01തുറന്നു വെച്ച ഓഫീസിന്റെ ചില്ല് വാതില്‍ ചാരിനിന്ന് അവന്‍ തിമിര്‍ത്തു പെയ്യുന്ന മഴ നോക്കി നിന്നു. മഴയെ കീറി മുറിച്ചു പായുന്ന തീവണ്ടി ഇന്ന് തന്റെ ചിന്തകളെ പോലെ നിശ്ശബ്ദമായതായി അവനു തോന്നി. പിന്നില്‍ അശ്വതിയുടെ കാല്‍പെരുമാറ്റം കേട്ടപ്പോഴാണ് എവിടെയൊക്കെയോ മേഞ്ഞു നടന്നിരുന്ന സ്വബോധത്തെ പെറുക്കി കൂട്ടി എടുത്തു തിരിഞ്ഞു നിന്നു അവളോട് ചിരിച്ചെന്നു വരുത്തി.
ഹായ് ഉണ്ണി,
എന്തെ അശ്വതി..?
നല്ല മഴ..
ഉം..
ഒട്ടും മുഖവുര ഇല്ലാതെ അവള്‍ തുടര്‍ന്നു, എന്റെ വിവാഹമാണ്..
ആ..ഞാന്‍ അറിഞ്ഞു. ഏപ്രില്‍ 28 നു അല്ലേ..
അതെ, ഉണ്ണി വരണം..
ഇല്ല..ഞാന്‍ ഉണ്ടാവില്ല..എനിക്ക്… അവന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി,
അത് പറ്റില്ല, ഗിഫ്റ്റ് തരേണ്ടി വരും എന്ന് കരുതീട്ടല്ലേ..?
വീണ്ടും മഴയിലേക്ക് നോക്കി അവന്‍ അതിനു മറുപടി നല്കി. അല്ല, അത് വേണേല്‍ ഞാന്‍ ഇപ്പൊ തരാം.
എന്നാ താ.. ഇപ്പൊ തന്നേക്ക്.
അവന്‍ തിരിഞ്ഞു അല്‍പ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
എന്താ തരണില്ലേ…?
ഉം..
അവന്‍ അവളുടെ നെറ്റിയില്‍ ഒന്നമര്‍ത്തി ചുംബിച്ചു.. പറയാതെ വെച്ച ഒരു വര്‍ഷത്തെ പ്രണയം വലതു കൈ കൊണ്ട് അവളുടെ നിറുകയില്‍ തുടച്ചു കളഞ്ഞു അവന്‍ ആര്‍ത്തുപെയുന്ന മഴയിലേക്കിറങ്ങി നടന്നു. മഴയുടെ പുകമറയില്‍ അവന്‍ അലിഞ്ഞില്ലാതാവുന്നത് വരെ അശ്വതി അവനെ കണ്ടു. ഇടക്കെപ്പോഴോ വഴി തെറ്റി വന്നൊരു മഴതുള്ളി അവളുടെ കണ്ണുകളില്‍ വീണു കവിളിലൂടെ ഒലിച്ചിറങ്ങി.