Share The Article
ഇന്ദുമേനോന്‍

 

……………അവരൊക്കെയുള്ള നാട് തിരുവച്ചിറയാണ്, മീഞ്ചന്ത എന്ന വൃത്തികെട്ട പേരില്‍ അറിയപ്പെടുന്ന ഒരു നാട്. ചെങ്കല്ല് നിറത്തില്‍ കല്‍വെട്ടി മതിലുള്ള ശ്രീകൃഷ്ണന്റെ അമ്പലം.സാദാ ഇലച്ചിറകിളക്കി ‘ഇസ് ഇസ് ‘ശബ്ദമിടുന്ന രണ്ടു അരയാല്‍ മരങ്ങള്‍. ഏക്കറുകളോളം പരന്നു കിടക്കുന്ന വലിയ പച്ചപളുങ്ക്ചിറ. പ്രാചീനതയുടെ ഗൂഡതയും പായലിന്റെ ഇളം പച്ചപ്പും ആഴങ്ങളില്‍ ഒരുതരം വേദനിപ്പിക്കുന്ന നീലനിറവും വ്യാപിച്ചു കിടക്കുന്ന അതിലെ കണ്ണീര്‍ ജലം. കൈയ്യുയര്‍ത്തി അപേക്ഷാഭാവത്തില്‍ നില്‍ക്കുന്ന വെള്ള താമരപ്പൂവിലകള്‍. അവയ്ക്ക് മീതെ വെള്ളപ്പൂക്കളുടെ പൂമ്പാറ്റ തോട്ടം. താമര മൊട്ടുകളുടെ ജലക്രീഡകള്‍. ഒരു വശത്ത് സാമൂതിരിയുടെ കൊട്ടാരം. അതിപ്പോള്‍ NSS സ്‌കൂള്‍ ആണ്. മറു വശത്താട്ടെ വീടുകള്‍.ഒരു വശത്ത് ചതുപ്പ് പോലെ അനാഥമായ പ്രദേശം.വേനലില്‍ ഉറച്ചു വിള്ളുകയും മഴയില്‍ നനഞ്ഞു കുതിരുകയും ചെയ്യുന്ന ഒരു തരം അളിപിളി ഭൂമി. പുല്ലു കൊണ്ട് പുതപ്പിട്ടിരുന്നു അത്.

മുത്തുകളുണ്ടാക്കുന്ന കുറക്കന്‍കുരു ചെടികളാല്‍ സമൃദ്ധമായിരുന്ന വഴിയോരങ്ങള്‍.ചെറിയ മൂക്കുത്തി പോലെ വയലറ്റും വെള്ളയും പൂക്കള്‍ പൊടിച്ചു കിടന്നിരുന്നു.അവയ്ക്ക് മീതെ തെളിനിറമാര്‍ന്ന ജലം സദാ ഒഴുകി കുളത്തില്‍ ചെന്ന് വീണു കൊണ്ടിരുന്നു. കുഞ്ഞി മീനുകളുടെ നിഷ്‌കളങ്കമായ നോട്ടവും. എഴുത്തച്ഛന്‍മാരുടെ അക്ഷര പുളകത്തിന്റെ ഇക്കിളിയും കൂടി, വെള്ളത്തിന്റെ ഒഴുക്കിന് കാറ്റ് പിടിക്കുന്ന ഒരു താളം. നിറയെ ബലികാക്കകള്‍ പറന്നു വന്നു അവിടെയിരുന്നു മരണത്തെ ഓര്‍മിപ്പിച്ചു കൊണ്ട് കുളിച്ചു കൊണ്ടേയിരുന്നു.

ചക്കരപ്പൂഴിയുടെ മനോഹാരിതയാണ് അവിടുത്തെ മറ്റൊരു പ്രത്യേകത. അതി മനോഹരമായി വെയിലില്‍ തിളങ്ങുന്ന വെള്ളി മണലില്‍ സ്വര്‍ണനിറം കലര്‍ന്നപോലെയായിരുന്നുവെങ്കിലും, കടല്‍ അടുത്തായതിനാല്‍ വെള്ളാരങ്കല്ലുകളുടെ വെളുപ്പ് അവക്കുണ്ടായിരുന്നു.

