Share The Article

കെന്നഡി ഹാള്‍ സമുച്ചയത്തിലെ ക്ളാസ്റൂം പോലെ സജീകരിച്ച മിനി ഓഡിറ്റോറിയത്തില്‍ ഒഴിഞ്ഞ ഒരിരിപ്പിടം കണ്ടെത്തിയപ്പോഴേക്കും അയ്യര്‍ പ്രസംഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഒരു മണിക്കൂര്‍ നേരം വാഗ്പ്രവാഹമായിരുന്നു. സദസ്സിനെ പിടിച്ചു കെട്ടുക എന്നൊക്കെപ്പറയില്ലേ, അതുതന്നെ. ചരിത്രം, നയതന്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതം … എല്ലാം പ്രസംഗത്തിന് കുത്തും കൊമയും തീര്‍ത്തു. സദസ്യരുടെ മുഖപേശീചലനങ്ങള്‍ പൈഡ്പൈപറുടെ പിന്നാലെ മണ്ടുന്ന എലികളെ ഓര്‍മ്മിപ്പിച്ചു.

യൂനിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവി ടീമിലെ ഫോര്‍വേഡുകളും ഡിഫെന്‍ഡര്‍മാരും സദസ്സിലുണ്ടിയിരുന്നു. അയ്യരെ ചോദ്യശരങ്ങള്‍ കൊണ്ട് വശം കെടുത്താന്‍ തീരുമാനിച്ചതു പോലെയായിരുന്നു ആ അപരാഹ്നത്തിലെ അവരുടെ കരണപ്രതികരണങ്ങള്‍, പ്രസംഗത്തിന് മണി വിരാമാമിട്ടതും ചറപറാ ചോദ്യങ്ങള്‍ പാറിവന്നു. കിഴക്കന്‍ യൂറപ്പിലെ കോമിനിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയും വി.പി സിംഗ് മന്ത്രിസഭയുടെ നയങ്ങളും പ്രസംഗത്തില്‍ കടന്നു വന്നതിന്‍റെ ഫലം മുനവെച്ച ചോദ്യങ്ങളായി മണി അനുഭവിച്ചു. അനുഭവിച്ചു എന്നതിനെക്കാളും അതദ്ദേഹം ആസ്വദിച്ചു എന്ന് പറയുന്നതായിരിക്കും ശരിയെന്ന് ചോദ്യങ്ങള്‍ കൈകാര്യം ചെയ്ത രീതി കണ്ടപ്പോള്‍ തോന്നി. ദാക്ഷിണ്യമില്ലാത്ത പെനാല്‍റ്റി കിക്കുകള്‍ക്ക് മുമ്പില്‍ ഏകാകിയായി ഗോള്‍വല കാക്കുന്ന ഗോളിയുടെ അവസ്ഥ. ഒരു വിധപ്പെട്ടവരൊക്കെ ആയുധം വലിച്ചെറിഞ്ഞ് കളം കാലിയാക്കി പുറത്തുപോകും. എന്നാല്‍, ഹിഗ്വിറ്റയെ പോലെ അക്ഷോഭ്യനായി അദ്ദേഹം കിക്കുകള്‍ തടുത്തു. സര്‍വലോകത്തൊഴിലാളികള്‍ സംഘടിച്ച് കൈച്ചങ്ങലകള്‍ നഷ്ടപ്പെട്ടതിനു ശേഷം മതി ചിരി എന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള സൈദ്ധാന്തിക വാശിക്കാരെ അദ്ദേഹം കുലുക്കിച്ചിരിപ്പിച്ചു. ആദ്യാവസാനം അയ്യരുടെ ചുണ്ടിലും കണ്ണിലും കുസൃതിച്ചിരി കളിയാടി.

