ഉറക്കം മുടക്കികള്‍…(അനുഭവം)

12

കോഴിക്കോട് ഹോസ്പിറ്റലില്‍ നിന്നും മടങ്ങി വരവേ വഴിയോരക്കാഴ്ചകള്‍ കണ്ടു കണ്ടങ്ങിനെ ബസിലിരുന്ന് ചെറുതായൊന്ന് മയങ്ങി. കോഴിക്കോട് ജില്ല കഴിഞ്ഞാണ് ഉറക്കം തുടങ്ങിയത്.ആളുകള്‍ കയറിയിറങ്ങുന്നതും കണ്ടക്ടര്‍ കമ്പിയില്‍ തൂങ്ങി നടക്കുന്നതും ഞാന്‍ അറിയുന്നേയില്ല.ഇങ്ങനെ സുഖകരമായി ഉറങ്ങുമ്പോഴായിരുന്നു ഒരു കിളവന്‍ വന്ന് അടുത്തിരുന്നത്. ഈ മഹാന്‍ എന്‍റടുത്ത് വന്നിരുന്നതൊന്നും ഞാന്‍ അറിഞ്ഞില്ല. അദ്ദേഹത്തെ ഗൌനിക്കാതെ ഉറങ്ങുന്നത് കണ്ടിട്ടാണോ എന്തോ അദ്ദേഹം എന്നെ ഒന്ന് തോണ്ടി. ഞാന്‍ ഞെട്ടിയുണര്‍ന്നു.’എന്തെ’ എന്ന എന്‍റെ കടുത്ത ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു.

അല്ല, നിങ്ങള്‍ എവിടെയാണ് ഇറങ്ങേണ്ടത് എന്ന്‍ കണ്ടക്ടര്‍ക്ക് അറിയില്ലേ? ഇനിയിപ്പോ ഉറങ്ങിപ്പോയാ കുടുങ്ങില്ലേ…?

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിട്ടാണ് ഈ മഹാന്‍ ഈ ചോദ്യം ചോദിക്കുന്നത്. ഈ ചോദ്യം കേട്ടാല്‍ തോന്നും ഞാനെങ്ങാനും വഴി തെറ്റി തൃശൂര്‍ പോയി ഇറങ്ങിയാല്‍ പിന്നെ ഈ ജന്മത്തില്‍ പട്ടാമ്പിയില്‍ തിരിച്ചെത്തില്ല എന്ന്‍.

ഞാന്‍ കോഴിക്കോട് നിന്നും കയറിയതാണ്. കോഴിക്കോട് നിന്നും പതിനഞ്ച് കിലോമീറ്റര്‍ കഴിഞ്ഞു. കണ്ടക്ടര്‍ അറിയാതെ ഞാന്‍ ഇങ്ങനെ മലര്‍ന്നു കിടന്നുറങ്ങുമോ?

എന്‍റെ മറുചോദ്യം അയാളുടെ വായടപ്പിച്ചു. പിന്നെ ഭ ഭ ഭ പറഞ്ഞു കൊണ്ട് അയാള്‍ മറ്റൊരു മുടന്തന്‍ ന്യായമിട്ടു.

അല്ല, ഞാന്‍ പറഞ്ഞെന്നേയുള്ളൂ…ഇനി സ്റ്റോപ്പ്‌ കഴിഞ്ഞു പോയി എന്ന് പറഞ്ഞ് പ്രശ്നം വേണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ..

ഹും എന്ന് മൂളി ഞാന്‍ വീണ്ടും ശരീരം ഒന്നിളക്കി അയാളെ ഒന്ന് തിരക്കി വീണ്ടും സീറ്റില്‍ ചാരിക്കിടന്ന് ഉറക്കം പിടിച്ചു.

ഉറക്കം വീണ്ടും മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോള്‍ അയാളതാ വീണ്ടും തട്ടി വിളിക്കുന്നു.

