Share The Article

01

അന്നൊരു ഞായറാഴ്ച്ചയാണ് .., ഞങ്ങള്‍ പിള്ളേര് സെറ്റ് എല്ലാവരും കൂടെ തോടിന്റെ വക്കത്തിരുന്ന് അന്നത്തെ പ്രോഗ്രാം പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയാണ് ..!

പ്രോഗ്രാം എന്ന് പറഞ്ഞാല്‍ മെയിന്‍ ഐറ്റം സണ്‍ഡേ കള്ളുകുടിയാണ്, നമ്മുടെ അവറാന്‍ ചേട്ടന്‍ നല്ല ഫ്രഷ് സാധനവുമായിട്ട് രാവിലെത്തനെ എത്തും .!

തൊട്ടപ്പുറത്തുള്ള പറമ്പില് നല്ല ചിക്കന്‍ റോസ്റ്റ് അങ്ങിനെ വെന്തു കൊണ്ടിരിക്കുന്നു ..,ചിക്കന്റെ മസാല മണം ഇങ്ങനെ ഞങ്ങളെ ആവേശം കൊള്ളിക്കുകയാണ് ..!

ഞങ്ങള് കാശ് കൊടുത്ത് വാങ്ങിയ ചിക്കനൊന്നുമല്ല കേട്ടോ ..!

അന്നമ്മചേടത്തീടെ വീട്ടിലെ നല്ല അഴകൊത്ത ഒരു ഒന്ന് ഒന്നര പൂവനായിരുന്നു …! ആ ഏരിയേലെ മുഴുവന്‍ പിടക്കോഴികളുടേയും റോമിയോ …!

ആള് രാവിലെത്തന്നെ മസില് പെരുപ്പിക്കാന്‍ മോണിംഗ് വാക്കിന് ഇറങ്ങിയതായിരുന്നു ..! പാവം ഇപ്പോ കൂട്ടാന്‍ കലത്തില് കിടന്ന് വെട്ടി വെട്ടി തിളക്കാ …!

ഞങ്ങളെ ആ ഏരിയ മുഴുവന്‍ ഇട്ടോടിപ്പിച്ചിട്ടാ അവന്‍ കീഴടങ്ങിയത് .., , കീഴടങ്ങണ നേരത്ത് അവന്‍ നീട്ടി ഒരു കൂവലങ്ങ്ട് കൂവി ..

ഞാനിതാ രക്ത സാക്ഷിത്വം വരിക്കാന്‍ പോകുന്നു എന്നായിരിക്കണം ആ കൂവലിന്റെ അര്‍ഥം ..!

അവനെ കാണാതെ വന്നാ .., അന്നമ്മ ചേട്ടത്തി തീര്‍ച്ചയായും ഒരു CBI അന്വേക്ഷണം പ്രഖ്യാപിക്കും എന്ന് ഞങ്ങള്‍ക്കറിയാം …!

അതിനാല്‍ അവന്റെ പപ്പും തൂവലും ഒക്കെ ഞങ്ങള് വിദഗ്ധമായി കല്ലു കെട്ടി കായലില്‍ താഴ്ത്തി …!

ഇനി എന്ത് അനേഷണം വന്നാലും അവന്റെ പൊടി പോലും കണ്ടു പിടിക്കാന് പറ്റില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു ..!

തെളിയാത്ത കേസുകളിലേക്ക് ഒന്ന് കൂടി എന്ന് പറഞ്ഞ് അത് എഴുതി തള്ളപ്പെടും അല്ലെങ്കില്‍ അവന്‍ അവിടത്തെ ഏതെങ്കിലും ജൂലിയറ്റിനെ അടിച്ചെടുത്ത് ഒളിച്ചോടിയിരിക്കും എന്ന് അന്നമ്മ ചേടത്തി കരുതിക്കൊള്ളും

ഞങ്ങള്‍ ഇങ്ങനെ അക്ഷമ്മരായി അവറാന്‍ ചേട്ടനെ വെയിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ..!

സമയം പത്തായി .., പതിനൊന്നായി .., ഇത്രയും നേരം വൈകാന്‍ പാടില്ലാത്തതാണല്ലോ …!

ഇനിയിപ്പോ .., അവറാന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് വാങ്ങിയ കള്ള് എടുത്ത് അടിച്ചിട്ട് ഫിറ്റായിട്ട് വല്ലിടത്തും കിടന്നുറങ്ങുന്നുണ്ടാവോ …?

