ഇതാവണം ബ്ലോഗ്‌ !

നിസാര്‍.എന്‍.വീ

സാഹിത്യ വിശാരദന്മാര്‍, ഇന്നേവരെ എഴുതപ്പെട്ടതില്‍ ഏറ്റവും മഹത്തരമായ ഇംഗ്ലീഷ് നോവല്‍ ഏത് എന്ന കാര്യത്തെപ്പറ്റി വാദ-പ്രതിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എപ്പോഴും മുന്‍നിരയിലേക്ക് എത്തുന്ന ഒരു മഹദ് സൃഷ്ടിയാണ് ഹെര്‍മന്‍ മേല്വില്ലിന്റെ ‘മോബി ഡിക്ക് ‘.
അനേകം കപ്പലുകളെ തകര്‍ത്തെറിഞ്ഞ ഭീമാകാരയായ ഒരു വെള്ളത്തിമിംഗലം  . മുന്‍പു നേതൃത്വം കൊടുത്ത  ഒരു തിമിംഗല  വേട്ടയില്‍ തന്നെ വികലാംഗനാക്കിയ ആ ജീവിയോടു ഒടുങ്ങാത്ത പക വച്ചുപുലര്‍ത്തുന്ന അതിസാഹസികനും കഠിനഹൃദയനുമായ ക്യാപ്റ്റന്‍ ആഹാബ് . പുസ്തകത്തിന്റെ ഹൃദയത്തില്‍ കത്തുന്ന കനലുപോലെ ആഹാബിന്റെ പ്രതികാര ദാഹം . ഹെര്‍മന്‍ മെല്വില്‍ നല്‍കിയത് സംഭവങ്ങളുടെ വെറുമൊരുവര്‍ണ്ണന മാത്രമായിരുന്നില്ല .വായനക്കാരനെ മോഹിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന അനേകം വര്‍ണ്ണനകള്‍ , സാഹസിക രംഗങ്ങള്‍ ,കഥാംശങ്ങളുടെ  ചടുലമായ തിരിച്ചിലുകള്‍ ,അതില്‍ ഒളിഞ്ഞിരിക്കുന്ന ജീവിത-തത്വങ്ങളുടെ ചീന്തുകള്‍ ..അതിലൊക്കെ ഉപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള യുദ്ധത്തിന്റെയും പ്രകൃതിയുടെ അന്തിമമായ വിജയത്തിന്റെയും ഒരു നേര്‍ക്കാഴ്ച …അങ്ങനെ അതിന്റെ കേന്ദ്ര സ്ഥാനത്തു വരുന്ന ജീവിയുടെ വലുപ്പത്തോളമുള്ള കലാമൂല്യമാണ് മോബി ഡിക്കിനെ  മഹത്തായ രചനകളുടെ മുന്‍പന്തിയില്‍ എത്തിക്കുന്നത് .
ആക്രമണകാരിയായ ഒരുവെള്ളത്തിമിംഗലം മനുഷ്യരാശിക്ക്നേരെ പ്രകൃതിയുടെ വെല്ലുവിളി എന്നതുപോലെ പ്രത്യക്ഷപ്പെടുമ്പോള്‍ , മനുഷ്യന്റെ ദുരാഗ്രഹത്തിന്റെ പ്രതീകമായി ആ ഭീമാകാര ജീവിയെ വംശഹത്യയുടെ വക്കിലെത്തിച്ച  തിമിംഗല  വേട്ടക്കാര്‍ .വെള്ളക്കാര്‍ വേട്ടയാടിക്കൊന്ന ‘പീക്വോദ് ‘ എന്ന ആദിവാസി സമൂഹത്തിന്റെ പേരുള്ള കപ്പലില്‍ ആഹാബിന്റെ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ തിമിംഗല വേട്ട തുടരുന്നവര്‍ അനിവാര്യമായ നാശത്തിലേക്ക് അറിഞ്ഞുകൊണ്ട് എത്തിച്ചേരുന്നു .
മോബി ഡിക്കിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കാന്‍ കാരണം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപെടലുകളേയും അനിവാര്യമായ നാശത്തിലേക്ക് അറിഞ്ഞുകൊണ്ട് എത്തിച്ചേരാനുള്ള പ്രേരണയാകുന്ന ആത്മ ബന്ധങ്ങളെയും മനോഹരമായി വരഞ്ഞിട്ടതും ,സാധാരണ ബ്ലോഗില്‍ കാണുന്ന കൃതികളെ അപേക്ഷിച്ച് വളരെ ഉന്നതമായ നിലവാരം പുലര്‍ത്തുന്നതുമായ ഒരു രചന ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് .
ശ്രീ നിസ്സാര്‍. എന്‍.വി ,നിസര്‍ഗ്ഗം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയും ,അതിന്റെ സൃഷ്ട്ടിക്കു പ്രചോദനമായ ശാസ്ത്ര സത്യങ്ങളും ഒരു സയന്‍സ് ഫിക്ഷന്‍ എന്നതിലും ഉപരി ശാസ്ത്രത്തിന്റെയും ഭാവനയുടെയും തത്വചിന്തയുടെയും പ്രണയത്തിന്റെയും സമ്മേളനമായ ഒരു രചനാ രീതി മലയാളത്തിലെ ഈ എഴുത്തിനു സംഭാവന ചെയ്യുന്നു .
കുറെ ദിവസങ്ങള്‍ക്കു മുന്‍പ്ഫേസ്ബുക്കിന്‍റെ വളര്‍ച്ചയില്‍ വരളുന്ന ബ്ലോഗുകള്‍ എന്ന ഒരു കുറിപ്പെഴുതിയപ്പോള്‍  ചില പ്രത്യേക മേഖലകളില്‍ വിജ്ഞാനവും വിനോദവും പകര്‍ന്നു കൊടുക്കുവാന്‍ നെറ്റ് ലോകത്ത് ബ്ലോഗുകള്‍ക്ക്‌ മാത്രമേ കഴിയൂ എന്ന് ഞാന്‍ നിരീക്ഷിക്കുകയുണ്ടായി .കലാമൂല്യവും വിജ്ഞാനവും ഒരുപോലെ സമ്മേളിക്കുന്നതും , വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നതുമായ ഇത്തരം രചനകള്‍ മലയാള ഈ എഴുത്തിനു മാറ്റുകൂട്ടുന്നു എന്ന കാര്യത്തില്‍ അഭിമാനം തോന്നുന്നതോടൊപ്പം , പെണ്ണുങ്ങള്‍ പര്‍ദ്ദ ഇടണോ അടിപ്പാവാട മാത്രം ധരിക്കണോ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന മലയാള ബ്ലോഗിലെ കപടബുദ്ധി ജീവികള്‍ക്ക് വിഷയം ഒന്ന് മാറ്റിപ്പിടിച്ചു പത്തുപേരെക്കൊണ്ട്  ഈ-എഴുത്തിനെപ്പറ്റി നല്ലത് പറയിപ്പിക്കാന്‍ ഇത്തരം  രചനകള്‍ പ്രചോദനമാകും എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു .

