Share The Article

Untitled-1

നേരം പരപരാ വെളുത്ത് തുടങ്ങുന്നതേയുള്ളൂ …, അപ്പോഴാണ് നമ്മുടെ പ്രേക്ഷിതന്‍ സുകു വന്ന് തട്ടി വിളിക്കുന്നത് …!

”എടാ മോനേ .., എന്തൊരു ഒറക്കമാടാ ഇത് …?, നിന്റെ പ്രായത്തിലുള്ളവരെല്ലാം .., എഴുന്നേറ്റ് പള്ളിയില്‍ പോയി തിരിച്ചു വന്നിരിക്കുന്നു ….”!

പ്രേക്ഷിതനായ ശേഷം സുകൂന്റെ .. ,സംസാരത്തിലെല്ലാം അടിമുടി മാറ്റം വന്നിരിക്കുന്നു ., എന്തും നീട്ടി വലിച്ചേ പറയൂ …!

ഇടിയന്‍ ജോണിന്റെ ഒരു കൈക്കരുത്തേ .., പുലി പോലെ അലറി വിളിച്ച് നടന്ന മനുഷ്യനാ …!

കണ്ണ് തുറന്ന് നോക്കിയപ്പോ .., വെള്ളയും .., വെള്ളയും ധരിച്ച് സുകുവേട്ടന്‍ ..!, ആദ്യം പള്ളിലച്ചനാന്നാ കരുതിയത് ..!

”എന്താ സുകുവേട്ടാ .., ഈ അതിരാവിലെ …?”

”എന്താ മോനേ .., ഇത് അതിരാവിലെ .., അല്ല .., സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു ….”!

സംഗതി എനിക്കിത് അതിരാവിലെ തന്നെയാണ്

”എന്താ പ്രശ്‌നം …, സുകുവേട്ടാ ..?”

”പ്രശ്‌നമുണ്ട് .., നീ ഒന്ന് പുറത്തേക്ക് വാടാ …!”

”എന്തോ .., പ്രശ്‌നമുണ്ടായിരിക്കും .., അല്ലെങ്കില്‍ ഈ രാവിലെ തന്നെ സുകു എന്നെ വിളിച്ചുണര്‍ത്താന്‍ വരില്ല ..!

”ഡാ നമ്മുടെ അവറാന്‍ ചേട്ടന്റെ വീട്ടിലൊരു പ്രശ്‌നം .., ഇന്നലെ രാത്രി തൊട്ട് തുടങ്ങിയതാണേന്നാണ് അയല്‍ക്കാര്‍ പറയുന്നത് .., ഭയങ്കര വഴക്കാത്രെ .., ഞങ്ങളൊക്കെ പോയി പറഞ്ഞു നോക്കി …, പക്ഷേ അന്നമ്മ ചേടത്തി ഒരു പൊടിക്ക് സമ്മതിക്കണില്ല ..!”

കാര്യം തിരക്കാന്‍ പോയ പ്രേക്ഷിതന്‍ സുകൂനെ .., അന്നമ്മ ചേടത്തി ചെത്ത് കത്തി കൊണ്ട് വെട്ടാന്‍ പോയത്രെ ….!

പുലി സുകു എലി സുകു ആയി മാറിയത് അന്നമ്മചേടത്തീടെ ഭാഗ്യം ..!

”അവന്റെ വക്കാലത്തും പിടിച്ച് ഇങ്ങോട്ട് കേറണവന്‍ ആരായാലും ആ കാല് ഞാന്‍ വെട്ടുന്ന് പറഞ്ഞ് അന്നമ്മ ചേടത്തി കൊലവിളി നടത്താത്രെ

അപ്പൊ .., പ്രശ്‌നം ഗുരുതരം തന്നെ ..!

അവറാന്‍ ചേട്ടനെ ഇന്നലെ രാത്രി തൊട്ട് വീടിനകത്തേക്ക് കേറ്റിട്ടില്ല ..!

അവറാന്‍ ചേട്ടന്‍ ആണെങ്കീ കമാന്ന് ഒരക്ഷരം ആരോടും മിണ്ടാതെ മുറ്റത്തിരിപ്പുണ്ട് …!