ഛെയ് .., അങ്ങിനെ വരാന്‍ വഴിയില്ല .., ഇത് വരേയ്ക്കും അങ്ങിനത്തെ വിശ്വാസവഞ്ചനകളൊന്നും .., അവറാന്‍ ചേട്ടന്‍ കാണിച്ചിട്ടില്ല …!

എന്നാലും ഒരു വിശ്വാസക്കുറവ് …!, സംഗതി അവറാന്‍ ചേട്ടനാണ് .., കൂടെ കള്ളും ….!

എന്തും സംഭവിക്കാം …!, കാരണം രണ്ടു പേരും ഭായി ഭായി ആണ് …!

അങ്ങിനെ കാത്തു കാത്തിരുന്നു ഗതി കെട്ടപ്പൊ ഞങ്ങള്‍ കൂട്ടത്തിലൊരുവനെ .., പറഞ്ഞയച്ചു …!

അവനും പോയിട്ട് മണിക്കൂറൊന്നായി ..!, എല്ലാവരുടേയും ക്ഷമയുടെ നെല്ലിപ്പലക താണ്ടി ..!

നമ്മുടെ പൂവന്‍ കോഴി കൂട്ടാന്‍ കലത്തിലിരുന്ന് ഞങ്ങളെ നോക്കി പല്ലിളിച്ച് പറയുന്നത് പോലെ തോന്നി …!

”നിങ്ങള്‍ക്ക് അങ്ങിനെത്തന്നെ വേണം …”!

അങ്ങിനെ കാത്തിരിപ്പിനൊടുവില്‍ .., അന്വേഷിക്കാന്‍ പോയവന്‍ .., ദേ സൈക്കിളില്‍ പറന്നു വരുന്നു …!

അമ്മക്ക് വായു ഗുളിക മേടിക്കാന്‍ പോലും അവന്‍ ഇത്ര സ്പീഡില്‍ സൈക്കിള്‍ ഓടിച്ചിട്ടുണ്ടാവില്ല ..!

മുഖഭാവം കണ്ടാലറിയാം .., അവറാന്‍ ചേട്ടനെ കണ്ടിട്ടില്ലാന്ന് …!
അകലെ നിന്ന് തന്നെ കാറിക്കൊണ്ടാണ് അവന്റെ വരവ് …!

”ഡാ .., ഇന്നത്തെ കള്ളു കുടി നടക്കില്ല …”

”എന്താ കാരണം …”?, എല്ലാവര്‍ക്കും ആകാംക്ഷ …?

”അവറാന്‍ ചേട്ടനെ പോലീസ് പിടിച്ചു …”

”അയ്യോ …, എല്ലാവരും ഒരേ പോലെ ഞെട്ടി .., ഞങ്ങളുടെ ഞെട്ടല് കണ്ട് സൈക്കിളിലിരുന്ന് അവനും ഞെട്ടി …!, ഞങ്ങളുടെ എല്ലാവരുടേയും ഞെട്ടലുകണ്ട് .., കലത്തിലിരുന്ന കോഴിം ഞെട്ടി ..!

അവറാന്‍ ചേട്ടനെ പോലീസ് പിടിക്കേ .., നിന്നോട് ആരെങ്കിലും പുളുവടിച്ചതാടാ …!

പോലീസ് ജീപ്പ് അകലെന്ന് കാണുമ്പോ തന്നെ പുള്ളി സൈക്കളീന്ന് ഇറങ്ങി റോഡിന്റെ ഓരത്ത് നിന്ന് കൈകൂപ്പി നടു വളഞ്ഞ് നില്‍ക്കുന്നവനാ
പോലീസ് പിടിക്കാന്‍ മാത്രം ഉള്ള കുറ്റകൃത്യമൊന്നും അവറാന്‍ ചേട്ടന്‍ ചെയ്യാന്‍ വഴിയില്ല …

ഡാ .., ആരെങ്കിലും വെറുതെ പറഞ്ഞാതാടാ …!

ഇല്ലാടാ .., സത്യം തന്നെ .., പുള്ളിക്കാരന്‍ SI ആയിട്ടൊന്നു ഒടക്കിയത്രേ ..!

ഈശ്വരാ .., SI ഇടിയന്‍ ജോണി ആയിട്ടാണോ .., അവറാന്‍ ചേട്ടന്‍ ഒടക്കിയത് …!,
ഇടിയന്‍ ജോണീന്ന് കേട്ടതേ .., കൂട്ടാന്‍ കലത്തിലിരുന്ന നമ്മുടെ പൂവന്‍ ഇറങ്ങി ഓടി …!

