ആദ്യം വെറുപ്പിച്ചു, പിന്നെ ചിരിപ്പിച്ചു….

Spread the love

SUNIL SUKHADHA

2011 ജൂലൈ 14.
സിനിമ പരിപൂര്‍ണ്ണമായും ഡിജിറ്റലിലേയ്ക്ക് മാറിത്തുടങ്ങിയ കാലം. വെറുമൊരു സ്റ്റില്‍ ക്യാമറ കൊണ്ടും ഹൈ റെസലൂഷനില്‍ അതിമനോഹരമായ സിനിമയെടുക്കാം എന്ന് മലയാള സിനിമയെ ബോധ്യപ്പെടുത്തിയ ദിവസം. അന്നായിരുന്നു ചാപ്പാ കുരിശ് എന്ന പരീക്ഷണ ചിത്രം വെള്ളിത്തിരയിലെത്തിയത്. സിനിമ കണ്ടിറങ്ങിയ എന്നെ അലോസരപ്പെടുത്തിയ ഒരു ക്യാരക്ടര്‍ ഉണ്ടായിരുന്നു ആ സിനിമയില്‍. കാണികളെ വെറുപ്പിച്ച മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ മാനേജരെ അവതരിപ്പിച്ച നടനെക്കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവന്‍. എത്ര സ്വാഭാവികമായിട്ടാണ്, എത്ര കൃത്യമായിട്ടാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്, ആരാണീ തടിയന്‍…? ഏതാണീ ഘടാഘടിയന്‍..?

ഈ മുഖം മുന്‍പേതോ സിനിമയില്‍ കണ്ടതുപോലെ തോന്നിയതല്ലാതെ ആളെ അന്ന് കൃത്യമായി പിടികിട്ടിയില്ല. വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ വെള്ളം കുടിപ്പിക്കുന്ന ആ തടിയന്‍ ഓരോ മലയാളിയുടേയും മനസ്സില്‍ വളരെക്കുറഞ്ഞ സീനുകളിലൂടെ അന്ന് സൃഷ്ടിച്ച വെറുപ്പ് ചെറുതല്ല. ഓരോ കഥാപാത്രങ്ങളും ഓരോ വ്യക്തികളായി അസാധ്യമായി മാറ്റിയെഴുതിയ സുനില്‍ സുഖദയായിരുന്നു അന്ന് ഞാന്‍ പേര് തിരഞ്ഞുനടന്ന നടന്‍. ആദ്യ സിനിമ 2010ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടര്‍, തുടര്‍ന്ന് ചാപ്പാ കുരിശിന് 6 ദിവസം മുന്‍പിറങ്ങിയ സോള്‍ട്ട് & പെപ്പര്‍. പക്ഷെ സുനില്‍ സുഖദയെ ജനം ശ്രദ്ധിച്ചു തുടങ്ങിയത് ചാപ്പാ കുരിശുമുതലാണെന്ന് നിസ്സംശയം പറയാം.

സൂക്ഷ്മമായ നിരീക്ഷണബോധമുള്ള നടനെ എളുപ്പം തിരിച്ചറിയാനാകുന്നത് കഥാപാത്രമായി മാറുമ്പോഴുള്ള ആ നടനിലെ ശരീരചലനങ്ങളാണ്. ഡയലോഗ് ഇല്ലാത്ത സമയങ്ങളില്‍പ്പോലും വളരെ നാച്വറലായി ആ ആക്ടിവിറ്റീസ് പ്രകടമാകും. ഓരോ കഥാപാത്രമായി മാറുമ്പോഴും ശബ്ദത്തിലും രൂപത്തിലും ബോധപൂര്‍വം വരുത്തുന്ന കൃത്രിമമായ മേക്ക് ഓവര്‍ എന്ന പരകായ പ്രവേശം  ഈ നടന് അധികം വേണ്ടി വരുന്നില്ല. ശരീരം കൊണ്ടും ശാരീരം  കൊണ്ടും നമ്മെ ചിരിപ്പിച്ച മഹാപ്രതിഭകള്‍ അടൂര്‍ഭാസി മുതല്‍ കലിംഗ ശശിവരെ എത്തി നില്‍ക്കുമ്പോള്‍ സ്വന്തമായൊരു ഐഡന്റിറ്റിയിലൂടെ സുനില്‍ സുഖദ നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മറ്റൊരാള്‍ക്ക് പകരം വയ്ക്കാനാവാത്തവിധം…!

Advertisements