0 Shares 313 Views

ഇന്ത്യയുടെ ഏറ്റവും പുരാതനമായ ‘ഹെറിറ്റേജ് റിസോര്‍ട്ട്ട്ടിലേക്കൊരു യാത്ര

Jul 19, 2016
0 314

002

 

 

അങ്ങനെ ഒരു ദിനത്തിലേക്ക് ഞങ്ങള്‍ രാജാവും രാജ്ഞിയും രാജകുമാരന്മാരുമായി.’നീമറാനാ ഫോര്‍ട്ട് പാലസ് (Neemrana fort palace),യില്‍ താമസിക്കുമ്പോള്‍, പാലസില്‍ താമസിക്കുന്നവരെ സാധാരണയായി അങ്ങനെയൊക്കെ അല്ലെ പറയാറുള്ളത്!A.D 1464-യില്‍ പണി തുടങ്ങിയ 16-ആം നൂറ്റാണ്ടിലെ ഹില്‍ ഫോര്‍ട്ട്, ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും പുരാതനമായ ‘ഹെറിറ്റേജ് റിസോര്‍ട്ട്, അവിടെയാണ് ഞങ്ങളുടെ അന്നത്തെ താമസം.122 കി.മീ ഡല്‍ഹി-ജയ് പൂരിലോട്ടുള്ള ഹൈ-വേ യിലാണ് ഈ സ്ഥലം.1986 മുതലാണ് സുഖവാസ കേന്ദ്ര മാക്കിയത്.അവിടെയുള്ള ഓരോ മുറിയേയും ‘മഹല്‍ ‘എന്ന് ചേര്‍ത്താണ് പേര് കൊടുത്തിരിക്കുന്നത്.ഞങ്ങള്‍ താമസിച്ചത് ‘ഹീര മഹല്‍’ആയിരുന്നു.

രാജകീയ പ്രൗഢിയോടെ ഉള്ള കവാടം കടന്ന്, മുകളിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന പാത നടന്ന് കേറി ആതിഥ്യോപകചാര സ്ഥലത്ത് എത്തിയപ്പോഴേക്കും ഞാനും കൂട്ടത്തിലെ പലരും അവശരായിരുന്നു.നമ്മള്‍ മനസ്സില്‍ കാണുന്നത് അവന്‍ മനസ്സില്‍ കാണും എന്ന് പറയുന്ന പോലെ അവിടത്തെ ഒരു ജീവനക്കാരന്‍, നല്ല തണുത്ത സംഭാരവും പലതരം പഴച്ചാറുകളുമായി പുഞ്ചിരിയോടെ നില്‍ക്കുന്നു.സാഹചര്യത്തിന് അനുസരിച്ചുള്ള അവന്റെ സഹായമനസ്‌കതക്ക് അവനോട് ആദരവ് തോന്നിയെങ്കിലും അതിന്റെ ആവശ്യമില്ല ആ ജ്യുസ്സ്, ‘ട്ടൂര്‍ പാക്കേജില്‍ ‘പറഞ്ഞിരിക്കുന്ന ‘വെല്‍ക്കം ഡ്രിങ്ക്’ ആണെന്നാണ് കൂട്ടത്തിലുള്ള കുട്ടികളുടെ അഭിപ്രായം.

അവിടെയാണെങ്കില്‍ രണ്ട് രാജസ്ഥാനികളായ സ്ത്രീകള്‍ അവരുടെ പാരമ്പര്യാനുസൃതവേഷമായ ധാരാളം ഞൊറികളുള്ള പാവാടയും ബ്ലൗസും തലയിലെ തുണി കൊണ്ട് മുഖത്തിന്റെ മുക്കാല്‍ ഭാഗവും മറച്ച് വെച്ച്, ഏതോ കീ കൊടുത്ത പാവയെപോലെ അവിടെയെല്ലാം അടിച്ച് വൃത്തിയാക്കുന്നുണ്ട്.ശുചിത്വഭാരതം എന്നതിന്റെ തയ്യാറെടുപ്പിലായിരിക്കാം. ഇന്ത്യയിലെ അങ്ങോള മിങ്ങോളമുള്ള റിസോര്‍ട്ടുകളിലാണ് പറയും പ്രകാരം ശുചിയായി കണ്ടിട്ടുള്ളത്.

