരക്കാരില്‍ ഉറക്കത്തിനിടെ കൂര്‍ക്കംവലിക്കുള്ള സാധ്യത കൂടുതലാണ് ഇതു മൂലം ശ്വാസതടസമുണ്ടാകുന്നു. അമിതവണ്ണമുള്ള പുരുഷന്മാരില്‍ ഉദ്ധാരണശേഷി കുറയുകയും അതു വന്ധ്യതയ്ക്കു വഴി തുറക്കുകയും ചെയ്യും. സ്ത്രീകളില്‍ ഓവുലേഷന്‍ ക്രമം തെറ്റുകയും ആര്‍ത്തവം വരാതിരിക്കുകയും ചെയ്യും.

രോഗങ്ങള്‍ വര്‍ദ്ധിക്കാനും ആയുര്‍ദൈര്‍ഘ്യം കുറയാനും പൊണ്ണത്തടി കാരണമാകുന്നു. ബോഡി മാസ് ഇന്‍ഡക്‌സ് (BMI) എന്ന അളവുപയോഗിച്ചാണ് ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ BMI 25നും 30നും ഇടയിലാണെങ്കില്‍ അയാള്‍ക്ക് അമിതവണ്ണമുണ്ടെന്നും BMI 30ന് 30ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു.

ഹൃദ്രോഗങ്ങള്‍, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോള്‍ ശ്വാസതടസ്സം, ചില അര്‍ബുദങ്ങള്‍, ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വര്‍ദ്ധിക്കുന്നു. ഭക്ഷണത്തില്‍ കലോറികളുടെ ആധിക്യം, വ്യായാമക്കുറവ്, ജനിതകകാരണങ്ങള്‍ എന്നിവ ചേര്‍ന്നാണ് മിക്കവരിലും പൊണ്ണത്തടിക്ക് കാരണമാകുന്നത്. ചിലരിലെങ്കിലും ജനിതകകാരണങ്ങള്‍, അന്തഃസ്രാവീരോഗങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മനോരോഗം എന്നിവയിലേതെങ്കിലും മാത്രമായും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്. ചില പൊണ്ണത്തടിയന്മാര്‍ ഭക്ഷണം കുറച്ചുമാത്രമേ കഴിക്കുന്നുള്ളൂവെങ്കിലും മെറ്റബോളിസം(ഉപാപചയപ്രക്രിയ) മന്ദഗതിയിലായതിനാല്‍ ഭാരം വര്‍ദ്ധിക്കുന്നു എന്ന് അവകാശവാദങ്ങളുണ്ടെങ്കിലും ഇവയ്ക്ക് ശക്തമായ തെളിവുകളില്ല. സാധാരണ ഗതിയില്‍ പൊണ്ണത്തടിയന്മാരില്‍ മെറ്റബോളിസത്തിന്റെ നിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യത.

ഭക്ഷണക്രമീകരണവും വ്യായാമവുമാണ് പൊണ്ണത്തടിക്ക് പ്രതിവിധി. ഇവയ്ക്ക് പുറമെയായോ ഇവ ഫലിക്കാതെ വരുമ്പോഴോ കൊഴുപ്പ് വലിച്ചെടുക്കുന്നത് കുറയ്ക്കുന്ന മരുന്നുകളും ഉപയോഗിക്കാം. പൊണ്ണത്തടി ഗുരുതരമാവുകയാണെങ്കില്‍ ആമാശയത്തിന്റെയും കുടലിന്റെയും വ്യാപ്തം കുറയ്ക്കുക വഴി ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കുന്നത് കുറക്കാന്‍ ശസ്ത്രക്രിയ നടത്തുകയോ itnragatsric balloon സ്ഥാപിക്കുകയോ ചെയ്യുന്നു.

ലോകത്ത് ഒഴിവാക്കാനാകുന്ന മരണങ്ങളില്‍ വലിയൊരു പങ്കും പൊണ്ണത്തടി മൂലമുണ്ടാകുന്നതാണ്. മുതിര്‍ന്നവരിലും കുട്ടികളിലും പൊണ്ണത്തടി വര്‍ദ്ധിച്ചുവരുന്നു. 21ആം നൂറ്റാണ്ടിലെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നായി ഇതിനെ കാണുന്നവരുണ്ട്.