Share The Article

എം.സുബൈര്‍

ജീവിക്കുവാന്‍വേണ്ടി മരിക്കുവാന്‍പോലും തയ്യാറായി ലോഞ്ചിലും കപ്പലിലും ഒക്കെയായി, പച്ച ഇല്ലാത്തടത്ത് പച്ചപിടിക്കുവാനായി എത്തിപ്പെട്ടവര്‍ ഞങ്ങള്‍. ഈ വരണ്ടഭൂമിയിലെ വരണ്ട ജീവിതത്തിലേക്കു ഒരു കുളിര്‍മഴയായി അവള്‍ പെയ്തിറങ്ങി. ഒരു ശലഭത്തെപ്പോലെ അവള്‍ പറന്നു നടന്നു. കുഞ്ഞമ്മ എന്നായിരുന്നു അവളുടെ ചെല്ലപ്പേര്.

കുമ്പനാട് യൂണിവേഴ്‌സിറ്റിയില്‍ നിന്നു. നേഴ്‌സിംഗ് സര്‍ട്ടിഫിക്കേറ്റുമായ് കടല്‍ കടക്കുമ്പോള്‍ അവള്‍ക്കു ഒറ്റസ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. മൂന്ന് അനുജത്തിമാരെയും ഒരു കരപറ്റിക്കണം എങ്ങനെയും ദാരിദ്ര്യ കടല്‍ നീന്തിക്കടക്കണം.

വളരെ പെട്ടെന്ന് തന്നെ കുഞ്ഞമ്മ ഞങ്ങളുടെയൊക്കെ മനസ്സ് കീഴടക്കി സൂക്കില്‍ (ചന്തയില്‍) അവളൊരു സംസാരവിഷയമായിരുന്നു അങ്ങനെയാണ് കുഞ്ഞമ്മ ഫാന്‍സു അസോസിയേഷന്‍ ഉണ്ടായത്. ഓരോ പ്രാവശ്യവും ചന്തക്ക് നിറചാര്‍ത്ത് നല്‍കി, സൗന്ദര്യം പരത്തി അവള്‍ വസന്തമായ് ഒഴുകി കഴിയുമ്പോഴും അസോസിയേഷന്റെ മീറ്റിംഗ് ഉണ്ടാവും അവളെക്കുറിച്ചുള്ള വര്‍ണ്ണനകളും സ്തുതിഗീതങ്ങളും
നീണ്ടു നീണ്ട് രാവേറെ ചെല്ലുമ്പോള്‍ ഞങ്ങള്‍ അറിയാതെ മയങ്ങിപ്പോകും. ആ മയക്കത്തില്‍ അവള്‍ പൂനിലാവ് വന്ന് പൂമ്പൊടി വര്‍ഷിച്ചു ഞങ്ങളേതാരാട്ടുപാടി തഴുകി ഉറക്കി. മത്സ്യം വില്‍ക്കുന്നവന്‍ മുതല്‍ ക്ഷുരകന്‍വരെ അസോസിയേഷനില്‍ മെമ്പറായിരുന്നു.

ഈന്തപ്പനകള്‍ വീണ്ടും വീണ്ടും പൂക്കുകയും കായ്ക്കുകയും പഴുക്കുകയും ചെയ്തു. ഒരിക്കല്‍ ആരാധകരെയൊക്കെ ഞെട്ടിച്ചുകൊണ്ട് ഒരു സുമുഖന്‍ അവളുടെ കൂടെ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെയൊക്കെ മനസ്സില്‍ തീക്കാറ്റ് ചുഴറ്റി അടിച്ചുകൊണ്ട് അവളോടൊപ്പം സഞ്ചിയും തൂക്കി അയാള്‍ എപ്പോഴും കാണപ്പെട്ടു. ചോദിച്ചില്ലെങ്കിലും വെണ്ടക്ക മൂത്തത്താണെന്നു; ഈ മീന്‍ അല്‍പം ചീഞ്ഞതാണെന്നും, ഈ സാരി നിനക്ക് നന്നായി ചേരു, എന്നൊക്കെയുള്ള ഡയലോഗുകള്‍ പറഞ്ഞു. ഒരു ഉപഗ്രഹം പോലെ, അവളെ ചുറ്റിത്തിരിഞ്ഞു അയാള്‍ നടന്നു. ഫാന്‍സ് അസോസിയേഷന്‍ അടിയന്തിര യോഗം ചേര്‍ന്നു ആധികള്‍ പങ്കുവച്ചു. അങ്ങനെ അന്വേഷണക്കമ്മീഷന്‍ രൂപം കൊണ്ടു. ആരാണ് ഈ കശ്മലന്‍?