പുരാതന ഫോര്‍ട്ടിന് കോട്ടം വരാതെ എന്നാല്‍ അതിനോട് ചേര്‍ന്ന് പല പുതിയ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്.ആധുനികവും പുരാതനവും കൂടി കലര്‍ത്തിയ സംസ്‌കാരമാണ് കണ്ടത്.നീന്തല്‍ കുളവും തിയേറ്ററും എയര്‍കണ്ടീഷണറും ……അങ്ങനെ ഒരു റിസോര്‍ട്ടിന് വേണ്ട എല്ലാ ഉചിതമായ ചേരുവകളോട് കൂടിയാണിത്. സസ്യശ്യാമളതയുടെ വിശാലമായ കാഴ്ചയാണ് അവിടെ നിന്ന് എങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും അത് തന്നെയാണ് ആ സ്ഥലത്തിന്റെ സൗന്ദര്യം.

വിശ്രമിക്കാനായി സോഫ പോലത്തെ ഊഞ്ഞാലുകളും ദിവാനുകളും കുഷ്യനുകളുമൊക്കെ ബാല്‍ക്കണിയിലും ഹാളിലുമായി സജ്ജീകരിച്ചിട്ടുണ്ട് കൂട്ടത്തില്‍ കാരംബോര്‍ഡ്, പാമ്പു കോണി , ചെസ് ബോര്‍ഡ് ഇല്ലാത്തതിന്റെ കരുക്കളും അടുക്കിവെച്ചിട്ടുണ്ട്.ഗൃഹാതുരത്വമുണര്‍ത്തുന്ന ആ കളികള്‍ എന്നെപ്പോലെ പലരേയും ആ പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. കളിയില്‍ തോല്‍ക്കാന്‍ തുടങ്ങുമ്പോള്‍ അറിയാതെ കൈ തട്ടി ബോര്‍ഡ് താഴെ വീഴുന്നതും അതിനെ തുടര്‍ന്നുള്ള അടിപിടിയും വഴക്ക് കൂടലും പറയാനേറെയുണ്ട് എല്ലാവര്‍ക്കും. ആ സംഘത്തില്‍ മലയാളിയായിട്ട് ഞാനും കുടുംബവും മാത്രമേയുള്ളൂ എന്നിട്ടും എല്ലാവരുടേയും ബാലകാല്യ സ്മരണകള്‍ സാമ്യമുള്ളവ തന്നെ. ആ സമയങ്ങളില്‍ എല്ലാം കുട്ടികളും അവരുടെ ഫോണിലും അതുപോലത്തെ മറ്റു സാമഗ്രികളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ അവരുടെ കളികളെയും അവര്‍ ഞങ്ങളുടെ കളികളേയും പ്രത്യേകിച്ച് പാബ്- കോണി എന്ന കളിയിലെ, ആകാംക്ഷയോടെ ഡൈസില്‍ നോക്കുന്ന ഞങ്ങളെ ക്കുറിച്ചും കളിയാക്കി കൊണ്ടിരുന്നു.ഒരു പക്ഷെ ഇതിനായിരിക്കാം ‘ജനറേഷന്‍ ഗ്യാംപ് എന്ന് പറയുന്നത് !

ഉച്ചഭക്ഷണം ‘ബുഫേ ‘ ആയതിനാല്‍ പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന മട്ടിലായിരുന്നു ഞങ്ങളില്‍ ഓരോത്തരും.പലതരം രാജസ്ഥാനി വിഭവങ്ങളായ, ‘ചുര്‍മ്മ -ദാല്‍ ബാട്ടി ( ചുര്‍മ്മ , ഒരു ഉണ്ട ആട്ട-എണ്ണയില്‍ വറുത്തോ അല്ലെങ്കില്‍ ബേക്ക് ചെയ്‌തോ എടുക്കണതാണ് ) മിസ്സി റോട്ടി ( ആട്ട യും കടലമാവും ചേര്‍ത്ത് ഉണ്ടാക്കിയ റോട്ടി ) ഗാട്ടി കി സബ്സി ( കടലമാവ് കൊണ്ട് ചെറിയ ഉരുളകള്‍ ഉണ്ടാക്കി തൈര് എല്ലാം ചേര്‍ത്ത ഒരു കറി).നമ്മള്‍ പൊതുവെ നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം എന്ന് പറഞ്ഞ് ചപ്പാത്തി,പൂരി, നാന്‍, റോട്ടി…… സാമാന്യവല്‍ക്കരിക്കുമ്പോഴും അതിലെ ചില വിശിഷ്ടമായ ഭക്ഷണങ്ങളായിട്ടാണ് മേല്‍പറഞ്ഞ വിഭവങ്ങളെ പ്പറ്റി കൂടെ യുള്ളവര്‍ വിവരിച്ചു തന്നത്.എല്ലാത്തിലും നെയ്യ്-ന്റെ ഉപയോഗം ഒരു പടി മുന്നിലാണ്.