ആകാശം നഷ്ടപ്പെട്ട പറവകള്‍- നിസാര്‍.എന്‍.വീ

[നിസാറിനെപ്പറ്റി അല്പം-തൃശൂര്‍ – മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ വന്ദേരിയില്‍ ജനനം. വന്ദേരി ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം . പൊന്നാനി എം.ഇ .എസ് കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദം, ട്രിച്ചി ജെ.എം.സി യില്‍ നിന്ന് ഫിസിക്സില്‍ ബിരുദാനന്തര ബിരുദം. ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹ്യുമന്‍ റിസോര്‍സ് മാനജ്മെന്റില്‍ ബിരുദാനന്തര ബിരുദം. കോഴിക്കോട്‌ ഫറൂക്ക് കോളേജില്‍ നിന്ന് ബി.എഡ്. ഇത്രയും വിദ്യാഭ്യാസം.തൃശ്ശൂരിലെ ഒരു സെന്‍ട്രല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രണ്ടു വര്‍ഷം വൈസ്‌ പ്രിന്‍സിപ്പല്‍ . ദുബായില്‍ RAK National Bankല്‍ ഒരു വര്‍ഷം റിലേഷന്‍ഷിപ്‌ ഓഫീസര്‍ . ഇപ്പോള്‍ ഖത്തറില്‍ ബിര്‍ളാ ഇന്‍സ്റിറ്റ്യൂട്ടില്‍ വര്‍ക്ക്‌ ചെയ്യുന്നു. ഒപ്പം ഒരു റിസര്‍ച് പഠനവും യാത്രയും വായനയും ഏറെ ഇഷ്ടപ്പെടുന്നു.. അവിവാഹിതന്‍ . മുതിര്‍ന്ന രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉമ്മയും ഉപ്പയും ഉള്‍പ്പെടുന്ന കുടുംബം.]

വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം. പകുതി ദൂരം ഞങ്ങള്‍ ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍ ചിലപ്പോള്‍ അവളും എന്നില്‍ നിന്ന് അകലാറുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ.

ഇത്തവണ യാത്ര ആരംഭിക്കുമ്പോഴേ ഞാന്‍ തീരുമാനിച്ചിരുന്നു. ഇനിയില്ല ഈ ആവര്‍ത്തനങ്ങള്‍ . വിദൂരക്കാഴ്ചയായി മാറിയ ഏറെയുണ്ട് ഈ ഭൂമിയില്‍ കാണാന്‍ . കാതങ്ങള്‍ പറന്നാലും തളരാത്ത ചിറകുകളുള്ളപ്പോള്‍ എന്ത് കൊണ്ട് ദിശ മാറി പറന്നു കൂടാ? ലോകം വിശാലമാണ്. നമ്മുടെ കാഴ്ചകളും വിശാലമാക്കണ്ടേ?
എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്നത്തേയും പോലെ അവള്‍ മൗനം. എന്റെ കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ ആരാധന നിറഞ്ഞ ആ മിഴികള്‍ വിടരുന്നതായി കണ്ടു ഞാന്‍ അഹങ്കരിച്ചു.

