ഈ ഉള്ളിയുടെ ഒരു കാര്യമേ!

9

onion
 
‘പാപി ചെല്ലുന്നിടം പാതാളം’എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കില്‍ മുന്‍പില്‍ മണ്ണ് കൊണ്ടുപോകുന്ന ലോറിയില്‍ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന ഭര്‍ത്താവില്‍ കൊള്ളാതെ, പുറകിലിരിക്കുന്ന എന്റെ കഴുത്തില്‍ കൊള്ളേണ്ട വല്ല കാര്യവുമുണ്ടോ? ഞാനാണെങ്കില്‍ ഹെല്‍മെറ്റ് ഇട്ടിട്ടുണ്ട്. ഒരു പക്ഷെ ഉന്നം വെച്ച് ചെയ്താല്‍ പോലും പിഴയ്ക്കും. പക്ഷെ കല്ലിന് എല്ലാം കിറുകൃത്യം. ആ കല്ലിനെ ഞാന്‍ കണ്ടെങ്കിലും വണ്ടിയുടെ വേഗതയില്‍ ഏതോ ചെറിയ പ്രാണിയായിട്ടാണ് എനിക്ക് തോന്നിയത്.എന്തായാലും കല്ല് കൊണ്ട് ചെറിയ മുറിവുണ്ടായി. അതോടെ നല്ല വേദനയായി. ഏകദേശം വീടിനടുത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത് അതുകൊണ്ട് തന്നെ പ്രാണിയോ കല്ലോ എന്നറിയാതെ വേദന സഹിച്ച് വീട്ടിലെത്തി.

ഞാന്‍ കാണിച്ച ത്യാഗത്തിനുള്ള പരിഗണനയൊന്നും വീട്ടില്‍ ചെന്നപ്പോള്‍ ആരില്‍ നിന്നും കണ്ടില്ല. കുട്ടികളൊക്കെ വലുതായതു കൊണ്ടും, പഴയതു പോലെ സൈക്കിള്‍ നിന്നുള്ള വീഴ്ച, ഉന്തിയിടല്‍… അങ്ങനത്തെ അവരുടെ കലാപരിപാടികള്‍ അവസാനിച്ചിരിക്കുന്നതു കൊണ്ടും മുറിവില്‍ പുരട്ടാനുള്ള മരുന്നുകള്‍ പലതും കാലാവധി കഴിഞ്ഞതായിരുന്നു. ഡെറ്റോള്‍ കുപ്പി കണ്ടാല്‍ ലോകത്തുള്ള എല്ലാ രോഗാണുക്കളും ആ കുപ്പിയുടെ പുറത്താണ് വസിക്കുന്നതെന്ന് തോന്നും! ചിലപ്പോള്‍ അതിനകത്തെ ദ്രാവകം നല്ലതായിരിക്കും. എന്റെ മുറിവിനേക്കാളും വീട്ടിലുള്ളവരെല്ലാം പ്രാധാന്യം കൊടുത്തത് ആ ഡെറ്റോള്‍ കുപ്പിക്കാണ്. ഇനി പുറത്ത് പോകുമ്പോള്‍ ‘മരുന്ന് മേടിക്കാം’ എന്ന് പറഞ്ഞ്,എല്ലാവരും അവരവരുടെ പണിക്ക് പോയി. ഒരു പക്ഷെ മുറിവിനേക്കാളും വേദന തോന്നിയതു ഇവരുടെയൊക്കെ പെരുമാറ്റരീതിയിലായിരുന്നു എന്നും പറയാം.

tumblr_nqpmce5UGa1s0jq75o1_1280
 
മുറിവ് കണ്ടപ്പോള്‍ ‘അയ്യോ വീണോ….. ചോര വന്നോ…. കുറച്ച് ഉള്ളി തേച്ചാല്‍ മതിട്ടോ …..’, എന്റെ അമ്മയുടെ ശൈലിയില്‍ കുട്ടികള്‍ എന്നോട് അനുകരിച്ചു പറഞ്ഞു. മുറിവ് ഉണ്ടാകുമ്പോള്‍, അമ്മ ഒറ്റമൂലി മരുന്നായി പറഞ്ഞിരുന്നത്, ‘ചെറിയ ഉള്ളി ചതച്ച് തേക്കുക’ എന്നതായിരുന്നു. വളരെ കുഞ്ഞായിരുന്നപ്പോള്‍ കരച്ചിലിനും കുതറി മാറി പോകുന്നതിനുമിടയില്‍ അമ്മ ഉള്ളിയുടെ നീര് തേച്ചിട്ടുണ്ടാവും. അതൊക്കെ പിന്നീട് വലിയ പരിചരണം ഇല്ലാതെ തന്നെ ഉണങ്ങി പോകാറുണ്ട്. അന്നൊക്കെ കൂട്ടുകാരികളില്‍ പലരും നല്ല നിറമുള്ള സിറപ്പ് മരുന്നുകളും ഭംഗിയുള്ള ബാന്‍ഡ് ഏഡും ഒട്ടിക്കുമ്പോള്‍, എനിക്ക് ഇങ്ങനെ നീറുന്നതും കയ്പുള്ളതുമായ മരുന്നുകള്‍ ആയിരിക്കും.പിന്നീട് അവധിക്കാലത്ത് വരുന്ന എന്റെ കുട്ടികളിലുണ്ടാകുന്ന മുറിവുകളിലും അമ്മ ചിലപ്പോള്‍ ഉള്ളി പ്രയോഗം നടത്താറുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അതിന് കളിയാക്കുമായിരുന്നെങ്കിലും അമ്മക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. മുറിവുകളും ചെറിയ ഉള്ളിയും അമ്മയും ഒരു ടീം ആയി മുന്നോട്ട് തന്നെ!