ഒട്ടകത്തിന്റെ പുറത്ത് ഇരുന്നോ അല്ലെങ്കില്‍ ഒട്ടകം വലിക്കുന്ന വണ്ടി അതുമല്ലെങ്കില്‍ ‘വിന്റ്റേജ് കാര്‍’ഇരുന്ന് അടുത്ത നഗരപ്രാന്ത പ്രദേശങ്ങളിലേക്കുള്ള യാത്ര, അതിലും കൂടുതല്‍ സാഹസികത വേണമെന്നുണ്ടെങ്കില്‍ ‘Zipping-വായുവില്‍ കൂടിയുള്ള സഞ്ചാരം, നമ്മളെ കേബിളുമായി ഘടിപ്പിച്ചിട്ടുള്ള യാത്രയാണിത്. കിണറ്റില്‍ നിന്നും വെള്ളം കോരി എടുക്കുന്ന ‘കപ്പി – ആ സയന്‍സ്സാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത് . 5 കേബിള്‍ ആണുള്ളത് 330മീ,400മീ,90മീ 250 മീ & 175 മീ. ഏറ്റവും മുകളിലുള്ള കേബിള്‍ -ന്റെ അടുത്തേക്ക് മല കയറണം. ശരിയായ പാതകള്‍ ഇല്ലാത്തതും കരിങ്കല്ല് വെട്ടി ഉണ്ടാക്കിയ വഴികള്‍ ആയകാരണം ആ യാത്ര തന്നെ സാഹസികത നിറഞ്ഞതായിരുന്നു.ആവശ്യത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി ‘zipping’ എന്ന അടുത്ത കടമ്പ കാല്‍ എടുത്ത് വെച്ചു.5 കേബിള്‍ കൂടിയുള്ള എന്റെ യാത്ര, ഓരോ അനുഭവം തന്നെയായിരുന്നു.യാത്രകളില്‍ ഞാന്‍ ഇരുന്ന രീതി ശരിയാവാത്ത കാരണം കാറ്റിന്റെ ഗതി കൊണ്ട് മുന്‍പോട്ട് നോക്കിയിരുന്ന ഞാന്‍ പുറകിലോട്ട് നോക്കിയായി യാത്ര.മറ്റൊരു പ്രാവശ്യം പകുതിക്ക് വെച്ച് നിന്നു പോയി. പിന്നീട് നിര്‍ദ്ദേശകന്‍ വലിച്ചു കൊണ്ട് മറ്റേ തലയ്ക്കല്‍ എത്തിച്ചു. വേറെയൊരു പ്രാവശ്യം ബ്രേക്ക് ചെയ്യാന്‍ മറന്നു പോയി അങ്ങനെ എന്റെ വകയായും സാഹസികതക്കുള്ള ചേരുവകള്‍ കൂട്ടി എന്ന് തന്നെ പറയാം.

വൈകുന്നേരം 7 മണിയോടെ റിസോര്‍ട്ട് കാര്‍ തന്നെ ഏര്‍പ്പാട് ചെയ്ത, രാജസ്ഥാനിന്റെ മറ്റൊരു പ്രത്യേകതയായ ‘കഥക് ഡാന്‍സ് ‘ ഉണ്ടായിരുന്നു.മഹാഭാരതത്തിലെ കഥയെ ആസ്പദമാക്കിയുള്ള കഥയായിരുന്നു.കാല്‍പാദങ്ങള്‍ കൊണ്ടുള്ള ദ്രുത ചലനം വെച്ച്, ചിലങ്ക യും മൃദംഗവും തമ്മില്‍ സമയക്രമീകരണത്തിലൂടെയുള്ള ഘോഷം ആണ്, അതിന് ഏറ്റവും മനോഹാരിത ആയി തോന്നിയത്.

