Share The Article

2രാവിലെ ഒരു അഞ്ചു അഞ്ചരയായി കാണും… രണ്ടു മണിക്കൂര്‍ പോലും ആയില്ല ഒന്ന് കണ്ണടച്ചിട്ട്.. പെട്ടെന്ന്, ആരോ വിളിക്കുന്നത് പോലെ തോന്നി.. ‘ ആര്‍ശേ, ആര്‍ശേ ‘, അതെ അങ്ങനെ തന്നെയാണ് വിളിച്ചത്, പണ്ട് സ്‌കൂളില്‍ പോകാന്‍ മടിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ വരാന്തയിലെ കസേരയില്‍ നിന്നും വരുന്ന അതേ വിളി ‘ ആര്‍ശേ, ആര്‍ശേ ‘ … അച്ഛനല്ലാതെ വേറെയാരും അങ്ങനെ വിളിക്കാറില്ല … ഞാന്‍ വേഗം പോയീ മുന്‍വശത്തെ വാതില്‍ തുറന്നു. ആരും ഇല്ല.

അല്ലേലും അച്ഛന്‍ വരുമെങ്കില്‍ പറഞ്ഞിട്ടല്ലേ വരൂള്ളൂ … ഉറക്കത്തില്‍ തോന്നിയതായിരിക്കും

————————————

ആ ദിവസം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. എന്റെ അനിയന്മാരുടെ കല്യാണ ത്തലേന്ന്… രണ്ടു പേരുടെയും വിവാഹം ഒരേ ദിവസം ആയിരുന്നു … ഒരു അഞ്ചു മാസം മുന്‍പ്… അന്ന് രാത്രി സംഗീതിന്റെ നേതൃത്വത്തില്‍ വിനോദും സുനിലും ഡുട്ടുവും കെ പിയും വിനീതും എല്ലാവരും കൂടി മുകളിലത്തെ ബാല്‍ക്കണിയില്‍ ഒരു മേളം കൊണ്ടാടുകയായിരുന്നു … സംഗീത്തിന്റെ ഓ ദില്‍റുബായും ഉയിരെയും കോളോണിയല്‍ കസിന്‌സും വിനോദിന്റെ അന്തികടപ്പുരവും വിനീതിന്റെ തേരി ദീവാനിയും കെ പിയുടെ വികാരങ്ങളും ടുട്ടുവിന്റെ മുരള്ച്ചയും എല്ലാം തകര്‍ക്കുകയായിരുന്നു. പിന്നീടെപ്പോഴോ എല്ലാവരും തളര്ന്നു പോയീ.

പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു ഘനഗംഭീര ശബ്ദം. ‘ എന്തേ, നിര്‍ത്തിയോ?’ അത് മനസ്സിലാക്കാന്‍ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എല്ലാവരും എഴുന്നേറ്റു നിന്നു. ഞാന്‍ ഒരു പന്ത്രണ്ടു വയസ്സുകാരനായി. അമരത്തിലെ അഴകേ എന്ന പാട്ട് ഓടക്കുഴല്‍ നാദമായി വീണ്ടും കാതില്‍ മുഴങ്ങി. തിരിഞ്ഞു നോക്കിയപ്പോള്‍ ആദ്യം ആ കൈകളില്‍ ഒടക്കുഴലുണ്ടോ എന്നാണ് ആദ്യം തിരഞ്ഞത്. മത്സ്യകന്യകമാരുടെ മാണിക്യക്കല്ല് കൊണ്ട് വരാന്‍ പോയ അരയന്റെ ഗാനം മുളന്തണ്ടില്‍ വീണ്ടും വിരിയാനുള്ള വ്യഗ്രതയായിരുന്നു അത്.

അച്ഛന്‍ ഞങ്ങളുടെ ഇടയില്‍ വന്നു ഇരുന്നു. കൈയ്യില്‍ ഓടക്കുഴല്‍ ഇല്ലായിരുന്നു. ചുണ്ടിനോട് ചേര്‍ത്ത് ഒരു സിഗരെറ്റ് മാത്രം.

