Share The Article

 

ആഫ്രിക്കയിലെ കുറെ രാജ്യങ്ങൾ ചേർന്ന് ഒരു വന്മതിൽ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്ക് ഇന്ത്യൻ മഹാസമുദ്രം മുതൽ പടിഞ്ഞാറ് അത്‌ലാന്റിക് മഹാസമുദ്രംവരെ നീണ്ടുകിടക്കുന്ന ഈ മതിൽ സഹാറ മരുഭൂമിയുടെ തെക്കേ അതിരിൽക്കൂടിയാണു കടന്നുപോകുന്നത്. പതിനൊന്നു രാജ്യങ്ങളിൽക്കൂടി 8000 കിലോമീറ്റർ നീളത്തിൽ പതിനഞ്ചുകിലോമീറ്റർ വീതിയിൽ ഉണ്ടാക്കുന്ന ഈ മതിൽ നിർമ്മിക്കുന്നത് സിമിന്റും മണലും കല്ലുകളും ഉപയോഗിച്ചല്ല, പിന്നെയോ ഒരു കോടിയിലേറെ മരത്തൈകൾ ഉപയോഗിച്ചാണ് ഈ മതിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന സഹാറയുടെ വളർച്ചയ്ക്ക് തടയിട്ടില്ലെങ്കിൽ ആഫ്രിക്കയിൽ ജനജീവിതം അസാധ്യമാകുമെന്ന് അവർക്കറിയാം.

ആഫ്രിക്കൻ യൂണിയൻ മുൻകൈ എടുത്തുള്ള ഈ മതിൽ നിർമ്മാണം മരുവൽക്കരണത്തെ ചെറുക്കുക, കാലാവസ്ഥാമറ്റത്തെ പ്രതിരോധിക്കുക എന്നീ പ്രാഥമികലക്ഷ്യങ്ങളോടെയാണ്. ഇതുവഴി ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവിതം തന്നെമാറ്റിമറിക്കത്തക്ക രീതിയിൽ പച്ചയുടെ ഒരു മതിൽ നിർമ്മിച്ച് ആൾക്കാർക്ക് ജീവിക്കാനും കൃഷിചെയ്യാനും ഉതകുന്ന മേഖലകൾ സൃഷ്ടിച്ചെടുക്കുകയെന്നതും പദ്ധതി വിഭാവനം ചെയ്യുന്നു. ആദ്യമാദ്യം ഒരുനിര മരങ്ങൾ കൊണ്ടുള്ള ഒരു മറ എന്നതിൽനിന്നും മാറി ഒരു സമ്പൂർണ്ണപരിസ്ഥിതി മാനേജ്‌മെന്റാണ് ഇന്ന് ഇത് ലക്ഷ്യമിടുന്നത്. ലോകബാങ്ക്, ഐക്യരാഷ്ട്രസഭ, ആഫ്രിക്കൻ യൂണിയൻ, ബ്രിട്ടീഷ് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവരെല്ലാം ഈ പദ്ധതിയിൽ പങ്കാളികളാണ്.

വര്‍ഷങ്ങളായി വളരെക്കുറവ് മഴയും ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള കൃഷിരീതികളും കന്നുകാലിവളര്‍ത്തലിലെ അമിതമായ മേയലും ഒക്കെക്കൂടി ആഫ്രിക്കയിലെ സഹേല്‍ എന്നറിയപ്പെടുന്ന മേഖല ഒരു വരണ്ടമരുപ്രദേശമായി മാറിക്കഴിഞ്ഞിരുന്നു. ആഫ്രിക്കയ്ക്ക് നെടുകെ അങ്ങേയറ്റം ഇങ്ങേയറ്റം മണ്ണിന് ഫലപുഷ്ടി നഷ്ടപ്പെട്ട് കൃഷിയെ ഉപജീവിച്ച് കഴിഞ്ഞിരുന്നവരുടെ ജീവിതം ദുസ്സഹമായി. മരങ്ങൾ ഇല്ലാത്ത പ്രദേശത്ത് വീശുന്ന മണൽക്കാറ്റുകൾ മണ്ണിനെ അടിച്ചുകൂട്ടി പറത്തിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിങ്ങനെ പോയാല്‍ ഭാവി ഇരുണ്ടതാവുമെന്നുബോധ്യമായ ആഫ്രിക്കയിലെ പതിനൊന്നു രാജ്യങ്ങളിലെ നേതാക്കള്‍ കൂടിയിരുന്ന് സഹാറയുടെ വക്കില്‍ ഇനിയത് തെക്കോട്ടുവ്യാപിക്കാതിരിക്കാന്‍ മരംകൊണ്ടൊരുമതില്‍ പണിയണമെന്ന് ധാരണയിലെത്തി. പറയാനെന്തെളുപ്പം, കടലാസില്‍ ഉള്ളത് ഉണങ്ങിവരണ്ട പാറനിറഞ്ഞപ്രദേശത്ത് നടപ്പിലാക്കുക എന്നത് തികച്ചും ഭഗീരഥപ്രയത്നം വേണ്ട സംഗതിയായിരുന്നു. ഈ മരമതില്‍ പോകുന്ന പലയിടത്തും ആള്‍ത്താമസ്സമേ ഇല്ലാതിരുന്നത് നടുന്ന തൈകളെ നോക്കിനടത്താന്‍ ആരുമില്ലെന്ന അവസ്ഥയിലും എത്തിച്ചു.