പുലര്‍കാലെ അടുത്ത ഗ്രാമപ്രദേശങ്ങളിലൂടെ ഉള്ള സൈക്കിള്‍ സവാരിയും ആസ്വദിക്കപ്പെട്ട നിമിഷങ്ങളായിരുന്നു.പല വീടുകളുടെ മുന്‍പിലും, നഗരത്തില്‍ കാണുന്നത് പോലെ കാറുകളോ വാഹനകളോ ആയിരുന്നില്ല പകരം എരുമ, ആടുകള്‍, പട്ടി …….അതൊക്കെ ആയിരിക്കാം ചിലപ്പോള്‍ അവരുടെ അന്തസ്സിന്റെ അടയാളങ്ങള്‍ ! ഉഷ്ണകാലം ആയതുകൊണ്ടായിരിക്കാം പലരും മുറ്റത്തെ കട്ടിലിലാണ് ഉറക്കം.ഞങ്ങളുടെ ബഹളം കേട്ടിട്ടായിരിക്കും ആളുകളും മൃഗങ്ങളും ഉറക്കച്ചടവോടെ ഞങ്ങളെ നോക്കി.അവരുടെയെല്ലാം മുഖത്ത് അപരിചിതഭാവം ഉണ്ടായിരുന്നു.പാടങ്ങളില്‍ ചിലതില്‍ ഉള്ളി കൃഷിയായിരുന്നു. മറ്റേ ചിലയിടത്ത് ‘കോട്ടണ്‍ -ന്റെ വിത്ത് പാകിയിരിക്കുന്നു എന്നാണ് പറഞ്ഞത്.ചില സ്ഥലങ്ങളില്‍ ഇന്ത്യയില്‍ എല്ലായിടത്തും ‘ശോചനാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. കൂട്ടത്തിലെ പലരും ഞങ്ങളുടെ കൂടെ വരാത്തതിന്റെ കാരണം പിന്നീട് ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ പറഞ്ഞു.ഗ്രാമീണരേ ഫോട്ടോ എടുക്കാന്‍ ക്ഷണിച്ചപ്പോള്‍, വയസ്സായവര്‍ പലരും അതിന് പൈസ തരുമോ എന്നാണ് ചോദിച്ചത്.ദേശി/വിദേശി ആണോ എന്നാണ് പുതിയ തലമുറക്ക് അറിയേണ്ടത്. ഹിന്ദി യില്‍ സംസാരിക്കുന്നത് കേട്ടിട്ടാവും, അവര്‍ പൈസ ചോദിച്ചവരെ വഴക്ക് പറയുന്നുണ്ടായിരുന്നു. ഇന്ത്യ യുടെ ട്ടൂറിസ്സത്തില്‍, സ്മാരകക്കെട്ടിടങ്ങള്‍ക്കും ദരിദ്രരര്‍ക്കും ഒരു പോലെ പ്രാധാന്യമുണ്ട് എന്ന് പറയുന്നത് എത്ര സത്യമാണ് അല്ലെ !

പ്രഭാത ഭക്ഷണം കഴിച്ച്,പാലസ്സിനെ ഒന്നും കൂടെ വിസ്മയത്തോടെ ചുറ്റികണ്ട്, തിരിച്ചുള്ള യാത്രക്കുള്ള തയ്യാറെടുപ്പിലായി ഞങ്ങള്‍.അവിടെ തന്നെയുള്ള കടയില്‍ നിന്നും എന്തെങ്കിലും സ്മാരകസമ്മാനം മേടിക്കാമെന്ന് വിചാരിച്ചെങ്കിലും സാധനവും വിലയും തമ്മില്‍ യോജിപ്പ് തോന്നാത്തതു കൊണ്ട്. ഇത്തിരി കാഴ്ചകളും ഒത്തിരി ഓര്‍മ്മകളുമായി തിരിച്ചു വീടുകളിലേക്ക് ……….

.

Write Your Valuable Comments Below

Related News Or Articles