“ആയിരം അയ്യര്‍മാര്‍ മരിക്കുമ്പോഴാണ് ഒരു അയ്യങ്കാര്‍ ജനിക്കുകയെന്ന്” വി.കെ.എന്‍ എവിടെയോ പറയുന്നുണ്ട്. ഈ ഷോ ആസ്വദിക്കുകയായിരുന്ന എനിക്കപ്പോള്‍ തോന്നി, അയ്യരിതാണെങ്കില്‍ അയ്യങ്കാറെങ്ങനെയിരിക്കും! ജഡ്ജി തന്നെ ഇത്രണ്ടെങ്കില്‍ ജഡ്ജന്‍ എത്രണ്ടാകും!!

For whom Mani tolls (ആര്‍ക്കു വേണ്ടിയാണ് മണി മുഴങ്ങുന്നത്?) എന്ന തലക്കെട്ടില്‍ പേട്രിയറ്റ് പത്രത്തില്‍ ഗ്രൂപ്പിലെ ഒരംഗത്തിന്‍റെ ലേഖനം വരുത്തിയാണ് ഈ പരുക്കിന് ആ ബുദ്ധിജീവികള്‍ മറുമരുന്ന് പുരട്ടിയത്.

സണ്‍ഡെ വാരികയിലെ മണി ടോക്ക് എന്ന പംക്തിയിലൂടെയാണ് മണി ശങ്കര്‍ അയ്യര്‍ എന്ന രാഷ്ട്രീയക്കാരനിലെ എഴുത്തുകാരനെ ആദ്യമറിയുന്നത്. നിലവാരമുള്ള ഭാഷയില്‍ വസ്തുതകള്‍ വിലയിരുത്തി തന്‍റെ പരിചയവും അറിവും ബുദ്ധിയും യുക്തിയും നര്‍മ്മബോധവും സമാസമം ചേര്‍ത്ത് അദ്ദേഹമെഴുതിയിരുന്ന ലേഖനങ്ങള്‍ കുറിക്കുകൊള്ളുന്നവയും ചിന്തോദ്ദീപകവുമായിരുന്നു. എല്ലാ ആഴ്ചകളിലും ടണ്‍ കണക്കിന് കേവ് ഭാരമുള്ള ആക്ഷേപഹാസ്യങ്ങള്‍ക്കുള്ള വക അന്ന് ദേശീയ മുന്നണി മന്ത്രി സഭയിലെ അംഗങ്ങളും മുന്നണിയിലെ കൂട്ടുകക്ഷികളും ചേര്‍ന്ന് ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരുന്നു.

മണിയുടെ തൂലികയുടെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ അറിഞ്ഞത് എല്‍.കെ. അഡ്‌വാണിയും അദ്ദേഹം പ്രതിനിധാനം ചെയ്ത തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയക്കാരുമായിരുന്നു. ഇന്ത്യയിലെ വിദ്വേഷ രീഷ്ട്രീയത്തിന്‍റെ പിതാവ് (Father of hate politics in India) എന്ന് വിളിച്ചു കൊണ്ട് അഡ്‌വാണിയുമായി അദ്ദേഹം നേരിട്ടേറ്റുമുട്ടി. ‘ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും.’(We are the most tolerant people on earth. Accept it! otherwise, we will smash your face) എന്ന് ഹിന്ദുത്വവാദികളുടെ ‘പുകള്‍പ്പെറ്റ’ സഹിഷ്ണുതയെ കളിയാക്കിയ മണിയുടെ ആക്ഷേപഹാസ്യത്തില്‍ നിന്ന് ഇടതുകക്ഷികളും രക്ഷപ്പെട്ടില്ല. ഇടതുപക്ഷത്താണ് തന്‍റെ നില്‍പെന്നും സാമ്പത്തിക പരിഷ്കാരങ്ങള്‍ തന്നെ ഒരു സമ്പുര്‍ണ്ണ മാര്‍ക്സിസ്റാക്കിയെന്നും പറയുന്ന മണി പക്ഷേ ഇന്ത്യയിലെ ഇടതു കക്ഷികളെ കടന്നാക്രമിക്കുന്നതില്‍ പിശുക്കൊന്നും കാണിച്ചിട്ടില്ല. ബംഗാളിലെ ജ്യോതി ബൊഷു ഗവണ്‍മെന്‍റ്ന്‍റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു അദ്ദേഹം. കേരളത്തിലെ മനോരമ പോലെ മാര്‍ക്സിസ്റ്റ് വിരുദ്ധ പശ്ചാത്തലമുള്ള ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്‍റെ ഉടമസ്ഥതായിലായിരുന്നുവല്ലോ സണ്‍ഡെ.

നിലവാരമുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്‍റെ ഉദാഹരണങ്ങളായ ഈ ലേഖനങ്ങള്‍ പിന്നീട് Knicker-wallas, Silly-billies and Other Curious Creatures എന്ന പേരില്‍ പുസ്തകമായി ഇറങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട സണ്‍ഡെ ലേഖനങ്ങളുടെ വായന അങ്ങനെ നിങ്ങള്‍ക്ക് ലഭ്യമാക്കാം.

കേയിംബ്രിജില്‍ വിദ്യാര്‍ഥിയായിരിക്കെ അവിടെ സക്രിയമായിരുന്ന ഒരു മാര്‍ക്സിസ്റ്റ്‌ ഗ്രൂപ്പില്‍ മെമ്പറായിരുന്നു മണി. അതാകട്ടെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ സിവില്‍ സര്‍വീസ്‌ മോഹങ്ങളുടെ മുകുളങ്ങളില്‍ ചുടുവെള്ളമൊഴിച്ചു. പിന്നീട് രാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ നേരിട്ടിടപെട്ടാണദ്ദേഹത്തിന്‍റെ തടഞ്ഞു വെക്കപ്പെട്ട ഐ.എഫ്.എസ്. സെലെക്ഷന്‍ തിരിച്ചു ലഭിച്ചത്.

ലോക മുതലാളിത്തത്തിന്‍റെ ലിബറല്‍ സുനാമിത്തിരകളില്‍ പിടിനില നഷ്ടപ്പെട്ട ദരിദ്രപക്ഷ സോഷ്യലിസ്റ്റ് വീക്ഷണങ്ങളുടെ പ്രചാരകനായ മണിയുടെ എന്നത്തെയും മാതൃക ജവാഹര്‍ലാല്‍ നേഹ്രുവാണ്. നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന ഈ അയ്യര്‍ തന്‍റെ മതമായി മതേതരത്വത്തേയും ജീവിതരീതിയായി ഇന്ത്യന്‍ ബഹുസ്വരതയെയുമാണംഗീകരിക്കുന്നത്.ഒരു മതേതര മൌലികവാദിയുടെ കുറ്റസമ്മതങ്ങള്‍ (Confessions of a Secular Fundamentalist) എന്ന കൃതിയിലൂടെ വായനക്കാരനില്‍ സംശയത്തിനിടം നല്‍കാത്ത വിധം സ്വന്തം വിശ്വാസപ്രമാണങ്ങള്‍ മണി അവതരിപ്പിക്കുന്നു.

കഴിഞ്ഞ ഏഴെട്ടു വര്‍ഷത്തിനിടെ മന്‍മോഹന്‍ സിംഗ് മന്ത്രി സഭയില്‍ നിന്ന് ഒരുപാട് പേര്‍ പുറത്തു പോയിട്ടുണ്ട്. നാണങ്കെട്ട് ഉടുതുണി അഴിഞ്ഞാണ് പലരും പുറത്തു പോയത് (നാണം മറക്കാന്‍ അവരില്‍ പലര്‍ക്കും തുണിമതിയായില്ല, അങ്ങനെയവര്‍ ആ തുണികൊണ്ട് തങ്ങളുടെ കണ്ണുമാത്രം മൂടി. ഒട്ടകപ്പക്ഷിയെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കാന്‍ വരെ ചില ശ്രമങ്ങള്‍ ഉപശാലകളില്‍ നടക്കുന്നതായറിയുന്നു) എന്നാല്‍, വിഷമിപ്പിച്ച രണ്ട് പുറത്തു പോക്കുകളായിരുന്നു കെ.നട്വര്‍ സിംഗിന്‍റെതും മണി ശങ്കര്‍ അയ്യറുടേതും (മണി അന്ന് മന്ത്രാലയം മാറുകയായിരുന്നുവെന്ന് മറക്കുന്നില്ല) ഇരുവര്‍ക്കുമിടയില്‍ കുറേ സാമ്യതകളുണ്ട്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് പശ്ചാത്തലമുള്ളവരാണ് ഇരുവരും. ചേരിചേരാ കാലത്തെ ഇന്ത്യയുടെ നിലപാടുകളെ അന്തര്‍ദേശീയ വേദികളില്‍ വാദിച്ചുറപ്പിച്ച നെഹ്രൂയുഗ സ്മരണകളെ താലോലിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരുമാണ്. ഇന്ത്യന്‍ ബഹുസ്വരതയെ ഒച്ചവെച്ച് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യവാദികള്‍.

