Share The Article

1. സുന്ദരി

മരണക്കിടക്കയില്‍ കിടക്കുന്ന യുവാവിനോട് യമദേവന്‍ ചോദിച്ചു-
‘നല്ലവനായ യുവാവേ, അവസാനായി നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ?’
‘പ്രഭോ, ചെറിയൊരാഗ്രഹം. അതു  പൂര്‍ത്തിയാകും വരെ അങ്ങ് എന്നെ കൊണ്ടു പോകരുതേ….
ശരി, സമ്മതിച്ചിരിക്കുന്നു. എന്താണ് നിന്റെ ആഗ്രഹം ? ….
‘ എനിക്കൊരു സുന്ദരിയെ കാണണം, മേയ്ക്കപ്പില്ലാത്ത,
ഒരിക്കലും മുഖത്തു പെയിന്റടിക്കാത്ത, പ്രകൃതിദത്ത സുന്ദരിയെ……..
യമദേവന്‍ തരിച്ചു പോയി, പിന്നീടൊരിക്കലും തിരിച്ചുവരാന്‍ യമദേവനു സാധിച്ചില്ല.

2. ദൈവം ചിരിക്കുന്നു

മനുഷ്യനെ സൃഷ്ടിച്ചതു മുതല്‍ ദൈവം ചിരിക്കുന്നു ……….
എന്തൊരു തമാശ……. . . .
എന്തൊരു തമാശയാണ് ഞാന്‍ സൃഷ്ടിച്ചത്. . . …..
ഞാനൊക്കൊരിക്കലും കരുതിയില്ല, ഇത് ഇത്ര വലിയ തമാശയാവുമെന്ന്……..
ചിരി നിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്, പക്ഷെ സാധിക്കുന്നില്ല……. .. .

3. പതിവ്രത

എന്റെ  കെട്ടിയോന്‍ ബാംഗ്‌ളൂര്‍ക്ക്  പോയേക്കണ്…..
ഒരാഴ്ചയായി…  ഇന്നു വരും ….
ഞാന്‍ ചന്തക്കു പോണൂ…..
കുറച്ച് മീന്‍ വാങ്ങണം….
അതിയാന് മീനില്ലാതെ ചോറ് ഇറങ്ങില്ല….
പുള്ളിക്ക് വല്യ മീനൊന്നും വേണ്ട….
ചാളയോ  കുറിച്ചിയോ മണങ്ങോ ഒക്കെ മതിയാകും…..
– കെട്ടിയോനില്ലാത്തപ്പം നിങ്ങ മീനൊന്നും വാങ്ങില്ലേ ……?
കെട്ടിയോനില്ലാത്തപ്പം ഞങ്ങ വീട്ടിലൊന്നും വയ്ക്കാറില്ല …..
ഒന്നും വയ്ക്കാന്‍ തോന്നില്ല………
പുള്ളി ഇല്ലാത്തപ്പം ഒന്നും ഉണ്ടാക്കാനോ കഴിക്കാനോ തോന്നില്ല….…
– അത്രയും ദെവസം നിങ്ങളും മകളും പട്ടിണി കിട്ക്കുവോ….. ?
ഞങ്ങ പുറത്തൂന്നും കഴിക്കും…..
അവളു പറയും വീട്ടിലെ ചാളയും ചോറും തിന്നു മടുത്തു ……
വല്ല  ബിരിയാണിയോ പെറോട്ടയും ചിക്കനോ ഐസ്‌ക്രീമോ അവള്‍ക്കിഷ്ടമുള്ളതു വാങ്ങിക്കും ….. ഞാനും അതൊക്കെ തന്നെ കഴിക്കും……

4. മണിയടി

സ്‌ക്കൂളില്‍ മണിയടി പള്ളീല്‍ മണിയടി
വീട്ടില്‍ മണിയടി നാട്ടില്‍ മണിയടി
കവലേല്‍ മണിയടി കടയില്‍ മണിയടി
അവിടെ മണിയടി ഇവിടേം മണിയടി
മണിയടിച്ചു മണിയടിച്ചു
ശിപായി മണിയൊരു മണിയനീച്ചയായി..
മനുഷ്യനെ പൊതിയുന്ന മണിയനീച്ച…….