രണ്ടു വീടുകളാണ് എനിക്കവിടെ ഉണ്ടായിരുന്നത്. അമ്മമ്മയുടെ തറവാടായ വള്ളിക്കാട്ടെ ശ്രീ നിലയവും, അമ്മയുടെ വീടായ ഉള്ളലാട്ടിലെ ലക്ഷ്മി നിലയവും. മുത്തശ്ശിയായിരുന്നു അവിടുത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. അവര്‍ക്ക് ഏഴു പെണ്മക്കള്‍. എന്റെ അമ്മൂമ്മ നാലാമത്തെയോ അഞ്ചാമത്തെയോ മകളാണ്. ഞാന്‍ കാണുമ്പോ മുത്തശ്ശി കോണിച്ചുട്ടിലെ മുറിയില്‍ കിടപ്പിലാണ്. ചുവന്നു മിനുങ്ങുന്ന തറയിലെ ഒറ്റക്കട്ടില്‍. പാതി തുറന്ന ജനാലയില്‍ പാതിരാവെട്ടം ചിലപ്പോള്‍ ഇത്തിര പകല്‍ വെട്ടം. നിലാവ് നിറഞ്ഞ ഒരു നീലിമയായിരുന്നു ആ മുറിയില്‍. പഴയ ക്ലോക്കില്‍ നിന്നും നാഴികമണിയുടെ ഭയപ്പെടുത്തുന്ന ശബ്ദം ജലത്തില്‍ വീണ ചെമ്പ് കയ്യിലുകളെ ഓര്‍മ്മിപ്പിച്ചു. ബോബ് ചെയ്തത് പോലെയോ മറ്റോ പറ്റെ വെട്ടിയ വെള്ളിനൂല്‍ മുടി. അതി സുന്ദരമായ കണ്ണുകളില്‍ പ്രായത്തിനു ചേരാത്ത ഒരു ഭഗവതി തീഷ്ണതയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും കട്ടിലില്‍ കിടന്നു മുത്തശ്ശി നിലവിളിക്കും. കണ്ണുകളില്‍ കണ്ണീര്‍ പാടയില്‍ നക്ഷത്രങ്ങളെ വൈരമായ് പൊടിച്ചു സൂക്ഷിച്ചതെന്തിനാണാവോ? പക്ഷെ എന്നെ കാണുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങും. ചിമ്മി ചിമ്മുന്ന കണ്ണീരില്‍ തെളിയും പെണ്‍ പ്രകാശം. സന്തോഷത്താല്‍ ചുവക്കുന്ന കവിളില്‍ ചെറിയ കുസൃതി.

‘ബാ ബാ’ചുളിഞ്ഞ കൈകള്‍ .മെലിഞ്ഞ സര്‍പ്പം പോലെ. നീണ്ട വിരലുകളില്‍, കമല വെല്ല്യമ്മയെന്ന അമ്മൂമ്മയുടെ ഏടത്തി പിശാങ്കത്തി കൊണ്ട് നിര്‍ബന്ധിച്ചു വെട്ടിയ നഖങ്ങളുടെ ക്രമരഹിതമായ കൂര്‍പ്പ്. നഖസര്‍പ്പ നാവു… പത്തു നാവുള്ള ഇരട്ട ത്തലയന്‍ സര്‍പ്പം.

‘ബാ ബാ..ബാ..ഉണ്ണീ ബാ’ എനിക്ക് മുത്തശ്ശിയെ ഭയമാണ്. കണ്ണുകളിലെ ആ ഉഗ്രത സ്‌നേഹിക്കുമ്പോള്‍ ഇരട്ടിക്കുന്ന പോലെ. ചുളിഞ്ഞ കൈ കൊണ്ട് തടവുമ്പോള്‍ വാര്‍ധക്യ വര്‍ഷങ്ങളുടെ പരുപരുപ്പ്. വൃദ്ധ വൃക്ഷ വേര് പോലെ എന്റെ കുഞ്ഞു ശരീരത്തെ വേദനിപ്പിക്കുന്നു. നഖ നാഗങ്ങള്‍ പോറി മുറിയുന്ന കൈത്തണ്ടകള്‍. മുറിവിലൂടെ ചോര ചുവപ്പ്.എന്നെ കയ്യില്‍ കിട്ടിയാല്‍ തീര്‍ന്നു. ഉമ്മകളുടെ പെരു മഴയാണ്. ചുളിഞ്ഞുവെങ്കിലും വാത്സല്ല്യ ചുവപ്പാല്‍ മനോഹരമായ ചുണ്ടുകള്‍ മുഖത്തുരസ്സുമ്പോള്‍ ഇക്കിളിയൊ വേദനയോ..?

‘കുട്ടാ..കുട്ടാ…മുത്തശീടെ ചക്കരെ’