ഇരുവര്‍ക്കും താന്താങ്ങളുടെ ഇരിപ്പിടം ഒഴിയേണ്ടി വന്നത് അമേരിക്കയുടെ നയനിലപാടുകളെ പൂര്‍ണമായി പിന്തുണക്കാനാവാത്തതു കൊണ്ടും പലപ്പോഴും ചേരിചേരാ കാലത്തെ സ്മൃതിമാധുരിയില്‍ ആ രാജ്യത്തെ വിമര്‍ശിച്ചതിന്‍റെ പേരിലുമായിരുന്നു. നടപ്പുകാലത്തിന്‍റെ ആക്കത്തൂക്കങ്ങള്‍ നോക്കി തങ്ങളുടെ വിശ്വാസങ്ങളില്‍ രൂപപരിണാമം വരുത്താന്‍ ഇരുവര്‍ക്കുമായില്ലെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ പുറത്തേക്കുള്ള വാതില്‍ മലര്‍ക്കെത്തുറന്നു കിട്ടാന്‍ കാത്തിരിപ്പ് വേണ്ടി വന്നതുമില്ല. ഐക്യരാഷ്ട്ര സഭ ഇറാഖില്‍ നടപ്പാക്കിയ എണ്ണക്കു പകരം ഭക്ഷണം പരിപാടിയുമായി ബന്ധപ്പെട്ട വോള്‍ക്കര്‍ റിപ്പോര്‍ട്ട് എന്ന ലോകത്തൊരിടത്തും ഒരനക്കം പോലും സൃഷ്ട്ടിക്കാന്‍ കഴിയാതെ പോയ ഒരൊറ്റക്കണ്ണന്‍ രേഖ നമ്മുടെ പാര്‍ലമെന്‍റ്ല്‍ ഒച്ചപ്പാടു തന്നെയുണ്ടാക്കി. ഇങ്ങനെ, ഒന്നുമല്ലാത്ത ഒരു പ്രശ്നത്തിലാണ് സാമമ്മാവന്‍റെ താല്‍പര്യപ്രകാരം നട്വര്‍ സിങിന് പുറത്തു പോകേണ്ടി വന്നതെങ്കില്‍, പെട്രോളിയം മന്ത്രിയെന്ന നിലയില്‍, തങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം വിലയുയര്‍ത്താന്‍ അനുമതി നല്‍കുന്നതിനുള്ള തീരുമാനമെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ പ്രധാന തടസ്സമായി നിന്നതാണ് പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് അയ്യരെ കുലുക്കിച്ചാടിച്ചത്.

ഇയ്യിടെയായി അയ്യര്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലും മുഴക്കുന്നത് അപായ മണികളാണ്. പൊലിപ്പിച്ച വളര്‍ച്ചാ നിരക്ക് ആഘോഷിക്കുന്നതിന് പകരം സാധാരണക്കാന് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ നേതാക്കളോടും മന്ത്രിമാരോടും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അയ്യരുമായി വിയോജിക്കുന്നവരുണ്ടാകാം പ്രത്യേകിച്ചും രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തെ അത്ര കാര്യമായി എടുക്കാത്ത അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ പക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകള്‍ നിങ്ങള്‍ക്കവഗണിക്കാനാവില്ല.