ആള് അത്രക്കും ഭീകരനാണ് …!
SI ആയിട്ട് ഒടക്കാന്‍ മാത്രം അവറാന്‍ ചേട്ടന്‍ വളര്‍ന്നോ …?
എന്റെ മനസ്സില്‍ അവറാന്‍ ചേട്ടന്‍ വളര്‍ന്ന് വളര്‍ന്ന് ഒരു പുലിയായ
മാതിരി…!

അവറാന്‍ ചേട്ടന്‍ ഒരു പുലിയായി രൂപാന്തരം പ്രാപിച്ച നിരവധി ഫോട്ടോകള്‍ എന്റെ മനസ്സിലൂടെ കടന്നു പോകുന്നു …!

തല മാത്രം പുലിയുടെ .., ഉടലൊക്കെ അവറാന്‍ ചേട്ടന്റെ …!

അതാ പുലിത്തലയുള്ള അവറാന്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി കള്ള് ചെത്താന്‍ പോകുന്നു …!, SI യുടെ കൊങ്ങക്ക് പിടിക്കുന്ന പുലിത്തലയുള്ള അവറാന്‍ ചേട്ടന്‍ …!

പുലിത്തലയുള്ള കള്ള് കുടിക്കുന്ന അവറാന്‍ ചേട്ടന്‍ .., കോഴി തിന്നുന്ന അവറാന്‍ ചേട്ടന്‍ …, ഗര്‍ജ്ജിക്കുന്ന അവറാന്‍ ചേട്ടന്‍ …!

അവസാനം പുലിത്തലയുള്ള കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയായ അവറാന്‍ ചേട്ടന്‍

ഡാ …SI ഇടിയന്‍ ജോണായിട്ടാ അവറാന്‍ ചേട്ടന്‍ മുട്ടിയിരിക്കുന്നത് ..അയാള് അവറാന്‍ ചേട്ടനെ ഇടിച്ചു പിഴിഞ്ഞ് സ്റ്റേഷനു മുന്നില്‍ തൂക്കിയിടും …!

ഇത് സത്യം തന്നെയാണോ .., ?

അവറാന്‍ ചേട്ടന്‍ SI ആയിട്ട് മുട്ടാന്‍ എന്താ കാര്യം ..?

സത്യം തന്നെയാണ് …! അവറാന്‍ ചേട്ടനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോണ കണ്ട ദ്രിക്‌സാഷി .., ദിവാകരേട്ടനാണ് എന്നോട് പറഞ്ഞത് ..!

അവറാന്‍ ചേട്ടന് ആള് മാറിപ്പോയതാത്രേ …!

അതെങ്ങനെ ആള് മാറും ..?, SI യൂണിഫോമില്‍ അല്ലേ …!

അല്ലെടാ .., അതാ പറ്റിപ്പോയത് …!, മഫ്ത്തിയിലായിരിന്നു …!

അപ്പൊ .., അതാ കാര്യം അവറാന്‍ ചേട്ടന് .., ആള് മാറിപോയ പറ്റാണ് .., അതും ഇടിയന്‍ ജോണ് …!

മിക്കവാറും ഇന്ന് അവറാന്‍ ചേട്ടന്റെ അവസാന സണ്‍ഡേ ആയിരിക്കും..!

ജീപ്പില് കേറ്റാന്‍ നോക്കിയപ്പോ .., അവറാന്‍ ചേട്ടന്‍ ഓടാന്‍ നോക്കിയത്രേ .., അപ്പൊത്തന്നെ ഇടിയന്‍ ജോണ് .., അവറാന്‍ ചേട്ടന്റെ മുതികിനിട്ട് രണ്ടിടി .., ആ ഇടിടെ സൌണ്ട് കേട്ട് ദിവാകരേട്ടന്‍ ഞെട്ടിത്രേ …!

ഇടി കിട്ട്യെ വശം അവറാന്‍ ചേട്ടന്‍ ജീപ്പിലേക്ക് ചാടിക്കയറിയത്രെ .., അവറാന്‍ ചേട്ടന്‍ കരയുന്നുണ്ടായിരുന്നു …!

സംഗതി ഇതാണ് ..,രണ്ടെണം വീശി .., ഞങ്ങള്‍ക്കുള്ള കള്ളായി അവറാന്‍ ചേട്ടന്‍ പറന്ന് വരായിരുന്നു …!

ആ സമയത്ത് തന്നെയാണ് .., ഇടിയന്‍ ജോണി തന്റെ മോണിംഗ് വാക്കിന് അവറാന്‍ ചേട്ടന്റെ മുന്നീക്കൂടെ ഒരു ഓരം ചേര്‍ന്ന് പോയിക്കൊണ്ടിരുന്നത് ..!