അവളല്ലെങ്കിലും അത്രയെ ഉള്ളൂ.. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ ശ്രമിക്കാത്ത വെറും പെണ്ണ്. മഞ്ഞിനെയും മഴയും നിലാവിനെയും സ്‌നേഹിച്ചു പാട്ട് പാടുന്നവള്‍ . അവളുടെ ഗാനങ്ങള്‍ മധുരതരമാണ്. എങ്കിലും അതിന്റെ ആവര്‍ത്തിക്കുന്ന ഈണങ്ങളെ ഞാന്‍ പരിഹസിക്കാറുണ്ട്. അപ്പോഴും അവളാ പാട്ടുകള്‍ എനിക്കായി പാടിക്കൊണ്ടേയിരിക്കും. ഇടക്കൊക്കെ മിന്നി മറയുന്ന പരിഭവത്തോടെ….

1

ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും വഴി മാറി പറന്ന ആദ്യ സാഹസികനല്ല ഞാന്‍ . എന്റെ മുത്തച്ഛനും ഒരിക്കല്‍ പോയതാണ്. പിന്നെ കൂട്ടത്തില്‍ നിന്നും ആജീവനാന്തം വിലക്കിയെങ്കിലും രഹസ്യമായി എന്നെ കാണാന്‍ വരുമ്പോഴെല്ലാം പറഞ്ഞു തരുന്ന കഥകളില്‍ നിന്നുമാണ് ലോകത്തിന്റെ മറ്റൊരു പകുതിയെ ഞാന്‍ അറിഞ്ഞത്.

വഴി മാറി പറക്കലിലെ അപകടത്തെക്കുറിച്ചും മുത്തച്ഛന്‍ തന്നെയാണ് മുന്നറിയിപ്പ് തന്നിരുന്നത്. മഞ്ഞിനും സമുദ്രത്തിനും മുകളിലൂടെയുള്ള പറക്കലുകളില്‍ വല്ലപ്പോഴും അപൂര്‍വ്വമായി കാണാറുള്ള മനുഷ്യര്‍ പക്ഷെ ഭൂമിയുടെ മറുപാതിയില്‍ ഒരുപാടുണ്ടത്രേ. ഞങ്ങളുടെ തീരങ്ങളില്‍ മഞ്ഞുരുകി തീരുന്നതിനും കാരണം അവരാണത്രേ . മുകളില്‍ നിന്നുള്ള കാഴ്ചയില്‍ വെറുമൊരു കറുത്ത പൊട്ടായി കാണുന്ന ഈ ജീവികള്‍ ഇത്രയും അപകടകാരികളോ? വിശ്വസിക്കാനായില്ല

അത് കൊണ്ട് തന്നെയാണ് ആ മുന്നറിയിപ്പ് അവഗണിച്ചും ഏക്കറുകള്‍ പരന്നു കിടക്കുന്ന മാന്ഗ്രൂ കാടുകളുടെ മുകളിലൂടെ പറന്നത്. എങ്ങും പച്ചപ്പുകള്‍ നഷ്ടമായ ആ കാടിന് മുകളിലൂടെ പറക്കുമ്പോഴാണ് ചിറകുകള്‍ തളരുന്നതായി അവളാദ്യം പരാതിപ്പെട്ടത്. ഒട്ടൊരു അവിശ്വസനീയതയോടെയാണ് ഞാനത് കേട്ടത്. വിശാലമായ സമുദ്രങ്ങള്‍ക്ക് മുകളിലൂടെ ആഴ്ചകള്‍ തുടര്‍ച്ചയായി പറന്നാലും തളരാത്ത ചിറകുകള്‍ .. ഇപ്പോള്‍ തളരുന്നെന്നോ.. തോന്നലാകും. ഞാനവളെ ആശ്വസിപ്പിച്ചു.

പക്ഷെ പിന്നെയും കാതങ്ങള്‍ പറന്നപ്പോള്‍ എനിക്കും ചിറകുകള്‍ തളരുന്നതായി മനസ്സിലായി.. കാണുന്ന കാഴ്ചകളില്‍ , ശ്വസിക്കുന്ന വായുവില്‍ എല്ലാം വിഷം നിറയുന്ന പോലെ.. മുത്തച്ഛന്‍ പറഞ്ഞ കഥകളില്‍ ഇവിടെയെവിടെയോ ഒരു കടലുണ്ട്. ചിറകുകള്‍ കുഴഞ്ഞവള്‍ തളര്‍ന്നപ്പോള്‍ ഞാനാശ്വസിപ്പിച്ചു. കടലിന്റെ അപാരത ഞങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നും പരിചിത സാഹചര്യങ്ങള്‍ ഞങ്ങളുടെ ചിറകുകള്‍ക്ക് കരുത്തേകുമെന്നും ഞാന്‍ പ്രത്യാശിച്ചു. അവള്‍ തീര്‍ത്തും തളര്‍ന്നെന്ന് ബോധ്യമായപ്പോഴാണ് പറന്നിറങ്ങിയത്.