മുത്തശി എന്നെ ഒരു പെണ്‍ ബൊമ്മ കുഞ്ഞിനെപ്പോലെ നെഞ്ചില്‍ ചേര്‍ത്ത് അമര്‍ത്തി പിടിക്കും. എത്രയോ വലിയ അമ്മിഞ്ഞകള്‍. അവയില്‍ തൊടാന്‍ എനിക്ക് കൌതുകമാണ്. പതുപതുത്ത ബാബ്ലിമൂസ് നാരങ്ങ പോലെ. പ്ലും പ്ലും.. ആ മുത്തശിക്കും നെഞ്ചിനു മൂന്നു മണമുണ്ടായിരുന്നു. രാവിലെ നേര്‍ത്ത ചന്ദന ഗന്ധം. വാകചാര്തിന്റെ തണുപ്പ് പോലെ. നേരിയ ഒരു സുഗന്ധം. സന്ധ്യക്ക് ഭസ്മ മണം. ചാരം അതിന്റെ അതീന്ദ്രിയ തീവ്രതയില്‍ അഗ്‌നിയായ് തീരുമുടലിന്‍ ഗന്ധം ഓര്‍മിപ്പിക്കുന്നു. മൂന്നാമത്തെ ഗന്ധമായിരുന്നു ഗംഭീരം. പേരറിയാത്ത ഒരു കാട്ടു പൂവിന്റെയോ പഴുപ്പുടലില്‍ പടരുന്ന പഴത്തിന്റെയോ പോലെ കൊതിപ്പിക്കുന്ന ഒരു ഗന്ധം. വസന്തകാലസുഗന്ധം പോലെ തീവ്രമായ ഒരു സുഗന്ധം. വൃദ്ധര്‍ക്ക് പൊതുവായുണ്ടാകുന്ന മരണത്തിന്റെ മണമായിരുന്നില്ല അത്. എന്തായിരുന്നു അത്? ആ ശരീര ഗന്ധം? മുത്തശിക്ക് ഉഷ്ണിക്കുമ്പോള്‍ പൂ വിടര്‍ന്ന പോലെ ആ കൊച്ചു നിലാമുറിയില്‍ നിറഞ്ഞു നിറഞ്ഞു വന്ന ആ സുഗന്ധം?

ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു. എന്റെ ആദ്യ രാത്രിക്ക് ശേഷം അരണ്ട ചാന്ദ്ര വെട്ടം വീണുകിടക്കുന്ന തൃശ്ശൂരിലെ വീട്ടിലെ പഴയ തേക്ക് കട്ടിലില്‍ കിടന്നു വിടര്‍ന്ന മത്തന്‍ കണ്ണുകള്‍ തള്ളി തള്ളി കൌതുകത്തോടും പ്രേമത്തോടും എന്റെ ഭര്‍ത്താവ് പറഞ്ഞു.

‘നിന്നെ ഒരു പൂവ് വാസനിക്കുന്നു പെണ്ണെ’

ആ നിമിഷം എനിക്കും ആ പരിമളം ഓര്‍മ്മ വന്നു. എന്റെ ചെറുപ്പകാല സുഗന്ധോദ്യാനതിന്റെ വശ്യ ഗന്ധം. എഴുപതാം വയസ്സില്‍ വാര്ധക്യത്തിന്റെയും ഭക്തിയുടെയും സാത്വികമായ പ്രാര്‍ഥനാ ഗന്ധങ്ങളെയെല്ലാം പിന്തള്ളി എന്റെ മുത്തശ്ശിയുടെ ശരീരത്തില്‍ നിന്നും മൂന്നാം വയസ്സില്‍ എനിക്ക് കിട്ടിയ ആ വശ്യസുഗന്ധം. തലമുറകളായി സ്ത്രീകള്‍ക്ക് കിട്ടിയ ഒരു ജനിതക ഗന്ധം. വള്ളിക്കാട്ടെ സ്ത്രീയുടെ, പ്രപഞ്ചത്തിലെ അസംഖ്യം സ്ത്രീകളുടെ ഗന്ധം. പെണ്ണിന്റെ മണം. ആദ്യത്തെ ആ ഗന്ധമോര്‍മ്മയും മുത്തശിയുടെ വാത്സല്ല്യ ഉമ്മകള്‍ വെക്കാനുള്ള വ്യഗ്രതയും ഓര്‍മ്മ വരുന്നു. എന്നെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ചുംബനോര്‍മ്മകള്‍.

‘എന്തിനാ കുട്ടാ പേടിക്കണേ? മുത്തശ്ശിക്ക് കുട്ടനെ ഇഷ്ടായിട്ടല്ലേ?’ അമ്മയുടെ വാക്കുകള്‍..

മുത്തശ്ശീ… ഇപ്പോഴോര്‍ക്കുന്നു. ഉമ്മയെന്ന സ്‌നേഹാടയാളത്തിന്റെ ആദ്യ ബാലപാഠങ്ങള്‍. എന്റെ ആദ്യ പെണ്‍ കുഞ്ഞിനു ശസ്ത്രക്രിയാ മുറിയില്‍ വെച്ച് ഞാന്‍ കൈമാറിയ പാരമ്പര്യ സ്‌നേഹാടയാളത്തിന്റെ തീവ്രത. സത്യം..കരുത്ത്..ബ്ലൌസ്സിടാത്ത.. ഈള്‍ക്കര കസ്സവു മുണ്ട് മേല്മുണ്ടായി പുതച്ച എന്റെ പ്രിയപ്പെട്ട അതെ മുത്തശ്ശി തന്നെയാണ് സ്‌നേഹത്തിന്റെ അടയാളം ചുംബനമാനെന്നും. നമ്മള്‍ നമുക്ക് പ്രിയപ്പെട്ടവരെ ധാരാളമായി ചുംബിക്കണമെന്നും എന്നെ പഠിപ്പിച്ചത്. സ്‌നേഹം ഉമ്മകള്‍ ധാരാളമായി സ്വീകരിക്കുകയും ചെയ്യുമെന്നും.

Written By: Indu Menon