എന്നാല്‍ കഠിനജീവിതങ്ങള്‍ പുത്തരിയല്ലാത്ത ആഫ്രിക്കക്കാരുണ്ടോ തോല്ക്കുന്നു. അവര്‍ പലതരത്തിലും ജലവിനിയോഗം വളരെക്കുറച്ചുവേണ്ടുന്ന മാതൃകകള്‍ പരീക്ഷിച്ചു, വരള്‍ച്ചയെ അതിജീവിക്കുന്ന അക്വേഷ്യയും മറ്റുനാട്ടുമരങ്ങളും നട്ടുപരിപാലിച്ചു. മരങ്ങള്‍ കാറ്റിനെതടഞ്ഞു, മണ്ണൊലിപ്പും കാറ്റൊലിപ്പും കുറഞ്ഞു, അന്തരീക്ഷത്തിലും മണ്ണിലും ആര്‍ദ്രത കൂടിവന്നു. ഇലച്ചാര്‍ത്തുകള്‍ ഉണ്ടാക്കിയ തണലില്‍ കൃഷികള്‍ക്ക് ജലത്തിന്‍റെ ആവശ്യം കുറവുമതിയായിരുന്നു. മരങ്ങളില്‍നിന്നും പൊഴിഞ്ഞഇലകള്‍ അഴുകിനിറഞ്ഞ് മണ്ണാവട്ടെ ഫലഭൂയിഷ്ടവുമായി. ഇലകൾ കമ്പോസ്റ്റായി ഉപയോഗിക്കാൻ കഴിഞ്ഞു. മരങ്ങളുടെ വേരുപടലങ്ങൾ മണ്ണിലെ ജലത്തിനെ പിടിച്ചുനിർത്തിത്തുടങ്ങിയതോടെ നേരത്തെ വറ്റിവരണ്ട കിണറുകളിൽ വീണ്ടും ജലം നിറഞ്ഞുതുടങ്ങി. മരത്തണലുകളിൽ സ്ത്രീകൾ വീണ്ടും കൃഷി ചെയ്തുതുടങ്ങി. സെനഗലിൽ ആണ് ഏറ്റവും നന്നായി ഈ പദ്ധതി നടപ്പാക്കിവരുന്നത്. അവിടെ മരങ്ങൾ നട്ടുതുടങ്ങിയതോടെ സാമ്പത്തികവ്യവസ്ഥ തന്നെ പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി. മരുവൽക്കരണത്താൽ നാടുവിടേണ്ടിവന്നവർ പതിയെ തിരികെയെത്തിത്തുടങ്ങി. മതിൽനിർമ്മാണത്തിൽ നേരിട്ടുപങ്കെടുക്കുന്നത് അവരുടെ ജീവിതത്തെയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തി. 2007 -ൽ തുടങ്ങിയ ഈ പദ്ധതിക്ക് 8 ബില്ല്യൺ ഡോളർ ചിലവുവരുമെന്നാണ് കരുതുന്നത്.