വളരെ പെട്ടെന്ന് ഉത്തരം കിട്ടി. ആങ്ങളയാണ്. കുഞ്ഞമ്മ വിസ അയച്ചു വരുത്തിയതാണ്. ആശ്വാസം, പ്രതീക്ഷക്കു വകയുണ്ട്. വീണ്ടും ഞങ്ങള്‍
കുഞ്ഞമ്മസ്മരണകള്‍ രമിച്ചു തുടങ്ങി. സൂക്ക് സന്ദര്‍ശനം കൂടി വരുന്നതില്‍ അനുസരിച്ചു കുഞ്ഞമ്മയുടെ വയറും വീര്‍ത്ത് തുടങ്ങി. അന്വേഷണ ക്കമ്മീഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. കുഞ്ഞമ്മ ഗര്‍ഭിണിയാണ്’ അസോസിയേഷന്‍ ഭാരവാഹികളുടെ മനസ്സില്‍ കടല്‍ കലിതുള്ളി. രഹസ്യവിഭാഗ പ്രവര്‍ത്തന നിരതരായി. കുഞ്ഞമ്മ നെഞ്ചത്തു കൈവെച്ച് പറഞ്ഞു’അച്ചായന്‍ എന്റെ ഭര്‍ത്താവാണ്’ അങ്ങനെയാണ് കുഞ്ഞമ്മ ആങ്ങളക്കുഞ്ഞമ്മയായത്. ആങ്ങളകുഞ്ഞമ്മയെ മനസ്സിന്റെയുള്ളില്‍ മൂന്ന് തലാഖും ചൊല്ലി. പുതിയൊരു കുഞ്ഞമ്മയ്ക്കായി ഞങ്ങള്‍ കാത്തിരുന്നു.

ലേബര്‍ര്‍റൂമിന്റെ മുമ്പില്‍ അച്ചായന്‍ ഒരുവെരുകിനെപ്പോലെ കാത്ത് നിന്നു. കര്‍ത്താവേ, കുഞ്ഞമ്മ സുഖമായി പ്രസവിക്കേണമേ. എത്രയും വേഗം രണ്ടും രണ്ട് പാത്രമാക്കേണമേ’ അച്ചായന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. കുഞ്ഞ് ആരേപ്പോലിരിക്കും? ചുട്ടു പഴുത്തു മരുഭൂമിയിലെ ഈന്തപ്പന ഓലകള്‍ക്കിടയിലൂടെ കാണുന്ന സ്വര്‍ണ്ണവര്‍ണ്ണമുള്ള ഈന്തപ്പഴത്തിന്റെ നിറവും പുണ്യഭൂമിയിലെ പരിശുദ്ധ സംസം വെള്ളത്തിന്റെ നൈര്‍മ്മല്യവും അയാള്‍ കനവുകണ്ടു. പ്രാര്‍ത്ഥനദൈവം കൈക്കൊണ്ടു. അകത്തൊരു കുഞ്ഞിന്റെ കരച്ചില്‍ കുഞ്ഞമ്മ പ്രസവിച്ചു.

ആണ്‍കുഞ്ഞ്, അറിയിപ്പു വന്നു. അവനെയൊന്ന് കാണുവാന്‍ തിടുക്കമായി. അക്ഷമനായി, വാതില്‍ തുറക്കുന്നതും കാത്ത് അയാള്‍ നിന്നു. അക്ഷമയുടെ
മൂര്‍ദ്ധന്യത്തില്‍ അതാ,വാതില്‍ തുറക്കപ്പെട്ടു. ഒരുഷ്ണക്കാറ്റ് അയാളെക്കാള്‍ അധികാരത്തോടെ മുറിയിലേക്ക് തള്ളിക്കയറി. നഴ്‌സ് കുഞ്ഞിനെ പൊക്കിക്കാണിച്ചു. അച്ചായനൊന്നു ഞെട്ടി. തലകറങ്ങുന്നു ഞാനിപ്പോള്‍ വീഴുമോ, ഭിത്തിയില്‍ ചാരിനിന്നു അദ്ദേഹം ആ അവിശ്വസനീയമായ കാഴ്ച കണ്ടു. വീണ്ടും വീണ്ടും നോക്കി. വിശ്വസിക്കാനാവാതെ പകച്ചു നിന്നു. ഒരു സോമാലിക്കുട്ടിയെപ്പോലെ കറുത്ത ശരീരവും ചുരുണ്ടമുടിയും അവന്റെ കണ്ണ് അച്ചായന്റെ അറബാബിന്റെ കണ്ണുപോലെയും ചെവി അടുത്ത വീട്ടിലെ പാലസ്തീനിയുടേതുപോലയും കൈകാലുകള്‍ പാകിസ്താനിയുടേതും ഞെട്ടല്‍ തീരുന്നതിനു മുമ്പുതന്നെ കട്ടിലിലേക്കൊന്നു നോക്കി കുഞ്ഞമ്മയെവിടെ? കട്ടിലില്‍ ഒരു വലിയ പാസ്‌പോര്‍ട്ട് തുറന്നു മലര്‍ന്നു കിടക്കുന്നു. ഇരച്ചുകയറിയ കാറ്റില്‍ അതിന്റെ പേജുകള്‍ മറഞ്ഞുകൊണ്ടിരുന്നു, എല്ലാ പേജിലും വിസ അടിച്ചിരിക്കുന്നു. എല്ലാ
രാജ്യത്തെയും ആ പേജുകള്‍ക്ക് മണ്ണിന്റെ നിറവും പുത്തന്‍നോട്ടിന്റെ മണവും ഉണ്ടായിരുന്നു.