Share The Article

ഒടിയൻ …
മലയാളത്തിലെ ഏറ്റവും ഹൈപ്പിൽ വന്ന സിനിമകളിലൊന്ന്.മോഹൻലാൽ ഫാൻസിനെ പ്രതീക്ഷകളുടെ കൊടുമുടിയിൽ എത്തിക്കുന്ന വിധത്തിലുള്ള സംവിധായകന്റെ അവകാശ വാദങ്ങളും മോഹൻലാൽ, പ്രകാശ് രാജ് , മഞ്ജു വാര്യർ എന്നീ വില കൂടിയ താരങ്ങളുടെ സാന്നിധ്യവുമാകാം ഒരു പക്ഷേ ഒടിയൻ പ്രതീക്ഷകളെ ഇത്രത്തോളം ഉയർത്തിയത് .

ഒടിയൻ എന്ന concept നെ കുറിച്ച് പണ്ട് മുതലേ ഒരുപാട് കേട്ടിട്ടുണ്ട് . ഈ സിനിമയുടെ തുടക്കത്തിൽ മമ്മുക്കയുടെ ശബ്ദത്തിലുള്ള വിവരണവും മോഹന്ലാലിന്റെ ഇൻട്രോയും കണ്ടപ്പോൾ ഓടിയൻ എന്ന കഥാപാത്രത്തിൽ നിന്നും നമ്മൾ ഒരുപാട് പ്രതീക്ഷിച്ചു പോകും .പക്ഷെ കണ്ടു മടുത്ത ഒരു പ്രതികാര കഥയിൽ ചുമ്മാ ഒടിയൻ എന്ന കഥാപാത്രത്തെ കുത്തിക്കയറ്റിയതായിട്ടാണ് പിന്നീട് തോന്നിയത് …
തേങ്കുറിശ്ശി എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഒടിയന്റേത്. ഓടിയൻ മാണിക്യൻ എന്ന വ്യക്തി ഒടി വിദ്യകൾ കാണിച്ച് ആളുകളെ ഭയപ്പെടുത്തുന്ന ഒരാളാണ്. മൃഗങ്ങളുടെയൊക്കെ രൂപത്തിലാണ് മാണിക്യൻ ആളുകളെ ഭയപ്പെടുത്തുക. എന്നാൽ എങ്ങനെയാണ് ഇയാൾക്ക് ഇത്രേം മൃഗങ്ങളുടെ രൂപമെടുക്കുവാൻ കഴിയുന്നതെന്നൊന്നും ആരും ചോദിക്കരുത്. കാരണം പടം ഫാന്റസിയാണല്ലോ …
ഒരു ഗാനരംഗത്തിൽ ഒടിയൻ മാനിന്റെ രൂപത്തിലൊക്കെ വരുന്നുണ്ട്. തമാശകൾ ഇല്ലാത്ത ഈ സിനിമയിൽ ആ രംഗം ഒരു ആശ്വാസമായിരുന്നു….

കരിമ്പൻ നായർ എന്ന( ആളുകൾ വിളിക്കുന്ന പേരാണ് ) നെഗറ്റീവ് കഥാപാത്രതേയാണ് പ്രകാശ് രാജ് അവതരിപ്പിചിരിക്കുന്നത്. ഇത്തരം എത്രയോ വേഷങ്ങൾ മികവുറ്റതാക്കിയ പ്രകാശ് രാജിന് ഈ തവണ ഇഞ്ചി കടിച്ച പോലുള്ള ഭാവവും തുറിച്ചുനോട്ടവുമായി ഒതുങ്ങേണ്ടി വന്നതായി തോന്നി.പുതുമയുള്ള കഥാപാത്രമൊന്നുമല്ലെങ്കിലും മഞ്ജുവും ഉള്ള റോൾ ഭംഗിയാക്കി .
ചായക്കടയിൽ നിന്നുള്ള ഒരു സംഘടന രംഗം മാത്രമാണ് മാസ്സ് സീനുകളിൽ മികച്ചതായി തോന്നിയത് . അവസാനത്തെ സംഘട്ടന രംഗമൊക്കെ ഒന്നും മനസ്സിലാകാത്ത തരത്തിലുള്ളതായിരുന്നു. തീയും പുകയും എങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു വേണേൽ ഒരു മിസൈൽ കൂടി ആകാമായിരുന്നു എന്ന് തോന്നി .

ഉറക്കം നഷ്ടപ്പെടുത്തി സിനിമ കാണുന്ന എനിക്ക് ഉറക്കം വരാതിരിക്കാനെന്നോണം “ഓ.. ഒടിയൻ ” എന്ന മ്യൂസിക്ക് പശ്ചാത്തലത്തിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു.
ഒരു രംഗത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായ ശ്രീ ആന്റണി പെരുമ്പാവൂർ വെറുതെ വന്നിട്ട് മോഹൻലാലിൻറെ കഥാപാത്രത്തെ പുകഴ്ത്തി പറഞ്ഞു പോകുന്നുണ്ട് . അല്ലെങ്കിലേ മൂന്ന് മണിക്കൂറോളമുള്ള ഈ സിനിമയിൽ ഇത്തരം ഒരു രംഗത്തിന് സമയം കണ്ടെത്തിയ സംവിധായകനെ അഭിനന്ദിക്കുന്നു …(അല്ലാതെ എന്ത് ചെയ്യാനാ ) …

സിനിമയിലെ ഏറ്റവും വലിയ പ്ലസ് പോയന്റ് മോഹൻലാലാണ് . അദ്ദേഹതിന്റെ സാന്നിധ്യമാണ് സിനിമയുടെ ഏറ്റവും മികച്ച ഘടകം. ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം നന്നായി മെലിയുകയും നല്ല മെയ് വഴക്കം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് . മോഹൻലാലിന്റെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു .

ശ്രീകുമാർ മേനോൻ ഇനി കുറച്ചു ദിവസം ഒടിയനെപ്പോലെ ഇരുട്ടത്ത് കമ്പിളി പുതച്ച് നടക്കുന്നത് നന്നായിരിക്കും .അല്ലെങ്കിൽ മോഹൻലാൽ ഫാൻസിന്റെ കണ്ണിൽ പെടാൻ സാധ്യതയുണ്ട്.

പിന്നെ , ഏറ്റവും അവസാനം വരുന്ന ഒരു ഗാനരംഗം തീയേറ്ററുകാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമാണ് . കാരണം , ക്ലൈമാക്സ് വരെ സിനിമ കണ്ട് പിടിച്ചു നിന്ന ധീരന്മാരെ ഉടൻ തന്നെ തീയേറ്ററിൽ നിന്ന് ഓടിക്കാൻ അത് ഉപകരിക്കുന്നുണ്ട് ….

റേറ്റിംഗ് : സോറി … ഇവിടെ റേറ്റിംഗ് ഒന്നും ഇല്ല . ഫുൾ കോടികളുടെ കളിയാണ് . ഞാൻ കൊടുത്ത തീയേറ്ററിലെ പാർക്കിംഗ് ഫീസും പിന്നെ ഇന്റർവെല്ലിന് കഴിച്ച പഫ്‌സും കൂടി ചേർത്താൽ ബാഹുബലി റെക്കോർഡ് വെട്ടിക്കാനുള്ള കളക്ഷൻ കിട്ടുമായിരിക്കും ….

  • 10
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.