ആര്‍ക്കും എന്താ പ്രശ്‌നം എന്ന് അറിയില്ല …!

അതുകൊണ്ടാണ് സുകുനെ എന്റെ അടുത്തേക്ക് ദൂത് അയച്ചിരിക്കുന്നത്

കാരണം എനിക്ക് അന്നമ്മ ചേടത്തിയുമായൊക്കെ നല്ല അടുപ്പമാണ് …, ഞങ്ങടെ വീട്ടിലെ ജോലിക്ക് ഒക്കെ അന്നമ്മ ചേടത്തി വരാറുണ്ട് ..,അത് കൊണ്ട് പ്രശ്‌നത്തിന്റെ സത്യാവസ്ഥ അറിയാന്‍ എന്നെക്കൊണ്ട് കഴിയും എന്നൊരു വിശ്വാസം എല്ലാവര്‍ക്കും ഉണ്ട് …!

അങ്ങിനെ ഞാനും പ്രേക്ഷിതന്‍ സുകും കൂടെ .., സൈക്കിളില്‍ അവറാന്‍ ചേട്ടന്റെ വീട്ടിലേക്ക് ആഞ്ഞു പിടിച്ചു

അവറാന്‍ ചേട്ടന്‍ മുറ്റത്ത് കസേരയില്‍ ഒരു കൂളിംഗ് ഗ്ലാസ്സും വെച്ചിരിപ്പുണ്ട് , പള്ളിപ്പെരുന്നാളിന് കിട്ടുന്ന ഗ്ലാസ്സ് ആണത് ..,

ആള്‍ടെ ഇരിപ്പുകണ്ടാല്‍ ഷാരൂഖാന്‍ കാജോളിനെ ഓര്‍ത്ത് ഇരിക്കണ പോലെ തോന്നും ….!

അടുത്തൊന്നും ആരും തന്നെയില്ല .., എന്തെങ്കിലും കാഴ്ച്ച കാണാന്‍ പറ്റും എന്ന് മനക്കോട്ട കെട്ടിയവരൊക്കെ .., നേരം വൈകും തോറും ക്ഷമ നശിച്ച് പോയി ..!

ഇപ്പൊ അടുത്തുള്ള ചില ചിടുങ്ങ് പിള്ളേര് മാത്രം അവിടിവിടെ ചുറ്റി നിപ്പുണ്ട് .

എന്നെ ഇറക്കി സുകു വേഗം അകത്തേക്ക് ചെന്നു ..!

സുകൂനെ കണ്ടതും .., അന്നമ്മചേടത്തി വീണ്ടും ഉറവാള് എടുത്തു തുള്ളുന്ന വെളിച്ചപ്പാടായി …!

”നീ ഇങ്ങട് കേറ്യാ .., നിന്റെ കാല് ഞാന്‍ വെട്ടും …”

പടിക്കലേക്ക് വെച്ച കാല്‍ സുകു അപ്പത്തന്നെ പിന്നിലേക്ക് വെച്ചു

അവറാന്‍ ചേട്ടന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ സുകുന്റെ കാലുകള്‍ക്ക് തീരെ ആഗ്രഹമുണ്ടായിരുന്നില്ല ..!

പിന്നെ അന്നമ്മ ചേടത്തീടെ നിപ്പ് കണ്ട .., കാലല്ല .., ചിലപ്പോ കഴുത്ത് കൂടി കണ്ടിക്കും

”അന്നമ്മ ചേടത്തി…….., എന്തിനാണ് ഈ പാവം മനുഷ്യനെ ഇങ്ങനെ പുറത്തിരുത്തിയിരിക്കുന്നത് ..?നമ്മളെല്ലാം ദൈവ മക്കളല്ലേ ..?, പറഞ്ഞാല്‍ തീരാത്ത പ്രശ്‌നമുണ്ടോ …?”

സുകു പടിക്കല്‍ നിന്നുകൊണ്ട് അന്നമ്മ ചേടത്തിയെ ഒരു പ്രേക്ഷിതയാക്കാന്‍ ശ്രമിച്ചു …!