ചുറ്റും മണലാരണ്യം .. എവിടെപ്പോയി കടല്‍ ?

‘ഇത് തന്നെയാണ് കടല്‍ . മാഞ്ഞു പോയൊരു കടല്‍ !! ‘

അവള്‍ പതിയെ മൊഴിഞ്ഞു.
ഞാന്‍ അത്ഭുതത്തില്‍ അവളെ നോക്കി

‘ നിനക്ക് ചുറ്റുമുള്ള ചെറിയ കാഴ്ചകളെ കാണാതെ എങ്ങോട്ടാണ് നിന്റെ ദൃഷ്ടികളെ നീ തിരിച്ചു വെക്കുന്നത്? ‘
പതിവില്ലാത്ത വിധം ഗൌരവത്തിലാണ് അവള്‍ ചോദിച്ചത്.
മണല്‍ തിട്ടകളില്‍ ഉറച്ചു പോയ കപ്പലുകള്‍ .. കാല്‍ക്കീഴില്‍ കടല്‍ജീവികളുടെ പുറംതോട്.. ചിറകടിയില്‍ ഉയര്‍ന്നു വരുന്ന മണലിന്റെ ഉപ്പുരസം. എന്റെ കാഴ്ചകളെ ചുറ്റുവട്ടങ്ങളിലേക്ക് തിരിച്ചപ്പോഴാണ് ഇതെല്ലാം എനിക്ക് ശ്രദ്ധിക്കാനായത്.

‘ കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍ . വറ്റിപ്പോയാല്‍ അതും വെറുമൊരു മരുഭൂമി.’ വിദൂരതയിലേക്ക് ഉറ്റു നോക്കി അവള്‍ പറഞ്ഞു

‘ നീ ചോദിക്കാറില്ലേ .. പരിഹസിക്കാറില്ലേ .. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ കഴിയാത്തവള്‍ എന്ന്. ദീര്‍ഘദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ് ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ത്യാഗം. അത് ഇല്ലാതായാല്‍ ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെ പോലെയാകും നിങ്ങള്‍ ‘

അവളുടെ സ്വരത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നിരിക്കുന്നു.

‘നിന്റെ തളര്‍ച്ച കഴിഞ്ഞെങ്കില്‍ നമുക്ക് പറക്കാം. വഴിയേറെ പിന്നിടാനുണ്ട് ഇനിയും’
ഞാന്‍ അക്ഷമനായി

‘എങ്ങോട്ട്? ഇനി നമുക്ക് പറക്കാന്‍ ആകാശമില്ല . അത് നീ നഷ്ടപ്പെടുത്തിയില്ലേ? ഇവിടെയാണ് നമ്മുടെ ഒടുക്കം എന്ന് പോലും നിനക്കിത് വരെ മനസ്സിലായില്ലേ?’ അവളുടെ കണ്ണുകളില്‍ വാല്‍സല്യം.

ഞാന്‍ ചിറകാഞ്ഞടിച്ചു നോക്കി. കഴിയുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ഒരു ചുടു കാറ്റ് പൊതിയുന്നത് ഞാനറിഞ്ഞു. എരിയുന്ന മിഴികളില്‍ നീര്‍ നിറഞ്ഞു. നിസ്സഹായനാകുന്ന എന്റെ അരികിലെക്കവള്‍ ചേര്‍ന്ന് നിന്നു ചോദിച്ചു .

‘സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?

ആശ്വസിപ്പിക്കുന്ന പോലെ ചിറകിനടിയിലേക്ക് അവളെന്നെ ചേര്‍ത്ത് പിടിച്ചു.

നിരാശയുടെയും ഭയത്തിന്റെയും ചൂടില്‍ എന്റെ മിഴികള്‍ ഉരുകുമ്പോള്‍ നിസ്സംഗതയുടെ ശാന്തതയായിരുന്നു അവളുടെ മിഴികളില്‍

‘എല്ലാമറിഞ്ഞിട്ടും നിന്റെ വഴികളെ പിന്തുടരാതിരിക്കാനെനിക്കാവില്ലായിരുന്നു. നീയെന്ന സാഹസികനാണ് എന്റെ നായകന്‍ . നിനക്കായ് ഞാന്‍ സ്വയം സമര്‍പ്പിച്ചതാണ് . ഒരു പെണ്ണിന് മാത്രം കഴിയുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ അത്? ‘

അവസാന വാചകം കൂടുതല്‍ ഊന്നിയാണ് അവള്‍ പറഞ്ഞത്.

‘സ്‌നേഹം വറ്റിപ്പോയ കാലത്തിന്റെ പ്രതീകം പോലെയുള്ള ഈ ‘കടല്‍ മരുഭൂമി’യിലാണ് നമ്മുടെ ജീവിതത്തിന്റെ സക്ഷാല്‍ക്കാരം’

അവളെ ആദ്യമായി ഏറെ ബഹുമാനത്തോടെ, ആദരവോടെ ഞാന്‍ നോക്കി. പിന്നെ പറഞ്ഞു.