‘ഇല്ല അങ്കിള്‍, ഒരു ബ്രേക്ക് എടുത്തതാ’ സംഗീത് ആണ് പറഞ്ഞത്
‘ഞാനും പണ്ട് ഇത് പോലെ കുറെ പാടിയിട്ടുണ്ട്, പക്ഷെ അതൊക്കെ ഞങ്ങളുടെ നാട്ടില്‍ കവിയരുങ്ങുകളില്‍ പാടിയിരുന്ന നാടന്‍ പാട്ടുകളായിരുന്നു. പൈതല്‍മലയും മാടയിക്കാവും മുത്തപ്പനും എല്ലാവരും ഉണ്ടായിരുന്നു ഞങ്ങളുടെ ശീലുകളില്‍’

‘എന്നാല്‍ അതില്‍ ഒരു പാട്ട് പാടിക്കൂടെ, മാമാ’ ചോദിച്ചത് സുനിലായിരുന്നു.
എല്ലാവരും അവനെ ഒന്ന് നോക്കി, പിന്നെ അത് ഏറ്റു പിടിച്ചു.

അപ്പോള്‍ അച്ഛന്‍ പറഞ്ഞു ‘ നിങ്ങള്‍ ഈ പാട്ട് കേട്ടിട്ടുണ്ടാകും, പക്ഷെ ഞങ്ങള്ക്ക് ഇത് ഒരു പാട്ട് മാത്രം ആയിരുന്നില്ല ഒരു നാട് മുഴുവന്‍ ആസ്വദിച്ചിരുന്ന നാടിന്റെ മുഴുവന്‍ പാട്ടായിരുന്നു.’
‘അതേതപ്പാ’ വിനോദായിരുന്നു വെടി പൊട്ടിച്ചത്.

എല്ലാവരും അവനെ ദേഷ്യത്തോടെ നോക്കി. അച്ഛന്‍ അവനെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു .. അല്ല പാടി .. പുല്ലാങ്കുഴല്‍ ഇല്ലാതെ .. ഒരു നാടന്‍ പാട്ടിന്റെ ഈണത്തില്‍ .. എല്ലാവര്ക്കും അറിയുന്ന ആ സിനിമ പാട്ട്

കുന്നത്തൊരു കാവുണ്ട്,
കാവിനടുത്തൊരു മരമുണ്ട്,
മരത്തില്‍ നിറയെ പൂവുണ്ട്
പൂവറുക്കാന്‍ പോരുന്നോ
പൂങ്കുയിലേ പെണ്ണാളെ….
കാവിനടുത്തൊരു മരമുണ്ടോ
മരത്തില്‍ നിറയെ പൂവുണ്ടോ
പൂവറുക്കാന്‍ പോരാം ഞാന്‍
അച്ഛന്‍ കാവല് പോയാല്..
അച്ഛന്‍ കാവല് പോയാല് …

ആരിയന്‍നെല്ല് വിളഞ്ഞാല്
അച്ഛന്‍ കാവല് പോയാല്
ആരിയന്‍നെല്ല് വിളഞ്ഞാല്
അച്ഛന്‍ കാവല് പോയാല്
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളെ
പൂങ്കുയിലേ പെണ്ണാളെ …

ആരിയന്‍നെല്ല് വിളഞ്ഞാല്
അച്ഛന്‍ കാവല് പോയാല്
ആരിയന്‍നെല്ല് വിളഞ്ഞാല്
അച്ഛന്‍ കാവല് പോയാല്
ആടിപ്പാടാന്‍ പോരാം ഞാന്‍
അമ്മ വിരുന്നിനു പോയാല്
അമ്മ വിരുന്നിനു പോയാല് ..

അക്കരെ നാത്തൂന്‍ വന്നാല്
അമ്മ വിരുന്നിനും പോയാലും
അക്കരെ നാത്തൂന്‍ വന്നാല്
അമ്മ വിരുന്നിനും പോയാലും
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളെ
പൂങ്കുയിലേ പെണ്ണാളെ …

അക്കരെ നാത്തൂന്‍ വന്നോട്ടേ
അമ്മ വിരുന്നും പൊയ്‌ക്കോട്ടേ
അക്കരെ നാത്തൂന്‍ വന്നോട്ടേ
അമ്മ വിരുന്നും പൊയ്‌ക്കോട്ടേ
ആടിപ്പാടാന്‍ പോരാം ഞാന്‍
പൂമയിലെ പോന്നാരെ
പൂമയിലെ പോന്നാരെ…

കുന്നത്തൊരു കാവുണ്ട്,
കാവിനടുത്തൊരു മരമുണ്ട്,
മരത്തില്‍ നിറയെ പൂവുണ്ട്
പൂവറുക്കാന്‍ പോരുന്നോ
പൂങ്കുയിലേ പെണ്ണാളെ.