5. പ്രൊജക്ട്

ജാടകള്‍ താടിയായ് തീര്‍ന്ന,
മനസ്സില്‍ ജടകെട്ടിയ,
സാമൂഹിക വിപ്ലവകാരികള്‍,
ആകാശത്തൊരു ആല്‍ത്തറയും
സായാഹ്നക്കൂട്ടായ്മയും പ്രൊജക്ട് ചെയ്യുന്നു. . . .. . .

6. ഇന്റര്‍വ്യൂ

ഗ്രാമത്തിലെ എന്റെ കൂട്ടുകാരിയുടെ പെണ്ണുകാണാല്‍!
പട്ടണത്തില്‍ പഠിച്ച, പേരുകേട്ട കുടുംബത്തിലെ പയ്യന്‍ !
പതിവ് ഉപചാരങ്ങള്‍  കഴിഞ്ഞ് പെണ്ണിന്റെയും ചെറുക്കന്റെയും സംസാരം.
ഉപചാര വാക്കുകള്‍ക്കു ശേഷം പയ്യന്‍ തന്റെ ഡിമാന്റുകള്‍ പറഞ്ഞു.
‘കുടുംബകാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കും …’
‘ശമ്പളം കിട്ടിയാല്‍ എന്റെ കൈവശം കൊണ്ടു തരണം….’
‘ഞാന്‍ അതു കൈവശം വക്കും. വീട്ടു കാര്യങ്ങള്‍ക്കായി ഞാന്‍ നല്‍കും…’.
‘ബസ്സ് ചാര്‍ജ് അതുപോലെ മറ്റ് ആവശ്യങ്ങള്‍ക്കായി ഞാന്‍ ദിവസവും നല്‍കും….’.
‘വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ ഞാന്‍ വാങ്ങും ….’
‘തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍; ചോദിക്കാം …’
‘തനിക്ക് വസ്ത്രങ്ങളും മറ്റും ആവശ്യമുള്ളപ്പോഴും ഞാന്‍ വാങ്ങിച്ചു തരും….’
‘വീട്ടു കാര്യങ്ങളിലും പാചക കാര്യങ്ങളും എനിക്ക് പരിചയമില്ല. താന്‍ നോക്കേണ്ടി വരും..’
‘കുട്ടികളുണ്ടാകുമ്പോള്‍  അവരുടെ പഠിത്തവും മറ്റും തുടങ്ങിയ കൊച്ചുകൊച്ചു കാര്യങ്ങള്‍ താന്‍ നോക്കണം….അത്തരം കാര്യങ്ങളിലൊന്നും എനിക്ക് സാമര്‍ത്ഥ്യമില്ല….’
എല്ലാകാര്യങ്ങളും വളരെ പ്ലാന്‍ ചെയ്ത് അച്ചിട്ടു നിരത്തി, അന്തിമമായി അയാള്‍ പറഞ്ഞു –
‘എന്നാല്‍  എന്ത് എപ്പോള്‍  ചെയ്യണമെന്ന് ഞാന്‍ പറയും ……ഞാന്‍ തീരുമാനിക്കും….’
അയാളുടെ സംസാരമെല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ പതിയെ ദൃഢമായി പറഞ്ഞു;
‘ഒരു കാര്യത്തില്‍ മാത്രം ഞാന്‍ തീരുമാനമെടുക്കും…..’
‘എന്ത്……?.’
‘താങ്കളെ കല്യാണം കഴിക്കണമോ എന്ന കാര്യത്തില്‍ …..’

എഴുതിയത്: ശകുന്തള എന്‍. എം

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.