എന്നാല്‍ ഇത് അത്ര ചെറിയ ബാധയോന്നുമല്ല .., അന്നമ്മ ചേടത്തിയുടെ മേത്ത് കൂടിയിരിക്കുന്നത് …, നല്ല ഉഗ്രന്‍ ലൂസിഫറാ …!

”നീ പോടാ പട്ടി .., ആ മനുഷ്യന്റെ ഓശാരം പറഞ്ഞോണ്ട് ഒരുത്തനും ഈ പടി കേറേണ്ടാ …”!

”കര്‍ത്താവേ .., ഈ സ്ത്രീയുടെ മേല്‍ കയറിയിരിക്കുന്ന സാത്താനെ നീ പുറത്താക്കിത്തരേണമേ ….”

സംഗതി ഇത് സുകു എനിക്ക് മാത്രം കേള്‍ക്കാന്‍ പറ്റുന്ന തരത്തിലാണ് പറഞ്ഞത് .., ഇല്ലെങ്കില്‍ അന്നമ്മ ചേടത്തി അപ്പൊത്തന്നെ സുകുന്റെ പ്രേക്ഷിത പ്രവര്‍ത്തനം നിര്‍ത്തിച്ചേനേ …!

അവസാനം ഗതി കെട്ട് സുകു എന്നെ നോക്കി …!

ഞാന്‍ മുന്നോട്ട് ചെന്ന് ചോദിച്ചു …!

”എന്താ ചേട്ടത്തി പ്രശ്‌നം …?”

എന്നെ കണ്ടതോടെ അന്നമ്മ ചേടത്തി ”മോനേ .., ന്ന് അലറിക്കൊണ്ട് വെട്ടു കത്തിയുമായി എന്റെ നേരെ ഒരു ചാട്ടം ..!

”എന്റെമ്മേ .., എന്നെ

കൊന്നേന്ന് അലറിക്കൊണ്ട് ഞാന്‍ പുറത്തേക്കോടി ..!

ഞാന്‍ നോക്കിയപ്പോ .., സുകൂനെ കാണാനില്ല …!

”ഈശ്വരാ .., സുകൂനെ അന്നമ്മ ചേടത്തി വെട്ടിയോ .., ഒരു സൌണ്ട് പോലും കേള്‍ക്കാനില്ലല്ലോ …”?

സംഗതി അന്നമ്മ ചേടത്തീടെ വെട്ടുകത്തിം പിടിച്ചുള്ള ചാട്ടം കണ്ടപ്പോള്‍ തന്നെ സുകുന്റെ കിളി പോയി

നിന്ന നില്‍പില്‍ പോള്‍വാള്‍ട്ട് ചാടിയ സുകു ചെന്ന് വീണത് അപ്പുറത്തെ തെങ്ങും കുഴീല് ..!, ഇപ്പൊ അന്നമ്മ ചേടത്തീടെ വെട്ട് കിട്ടും എന്ന് പേടിച്ച് .., സുകു മിണ്ടാണ്ട് അവിടെ അങ്ങിനെത്തന്നെ കിടന്നു ..!

അല്ലെങ്കിലും പ്രേക്ഷിതനായതോടു കൂടി സുകൂന്റെ പഴയ ധൈര്യമെല്ലാം പോയി …നമ്മുടെ ഇടിയന്‍ ജോണി അതൊക്കെ ഇടിച്ചെടുത്തൂന്ന് പറയാം .., ഇപ്പൊ സുകു ആകെ ഒരു പേടിത്തൊണ്ടനാ …!

പുലി പോലെ ഇരുന്ന സുകുവാ .., ഇപ്പോ എലിയേക്കാളും കഷ്ടം

സുകു പേടിത്തൊണ്ടനായത് കൊണ്ട് ഓടി …!, അപ്പോ ഞാന്‍ എന്തിനാ ഓടിയത് …?

ഞാന്‍ എന്നോട് തന്നെ ഒരു വിശകലനം ചോദിച്ചു …?

ഞാനല്ല ഓടിയത് .., എന്റെ കാല് എന്നേയും കൊണ്ടല്ലേ ഓടിയത് …?