സാധാരണക്കാരനു വേണ്ടി സംസാരിക്കുന്ന ജനപക്ഷ രാഷ്ട്രീയക്കാനാണ് അയ്യര്‍. പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് പടിയിറക്കി അദ്ദേഹത്തെ കുടിയിരുത്തിയത് പഞ്ചായത്തീരാജ് വകുപ്പിലായിരുന്നു. അവിടെ സാധാരണക്കാരനിലേക്ക് നേരിട്ടെത്തുന്ന പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യാ ഷൈനിങ് – ഇന്ത്യാ റൈസിങ് മാതിരി പ്രചാരണത്തിന്‍റെ കില്‍ബാണീസഴിച്ച് കയ്യില്‍ കൊടുത്ത മണിയുടെ വികസന സംബന്ധമായ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. പതുക്കെയാണെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതരം വികസനത്തിന് മാത്രമേ ഒരു രാഷ്ട്ര ഗാത്രത്തെ സമാസമം‏-ബലാബലം മുമ്പോട്ടു കൊണ്ടു പോകാന്‍ കഴിയൂ. ശരീരത്തിന്‍റെ ഒരു ഭാഗം മാത്രം വളര്‍ന്നു വന്നാല്‍ അതിനെ വളര്‍ച്ച എന്നല്ല വീക്കം എന്നാണ് വിളിക്കുക. സാധാരണക്കാരനിലായിരിക്കണം ഒരു ഗവണ്‍മെന്‍റ് ശ്രദ്ധയൂന്നേണ്ടത്. എങ്കില്‍ കിനിഞ്ഞിറങ്ങല്‍ പ്രഭാവ (trickle-down effect) ത്തിന്‍റെ കനിവിനായി താഴെത്തട്ടിലുള്ളവര്‍ക്ക്‌ കാത്തിരിക്കേണ്ടി വരില്ല. ഇന്നത്തെ പരിഷ്കാരങ്ങളുടെ ഫലമനുഭവിക്കുന്നത് ധനികരും മധ്യവര്‍ഗവും മാത്രമാണ്. സാമ്പത്തീക പൊതുനയ അജന്‍ഡകള്‍ മധ്യവര്‍ഗം റാഞ്ചിയിരിക്കുകയാണ്. തങ്ങളുടെ അഭിവൃദ്ധി മാത്രമാണ് അവരുടെ ലക്ഷ്യം, താഴെക്കിടയിലുള്ള ഒരു വിഭാഗത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് ബോധ്യമില്ല എന്നു മാത്രമല്ല അവരുടെ സാന്നിദ്ധ്യം പുറം ലോകത്ത് രാജ്യത്തിന്‍റെ മുഖം വികൃതമായി അവതരിപ്പിക്കാനേ ഉപകരിക്കൂ എന്നവര്‍ കരുതുകായും ചെയ്യുന്നു. ദരിദ്രരുടെ സാന്നിദ്ധ്യമാണ് രാജ്യത്തെ പിന്നോട്ട് വലിക്കുന്നതെന്നര്‍ത്ഥം. ഉള്ളി കൂടതലായതു കൊണ്ടാണെന്ന് തോന്നുന്നു, കറിക്ക് എരിവ് കൂടുതലാണെന്ന കുറ്റപ്പെടുത്തല്‍ പോലെ നിരര്‍ത്ഥകമായിരിക്കുമത്. അറേബ്യന്‍ മരുഭൂമിയില്‍ പോയി ഗ്യാലന്‍ കണക്കില്‍ വിയര്‍പ്പൊക്കി പ്രവാസികളായ ഇന്ത്യക്കാര്‍ ഉണ്ടാക്കിയെടുക്കുന്ന വിദേശ വിനമയ ശേഖരം തുച്ചം വരുന്ന ഇന്ത്യന്‍ മുതലാളിമാര്‍ വിദേശ യാത്രകളിലൂടെയും ഷോപ്പിങ്ങിലൂടെയും തുലച്ചു കളയുന്നു. മണി ഇയ്യിടെയായി എഴുതുന്നതു പറയുന്നതും ഇങ്ങനെയൊക്കെയാണ്. ചിലതൊക്കെ മനസ്സിലാകും ചിലതൊക്കെ തലക്കു മകളിലൂടെ പോകും.

