Share The Article

പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി കേട്ടപ്പോള്‍ ആമിന പ്രിയതമന്‍ പോക്കരാക്കയെയും തൊട്ടപ്പുറത്തെ റൂമില്‍ കിടന്നുറങ്ങുന്ന അഞ്ചു മക്കളെയും വിളിച്ചുണര്‍ത്തി .,നേരം വെളുത്ത് വരുന്നതേയുള്ളൂ ,മൊയ്തു വിന്റെ കടത്തു തോണി കടന്നു വേണം അക്കരെയുള്ള തട്ടുകടയിലെത്താന്‍ .പോക്കരാക്ക ഉറക്കച്ചുവടില്‍ നിന്നും ചാര്‍ജ് ആയെങ്കിലും മക്കളൊക്കെ ലോ ബാറ്ററിയില്‍ തന്നെ !! ചായമക്കാനിയില്‍ തങ്ങളെ കാത്ത് കിടക്കുന്ന മണല്‍ തൊഴിലാളികളും ,തലേന്നു രാത്രി മീന്‍ പിടിക്കാന്‍ പോയി മടങ്ങി വരുന്നവരുമൊക്കെ ചൂടുള്ള സുലൈമാനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും .ആമിനതാത്തയുടെ തലയില്‍ പാല്‍പാത്രവും പോക്കര്‍ക്കാക്കയുടെയും മക്കളുടെയും കയ്യിലും തോളിലുമായി ഹോട്ടലിലേക്കുള്ള കറികളും ഭക്ഷണവുമൊക്കെയായി

കടവത്തെത്തിയപ്പോള്‍, ഭാഗ്യം മൊയ്തു തോണിയിറക്കാന്‍ തുടങ്ങുന്നേയുള്ളൂ ,തൊപ്പിക്കുട തലയില്‍ വെച്ച് മൊയ്തു തോണി തുഴഞ്ഞു അക്കരെയെത്തിയപ്പോള്‍ പോക്കര്‍ കാക്കയുടെ കടക്കു മുമ്പില്‍ ഒരു സായിപ്പ് കാത്തു നില്‍ക്കുന്നു .കൂടെ കോട്ടും സ്യുട്ടുംമിട്ട നാലഞ്ചു പയ്യന്‍സും മുന്നിലെ ബെഞ്ചിലിരിക്കുന്നു.

‘ഇന്നത്തെ കോള് കൊള്ളാം ട്ടോ ,സായിപ്പന്‍മാരാ കണി ‘ ആമിന പോക്കര്‍ക്കാന്റെ ചെവിയില്‍ മന്ത്രിച്ചു .പാലും പാത്രവുമൊക്കെ പീടിക തിണ്ണയില്‍ വെച്ച് പീടിക തുറക്കാന്‍ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അയാളാ അലറല്‍ കേട്ടത് .

‘സ്‌റ്റോപ്പ് ഓള്‍ഡ് മാന്‍ .ദിസ് ഈസ് നാവ് മൈ പ്രോപെര്‍ട്ടി !! ‘

‘ഇങ്ങള്‍ ഇതെന്തു കുന്ത്രാണ്ടാടാ സായിപ്പേ പറയുന്നത് ? മന്‌സന്‍ മാര്‍ക്ക് തിരിയണമാതിരി ചെലക്കീന്നു ഇങ്ങള് ‘. പോക്കര്‍ക്ക വാമപ്പായി .

‘അല്ലാ ഇങ്ങളപ്പം ഈ നാട്ടിലൊന്നുമല്ലേ ? ഈ കടയിപ്പോള്‍ സായിപ്പിന്റെതാണ്’ ,കൂട്ടത്തില്‍ കോട്ടിട്ട പയ്യന്‍ നല്ല പച്ച മലയാളത്തില്‍ മൂപ്പര്ക്കു തര്‍ജമ ചെയ്തു കൊടുത്തു ,

‘ഈ കത്തി ആ പള്ള ക്ക് കേറ്റും ഞാന്‍ ഇമ്മാതിരി ഹറാം പറന്ന വര്‍ത്താനും പറഞ്ഞു ഇങ്ങട്ട് ബന്നാല്‍ പറഞെക്കാം ഞാനും ഇന്റെ ആമിനയും കഞ്ഞി കുടിക്കണ പീട്യാ ത് അവകാശം പറഞ്ഞു വന്നിരിക്കുന്നു രാവിലെ തന്നെ ന്റെ വായില്‍ ഉള്ളത് കേള്‍പ്പിക്കണ്ട’ .