വീട്ടുകാര്‍ മരുന്നൊക്കെ മേടിച്ചു വന്നപ്പോഴേക്കും ഒരു പ്രഥമശുശ്രൂഷയില്‍ എന്ന നിലയില്‍ ഞാന്‍ ഉള്ളി തേച്ചിരുന്നു. ഇതൊരു പുതിയ അറിവായിരുന്ന വീട്ടുകാരന്‍, അതിന്റെ ഔഷധീയം അറിയാനായി ഗൂഗിളിന്റെ പുറകേയായി. മുറിവില്‍ തേക്കുന്നത് മാത്രമല്ല അതിനെ കൊണ്ടുള്ള ഗുണങ്ങള്‍ വിവരിച്ച് കിടക്കുകയാണ്. ഗൂഗിള്‍ ഇല്ലാതെ തന്നെ അമ്മക്കുള്ള അറിവുകള്‍ മോശമല്ല എന്ന് പറയാന്‍ വേണ്ടി ഫോണ്‍ വിളിച്ചപ്പോള്‍, ആ അടുത്ത കാലത്തുണ്ടായ മുറിവിനെപ്പോലും ഡയബറ്റിക് രോഗിയായ അമ്മ ഉള്ളി കൊണ്ട് ഉണക്കിയെടുത്ത വീരകഥയാണ് അമ്മക്ക് തിരിച്ചു പറയാനുണ്ടായിരുന്നത്. അങ്ങനെ ഒരിക്കല്‍ കൂടി ഉള്ളിക്കുള്ള പിന്തുണ അമ്മ പ്രഖ്യാപിച്ചു. ഉള്ളിയും ഡെറ്റോളും ബാന്‍ഡ് ഏഡും ആയി എന്റെ മുറിവ് ഉണങ്ങി. ഇപ്രാവശ്യം മരുന്നുകളേക്കാള്‍ ഞാന്‍ ഇഷ്ടപ്പെട്ടത് ഉള്ളിയുടെ നീരായിരുന്നു. എന്തോ, അത് തേക്കുമ്പോഴുള്ള നീറ്റലിനേക്കാളും ഞാന്‍ ആസ്വദിച്ചിരുന്നത് ആ പഴയ ഓര്‍മ്മകളെ ആയിരുന്നു.

അമ്മമാരുടെ ഗുണങ്ങളെ പറ്റി പറയുമ്പോള്‍ നമ്മുക്കെല്ലാവര്‍ക്കും നൂറുനാവുകളാണ്. എനിക്ക് വയസ്സ് ആവുന്നതോടെ, ഞാനും അമ്മയെ പോലെ ഉള്ളിയെ സ്‌നേഹിക്കാന്‍ തുടങ്ങുന്നു, ഒട്ടും ഇഷ്ടമല്ലാത്തതും പണ്ട് വഴക്ക് കൂടിയതുമായതുമായ കാര്യങ്ങളാണ് അതൊക്കെ. ഇനിയും അമ്മയിലെ ഏതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരിക്കും എന്നില്‍ നിന്നും തല പൊക്കുക എന്ന ആശങ്കയിലാണ്, ഞാന്‍! ഒരു പക്ഷെ ജീനുകളുടെ മറിമായമോ അല്ലെങ്കില്‍ നമ്മള്‍ പോലും അറിയാതെ രക്തത്തില്‍ അലിഞ്ഞുപോയ നമ്മുടെ ചില വിശിഷ്ടതകളോ? അങ്ങനെ ഉള്ളിയും അമ്മയേപോലെ എനിക്ക് ഹൃദ്യം!
http://www.throughmymind.in/

Write Your Valuable Comments Below