ഇടിയന്‍ ജോണിന്ന് കേട്ടാ തന്നെ ഈ സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ളവരൊക്കെ ഒന്ന് വിറക്കും .., !, പുള്ളി വന്നതിനു ശേഷമാണ് ഈ ഏരിയ മൊത്തം ക്ലിയറായത് ..!

ഈ തുക്കടാ റൌഡികളും .., പിന്നെ കുറേ പൂവാലന്‍ മാരും നിറയെ വിലസിയിരുന്ന നാടാ ഇത് …!

ഇടിയന്‍ ജോണി വന്ന് ഒരാഴ്‌ച്ചേടെ ഉള്ളില്‍ത്തന്നെ ഇടിടെ സൌണ്ട് ഞങ്ങളെ മൊത്തം കേള്‍പ്പിച്ചു ..!

രണ്ടു മൂന്നു പേരെടുത്ത റൌഡികള്‍ ഉണ്ടായിരുന്നു .., പുലി സുകു .., വെപ്രാളം വാസു .., കട്ട തൊമ്മി .. തുടങ്ങി പേരെടുത്തോരൊക്കെ ഞങ്ങളെ വിറപ്പിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു ..!

അടികൂടുമ്പോ എപ്പൊളും സുകു പറയും ഞാനൊരു പുലിയാണെന്ന് .., അത് കൊണ്ടാണ് സുകൂന് …, പുലി സുകു എന്ന പേര് വീണത്

അതേപോലെ വെപ്രാളം വാസു അടി കൂടാന്‍ പോയാല് ആകെ ഒരു വെപ്രാളമാണ് .., കാണുന്നോര് വിചാരിക്കാ വെപ്രാളം വാസുനാണ് അടി കിട്ടുന്നതെന്നാ പക്ഷേ അതല്ല സത്യം …!

കട്ട തൊമ്മി എപ്പോഴും ഇടികട്ടയുമായാണ് നടപ്പ് ..,

ഇവന്‍ മാരെ മൂന്നെണ്ണത്തിനേം ഇടിച്ചോതിക്കയവനാണ് ഇടിയന്‍ ജോണി ..!

ഇടിയന്‍ ജോണിടെ ഇടി കിട്ടി സുകു ആദ്യം നന്നായി .., സുകൂനെ മൂന്ന് ദിവസാ ഇടിയന്‍ ഇട്ട് ഇടിച്ചത് ..!

അവസാനം സുകു ഒറക്കെ കരഞ്ഞു .., ആ കരച്ചില് ഞങ്ങടെ ഗ്രാമം മുഴുവനും കേട്ടു …!

ഇനി നീ പുലിയാണോന്ന് ചോദിച്ചപ്പോ .. , സുകു കരഞ്ഞു പറഞ്ഞൂത്രേ ..!

”ഞാന്‍ ഇനി പുലിയും .., അല്ല എലിയും അല്ല …!

അപ്പൊ നിന്നെ പുലിന്ന് വിളിക്കണതോ ..?

ആ പുലി ഞാനല്ല സാറേ …, അത് കാട്ടിലെ ഏതോ ഒരു പുലിയാണ് ..!

ആ സംഭവത്തോട് കൂടി സുകു ആകെ നന്നായി .., ഇപ്പോ അത്രയും ഡീസന്റായിട്ടുള്ള ഒരു മനുഷ്യന്‍ ഈ ഗ്രാമത്തിലില്ല ..!

അതിനു ശേഷം സുകു ധ്യാനം കൂടാന്‍ പോയി ഇപ്പൊ ഒരു പ്രേഷിതനാണ് …, സുകു പ്രേഷിതന്‍ …!

സുകുനെ ഇടിച്ച ഇടി കേട്ട് .., അന്ന് പനി പിടിച്ച് വീണ വെപ്രാളം വാസു ആ പനിയോട് കൂടി ത്തനെ പേടിച്ച് വിറച്ച് ഇടിയന്‍ ജോണി ഇല്ലാത്ത ലോകത്തേക്ക് പറന്ന് പോയി …!

കട്ട തൊമ്മി ഓട്യ ഓട്ടം അങ്ങ് ബോംബെ വരെ എത്തി .., അവിടെ ഏതോ ഒരു കടേല് നല്ലകുട്ടി ആയിട്ട് ജോലി ചെയ്ത് ജീവിക്കാത്രേ ..!

ഈ മൂന്ന് പേരേം ഒതിക്കയതോട്കൂടി പിന്നെ ഉള്ള തുക്കടാ റൌഡികളും പൂവാലന്‍മാരും എല്ലാം ഡീസന്റായി …!