‘അതൊക്കെ പണ്ട് ,പോക്കാരാക്ക ഇതിപ്പം സായിപ്പിന്റെ ചായമക്കാനിയാണ് .ചെറുകിട മേഖലയില്‍ സ്വകാര്യ നിക്ഷേപം വന്നതൊന്നും ഇങ്ങള്‍ അറിഞ്ഞില്ലേ ഇക്ക ? ഈ ചായ മക്കാനിയില്‍ ഇപ്പോള്‍ സായിപ്പ് വന്‍ വിദേശ നിക്ഷേപമാണ് നടത്തിയിക്കുന്നത് ! മൂപ്പര്‍ ഇതൊരു ഫൈവ് സ്റ്റാര്‍ തട്ടുകടയാക്കും ,നിങ്ങളെ ഉണക്ക പുട്ടിനു പകരം ഷവര്‍മയും ശവ്വായ കോഴിയും .കട്ടന്‍ ചായക്ക് പകരം നല്ല ബ്രു കോഫിയും ,നാടന്‍ പാലിന് പകരം സ്‌റ്റെരില്യ്‌സ് ചെയ്ത തമിള്‍ നാട് പാലും .കിണറിലെ വെള്ളത്തിനു പകരം വാട്ടര്‍ ട്രീറ്റ് ചെയ്ത വെള്ളവും കുടിക്കാന്‍ കൊടുക്കും.കത്തിയും മുള്ളും ഉപയോഗിച്ച് ഇനി ഞമ്മള്‍ക്ക് ചോറുതിന്നാം ജലക്ഷാമം പരിഹരിക്കുകയും ചെയ്യും കൈ കഴുകാതെ ഭക്ഷണവും കഴിക്കാം .മുതല്‍ മുടക്കിന്റെ അമ്പതു ശതമാനവും സര്‍ക്കാര്‍ സബ്‌സിഡിയും കൊടുക്കും .വികസനം റോക്കറ്റ് പോലെ കുതിച്ചു വരുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കല്ലേ പോക്കാരാക്കാ’ !!അത് പറഞ്ഞത് പോക്കരാക്കയുടെ നാട്ടിലെ വാര്‍ഡ് മെമ്പര്‍ ആയിരുന്നു .

‘ഈ നാട്ടിലുള്ളവരുടെ ‘ആരോഗ്യം’ ലക്ഷ്യം വെച്ചു സായിപ്പ് നടത്തുന്ന വന്‍ നിക്ഷേപം തടഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ ങ്ങളെ കൂടെണ്ടാകില്ലട്ടോ ‘ ഇന്നലെ വരെ ഓസിക്ക് ചായ കുടിച്ചവരൊക്കെ ഇന്ന് സായിപ്പ്ന്റെ കൂടെ കൂടിയപ്പോള്‍ പോക്കരാക്കയും ഒറ്റപ്പെട്ടു .

‘മന്‍ഷ്യന്‍ ചോര്‍ന്നു ഒലിക്കുന്ന ഓലപ്പുര ഒന്ന് ഓടാക്കാന്‍ ലോണിനു വേണ്ടി ആപ്പീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് കൊല്ലം കുറെയായി .അത് കാണാന്‍ ആരും ഇല്ല ,ഒരു ഐടി പ്രൂഫും ഇല്ലാത്ത സായിപ്പിന് അങ്ങോട്ട് പൈസ കൊടുത്തു ഇവടെ വികസനം വരുത്തണ് ‘പോക്കരാക്ക പിറുപിറുത്തു കൊണ്ട് ഭക്ഷങ്ങങ്ങളൊക്കെ തോണിയില്‍ കയറ്റി .

തോണിയില്‍ സൈലന്റ് മോഡിലിരിക്കുന്ന പോക്കരാക്കയുടെ ഫേസ് ബുക്ക് കണ്ട മൊയ്തു ഒരു കമന്റ് കൊടുത്തു ‘ നിങ്ങളിങ്ങനെ ടെന്‍ഷനടിച്ചിട്ടു ഒരു കാര്യവുമില്ല്‌ല ,ബ്ലോക്ക് ചെയ്ത നിങ്ങളെ അക്കൌണ്ട് തുറക്കണമെങ്കില്‍ ഒന്ന് തിരുവനന്തപുരത്തോ മറ്റോ പോയി നോക്കീന്നു .വല്ല എം എല്ലെ മാരേയോ മന്ത്രിമാരെയോ ഒന്ന് പോയി കാണീ എന്തേലും ഒരു വഴി തുറക്കും .

