ആറന്‍മുള വിമാനത്താവളത്തില്‍ സര്‍ക്കാരിനെന്താണിത്ര താത്പര്യം..?

6

AranmulaAirport_zps9c8a0036

 

പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് നെടുമ്പാശ്ശേരി വിമാനത്താവളം രണ്ടു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ് എന്നത്. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളായ രണ്ട് അതിസമ്പന്ന എന്‍.ആര്‍.ഐ വ്യവസായികളാണ് സി.ഐ.എ.എല്‍ എന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമകള്‍. ഇതു വിമാനത്താവള ടെര്‍മിനലിന്റെ മുന്‍വരാന്തയുടെ മധ്യഭാഗത്ത് പ്രധാന വാതിലിനു സമീപത്തായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തില്‍ തന്നെ എഴുതി വച്ചിട്ടുണ്ടെങ്കിലും മിക്കവരും അതു ശ്രദ്ധിക്കാറില്ല. കമ്പനിയിലെ സര്‍ക്കാരിന്റെ ന്യൂനപക്ഷ ഓഹരിപ്പങ്കാളിത്തം നടത്തിപ്പിലെ ചില സൗകര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. ലാന്‍ഡ് അക്വിസിഷന്‍ നിയമം ഉപയോഗിച്ച് സ്ഥലം ബലമായി ഏറ്റെടുക്കാനും, ലൈസന്‍സും മറ്റ് അനുമതികളും കിട്ടാനുള്ള സൗകര്യത്തിനും, സൗജന്യമായി സി.ഐ.എസ്.എഫ്ന്റെ സുരക്ഷയും കസ്റ്റംസിന്റെ സേവനവും കിട്ടാനുള്ള സൗകര്യത്തിനും, അങ്ങനെ പല കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ ന്യൂനപക്ഷ ഓഹരിപ്പങ്കാളിത്തം ഉപകരിക്കും.

സര്‍ക്കാരിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ വിമാനത്താവളം നടത്തുന്ന കേരളത്തിലെ ഈ ബിസിനസ്സ് മോഡലും നെടുമ്പാശ്ശേരിയുടെ വരുമാനവും കണ്ടു അതിമോഹം തോന്നിയിട്ടാണു തമിഴരായ രണ്ടു വ്യവസായികളുടെ ഉടമസ്ഥതയിലുള്ള കെ.ജി.എസ്സ് ഗ്രൂപ്പ് കേരളത്തില്‍ തങ്ങള്‍ക്കും സ്വന്തമായൊരു വാണിജ്യ വിമാനത്താവളം എന്ന ആഗ്രഹവുമായി വന്നത്. അവര്‍ ആദ്യം അതു പൂണ്ണമായും സ്വകാര്യ സംരംഭമായി തുടങ്ങാന്‍ ശ്രമിച്ചു. സര്‍ക്കാരിനേയും പോലിസിനേയും ഉപയോഗിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനു പകരം രഹസ്യമായി തുച്ഛമായ വിലക്കു പാടം വാങ്ങിക്കൂട്ടി. പീന്നീട് എതിര്‍പ്പു വന്നപ്പോഴാണു ബുദ്ധി തെളിഞ്ഞതും പേരിനൊരു സര്‍ക്കാര്‍ പങ്കാളിത്തം ചേര്‍ത്തു കാര്യങ്ങള്‍ വെടിപ്പാക്കാന്‍ തീരുമാനിച്ചതും. അപ്പോഴേക്കും പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോയി.