അതിലൊരു പൂവാലനായിരുന്നു ഞാനും ..!

ഇപ്പൊ പെണ്‍കുട്ടികള് ഇങ്ങട് നോക്കിയാലും .., എന്താ സിസ്റ്ററെന്ന് ചോദിച്ച് വഴി ഒഴിയും …!

അങ്ങിനെയുള്ള ഇടിയന്‍ ജോണിന്റെ അടുത്താ നമ്മുട അവറാന്‍ ചേട്ടന്‍ തല വെച്ച് കൊടുത്തിരിക്കുന്നത് …!

ഇടിയന്‍ ജോണിടെ സ്‌പെഷ്യല്‍ എന്ന് പറഞ്ഞാല്‍ .., ആള് വര്‍ത്തമാനം കുറച്ച് ഇടി കൂടുതല്‍ …!

അങ്ങിനെ അവറാന്‍ ചേട്ടന്‍ ആടി .., ആടി സൈക്കിളില്‍ പോകുമ്പോ ഇടിയന്‍ ജോണിന്റെ മേത്ത് അറിയാതെ ഒന്ന് തട്ടി ..! സംഗതി ഇടിയന്‍ ജോണിയാണ് മുന്നില്‍ പോണത് എന്നറിഞ്ഞിരുന്നെങ്കില്‍ .., അവറാന്‍ ചേട്ടന്‍ അപ്പറത്തെ പാടത്തേക്ക് പോയി വീണാലും .., ഇടിയന്‍ ജോണിടെ മേത്ത് തട്ടാതെ നോക്കിയേനെ ..!

”നോക്കി പോക്കൂടെ ….?”, ഇടിയന്‍ .., തന്റെ ഇടിയന്‍ സ്വഭാവം മാറ്റി വെച്ച് വളരെ സൌമ്യമായാണ് ചോദിച്ചത് …!

എന്നാല്‍ അവറാന്‍ ചേട്ടന്റെ കഷ്ടകാലം ..,അവറാന്‍ ചേട്ടന്റെ ഉള്ളില്‍ കിടക്കണ കള്ള് .., അവറാന്‍ ചേട്ടനെ ഇടിയന്‍ ജോണിക്ക് ഒറ്റിക്കൊടുത്തു …!

”ആരെടാ അത് .., എന്നെ പഠിപ്പിക്കാന്‍ …?ഇത് എന്റെ റോഡ്…, എന്റെ ഇഷ്ട്ടം പോലെ ഞാന്‍ വണ്ടി ഓടിക്കും ..”

ഇത് കേട്ടതോടെ ഇടിയന്‍ ജോണിയുടെ സൗമ്യ ഭാവം എങ്ങോട്ടോ ഓടിപ്പോയി .., ഇടിയന്‍ ജോണി .., ഇടിയന്‍ പൊലീസായി രൂപാന്തരം മാറി ..!

”നിക്കടാ നായിന്റെ മോനേന്നും പറഞ്ഞ് ..”, അവറാന്‍ ചേട്ടന്റെ സൈക്കിളിന്റെ ക്യാരിയറ് പിടിച്ച് നിലത്ത് ഒരു നാലഞ്ച് കുത്ത് …!

സംഗതി പണി പാളീന്ന് അവറാന്‍ ചേട്ടന് മനസ്സിലായി …!, കോര്‍ത്തത് തിമീംഗലത്തിനിട്ടായിരുന്നു ..!

തിരിഞ്ഞ് നോക്കിയപ്പോ .., SI ഇടിയന്‍ ജോണിനെ കണ്ടതും .., അവറാന്‍ ചേട്ടന്റെ അടിവയറ്റീന്ന് ഒരു ആന്തല്‍ വായ വഴി പുറത്തേക്ക് പോയി .., , വേറൊന്ന് … വേറെ വഴീക്കൂടേം പോയി …. .., പക്ഷേ അത് ആന്തലായിരുന്നില്ല …!

പണി പാളീന്ന് മനസ്സിലായതും .., അവറാന്‍ ചേട്ടന്‍ സൈക്കിളുമായി രക്ഷപ്പെടാന്‍ ഒരു അവസാന ശ്രമം നടത്തിയെങ്കിലും .., ഇടിയന്‍ ജോണി
ഉടുമ്പ് പിടിച്ച പോലെയാണ് സൈക്കിളിന്റെ ക്യാരിയറില്‍ പിടിച്ചേക്കണത് …!