സത്യത്തില്‍ അന്നമ്മ ചേടത്തി ഞങ്ങളെ വെട്ടാന്‍ വന്നതൊന്നുമല്ല .., എന്നെ കണ്ടതോട് കൂടി അന്നമ്മ ചേടത്തിയുടെ സങ്കടം അണമുറിഞ്ഞതാണ് ..!

അന്നമ്മ ചേടത്തി എന്റെ അടുത്ത് വന്ന് നെഞ്ചത്ത് ഒരു നാലഞ്ചിടി .., എന്റെയല്ല .., ചേടത്തീടെ ….!

”ഡാ മോനേ .., ഈ മനുഷ്യന്‍ എന്നെ ചതിച്ചൂടാ ”..!

”ഈശ്വരാ .., ഈ വയസ്സു കാലത്ത് .., അവറാന്‍ ചേട്ടന്‍ ”

ഞാന്‍ അവറാന്‍ ചേട്ടനെ ഒന്ന് നോക്കി

ആള്‍ക്ക് ഇപ്പോഴും ഒരു അനക്കവുമില്ല .., കൂളിംഗ് ഗ്ലാസ്സും വെച്ച് അതേ പടി തന്നെ ഇരിപ്പുണ്ട് …!

ഇത്രയൊക്കെ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും ആളൊന്നു അനങ്ങുന്നു പോലുമില്ലല്ലോ …?

ഈശ്വരാ…. ഇനി ഇപ്പൊ ചേട്ടത്തി അവറാന്‍ ചേട്ടനെ കൊന്ന് .., മുറ്റത്ത് കൊടുന്ന് ഇരുത്തിരിക്കുകയാണോ …?

”എന്താ ചേട്ടത്തി പ്രശ്‌നം …..?”

അന്നമ്മ ചേടത്തി വീണ്ടും ഒരു നാലഞ്ചിടി ..!

ആ ഇടീടെ സൌണ്ട് കേട്ട് .., ആ ഏരിയ മൊത്തം ഒന്ന് കുലുങ്ങി

അന്നമ്മ ചേടത്തി ഇനിം ഇടിക്കാണെങ്കില്‍ .., , അന്നമ്മ ചേടത്തീടെ ജീവന്‍ മാത്രമല്ല എന്റെ ജീവന്‍ കൂടി ഇറങ്ങി ഓടാന്‍ തയ്യാറായി ..!

സംഗതി അണ്ടര്‍ കണ്ട്രോള്‍ ആണെന്ന് തോന്നിയപ്പോ .., പ്രേക്ഷിതന്‍ സുകു പതുക്കെ തെങ്ങും കുഴീന്ന് പുറത്തേക്ക് ഞൊണ്ടിക്കൊണ്ട് വന്നു …!

ജീവനും കൊണ്ട് ചാടിയ ചാട്ടത്തില് സുകൂന്റെ കാല്‍ക്കൊഴ തിരിഞ്ഞു പോയിരുന്നു .

”ഈ മനുഷ്യന്‍ നാശായി മോനേ ….”?

”എന്താ കാര്യം ചേട്ടത്തി …?” എനിക്കാണെങ്കീ ഒന്നും മനസ്സിലാകുന്നില്ല

അവസാനം അന്നമ്മ ചേടത്തി ഉള്ളം കൈയ്യീന്ന് ചുരുട്ടി കൂട്ടിയ ഒരു കടലാസ്സ് എടുത്ത് എന്റെ നേരെ നീട്ടി ..!

അതൊരു എഴുത്തായിരുന്നു ..!

ഈശ്വരാ .., പ്രേമലേഖനോ ….?, അവറാന്‍ ചേട്ടനും പ്രേമമോ ..?

”ഡിയര്‍ മിസ്റ്റര്‍ അവറാന്‍ ,

കഴിഞ്ഞ ചുംബന സമരത്തില്‍ താങ്കളുടെ പങ്കാളിത്തം ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു .., ആയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ .., ഞങ്ങള്‍ സംഘടിപ്പിക്കുന്ന ചുംബന സമരത്തിലേക്ക് താങ്കളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു …”!

ഈശ്വരാ .., അവറാന്‍ ചേട്ടന്‍ ചുംബന സമരത്തില്‍ പങ്കെടുത്തിരുന്നോ ..?

