Untitled-1

ജനാധിപത്യത്തിന്റ്റെ കാവല്‍ നായ്ക്കള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌കൊണ്ടാവാം, നമ്മുടെ മീഡിയ എന്നും ഇങ്ങിനെ ശബ്ദ കോലാഹലങ്ങള്‍ കൊണ്ട് മുഖരിതമാവുന്നത്. നമ്മുടെ നാട്ടില്‍ പിന്നെ വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ഒന്നുമാറി മറ്റൊന്നായി വിഷയങ്ങളങ്ങിനെ അവതരിച്ചുകൊണ്ടിരിക്കും. അതിഭയങ്കരമായ ശബ്ദ കോലാഹലങ്ങളും ബുദ്ധിവൈഭവപ്രകടനങളുമൊക്കെയായി സംഗതി എപ്പോഴും വളരെ കുശാലായിരിക്കുകയും ചെയ്യും. പക്ഷെ ഒരിക്കലും ഒരു കാര്യത്തിന്റ്റേയും മര്‍മം ഇവര്‍ വെളിവാക്കുകയോ, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുകയില്ല എന്നതാണു ഈ കോലാഹലങ്ങളുടെ സവിശേഷത.

ഉദാഹരണത്തിനു നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ പ്രധാനമായും ഫായിസ് എന്ന കള്ളക്കടത്തുകാരന്‍ വഴി നടത്തിക്കൊണ്ടിരുന്ന സ്വര്‍ണക്കള്ളക്കടത്തിനെ ഒന്നോര്‍ത്തുനോക്കുക. ഒരുപാട് കോലാഹലങ്ങളും തമാശകളും ഇതെച്ചൊല്ലി നമ്മുടെ മീഡിയയില്‍ കത്തിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഫായിസിന്റ്റെ ബന്ധം മുഖ്യനിലേക്ക് നീളുന്നുവെന്നുവന്നപ്പോള്‍ അതാര്‍ക്കും ഒരു വിഷയമായി തോന്നിയതേയില്ല. ഫായിസ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്തിയത് ബാംഗ്ലൂര്‍ വിമാനത്താവളം വഴി അന്നത്തെ ബി ജെ പി ആഭ്യന്തര മന്ത്രിയെ ഉപയോഗിച്ചായിരുന്നുവെന്നും പ്രസ്തുത മന്ത്രിയേയും ഫായിസിനേയും തമ്മില്‍ അടുപ്പിക്കുന്നതിനു ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഇവിടത്തെ ചില ബി ജെ പി നേതാക്കളായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നപ്പോഴും അതിവിടെ തീരെ കത്തുയുണ്ടായില്ല.

ഇനി ഇക്കഴിഞ്ഞ ദിവസം മലയാള (മെട്രോ) മനോരമയില്‍ (9/9/2014) വന്ന ഒരു വാര്‍ത്ത കാണുക. സെസ് വഴി കടത്തിയത് 100 കിലോ സ്വര്‍ണമെന്നാണു വാര്‍ത്ത. വ്യവസായികള്‍ തമ്മില്‍ കിടമല്‍സരങള്‍ മൂക്കുമ്പോള്‍, വിവരം ചോര്‍ന്നു കിട്ടുമ്പോള്‍ മാത്രമാണു ഇത്തരം പിടുത്തങള്‍ നടക്കുന്നതെന്നു വാര്‍ത്ത നമ്മോടു പറയുന്നു. കുറെ കാലങ്ങള്‍ക്ക്മുമ്പ് രണ്ട് വ്യവസായ ഭീമന്‍മാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നു അതിലൊരാള്‍ ഒരു പ്ലാന്റ്റ് ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് ഉപയോഗിച്ച് 3 പ്ലാന്റ്റുകള്‍ ഇറക്കുമതി ചെയ്ത കാര്യം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പുറത്തുവിട്ടത് ഓര്‍ത്തുപോകുന്നു. നമ്മുടെ നാട്ടിലെ ഒരു സെസില്‍ ഉണ്ടായ വഴക്കിനെത്തുടര്‍ന്നു പുറത്തുവന്ന ഒരു കണക്കാണു പത്രം പറയുന്നത്. അപ്പോള്‍ നമ്മുടെ സെസുകളിലൂടെ നടക്കുന്ന കടത്തിന്റ്റെ കണക്ക് അത് നമ്മുടെ എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറമായിരിക്കുമെന്നുറപ്പാണല്ലൊ. കേരളത്തില്‍ പോലും വമ്പനെന്നു കണ്ടാല്‍ ഉടന്‍ പമ്പ കടക്കുക എന്നതാണു നമ്മുടെ ഉദ്യോഗസ്ഥരുടെ നയം. അപ്പോള്‍ ഉത്തരേന്ത്യയുടെയും മറ്റും കാര്യം പറയാതിരിക്കുന്നതല്ലേ നല്ലത്?