സ്ഥലം SI യോട് ആരാന്ന് ചോദിക്കാന്‍ മാത്രം താന്‍ വളര്‍ന്നോ ..?

ഇടിയന്‍ ജോണിയുടെ മീശ ..,ദേഷ്യം കൊണ്ട് നൂറിലാണ് വിറക്കണത് ..!, അവറാന്‍ ചേട്ടന്റെ ശരീരം ഇരുന്നൂറിലും …., അത് പേടി കൊണ്ടാണേന്ന് മാത്രം …!

ഇടിയന്‍ ജോണിടെ ആദ്യ ഊക്കനിടി ഇപ്പൊ കിട്ടും എന്ന മട്ടില്‍ പേടിച്ചിരണ്ടാണ് അവറാന്‍ ചേട്ടന്റെ നില്‍പ്പ് ..!

കുടിച്ച കള്ളിന്റെ കിക്കെല്ലാം മാറി .., അവറാന്‍ ചേട്ടന് ഇപ്പൊ നൂറ് ശതമാനോം നല്ല വെളിവുണ്ട് …!

സത്യത്തില്‍ ആ കള്ള് .., ഇനിയും ഒരു രണ്ടു മൂന്നു മണിക്കൂര്‍ നേരത്തേക്കുള്ള കിക്കിനുള്ളത് കൂടി ഉണ്ടായിരുന്നു …!, പക്ഷേ ഇടിയന്‍ ജോണിയെ കണ്ട ആ നിമിഷത്തില്‍ തന്നെ അത് ആവിയായി മുകളിലേക്ക് പോയി …!

”സൈക്കിളീന്ന് ഇറങ്ങെടാ ..”, ഇടിയന്‍ ജോണി ഒറ്റ അലര്‍ച്ച …!

അവറാന്‍ ചേട്ടന്‍ സൈക്കിളീന്ന് എപ്പോ എറങ്ങിന്ന് .., ചോദിക്കണമാതിരി ആറ്റെന്‍ഷനായി ..!

ഇടിയന്‍ ജോണ്‍ .., സൈക്കിളിന്റെ ക്യാരിയറുമെ പിടിച്ച് വീണ്ടും ഒരു രണ്ടു കുത്ത് …!, മൂന്നാമത്തെ കുത്തിനും മുമ്പേ തന്നെ .., പാവം സൈക്കിളിന്റെ കാറ്റ് പോയി …!

ഇതൊക്കെ കണ്ട് അവറാന്‍ ചേട്ടന്റെ വിറ ഇരുന്നൂറും കടന്ന് അഞ്ഞൂറിലെത്തി…!

ഇപ്പൊ അവറാന്‍ ചേട്ടന്റെ മേല്‍ ഇടിയന്‍ ജോണി ഇടി തുടങ്ങും .., , അങ്ങിനെ ഇടിച്ച് .., ഇടിച്ച്.., അവറാന്‍ ചേട്ടനെ ഇടിയന്‍ ജോണി കൊല്ലും …!

ഒരു രക്ത സാക്ഷി .., ആ കവലയില്‍ ഇപ്പൊ പൊട്ടി വീഴും ..!
അവറാന്‍ ചേട്ടനെ ഇടിയന്‍ ജോണിക്ക് അധികം ഇടിക്കണ്ടി വരില്ല .., അതിനു മുന്‍പേ .., അവറാന്‍ ചേട്ടന്‍ പേടി കൊണ്ട് രക്തസാക്ഷിത്വം വരിക്കും …!

അവറാന്‍ ചേട്ടനെ കൊല്ലുന്നത് കാണാന്‍ കരുത്തില്ലാതെ കവലയിലുള്ളവരെല്ലാം കണ്ണുകള്‍ പൊത്തി …!

”എന്താടാ കള്ള് കുടിച്ചിട്ടുണ്ടോ …?

”ഉണ്ട് ..”, അവറാന്‍ ചേട്ടന്‍ വിക്കിയിട്ടാണ് പറയുന്നത് …!

”കള്ള് കുടിച്ചിട്ടാണോ .., വണ്ടിയോടിക്കുന്നത്…”?

”സൈക്കിളല്ലേ …സാര്‍ …”

”സൈക്കിളെന്താ വണ്ടിയല്ലേ …?”

അവറാന്‍ ചേട്ടന്‍ അതെന്നോ .., അല്ലെന്നോ പറഞ്ഞില്ലത്രേ …,, സംശയമായിരുന്നു .., വണ്ടിയല്ലേ .., എന്ന് ചോദിച്ചാല്‍ ആണ് .., എന്നാല്‍ ആണോ ..?, എന്ന് ചോദിച്ചാല്‍ അല്ല …!