”ഈ മൂത്ത് നരച്ചിരിക്കണകാലത്ത് ഈ മനുഷ്യന്റെ ഒരു പൂതിയേ …?ഇരിക്കണ ഇരിപ്പ് കണ്ടില്ലേ …?, ഈ ചുണ്ട് ഞാനിന്ന് അരിയും …, സാമദ്രോഹി ”..,

ചേട്ടത്തി .., ചെത്ത് കത്തിയെടുത്ത് അവറാന്‍ ചേട്ടന്റെ ചുണ്ട് ലക്ഷ്യമാക്കി പാഞ്ഞു ….!, അപ്പോഴേക്കും ഞാന്‍ പിടിച്ചു മാറ്റി ..

ഇല്ലെങ്കി ചുംബന സമരത്തിന്റെ ഓര്‍മ്മകളും പേറി അവറാന്‍ ചേട്ടന്റെ ചുണ്ട് രണ്ടും താഴേക്കിടന്നേനെ …!

അവറാന്‍ ചേട്ടന്‍ ആള് കൊള്ളാമല്ലോ ..?ചുംബന സമരത്തിലൊക്കെ പങ്കെടുത്തൂല്ലേ ..?, ഞങ്ങള് പോലും അറിഞ്ഞില്ലല്ലോ ..?

എനിക്കും ആഗ്രഹമുണ്ടായിരുന്നതാ ….!

ഭാഗ്യവാന്‍ .., എന്തോരം പേരെ ചുംബിച്ചാവോ …?

എനിക്ക് അവറാന്‍ ചേട്ടനോട് അസൂയ തോന്നി .., അവറാന്‍ ചേട്ടന്‍ ആളൊരു സല്‍മാഖാന്‍ ആയപോലെ ..!

സത്യത്തില്‍ എനിക്ക് മാത്രമല്ല സുകൂന്റെ മനസ്സിലും .., അവറാന്‍ ചേട്ടനോട് അസൂയ തോന്നും എന്നെനിക്ക് ഉറപ്പായിരുന്നു ..!

എങ്കിലും സുകു അത് പുറത്തു കാണിക്കുന്നില്ല ..!

സുകൂന് മാത്രമല്ല കേള്‍ക്കുന്ന എല്ലാവര്‍ക്കും തോന്നും .., കാരണം അമ്മാതിരി കാണിപ്പല്ലേ .., അവറാന്‍ ചേട്ടന്‍ കാണിച്ചിരിക്കുന്നത് ..

എന്നിട്ടും ഇരുന്ന് ഉറങ്ങണ ഉറക്കം കണ്ടില്ലേ ..?

സത്യത്തില്‍ അവറാന്‍ ചേട്ടന്‍ നല്ല ഫിറ്റിലാണ് …!

ഏതായാലും ഇതീന്ന് അവറാന്‍ ചേട്ടനെ ഒന്ന് കരകയറ്റി എടുക്കെണ്ടേ ..?

”ചേട്ടത്തി .., ഇത് അഡ്രസ്സ് തെറ്റി വേറെ ഏതോ .., അവറാച്ചന്‍ എന്ന ആള്‍ക്ക് വന്ന കത്താണ് .., ആ പോസ്റ്റ് മേന്‍ .., ഇവിടെ തെറ്റി കൊണ്ട് വന്നിട്ടതാണ് ..!

ഈ ചുംബന സമരം നടന്ന അന്ന് അവറാന്‍ ചേട്ടന്‍ ഞങ്ങളുടെ കൂടെത്തന്നെയാണ് ഉണ്ടായിരുന്നത് ..!”

”അതേയോ ..”!

ഒരു വിധത്തില്‍ ചേട്ടത്തിയെ സമാധാനിപ്പിച്ച് ഞങ്ങള്‍ കത്തുമായി പുറത്തേക്ക് വന്നു ..!

ഞാന്‍ തിരിഞ്ഞു നോക്കി .., അപ്പോഴും അവറാന്‍ ചേട്ടന്‍ സന്തോഷവാനായി ഇരുന്ന് ഉറങ്ങുന്നു ..!

ചിലപ്പോ ചുംബന സമരത്തിന്റെ പുളകത്തിലായിരിക്കാം ….!