മൊയ്തു പറഞത് ശെരിയാണെന്ന് തോന്നിയത് കൊണ്ട് മാത്രമല്ല കാലം കുറെയായി ,ടൌണില്‍ പോയിട്ട് ,എന്തായാലും ഇന്നിനി പണിയൊന്നുമില്ലല്ലോ ? അതൊക്കെയോര്‍ത്തു രണ്ടും കല്‍പിച്ചു ബസ്സുകയറി പോക്കാരാക്ക ടൌണില്‍ എത്തി .

അങ്ങാടിലെത്തിയപ്പോള്‍ റോഡാകെ ബ്ലോക്ക് .അന്വേഷിച്ചപ്പോള്‍ ആരോ പറഞ്ഞു ,ഇന്ന് എമര്‍ജിംഗ് കേരളയുടെ ഉദ്ഘാടനമാണ് .മന്ത്രിമാരും പ്രധാനമന്ത്രി മാരുമൊക്കെ വരുന്നത് കൊണ്ടാണ്‌ത്രെ ഇത്ര ബ്ലോക്ക് !!

‘അതെന്താ മോനെ ഈ എമര്‍ജിംഗ് ‘?

പോക്കരാക്ക അങ്ങിനെയാണ് ,പുതിയതായി എന്തേലും കിട്ടിയാല്‍ പിന്നെ അതിനെക്കുറിച്ച് ഗവേഷണം നടത്തും .എമര്‍ജിംഗ് നെ പറ്റി കേട്ട് മനസ്സിലാക്കിയ മൂപ്പര്‍ ,നീളന്‍ കുപ്പായവും കാലന്‍ കുടയും മൌലാനാ കള്ളിയുള്ള തുണിയും മാറ്റി ,കോട്ടും സുട്ടുമിട്ടു എമര്‍ജിംഗ് മീറ്റിലെത്തി .റിസപ്ഷനിലിരിക്കുന്ന കോട്ടും ടയ്യും കെട്ടിയ ‘മാന്യനെന്നു’ തോന്നിക്കുന്ന ഏജന്റിനോട് പറഞ്ഞു

‘അയാം ബക്കര്‍ ഫ്രം കോലോത്തുംകടവ് ,ഞമ്മക്കും വേണം ഈ എമര്‍ജിംഗ് ,’

‘മിസ്റ്റര്‍ ബക്കര്‍ നിങ്ങള്‍ എന്തറിഞ്ഞിട്ടാ ഈ പറയണത് ? ഇത് വലിയ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവരുടെ മീറ്റിംഗ് ആണ് ,നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ആള്‍ക്കാര്‍ വരും ,അവര്‍ ഇവടെ പാര്‍ക്ക് ,റോഡ് പാലം വിദ്യാഭ്യാസ. സ്ഥാപനങ്ങളൊക്കെ ഉണ്ടാക്കും ,മാത്രമല്ല ഇനി രണ്ടു ലക്ഷം കൊടുത്തു വിസ വാങ്ങി ഗള്‍ഫില്‍ക്ക് പോവേണ്ട ,അറബികള്‍ വരാന്‍വിസ നമ്മള്‍ കൊടുക്കും , . ചുരുക്കി പറഞ്ഞാല്‍ കുറച്ചു കാലം കൊണ്ട് ഇവടെ ഒരു അമേരിക്കയായി മാറും ചില്ലറ കളിയല്ല ഇത് .’

‘ഞമ്മക്ക് ഇങ്ങളെ അത്ര വലിയ വിവരം ഒന്നും ഇല്ല ,ആമിനാന്റെ ഓരിയില്‍ കിട്ടിയ നാലേക്കാര്‍ മൊട്ടക്കുന്നുണ്ട് കോലോത്തും കടവിനക്കരെ ,പിന്നെ ഞമ്മളെ പേരില്‍ ഇക്കരെകുന്നുമ്മലും ണ്ട്. കുറച്ചു സ്ഥലം ഇത് വെച്ച് ഇങ്ങള്‍ക്ക് എമര്ജ് ചെയ്യാന്‍ പറ്റുമോ ?’