വെറുതെ തെറ്റുത്തരം പറഞ്ഞ് ഇടിയന്റെ കൈയ്യിന്ന് വെറുതെ ഒരു ഇടി കൂടുതല്‍ വാങ്ങണോ ..?, എന്ന് അവറാന്‍ ചേട്ടന്‍ ചിന്തിച്ചു കാണും ..!

ഏതാനും നിമിഷം കഴിഞ്ഞ് അവറാന്‍ ചേട്ടനെ പോലീസ് ജീപ്പ് വന്ന് കൊണ്ടുപോയി …!

ഇത് കേട്ടപ്പോ ഞങ്ങള്‍ക്ക് ആകെ വിഷമമായി …!, ഇന്നത്തെ കള്ള് കുടി മുട്ടിയാലും സാരമില്ല …!, എങ്ങിനെയെങ്കിലും അവറാന്‍ ചേട്ടനെ സ്റ്റേഷനീന്ന് ഇറക്കി കൊണ്ട് വരേണ്ടേ …?

ഞങ്ങള് പിള്ളേര് പോയാല് .., ഇടിയന്‍ ജോണി ചെലപ്പോ ഞങ്ങളേയും ഇട്ട് ഇടിക്കും …!, വെറുതേ ഇടിയന്റെ അടുത്ത് പോയി ..ഇടി തായോന്ന് ഇരന്ന് വാങ്ങണോ …?

അങ്ങിനെയാണ് വാര്‍ഡ് മെമ്പറ് .., സുകേശനെ കൂട്ടി സ്റ്റേഷനിലേക്ക് പോകാമെന്ന് വെച്ചത് …!
ഇടിയന്‍ ജോണിന്ന് കേട്ടതോടെ സുകേശന്‍ ഒരു രണ്ടു ചുവട് പുറകോട്ട് വെച്ചു …
.. പിന്നെ നമ്മടെ അവറാന്‍ ചേട്ടനല്ലേ …., എന്നോര്‍ത്ത് .., സുകേശന്‍ പാതി മനസ്സോടെയാണ് ഞങ്ങളുടെ കൂടെ വന്നത് …!

മെമ്പറാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല .., ചിലപ്പോ ഇടിയന്‍ ജോണി മെമ്പറെയും ഇടിക്കും .. , !

ആ ഒരു പേടി സുകേശന്റെ മനസ്സിലും ഉണ്ട് …!, കാരണം ഈ ഇടിയന്‍ ജോണിടെ ഫാദര്‍ ഇന്‍ ലോ .. ഒരു റിട്ടയേര്‍ട് എം പി ആണ് …!

അത്‌കൊണ്ട് ഇടിയന്‍ ജോണിക്ക് ആരേയും ഇടിക്കാം …!

”ഒന്ന് വേഗം വാ മെമ്പറെ ..,, ഇല്ലെങ്കി അവറാന്‍ ചേട്ടനെ ചിലപ്പോ അവര് ഉരുട്ടിക്കൊല്ലും ..!

ഞങ്ങള് ചെല്ലുമ്പോ ഇടിയന്‍ ജോണി ഏതോ ആവശ്യത്തിനായി പുറത്ത് പോയിരിക്കുകയാണ് …!

അവറാന്‍ ചേട്ടന്‍ ആണെങ്കി ഒരു മൂലക്ക് ട്രൌസറ് മാത്രം ഇട്ട് ഇരിപ്പുണ്ട് …!
ഞങ്ങള് അവറാന്‍ ചേട്ടനെ സൂക്ഷിച്ച് നോക്കി ….!

ഭാഗ്യം അവറാന്‍ ചേട്ടന്‍ അതേപ്പോലെ തന്നെയുണ്ട് …!, ഇടിയന്‍ ജോണി ഇടി തുടങ്ങിയിട്ടില്ലാന്നാണ് തോന്നണത് …!

ഈ സമയത്ത് തന്നെയാണ് ആരോ പറഞ്ഞറിഞ്ഞ് .., അവറാന്‍ ചേട്ടന്റെ ഭാര്യ കുഞ്ഞന്നാമ നെഞ്ചത്തടിച്ച് അലമുറയിട്ടോണ്ട് അങ്ങോട്ട് ഓടി വരുന്നത് ..!

അയ്യോ …, എന്റെ കെട്ട്യോനെ .., പോലീസ് കൊണ്ട് പോയി കൊന്നേ ..”!

ഏതാണ്ട് ഇതേ സമയം തന്നെയാണ് ഇടിയന്‍ ജോണിന്റെ മടങ്ങി വരവും …!