കൊച്ചിന്‍ പോര്‍ട്ടില്‍ ഒരു കണ്ടയിനര്‍ നിറയെ കള്ളനോട്ട് വന്ന കഥ ആരും മറന്നുകാണില്ലല്ലൊ. കണ്ടയിനര്‍ വഴി നോട്ടുകള്‍ മാത്രമേ വരികയുള്ളുവെന്നും ഇവിടെ എല്ലാ കണ്ടയിനറുകളും പരിപൂര്‍ണ പരിശോധനക്കു വിധേയമാക്കുന്നുവെന്നും നിങളിലാരെങ്കിലും കരുതുന്നുണ്ടോ? ഇവിടെ എല്ലാറ്റിനും അതിന്റ്റേതായ റേറ്റുകളുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു. അപ്പോള്‍ ഒരു ഫായിസിനെയും മറ്റും മുന്നില്‍ വെച്ച്, എപ്പോഴും ഒരു മുസ്ലിം മുഖം നല്‍കിക്കൊണ്ട് ഇവിടെ നടക്കുന്നത് പകല്‍ തീവെട്ടിക്കൊള്ളയാണ്. ഈ വര്‍ഗീയ കളികളിലൂടെ നമ്മുടെ കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്നു എന്നതാണിവിടെ സംഭവിക്കുന്നത്. അതായത് ഇവിടത്തെ വര്‍ഗീയത തീവെട്ടിക്കൊള്ളകള്‍ക്കുള്ള ഏറ്റവും നല്ല മറയാണു. കൊച്ചു കൊച്ചു പരല്‍മീനുകളെ കൊളുത്തിക്കൊടുക്കുകയും ജന മീഡിയ ശ്രദ്ധ മുഴുവന്‍ അവരിലേക്കു തിരിച്ചുവിടുകയും ചെയ്തുകൊണ്ട് വമ്പന്‍മാര്‍ നടത്തുന്ന തുള്ളാട്ടങ്ങളാണു ഇന്നിവിടെ നടക്കുന്നത്.
ഒരു പഴങ്കഥ കൂടി പറഞ്ഞുകൊണ്ട് ഇതവസാനിപ്പിച്ചുകൊള്ളട്ടെ.

ഒരു പാവം ഫോറസ്റ്റുകാരന്‍ പറഞ്ഞത് ഞങ്ങളുടെ റേഞ്ചര്‍ ഉണ്ടല്ലൊ ഇവിടത്തെ ഡി ജി പി സാറിന്റ്റെ റാങ്കാണു. ഞങളുണ്ടല്ലൊ 5 6 ഏക്കര്‍ കഞ്ചാവ് തോട്ടമൊക്കെക്കണ്ടാല്‍ ഞങ്ങള്‍ അത് വെട്ടിനശിപ്പിച്ചുകളയും. അവന്‍മാരെയും ഞങ്ങള്‍ ശരിപ്പെടുത്തും. പക്ഷെ ഹെക്റ്റര്‍ കണക്കിനു തോട്ടം കണ്ടാല്‍ യാതൊന്നും കണ്ടില്ലേ എന്ന മട്ടില്‍ ഞങ്ങള്‍ എത്രയും പെട്ടെന്നു സ്ഥലം കാലിയാക്കും.

അതെ നമ്മുടെ ഇന്ത്യന്‍ ബ്രാന്റ്റ് ഡെമോക്രസിയില്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണു. മുഖം നോക്കാതെ നീതി നടപ്പാക്കുന്ന ഒരു സമ്പ്രദായം ഇവിടെ എന്നെങ്കിലും നടപ്പാകുമെന്നു നമുക്കു പ്രതീക്ഷിക്കാനാവുമോ?