ഒരു മതില്‍ എന്നൊക്കെ വിളിക്കുന്നെങ്കിലും മതില്‍ ഉണ്ടാക്കുകയൊന്നുമല്ല ഈ പദ്ധതിയുടെ ലക്ഷ്യം. മറിച്ച് ഇതുപോലുള്ള നിരവധിപദ്ധതികളെ സമന്വയിപ്പിച്ച് ഗ്രാമീണവികസനത്തിനും പ്രാദേശികസഹകരണത്തിനും മേഖലയിലെ സമ്പൂർണ്ണപാരിസ്ഥിതിക മാനേജുമെന്റും ആണ് ഇത് വിഭാവനം ചെയ്യുന്നത്. 2007 മുതല്‍ ഇങ്ങോട്ട് എത്യോപിയ മൂന്നരക്കോടി ഏക്കറോളം സ്ഥലമാണ് ഉപയോഗയോഗ്യമാക്കിയത്, ഒരുകോടി ഏക്കര്‍ നൈജീരിയ മെച്ചപ്പെടുത്തിയപ്പോള്‍ സെനഗല്‍ ഒരുകോടിയിലേറെ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും തീ പടരാതെ 1500 ഓളം കിലോമീറ്റര്‍ ഫയര്‍ലൈനുകള്‍ ഉണ്ടാക്കുകയും 61000 ഏക്കര്‍ സ്ഥലം ഉപയോഗയോഗ്യവുമാക്കി. മാനുകളും മുയലുകളും തിരികെയെത്തി, 50 വര്‍ഷങ്ങൾക്കുമുന്‍പ് മറഞ്ഞ പക്ഷികള്‍ വീണ്ടും പ്രത്യക്ഷമാവാന്‍ തുടങ്ങി. പദ്ധതിയുടെ വെറും 15 ശതമാനം മാത്രം പൂർത്തിയായപ്പോഴുള്ള മാറ്റങ്ങളാണ് ഇവ.

ലോകമെങ്ങും നാശോന്മുഖമായ പരിസ്ഥിതിയെ തിരിച്ചുപിടിക്കാനുള്ള പദ്ധതികൾക്ക് ഇത് മാതൃകയാവുന്നുണ്ട്. സഹാറയിൽ ഇത്തരം ഒരു പ്രവൃത്തി സാധ്യമാകുമെങ്കിൽ ഇത് എവിടെയും വിജയിപ്പിക്കാനാവുമെന്ന് ഉറപ്പാണ്. ഇതിനോട് സാമ്യമുള്ള ഒരു പരിപാടി നമ്മുടെ വയനാട്ടിലും നടപ്പിൽ വരികയാണ്. 50- — – 60 വർഷങ്ങൾക്കുമുൻപ് എന്തെറിഞ്ഞാലും വൻവിളവുലഭിക്കുന്ന അവസ്ഥയിൽ നിന്നും മാറി ഇന്നവിടെ എന്തുനട്ടാലും പൊടിഞ്ഞുണങ്ങിയമണ്ണ് ഒന്നിനെയും വളരാൻ അനുവദിക്കുന്നില്ല. പൊടിക്കാറ്റടിച്ച് കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥ വന്നു. കൃഷിക്കായി വലിയതോതിൽ മരംമുറിച്ചുമാറ്റിയതും കർണ്ണാടകയിൽ നിന്നുമുള്ള വരണ്ടകാറ്റിനെ തടഞ്ഞിരുന്ന കബനിനദീതിരത്തുള്ള മുളംകാടുകൾ വെട്ടിമാറ്റിയതുമാണ് ഈ അവസ്ഥകളുടെ പ്രധാനകാരണങ്ങളെന്ന് കണ്ടെത്തുകയുമുണ്ടായി. ഇപ്പോൾ വയനാട്ടിലെ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ 42 വാർഡുകളിലായി 120 കാവുകൾ നിർമ്മിക്കുകയാണ്, പുഴയോരങ്ങളിൽ 100 കിലോമീറ്ററോളം മുളനട്ടുപിടിപ്പിക്കുകയാണ്, വരണ്ടകാറ്റിനെ തടയാൻ ഗ്രീൻ ബെൽറ്റ് ഉണ്ടാക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് ജീവിതം സാധ്യമല്ലെന്നകാര്യം പതിയെപ്പതിയെ തിരിച്ചറിയുകയാണ്.

തയ്യാറാക്കിയത് : Vinaya Raj V R

  • 5
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.