പോലീസ് സ്റ്റേഷനിലെ ബഹളോം .., കൂട്ടോം കണ്ടൊടനെ ആള്‍ക്ക് കലി കേറി …!

ബൂട്ട് നിലത്ത് ആഞ്ഞ് ചവിട്ടിക്കൊണ്ട് ഒറ്റ അലര്‍ച്ച …!

”ആരെടാ ..,അത് …?”

കുഞ്ഞന്നാമ .., ക്ലിപ്പിട്ടപോലെ കരച്ചില് നിര്‍ത്തി .., ജീവനും കൊണ്ട് പുറത്തേക്കോടി …!, കസേരേലിരുന്ന് ..,ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്ന സുകേശന്‍ .., പെട്ടെന്ന് മേജറെ കണ്ട സാദാ പട്ടാളക്കാരാന്‍ കണക്കെ .., ഒറ്റ ചാട്ടത്തിന് അറ്റെന്‍ഷനായി …!

എന്തിന് .., അതേ വരേ നിലത്ത് കുന്തിച്ചിരിക്കുകയായിരുന്ന അവറാന്‍ ചേട്ടന്‍ ..,എങ്ങിനെ വടി പോലെ രണ്ട് കാലില്‍ നിന്നൂന്ന് മനസ്സിലായില്ല …!

ഞങ്ങള് അകത്തേക്കൊടാണോ .., അതോ പുറത്തേക്കോടണോ എന്നുള്ള ശങ്കേല് .., പേടിച്ച് വിറച്ച് നിന്നു…!

ഞങ്ങടെ ആകെ ധൈര്യം സുകേശനാണ് …!,പക്ഷേ ….സുകെഷന്‍ ഞങ്ങളെക്കാളും പേടിച്ചിട്ടാണ് നിക്കണത് …!, .., ആളത് പുറത്ത് കാണിക്കാതിരിക്കാന്‍ മക്‌സിമം ശ്രമിക്കണിണ്ടെങ്കിലും …!കഴിയണില്ല …!

സുകേശന്റെ ഉള്ളിലെ ഹൃദയം പേടികൊണ്ട് ഭരതനാട്യം കളിക്കാണെന്ന് കാണുന്നവര്‍ക്കൊക്കെ മനസ്സിലാവും …!

”എന്താ പ്രശ്‌നം …’?

ഇടിയന്‍ ജോണി .., ഇടിക്കണ പോലെ സുകേശനോട് ചോദിച്ചു ..!

സുകേശന്‍ വിക്കിക്കൊണ്ടാണ് പറഞ്ഞത് …!

”അവറാന്‍ ചേട്ടനെ ഒന്ന് കാണാന്‍ വന്നതാ …, , ആളൊരു പാവാ ..”.!

സുകേശന്‍ മെമ്പറാന്നൊക്കെ മറന്നു …!.., ഇനി അവറാന്‍ ചേട്ടന്റെ കാര്യം പറഞ്ഞ് .., തനിക്കും ഇടി കിട്ടോ .., എന്ന് സുകേശനും ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു …!

”ഓ .., ഇതാണോ …?, സാരമില്ല ഞാനൊന്ന് വിരട്ടിയതാണ് …, ഇനി മേല്‍ റോഡീക്കൂടെ കുടിച്ച് സൈക്കിള്‍ ഓടിക്കില്ല ..,എന്ന് പറഞ്ഞ് ഒരു നൂറ് എത്തമിട്ട് പോയിക്കോട്ടെ ..”!

ഇത് കേട്ടപ്പോ എല്ലാവര്‍ക്കും ആശ്വാസമായി ..!

ഇടിയന്‍ ജോണിക്ക് ഒരു പുണ്യാളന്റെ രൂപം പോലെ ഞങ്ങള്‍ക്ക് തോന്നി ..!

ഇപ്പൊത്തന്നെ .., തന്നെ തൂക്കിക്കൊല്ലും .., എന്ന് പേടിച്ച് നിന്ന .., അവറാന്‍ ചേട്ടന് ഒരു പുനര്‍ജ്ജന്മം കിട്ടിയ ആശ്വാസം …!

അങ്ങിനെ എത്തമിട്ട് .., അവറാന്‍ ചേട്ടനേം കൊണ്ട് സ്റ്റേഷന്റെ പടിയിറങ്ങുമ്പോ .., അന്നത്തെ ഞായറാഴ്ച്ച ഏതാണ്ട് തീര്‍ന്നു കിട്ടിയിരുന്നു …!