‘നമ്മള്‍ ചോദിച്ചു വാങ്ങിയ അവസാനം നമ്മുടെ കൂട്ടുകാര്‍ക്ക് അവരറിയാതെ തന്നെ വന്നു ചേരും. നമ്മുടെ ലോകം നമുക്ക് നഷ്ടമാകും. നമ്മളെ പോറ്റി വളര്‍ത്തിയ തീരത്ത് തന്നെചിറകുകള്‍ തളര്‍ന്നു അവരും കൊഴിഞ്ഞു വീഴും. വഴി മാറി പറന്നത് നമ്മെ നിലനിര്‍ത്തുന്ന ഒരു വിപ്ലവം പ്രതീക്ഷിച്ചാണ്. തോറ്റു പോയി. എങ്കിലും എല്ലാറ്റിനും കാരണമായ ഈ വിചിത്ര ജീവികളോട് നമുക്ക് വിദ്വേഷമൊന്നുമില്ല അല്ലെ ??’

‘നമുക്ക് എല്ലാവരെയും സ്‌നേഹിക്കാനല്ലേ അറിയൂ.. അവര്‍ക്ക് അവരെപ്പോലും സ്‌നേഹിക്കാതിരിക്കാനും’ അവളുടെ ശബ്ദം നേര്‍ത്ത് തുടങ്ങിയിരുന്നു.അപ്പോഴും അവളുടെ ചിറകിന്റെ സാന്ത്വനത്തില്‍ എന്നെ ചേര്‍ത്ത് പിടിക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്തും ഭൂമിയിലും പിന്നെ ഞങ്ങളുടെ മിഴികളിലും പരക്കുന്നത് തിരിച്ചറിഞ്ഞ് ഇരവിന്റെ ഇരുളിനായ് ഞങ്ങള്‍ കാത്തിരുന്നു……..

തുടര്‍ച്ച

ദേശാടനക്കിളി – ആര്‍ട്ടിക്ക്‌ ടേണ്‍

ലോകത്ത് ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളി. നൂറു ഗ്രാം മാത്രം ഭാരമുള്ള ഈ കൊച്ചു പക്ഷി ഓരോ വര്‍ഷവും പറക്കുന്നത് ഏതാണ്ട് 71,000 കിലോമീറ്ററാണ്!!. ആര്‍ട്ടിക്കിലെ ഗ്രീന്‍ലാന്‍ഡ്‌ മുതല്‍ അന്റാര്‍ട്ടിക്കിലെ വെഡേല്‍ സീ വരെയും തിരിച്ചുമുള്ള ഈ പറക്കലില്‍ ദിവസേന 300-400  കിലോമീറ്റര്‍ ഇവ പിന്നിടും. ഇവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ഏതാണ്ട് ഭൂമധ്യ രേഖ വരെ ഒന്നിച്ചു പറക്കുന്ന ഇവ പിന്നീട് രണ്ടു വഴികളിലേക്ക് പിരിയുകയും അന്റാര്‍ട്ടിക്കില്‍ വച്ച് വീണ്ടും ഒരുമിക്കുകയും ചെയ്യുന്നു എന്നാണ്. ആഗോള താപനം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്ന്.

മാന്ഗ്രൂ കാടുകള്‍ – വിയറ്റ്‌നാമിലെ പ്രശസ്തമായ Mangrove Forest 

അമേരിക്ക – വിയറ്റ്‌നാം യുദ്ധകാലത്ത് എജെന്റ്റ്‌ ഓറഞ്ച് എന്ന മാരകമായ രാസായുധം തളിക്കപ്പെട്ട കാടുകള്‍ . ഗറില്ല യുദ്ധമുറയിലൂടെ അമേരിക്ക വിയറ്റ്നാമിനോട് തോല്‍വി ഏറ്റുവാങ്ങാന്‍ തുടങ്ങിയപ്പോഴാണ്  വിയറ്റ്‌നാം  പോരാളികള്‍ ഒളിച്ചിരുന്ന ഈ കാടുകള്‍ നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. മാരകമായ വിഷമായ  എജെന്റ്റ്‌ ഓറഞ്ച് അടക്കം ഒരുപാട് രാസായുധങ്ങളാണ്  ഏതാണ്ട്‌ മുപ്പതു ലക്ഷം ഹെക്റ്റര്‍ വനഭൂമിയില്‍ തളിച്ചത്. ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ആഘാതങ്ങളില്‍ ഒന്നാണ് ഇത്. ആ വിഷത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ ഇന്നും ആ പ്രദേശത്തെ സസ്യ- ജീവി വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

മാഞ്ഞു പോയ കടല്‍ – ആറല്‍ കടല്‍ (Aral Sea)