ഞാന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ അയാള്‍ :

അല്ല നിങ്ങള്‍ ഈ കീശയിലെ ലിസ്റ്റും പൈസയും ഒക്കെ ഒന്ന് ഉള്ളിലാക്കി വെച്ചേ…അതെങ്ങാനും വീണു പോയാല്‍ പിന്നെ കുടുങ്ങിപ്പോവില്ലേ?

എന്‍റമ്മച്ചിയെ..എനിക്ക് ദേഷ്യം ഇരച്ചു കയറി. ഞാന്‍ പോക്കെറ്റില്‍ കിടന്ന മരുന്ന് ലിസ്റ്റ് ഉള്ളിലേക്ക് തിരുകി വച്ചു. ഇനി അയാള്‍ക്ക് അത് കാരണം ഒരു വിഷമം വേണ്ട…എന്നിട്ട് താക്കീതെന്നോണം പറഞ്ഞു.

ഇനിയെന്നെ വിളിക്കരുത്‌, വിളിച്ചാല്‍ എന്‍റെ സ്വഭാവം മാറും. മനസ്സിലായോ മിസ്റ്റര്‍…

എന്‍റെ ശബ്ദം പരുക്കനായിരുന്നു.

അയാള്‍:

ഹേ ഞാന്‍ എന്തിനാ വിളിക്കുന്നത്? എനിക്കിപ്പോ എന്താ നിങ്ങടെ മരുന്ന് ലിസ്റ്റ് പോയാല്‍..

ഓക്കേ നിങ്ങള്‍ക്ക്‌ പ്രശനമൊന്നുമില്ലെങ്കില്‍ മിണ്ടാതെ അവിടെ ഇരുന്നാല്‍ മതി. എന്നെ ശല്യം ചെയ്യരുത്‌.മനസ്സിലായല്ലോ.

അത് കുറിക്ക് കൊണ്ടു.അയാള്‍ പിന്നെ ഇറങ്ങിപ്പോയത് പോലും ഞാനറിഞ്ഞില്ല. സുഖമായി എടപ്പാള്‍ ഇറങ്ങി വീട്ടില്‍ എത്തിച്ചേര്‍ന്നു..

പിന്നീടൊരിക്കല്‍,ട്രെയിന്‍ വഴിയാണ് കാലിക്കറ്റ്‌ പോയത്‌. ട്രെയിനില്‍ ഒരുത്തന്‍ മുന്നിലിരിക്കുന്നുണ്ട്. ഒരു മീശ കിളിര്‍ക്കാത്ത പയ്യന്‍. ആ മഹല്‍വ്യക്തി എന്നെ ഒന്ന് തോണ്ടി. ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. പക്ഷെ, നേരെ മുന്നിലിരുന്നതിനാല്‍ അബദ്ധവശാല്‍ കൈ തട്ടിയതാവും എന്ന് കരുതി തെല്ലൊരമര്‍ഷത്തോടെ ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വണ്ടി തിരിച്ചു വിട്ടു.

അങ്ങനെ ഉറക്കം പിടിച്ചു വരുമ്പോള്‍ ആ മഹാന്‍ അതാ വീണ്ടും തോണ്ടുന്നു. അതും അറിയാത്ത ഭാവത്തില്‍ മുന്നോട്ട് കുനിഞ്ഞിരുന്ന് അവന്‍റെ തുടയില്‍ കൈ അമര്‍ത്തി വെച്ച് ചൂണ്ടു വിരല്‍ നഖം കൊണ്ട് എന്‍റെ മുട്ടുകാലില്‍ അമര്‍ത്തിയൊരു തോണ്ടല്‍. അവന്‍ കാരണം ആദ്യം നഷ്ടപ്പെട്ട ഉറക്കം തിരിച്ചു പിടിക്കാന്‍ പാട് പെടുമ്പോഴാണ് വീണ്ടും അവന്‍റെ ആക്രമണം.ഞാന്‍ ഉറക്കത്തിന്‍റെ ഇറക്കം ഇറങ്ങിത്തുടങ്ങിയിരുന്നില്ലായിരുന്നതിനാല്‍ പെട്ടെന്ന്‍ കണ്ണ്‍ തുറന്ന് അവനെ തുറിച്ചു നോക്കി.