പഞ്ചായിത്തീരാജിനെ ഗ്രാമീണ ജനതയെ ഉദ്ധരിക്കാനുള്ള നല്ല ഉപാധിയായാണ് ആ വകുപ്പ് കൈകാര്യം ചെയ്ത ആദ്യത്തെ മന്ത്രി എന്ന നിലയില്‍ മണി കണ്ടത്. തൃണമൂല തലത്തില്‍ പന്ത്രണ്ട് ലക്ഷം തെരഞ്ഞെടുക്കപ്പെട്ട വനിതാ നേതാക്കളുണ്ട് രാജ്യത്ത് മുഴുക്കെ. കോളനി വാഴ്ചക്കാലത്തെ കലക്ടറെക്കാളും, തുടര്‍ന്നു വന്ന ബ്ളോക്ക് ഡിവെലപ്മെന്‍റ് ഓഫീസറെക്കാളും ഫലപ്രദമായി സമഗ്രവികസനം സാധിതമാക്കാന്‍ ഈ നേതാക്കളുള്‍ക്കൊള്ളുന്ന പഞ്ചായത്തീരാജ് സംവിധാനത്തിന് സാധിക്കുമെന്നാണ് മണിയുടെ നിലപാട്.

മണി ഒരു ആശയവാദിയാണല്ലോ എന്നാണു ചോദ്യമെങ്കില്‍ അദ്ദേഹത്തിന്‍റെ ഉത്തരം ഇങ്ങനെയാണ്. “വെറും ഒരു പ്രായോഗിക വാദിയായിക്കൊണ്ട് നിങ്ങള്‍ക്ക്‌ എവിടെയുമെത്താനാകില്ല. വലിയ സങ്കല്‍പങ്ങളുണ്ടെങ്കിലേ എവിടെയെങ്കിലും എത്തിച്ചേരൂ. നക്ഷത്രത്തീലെക്ക് കൈനീട്ടിയാലേ വീടിന്‍റെ ഉത്തരത്തില്‍ തൊടാനാവുകയുള്ളൂ.”

ഞാനെന്താണിപ്പോള്‍ മണി ശങ്കര്‍ അയ്യരെ ഓര്‍ത്തത്?

ഓഹ്.. പറയാതെ വയ്യ എന്ന പരുവത്തിലായത് കൊണ്ടൊന്നുമല്ല. ബ്ളോഗ് പോസ്റ്റുകള്‍ക്ക് വൈവിധ്യം വരുത്താന്‍ ചില നല്ല പ്രൊഫൈലുകള്‍ കൂടി ഉള്‍പ്പെടുത്താം എന്നു വിചാരിച്ചിരിക്കെയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ അറബ് ന്യൂസില്‍ സിറാജ് വഹാജുമായി മണി ശങ്കര്‍ അയ്യര്‍ നടത്തിയ ഇന്‍റര്‍വ്യൂ വായിച്ചത്. ഉയര്‍ന്ന ബൌദ്ധിക നിലവാരത്തിലുള്ള ചോദ്യങ്ങള്‍ക്ക് അതിലേറെ നിലവാരമുള്ള ഉത്തരങ്ങള്‍ നല്‍കി അച്ഛസ്ഫടികസങ്കാശമായ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ടദ്ദേഹം…