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, ഇപ്പോള്‍ ഖസാക്കിസ്ഥാന്റെയും  ഉസ്ബെക്കിസ്ഥാന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടല്‍ . 1960കള്‍ക്ക്  മുന്‍പ്  ഏതാണ്ട് 68,000  സ്ക്വയര്‍ കിലോമീറ്റര്‍ ഏരിയയില്‍ (കേരളത്തിന്റെ മൊത്തം ഏരിയയുടെ ഇരട്ടിയോളം വരുമിത് ) പരന്നു കിടന്നിരുന്ന ഈ ജലാശയത്തില്‍ ഇന്നവശേഷിക്കുന്നത്  3000 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം. ലോകം കണ്ട ഏറ്റവും വലിയ ജലനഷ്ടത്തിന്റെ കഥയാണ് ആറല്‍ കടല്‍ . സോവിയറ്റ് യൂണിയന്‍ ആരംഭിച്ച രണ്ടു അണക്കെട്ടുകളാണ്  ഈ കടലിന്റെ അന്ത്യം കുറിച്ചത്. ഒരു Ecosystem  തന്നെയാണ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്

 

 

 

ഇരിപ്പിടം വാരികയില്‍ ശ്രീ ഉസ്മാന്‍ കിളിയമണ്ണില്‍’ആകാശം നഷ്ടപ്പെട്ട പറവകളെ’പ്പറ്റി  എഴുതിയ നിരൂപണം

സ്നേഹാടനപ്പക്ഷികള്‍

ഉസ്മാന്‍ കിളിയമണ്ണില്‍

നിന്റെ ആണ്‍തിമിരിന് ഒരു രാവുണര്‍ച്ചയുടെയോ മഴയാറലിന്റെയോ വിലയും ആയുസ്സുമേയുള്ളൂ എന്ന് സ്ത്രീജന്യരാഗത്തിലെ ഒരു പഴമ്പാട്ടിലൂടെ ഓരോ പെണ്‍പ്രപഞ്ചവും സ്നേഹപുരസ്സരം ആണ്‍ലോകത്തോട് സമര്‍ത്ഥിക്കുന്നുണ്ട്. പെണ്ണിന് സുകൃതമായി കിട്ടിയ ഒരീണത്തില്‍, മഞ്ഞിനെയും മഴയെയും നിലാവിനെയും സ്നേഹിച്ച്, തായ്മുറകള്‍  കൈമാറിയെത്തിയ ആ പാട്ട് പാടുമ്പോഴൊക്കെയും അവള്‍  ഉള്ളം തുറന്ന് സ്വയം സമര്‍പ്പിക്കുകയാണ്.

ആണ്‍കോയ്മയ്ക്ക് വിധേയമാവുക എന്ന പെണ്‍കുലത്തിന്റെ പ്രാകൃതനിയതിയും, പകല്‍നേരുകളെ നിരാകരിക്കുക എന്ന പ്രണയാന്ധതയുടെ നാട്ടുനടപ്പും കുഴച്ച് പരുവപ്പെടുത്തിയ കുമ്മായക്കൂട്ടിലാണ് നിസര്‍ഗ്ഗം ബ്ലോഗില്‍  നിസാര്‍  എന്‍.വി ‘ആകാശം നഷ്ടപ്പെട്ട പറവകള്‍ ’ എന്ന കഥയുടെ  ചുവടുപാകിയിട്ടുള്ളത്. അനുരാഗചിന്തയുടെ ജനിതകവൈകല്യമായ ചുറ്റുപാടുകളുടെ നിസ്സാരവത്ക്കരണം എന്ന അത്യാചാരത്തില്‍ നിന്നും ഞങ്ങളായിട്ടെന്തിന് മാറിനില്‍ക്കണമെന്ന ചോദ്യമെയ്ത്, കിനാവുകള്‍ ഇന്ധനമാക്കി, കുറ്റകരമായ ഒരു ഗതിമാറ്റത്തിന് വിധേയരാവുന്ന ഇണപ്പക്ഷികളാണ് ഇവിടെ കഥയുടെ മുമ്പേ പറക്കുന്നത്.

കാലവും മനുഷ്യനും ജീവിതവും പരിസ്ഥിതിയുമെല്ലാം പ്രതിപാദ്യവിധേയമാവുമ്പോഴും കഥയിലുടനീളം ഉജ്ജ്വലമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ‘അവള്‍’ എന്ന പ്രതിഭാസമാണ് ഈ രചനയുടെ നക്ഷത്രശോഭ. ആണെന്ന ചുരുക്കെഴുത്തില്‍ സ്വയം തളച്ചിടാനുള്ള അവസരങ്ങള്‍ ഒന്നുപോലും പാഴാക്കാതെ ‘അവന്‍’ കഥയിലുടനീളം പൗരുഷത്തിന്റെ പതിവുനാട്യങ്ങള്‍ ചമയ്ക്കുന്നു.  ആണ്‍പോരിമ ആവര്‍ത്തിച്ചുറപ്പിക്കാനുള്ള വ്യഗ്രതയില്‍ തലതിരിഞ്ഞ വികസനേച്ഛുക്കളുടെ നേര്‍പ്രതീകമായി അവന്‍  അവളുടെ അഭിലാഷങ്ങളെ പരിഗണിക്കുന്നേയില്ല.

