Share The Article

green-snake-animal-wallpaper-1920x1200-3068
മനുഷ്യന്റെ വളര്‍ച്ചയ്ക്ക് ഒരു സമയപരിധി ഉണ്ടെന്നത് എളുപ്പം സമ്മതിക്കാവുന്ന കാര്യമാണ്. കാരണം, നമ്മള്‍ അത് കണ്മുന്നില്‍ കാണുന്നതും അനുഭവിക്കുന്നതും ആണെന്നത് തന്നെ. ഒരു പ്രത്യേക പ്രായം വരെ നമ്മുടെ അസ്ഥികളും ആന്തരാവയവങ്ങളും വളരുകയും അതിനുശേഷം വളര്‍ച്ച നിലയ്ക്കുകയും ചെയ്യും. മിക്ക സസ്തിനികളുടെയും കാര്യം ഇങ്ങനെ തന്നെയാണ്. എന്നാല്‍, എല്ലാ മൃഗങ്ങളും ഇതേപോലെയല്ല.

ചില മൃഗങ്ങള്‍, അവയുടെ ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കും. അസ്ഥികളുടെ വളര്‍ച്ചയാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുക. അതാണല്ലോ നമ്മുടെ വലുപ്പം നിശ്ചയിക്കുന്നത്. അപൂര്‍വ്വം ചില സസ്തിനികളും ഇതേ സവിശേഷത പ്രകടിപ്പിക്കാറുണ്ട്. കങ്കാരു അത്തരത്തില്‍ ഒരു ജീവിയാണ്. മരണം വരെ അവ വളര്‍ന്നുകൊണ്ടിരിക്കും.

മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, പാമ്പുകള്‍ എന്നിവയും ഇത്തരത്തില്‍ ജീവിതാന്ത്യം വരെ വളരുന്നവയാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉണ്ടാകാം. എന്തുകൊണ്ടാണ് ദിനോസറുകളെപ്പോലെ ഭീമന്മാരായ പാമ്പുകളെയും പല്ലികളെയും ഒന്നും നമ്മള്‍ കാണാത്തത് എന്ന്. ഇതിന്റെ ഉത്തരം പ്രകൃതി തന്നെ നമ്മുക്ക് പറഞ്ഞു തരും.

മനുഷ്യരുടെ കാര്യത്തില്‍ നിന്നും വ്യത്യസ്തമാണ് മൃഗങ്ങളുടെ കാര്യം. ഒരുപാട് വലുതാകുന്നതിന് മുന്‍പ് തന്നെ അവ കൊല്ലപ്പെടുകയോ വേറെ ഏതെങ്കിലും ജീവിയുടെ ഭക്ഷനമാവുകയോ ചെയ്യും എന്നതാണ് യാദാര്‍ത്ഥ്യം. ഇത് രണ്ടും സംഭവിക്കാത്ത ഘട്ടങ്ങളിലും പ്രകൃതി ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. ഓരോ ജീവിയ്ക്കും അവയുടെ സാധാരണ വലുപ്പം കടന്നുകഴിയുമ്പോള്‍ രോഗപ്രതിരോധശേഷി പതിയെ കുറയാന്‍ തുടങ്ങും. അതായത്, ഇത്തരം ജീവികള്‍ ഭീമാകാരന്മാരായി വളരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ പ്രകൃതി തന്നെ എടുത്തിട്ടുണ്ട് എന്നര്‍ത്ഥം.

അപ്പോള്‍ പിന്നെ വീട്ടിലെ അക്വേറിയത്തില്‍ വളരുന്ന മീനുകളുടെ കാര്യമോ? അവയ്ക്ക് ശത്രുക്കള്‍ ഇല്ല. ഭക്ഷണം കൃത്യമായി നല്‍കുവാനും അസുഖങ്ങള്‍ വരാതെ നോക്കുവാനും നമ്മുക്ക് കഴിയും. പിന്നെ എന്തുകൊണ്ടാണ് അവ വളര്‍ന്നുവലുതായി ആ ചില്ലുകൂട് തകര്‍ക്കാത്തത്? ഇതിനും കൃത്യമായ ഉത്തരമുണ്ട്. ഇത്തരം ജീവികളുടെ എല്ലുകള്‍ മരണംവരെ വളര്‍ന്നുകൊണ്ടിരിക്കും എങ്കിലും, അവയുടെ ആന്തരാവയവങ്ങള്‍ക്ക് വളരുന്നതിന് ഒരു പരിധിയുണ്ട്. ഈ വസ്തുത അവയുടെ എല്ലുകളുടെ വളര്‍ച്ച ഒരു പരിധിക്കപ്പുറം പോകാതെ നിയന്ത്രിക്കുന്നു. അല്ലെങ്കില്‍, അക്വേറിയം ഇടയ്ക്കിടെ പൊട്ടാനേ നേരം കാണുകയുണ്ടായിരുന്നുള്ളൂ!