മധ്യപൂര്‍വദേശത്തുടലെടുത്ത പുതിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകള്‍, അമേരിക്കയുടെ ഇടപെടലുകള്‍, ഇറാനും അറബ് രാജ്യങ്ങളും തമ്മിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍, ഇറാന്‍റെ ആണവ പ്രഖ്യാപനങ്ങള്‍, അദ്ദേഹത്തിന്‍റെ പെറ്റ് വിഷയങ്ങളിലൊന്നായ ഇന്ത്യാ പാക് ബന്ധങ്ങള്‍…

“ഹിന്ദു മുസ്ലിം സഹജീവനത്തിന്‍റെ 1000 വര്‍ഷങ്ങളാണ് 1947 ഓഗ്സ്ത് മാസം തകര്‍ന്ന് പൂഴിയോട് ചേര്‍ന്നത്. രക്തപ്പുഴകളൊഴുകിയ അഭിശപ്ത കാലം. ഇന്നും നമ്മുടെ കൈകളില്‍ നിന്നാ രക്തക്കറ മാഞ്ഞുപോയിട്ടില്ല. അത് നാം കഴുകിക്കളഞ്ഞില്ലായെങ്കില്‍, ഭൂതമുറങ്ങിക്കിടക്കുന്ന മാറാപ്പു കെട്ട് ആങ്ങിയോങ്ങി വലിച്ചെറിഞ്ഞില്ലായെങ്കില്‍ നാം 1947 ലെ ഓഗസ്ത് മാസത്തില്‍ തന്നെ കുരുങ്ങിക്കിടക്കും. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ അമ്മയും ഞങ്ങള്‍ നാലു മക്കളും ഷിംലയിലായിരുന്നു. അങ്ങനെ 1947 ഓഗസ്ത് 14 ന് ഞങ്ങള്‍ ഇന്ത്യക്കാരും അച്ഛന്‍ പാകിസ്താനിയുമായി. അദ്ദേഹം ലാഹോറില്‍ ചാര്‍ട്ടേഡ് എക്കൌണ്ടന്റായിരുന്നു. എനിക്കന്ന് ആറു വയസ്സാണ് പ്രായം. മൂന്ന് നിലകളുള്ള ഒരു കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ വീട്. ഗ്രൌണ്ട് ഫ്ലോറില്‍ ഒരു മുസ്ലിം കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും സുരക്ഷിതത്വത്തിനായി അവിടെയെത്തിയിരുന്നു. എനിക്കാ സന്ധ്യക്ക് സംഭവിച്ചത് നല്ല ഓര്‍മ്മയുണ്ട്. ഏഴെട്ട് മണിയായിക്കാണും. വാതിലില്‍ ഒരു മുട്ട് കേട്ടു. അമ്മ ചെന്ന് വാതില്‍ തുറന്നപ്പോള്‍ ചോരനിറമുള്ള കണ്ണുകളോടെ ഒരു സംഘം സിഖുകാര്‍. അവര്‍ ചോദിച്ചു, “ആ മുസ്ലിംകളെവിടെ?” അമ്മ പറഞ്ഞു, “അവരെല്ലാം പാകിസ്താനിലേക്ക് പോയല്ലോ” അന്നേരം എനിക്ക് ഇങ്ങനെ പറഞ്ഞാലോ എന്നു തോന്നി, “ഇല്ല, അവര്‍ താഴെ നിലയിലുണ്ട്.” ഞാനത് പറയാന്‍ പോയതുമാണ്. പക്ഷേ അമ്മയുടെ കണ്ണുകള്‍ എന്‍റെ വായടക്കാന്‍ പറയുന്നതായിത്തോന്നി ഞാന്‍ മിണ്ടാതിരുന്നു. സംഘം സ്ഥലം വിടുകയും ചെയ്തു.

ലാഹോറില്‍ ജനിച്ച അയ്യര്‍ കറാച്ചിയിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലാണ്. പാക്കിസ്താന്‍ രേഖകള്‍ (Pakistan Papers) എന്ന അയ്യരുടെ പുസ്തകം ഇന്ത്യാ പാക് ബന്ധങ്ങളെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും നല്ല കൃതികളിലൊന്നാണ്.