അവളുടെ വിവരക്കേടിനെയും സ്നേഹപ്പേച്ചുകളെയും നിര്‍ദ്ദയം കളിയാക്കുമ്പോള്‍  അവന്‍ വെറുമൊരു ആണായി ഒതുങ്ങുന്നു. മറുപുറത്ത് ഇഷ്ടമായ് നിറഞ്ഞുപെയ്ത് അവള്‍ അവനായി മാത്രം ഉരുകുകയും ഉറയുകയും ചെയ്തു. അവന് ആശ്വാസവും അഹങ്കാരവുമായി  അവന്റെ നിലപാടുകളിലേക്കും നിശ്ചയങ്ങളിലേക്കും അവളുടെ ആരാധന നിറഞ്ഞ മിഴികള്‍ പൂത്തുവിടര്‍ന്നു.  ഈ പാരസ്പര്യം തന്നെയായിരിക്കണം അവരുടെ പ്രണയത്തിന് മഴയീണങ്ങള്‍ നല്‍കിപ്പോന്നത്. അല്ലെങ്കിലും അവളുടേതുപോലൊരു സമര്‍പ്പിതമനസ്സിനെ ആര്‍ക്കാണ് പ്രണയിക്കാതിരിക്കാനാവുക! ആണ്‍കുപ്പായത്തിന്റെ മൊഴിവഴക്കത്തില്‍ ‘അവളല്ലെങ്കിലും അത്രയേയുള്ളൂ’ എന്ന സാമാന്യവത്കരണം പോലും അവളുടെ നിഷ്കപടമായ സ്നേഹത്തിന്റെ പ്രകീര്‍ത്തനമായി വായനക്കാരന് അനുഭവേദ്യമാവുന്നതും അതുകൊണ്ടാണ്.  ഒരു കടലോളം സ്നേഹം അവനും അവള്‍ക്കായി കരുതിവച്ചിരുന്നു.

മുന്നറിയിപ്പുകളെ അവഗണിക്കാന്‍  ഇരുപുറങ്ങളിലും മുദ്രാവാക്യസമാനമായ കാരണങ്ങള്‍ എമ്പാടും ലഭ്യമാണെന്നിരിക്കെ ആ ഇണക്കിളികള്‍ പുതുലോകത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചത് എങ്ങനെയാണ് തെറ്റാവുക… വിഷാദവും വൈരസ്യവുമാണ് വര്‍ത്തമാനത്തെ ബാധിച്ച മഹാരോഗങ്ങളെന്നിരിക്കെ ആവര്‍ത്തനപ്പറക്കലില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിച്ച ആ യുവമാനസങ്ങളെ കുറ്റപ്പെടുത്തുന്നതെങ്ങനെ… ആപത്സാധ്യതകളില്‍  മനമിളകാതെ ’ഒന്നിച്ചിത്തിരി ദൂരമെങ്കിലും’ എന്ന ഒരേയിഷ്ടത്തിലേക്ക് ഒരു പുറപ്പാടിനെങ്കിലുമായില്ലെങ്കില്‍ അതെങ്ങനെയാണ് പ്രണയമാവുക…

കഥയില്‍ നിന്ന് കാര്യത്തിലേയ്ക്ക് വായനയുടെ കാലഭേദം സംഭവിക്കുന്നത് മാംഗ്രൂ കാടുകള്‍ക്ക് മുകളിലെ വിഷപ്പാളികളില്‍  വച്ച് പെണ്‍കിളിയുടെ ചിറകുകള്‍ക്ക് ആയം നഷ്ടപ്പെടുമ്പോഴാണ്. മനുഷ്യനെന്ന കറുത്ത പുള്ളി വരുത്തി വെച്ച ഭീകരമായ നഷ്ടങ്ങളിലേക്ക് അവരും നമ്മളും കണ്ണുതുറക്കുന്നതും അപ്പോള്‍ മാത്രമാണ്.

മുത്തച്ഛന്റെ കഥാകാലത്തുണ്ടായിരുന്ന കടല്‍പ്പരപ്പിന്റെ അതാര്യമായ മണലോളങ്ങളില്‍  പുകഞ്ഞുവീഴവെ ‘എവിടെപ്പോയി കടല്‍ .…’ എന്ന അവന്റെ ഭീതിപൂണ്ട ചോദ്യത്തിലേക്ക് പെണ്ണെന്ന ‘സ്റ്റഫി’ന്റെ ശക്തിയാര്‍ന്ന തേജോരൂപം അവള്‍  വെളിപ്പെടുത്തുന്നു.  അവന് അമ്പരപ്പായിരുന്നു.

“കടലിന് പോലും അഹങ്കരിക്കാനാവില്ല ഭൂമിയില്‍, വറ്റിപ്പോയാല്‍  അതും വെറുമൊരു മരുഭൂമി”

അതില്‍  കൂടുതല്‍  എന്തിന് പറയേണ്ടിയിരുന്നു. പക്ഷെ ഉള്ളില്‍  അണകെട്ടിവച്ച ഒരു കോളിനെ തുറന്നുവിടാതിരിക്കാനാവുമായിരുന്നില്ല അവള്‍ക്ക്.