കേട്ട പാതി കേള്‍ക്കാത്ത പാതി റെപ്പ് പോക്കാരാക്ക ന്റെ കയ്യും പിടിച്ചു നേരെ മീറ്റിംഗ് ഹാളിന്റെ മുന്നിലെ കസേരയില്‍ കൊണ്ട് പോയി ഇരുത്തി ,എന്നിട്ട് പറഞ്ഞു ,

‘ഈ മീറ്റില്‍ പങ്കെടുത്ത വരൊക്കെ സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ചിലവില്‍ പണമിറക്കി മുതലാളിമാരാകാന്‍ വന്നവരാ ,ന്നാല്‍ ഈ കൂട്ടത്തില്‍ സ്വന്തമായി ഏറ്റവും ഭൂമിയുള്ള മുതലയാളിയാണ് നിങ്ങള്‍ ,സര്‍ ഇറ്റലി ,അമേരിക്ക അന്റാര്‍ട്ടിക്ക എന്തിനധികം ബംഗാളില്‍ നിന്നും വരെ നിങ്ങളെ പറമ്പില്‍ ഞങ്ങള്‍ നിക്ഷേപം നടത്തും ,കോലോത്തും കടവ് ന്റെ അക്കരെ നിന്നും ഇക്കരെക്ക് റോപ്പ് വെ ,കടത്തു തോണിക്ക് വേണ്ടി മൊയ്തുവിനെ കാത്തു നില്‍ക്കണ്ട ,കോലോത്തും കടവില്‍ ജര്‍മ്മന്‍ ടെക്‌നോളജിയില്‍ പാലം , നാലേക്കര്‍ ഭൂമിക്ക് നാല്പത് കോടി മതിപ്പുവില ,ചുരുക്കി പറഞ്ഞാല്‍ മിസ്റ്റര്‍ ബക്കര്‍ സര്‍ ,നിങ്ങള്‍ കോലോത്തും കടവിലെ കോടീശ്വരന്‍!!.

കേട്ടത് സത്യമാണോ മിഥ്യയാണോ എന്നൊന്നും ആലോചിക്കാന്‍ പോക്കരാക്കക്ക് പിന്നെ സമയമുണ്ടായില്ല ,കാണിച്ചു കൊടുത്ത പേപ്പറില്‍ ഒക്കെ ഒപ്പിട്ടു പുറത്ത് ഇറങ്ങി കോലോത്തും കടവ് ലേക്ക് വണ്ടി കയറാന്‍ ബ്‌സ്‌റ്റൊപ്പിലേക്ക് നടക്കുമ്പോഴാണ് പോക്കരാക ക്ക് എതിരെ ഒരു കൂട്ടം യുവ തുര്‍ക്കികള്‍ എമര്‍ജിംഗ് കേരളക്കെതിരെ കൊടി പിടിച്ചു മുദ്രാവാക്യം വിളിച്ചു വരുന്നത് . ഇത് കണ്ട പോക്കരാക്ക കൂട്ടത്തില്‍ ഏറ്റവും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നവനെ അടുത്തു വിളിച്ചു പറഞ്ഞു .’അനക്ക് ഒന്നും ഒരു പണിയും ഇല്ലെഷ്ട്ടാ ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും. .സ്വന്തമായി അന്റെ കയ്യില്‍ ഭൂമിണ്ടെങ്കില്‍ വിറ്റ് ന്റെ മാതിരി അന്തസ്സായി ജീവിക്കാന്‍ നോക്ക് ,അല്ലാതെ ഈ പിന്തിരിപ്പന്‍ മൂരാച്ചികളുടെ കൂടെ കൂടി മുദ്രാവാക്യം വിളിച്ചു നടന്നു ഉള്ള ജീവിതം മതിയാക്കണ്ട !!. അന്താളിച്ചു നില്‍ക്കുന്ന യുവ നേതാവിന്റെ താത്വികമായ മറുപടിക്ക് കാത്തു നില്‍ക്കാതെ മൂപ്പര് കോലോത്തും കടവിലേക്കുള്ള ബസ്സില്‍ കയറി ,കെട്ട്യോള്‍ ആമിനയെ മയക്കി എമര്‍ജിംഗ് പോക്കരാക്കയാവാന്‍ !!