എന്തിനാ തോണ്ടുന്നത്?

അബദ്ധവശാല്‍ കൈ തട്ടിയതാ..

(അയ്യോ പാവം – അവന്‍ ഭൂമിയില്‍ ജനിച്ചു വീണതും അബദ്ധത്തില്‍ ആണെന്ന് തോന്നുന്നു)

എന്‍റെ ശബ്ദം ഉച്ചത്തിലായി:

എത്ര പ്രാവശ്യമാ കൈ തട്ടുന്നത്? ആദ്യം കൈ തട്ടിയപ്പോ എന്‍റെ ഉറക്കം പോയി. അറിയാതെ തട്ടിയതാണെന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. അതിനു ശേഷം ഞാന്‍ നിന്നെ വാച്ച് ചെയ്യുകയായിരുന്നു. നീ മനപ്പൂര്‍വം തോണ്ടിയതാ.. ചവിട്ടിക്കൂട്ടും ഞാന്‍ നായിന്‍റെ മോനെ…മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നോ.മനസ്സിലായോഡാ?……@@$$**##………………………………………………

വിട്ടഭാഗത്ത് എന്താണ് പൂരിപ്പിച്ചതെന്ന്‍ എനിക്ക് ഓര്‍മ്മയില്ല.

സംഗതിക്ലീന്‍…പയ്യന്‍ പിന്നെ മിണ്ടിയില്ല..ഞാന്‍ കോഴിക്കോട് സ്റ്റേഷന്‍ വരെ സുഖമായി ഉറങ്ങി…

ഇവര്‍ക്കെന്താണ് വേണ്ടത്‌? എനിക്ക് മനസ്സിലാവുന്നില്ല. ഇവര്ക്ക് സ്ത്രീധനം കിട്ടിയ ബസിലോ ട്രെയിനിലോ അല്ല ഞാന്‍ യാത്ര ചെയ്യുന്നത്. പിന്നെന്തിനാണ് ഇങ്ങനെ എന്നെക്കൊണ്ട് പറയിപ്പിക്കുന്നത്? നിങ്ങള്‍ പറയൂ…ഇതിലും മാന്യമായി പ്രതികരിക്കുന്ന വേറെ ആരെങ്കിലും ലോകത്ത്‌ ഉണ്ടാവുമോ?

Write Your Valuable Comments Below
SHARE
Previous articleകഴിവ്
Next articleപഴയപുസ്തകത്തിന്റെ നീലമുഖം – കൃഷ്ണ പ്രിയ

പാലക്കാട്‌ ജില്ലയിലെ കക്കാട്ടിരിയില്‍ തെക്കത്ത് വളപ്പില്‍ 1983 ല്‍ ജനനം. 2005 ജൂണില്‍ ANNA UNIVERSITY, CHENNAI യുടെ കീഴില്‍ ADHIYAMAAN ENGINEERING COLLEGE,HOSUR,TAMILNADU ല്‍ നിന്നും രണ്ടു വര്ഷം നീണ്ട MBA പഠനം പൂര്‍ത്തിയാക്കി കലാലയ ലോകത്തോട് വിട പറഞ്ഞു. 2005 ഒക്ടോബര്‍ മുതല്‍ കുവൈത്തില്‍ പ്രവാസ ജീവിതത്തിനു തുടക്കം. എഴുത്തിലും വരയിലും താല്‍പര്യം. കൂടുതല്‍ അറിയാന്‍ എന്‍റെ ബ്ലോഗ്‌ & FACEBOOK പേജ് സന്ദര്‍ശിക്കുക.
http://www.nazarseperated.blogspot.com/
https://www.facebook.com/#!/nazar.thekkath

Comments are closed.