“അത് ലോകത്തിന്റെ നിലനില്‍പ്പിനായി ഞങ്ങള്‍  ചെയ്യുന്ന ത്യാഗം, അതില്ലാതായാല്‍  ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെപ്പോലെയാകും നിങ്ങളും….” ആണ്‍ഭാവത്തിന്റെ കൂമ്പൊടിക്കുന്ന മുന്നറിയിപ്പ്… അവളുടെ കണ്‍തീയില്‍  ജ്വലിച്ച് ഗര്‍വ്വിന്റെ മേലാടകള്‍ ഉരുകിയൊലിച്ച് നഗ്നനാവുമ്പോള്‍ അക്ഷമനായി അവന്‍ വേറൊരു പുറപ്പാടിന്റെ ഒളിമറയില്‍ മുഖം ഒളിപ്പിക്കുന്നുണ്ട്.

“ഇനിയെങ്ങോട്ട്…? നമുക്ക് തുടര്‍ന്ന് പറക്കാനുള്ള ആകാശം കൂടി നീ നഷ്ടപ്പെടുത്തിയിരിക്കുന്നു…”

“ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നഷ്ടത്തിലേക്കാണെന്ന് നീ അറിഞ്ഞില്ലായിരുന്നോ…?” കാര്യം ഒന്നൊന്നായി ഉറച്ച് പറയുമ്പോഴും അവള്‍ക്ക്  പ്രിയം തന്നെ അവനോട്…

പരാജയപ്പെട്ട ഒരു പരീക്ഷണമെങ്കിലും,  ഉത്തരം അടക്കം ചെയ്ത ഒരുപാട് ചോദ്യങ്ങള്‍   മറുപാതിയിലെ മനുഷ്യകുലത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് ‘ആകാശം നഷ്ടപ്പെട്ട പറവകള്‍’ ഇരുളിമയെത്തുന്നതും കാത്ത് കഥാവശേഷരാവുന്നത്. പ്രണയവും യുദ്ധക്കൊതിയും മുതല്‍ കുടുംബബന്ധങ്ങളും വികസനമോഹങ്ങളും വരെ, രാസശാലകള്‍ മുതല്‍ പരിസ്ഥിതി ആഘാതങ്ങള്‍ വരെ…
ചോദ്യങ്ങളുടെ കാരമുള്ളുകള്‍ …!
അവരവരെയെങ്കിലും സ്നേഹിക്കാനാവുന്ന ഒരു കാലത്ത് ഇവയ്ക്കെല്ലാം ഒരു പുനര്‍വ്യാകരണം ആവശ്യമായേക്കും.

കഥയുടെ ഒടുവില്‍ തുടര്‍ച്ച എന്ന പേരില്‍ കൊടുത്ത വസ്തുതാവിശദീകരണം കഥയുടെ തുടര്‍വായനയ്ക്ക് താഴിട്ടു എന്നതാണ് ഈ കഥയുടെ അപാകതയായി ചൂണ്ടിക്കാണിക്കാനുള്ളത്.  ഈയൊരു പശ്ചാത്തലത്തിലാവണം ചിലരെങ്കിലും ലേഖനം എന്ന രീതിയില്‍  കഥയെ  വിലയിരുത്തിയത്. ആശയവിശദീകരണത്തിന് കഥാശരീരത്തിലെ ഓരോ ഇന്ദ്രിയത്തെയും ഇത്രയേറെ ഉപയോഗപ്പെടുത്തിയ ഒരു കഥ ഈയടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. അയത്നലളിതമായ ശൈലിയില്‍  മികച്ച കയ്യൊതുക്കത്തോടെ നിസാര്‍ മനോഹരമായി തന്റെ ദൗത്യം നിര്‍വ്വഹിച്ചിരിക്കുന്നു. കമന്റ് ബോക്സില്‍  റസ് ല സാഹിര്‍  രേഖപ്പെടുത്തിയതുപോലെ പെണ്മനസ്സിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം കഥയെ ജീവസ്സുറ്റതാക്കുന്നു.

കലാസാഹിത്യരൂപകങ്ങള്‍ക്ക് മനസ്സിനെ വിമലീകരിക്കുക എന്ന ‘കഥാര്‍സിസ്’ നിര്‍വ്വഹിക്കാനാവുമെങ്കില്‍  ഒട്ടേറെ മാലിന്യങ്ങളെ പുറന്തള്ളാന്‍  ‘ആകാശം നഷ്ടപ്പെട്ട പറവകള്‍’  ഉപയുക്തമായേക്കും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിരവധി പഠനങ്ങളും വസ്തുതകളും നിറഞ്ഞ ഒരു ലേഖനം സംഭവിപ്പിക്കുന്നതിനേക്കാള്‍ വലിയ ഒരു ഞെട്ടല്‍  ഈ കഥ അനുഭവിപ്പിക്കുന്നു. കഥയിലെ  സ്നേഹപ്പക്ഷികള്‍  തുടങ്ങിവച്ച വിചലിതവിപ്ലവം പരാജയമായിരുന്നില്ല എന്ന് കാലം വിലയിരുത്താതിരിക്കില്ല. ജലവും വായുവും തോറ്റുപോയാല്‍ പിന്നെയെന്തിനാണൊരു ഭൂമി…