കേരളത്തില്‍ ഒരേക്കര്‍ നെല്‍പ്പാടം സ്വന്തമായിട്ടുള്ളയൊരാള്‍ക്ക് ഒരത്യാവശ്യ കാര്യത്തിനു അതു വില്‍ക്കാന്‍ ശ്രമിച്ചാല്‍ കിട്ടുക കൂടിവന്നാല്‍ ഒരു ലക്ഷം രൂപയാണ്. വാങ്ങുന്ന റിയല്‍ എസ്‌റ്റേറ്റുകാര്‍ അതു മണ്ണിട്ടു നികത്തി മറിച്ചു വില്‍ക്കുമ്പോള്‍ വില ഒരു കോടിയായി ഉയരും. എന്നാല്‍ സാധാരണക്കാരനു സ്വന്തം നെല്‍പ്പാടം വീടു വെക്കാനായിട്ടു പോലും നികത്താന്‍ ബുദ്ധിമുട്ടാണ്. വീടു വെക്കാനായി അഞ്ചു സെന്റ് നികത്താന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, അതിനു പോലും റവന്യു വകുപ്പിന്റെ മുന്‍ കൂര്‍ അനുമതി വേണം. അതില്ലാതെ നികത്തിയാല്‍ ഉടമ ജയിലില്‍ പോകേണ്ടി വരും.

ഈ സാഹചര്യത്തിലാണു കെ.ജി.എസ്സ് ഗ്രൂപ്പ് ആറന്മുളയില്‍ അഞ്ഞൂറേക്കര്‍ നെല്‍പ്പാടം നികത്തിയത്. അതും യാതൊരു വിധ അനുമതിയും ഇല്ലാതെ. ഇതേകുറിച്ചു സര്‍ക്കാര്‍ പറയുന്നത് നികത്തിപ്പോയില്ലേ ഇനിയെന്തു ചെയ്യാന്‍ പറ്റും എന്നാണ്. അനുമതിയില്ലാതെ പാടം നികത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം എന്ന നിയമം കെ ജി എസ്സിനു മുന്‍പില്‍ വഴിമാറുന്നു. ഇങ്ങനെയൊരു മൃദു സമീപനം ഒന്നോ ഒന്നരയോ ഏക്കര്‍ നെല്‍പ്പാടം മാത്രം സ്വന്തമായുള്ള സാധാരണ കര്‍ഷകനോടു സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ? ഇതിനു പുറമേ ഭൂപരിഷ്‌കരണമിച്ചഭൂമി നിയമങ്ങള്‍ കൂടി പ്രയോഗിച്ചാല്‍ ആറന്മുളയിലെ ഈ അഞ്ഞൂറേക്കറില്‍ പകുതിയും സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടതായി വരും. അതിലും കെ.ജി.എസ്സ് ഗ്രൂപ്പിനു ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.

ഈ നിയമ ലംഘനങ്ങളുടെയെല്ലാം ഉത്തരവാദിത്വം കഴിഞ്ഞ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചിട്ട് ആ നിയമ ലംഘനങ്ങളെല്ലാം തുടര്‍ന്നും ചെയ്യാന്‍ കെ.ജി.എസ്സ് ഗ്രൂപ്പിന് സൗകര്യമൊരുക്കിക്കൊടുക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം. പാടം നികത്തിയതിനു നേരെ കണ്ണടച്ചിട്ടാണെങ്കിലും, ഭൂപരിഷ്‌കരണമിച്ചഭൂമി നിയമങ്ങള്‍ ലംഘിച്ചിട്ടാണെങ്കിലും, പരിസ്ഥിതി നിയമങ്ങള്‍ അവഗണിച്ചിട്ടാണെങ്കിലും, ഇനി വേണമെങ്കില്‍ ‘ഭാരതത്തിന്റെ ഭരണഘടന തന്നെ ഭേദഗതി ചെയ്തിട്ടാണെങ്കിലും’ ശരി, കെ ജി എസ്സ് ഗ്രൂപ്പിന്റെ മോഹങ്ങള്‍ നടത്തിയേ തീരൂ എന്ന രീതിയിലാണ് സര്‍ക്കാരിന്റെ പോക്ക്.

ജനങ്ങളെ ഇട്ടു നെട്ടോട്ടമോടിക്കാന്‍ പാചകവാതക നിയന്ത്രണം, ആധാര്‍ തുടങ്ങി പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പക്ഷേ, കെ.ജി.എസ്സ് ഗ്രൂപ്പ് എന്ന ഒരു സ്വകാര്യ കമ്പനിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതില്‍ ഇത്രയും താത്പര്യം കാണിക്കുന്നതെന്തു കൊണ്ടായിരിക്കും?

Write Your Valuable Comments Below