0 Shares 279 Views

ഒന്നൊള്ളോങ്കില്‍ ഉലക്ക കൊണ്ട് തല്ലി വളര്‍ത്തണം …!

old_age_study_by_laurenryx2-d4vpupk

ഒന്നോ ഉള്ളെങ്കില്‍ അതിനെ ഉലക്ക കൊണ്ട് തല്ലി വളര്‍ത്തണം …!

അതൊക്കെ പണ്ട് മാഷേ …, ഇപ്പൊ പിള്ളേരെ തല്ലിയാ വിവരമറിയും

ഈ അമേരിക്കയിലും മറ്റും ഭയങ്കര പുലിവാല് പിടിച്ച പണിയാ ഇത് ..അപ്പനും അമ്മയും ആണെന്ന് പറഞ്ഞിട്ടൊന്നും യാതൊരു കാര്യവുമില്ല …!

പിള്ളേരെ തല്ലിന്നും പറഞ്ഞ് പോലിസ് സ്റ്റേഷനിലേക്ക് ഒന്ന് ഫോണ്‍ ചെയ്താല്‍ മതി …അടുത്ത നിമിഷം തല്ലിയോന്‍ അകത്തു കിടക്കും …!

എന്തിനാ .. ഏതിനാ .., തല്ലിയെന്നുള്ള ചോദ്യം പോലും ഉണ്ടാവില്ല …!
ഏത് അപ്പനായാലും .., അമ്മാവനായാലും .., !

ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ ആത്രെ….!

ഹോ ..,ഭയങ്കര കഷ്ട്ടം തന്നെ .., വെറുതെയല്ല അവിടെ കൌമാരക്കാര്‍ ചെയ്യുന്ന കുറ്റ കൃത്യങ്ങള്‍ ഏറുന്നത് …!

സ്‌കൂളില്‍ കയറി തന്റെ സഹപാഠികളെ വെടിവെച്ചു കൊന്നു എന്നൊക്കെ നാം വായിക്കുന്നതല്ലേ …?

ഈ ലോകത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണാവോ …?

തുമ്പിയെ പിടിച്ചും …, കളിച്ചും നടക്കണ്ട പ്രായത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓര്‍ക്കണം ….!

നാളത്തെ അവന്റെ ഭാവി എന്താണ് ….?, ഒരു പക്കാ ക്രിമിനല്‍ …!

ഇത്ര ചെറുപ്പത്തിലെ ..,ഈ ക്രിമിനല്‍ വാസനകള്‍ എങ്ങിനെ കുഞ്ഞു മനസ്സുകളെ പതറിക്കുന്നു …!

ഒന്നുമില്ല .., സുഹ്രത്തേ ….., വീടാണ് ആദ്യ കളരി .., ആ കളരിയില്‍ കിട്ടണ ശിക്ഷണം പോലെ ഇരിക്കും ….!

അപ്പനും അമ്മയും ആദ്യ റോള്‍ മോഡലുകളും …!

ആശാനൊന്ന് പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യനെന്നു കേട്ടിട്ടില്ലേ ..!

അപ്പൊ ….ഇവിടെ അപ്പനും അമ്മയും ഒന്നു മല്ലല്ലോ കുറ്റക്കാര്‍ …!
ഒരു കണക്കിന് നിയമത്തിന്റെ പാളിച്ചകളല്ലേ അത് ….!

നിയമത്തിന്റെ പാളിച്ചകള്‍ തന്നെയാണത് …, പക്ഷേ ഏതു കാര്യത്തിനും ചില പാളിച്ചകള്‍ ഉണ്ടാകും …!,

മനുഷ്യര് തന്നെയല്ലേ .., ഈ നിയമസംഹിതകള്‍ എല്ലാം എഴുതിയുണ്ടാക്കുന്നത് …! അപ്പോള്‍ അതില്‍ പാളിച്ചകള്‍ ഉണ്ടാവുക തന്നെ ചെയ്യും …!

അല്ലെങ്കില്‍ ലോകം ഒട്ടുക്കും .., ഒരേ നിയമ സംഹിതകള്‍ തന്നെ പോരേ …?

ഒരു വസ്തുവിനെ .., വ്യത്യസ്ഥരായ ആളുകള്‍ വ്യത്യസ്ഥമായ രീതികളില്‍ ആണല്ലോ കാണുന്നത് …!

ഇപ്പോ ഞാന്‍ കണക്കുകൂട്ടുന്നത് പോലെയല്ലല്ലോ .., താന്‍ കണക്ക് കൂട്ടുന്നത് …!

അത് തന്നെ അതിലെ യുക്തി …!

അപ്പോള്‍ ഉണ്ടാക്കുന്നവനിലെ .., യുക്തിക്കാണ് പ്രാമുഖ്യം ….!

അത് ഓരോ രാജ്യങ്ങളിലെ .., സാംസ്‌കാരിക രീതികള്‍ക്കനുസരിച്ചും .., ജീവിത രീതികള്‍ക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും …!

അതെങ്ങനെ വ്യത്യാസപ്പെടും .., ലോകത്ത് എല്ലായിടത്തും മനുഷ്യര്‍ ഒരു പോലെയല്ലേ …?

മനുഷ്യരുടെ ആകൃതികള്‍ ഒക്കെ ഏകദേശം ഒരു പോലെ തന്നെ .., പക്ഷേ ചിന്തകള്‍ വ്യത്യസ്ഥങ്ങള്‍ ആയിരിക്കുമല്ലോ ..!

ഇവിടെ അങ്ങിനത്തെ വല്ല എടാകൂടങ്ങളും ഉണ്ടോ …?

അമേരിക്കയിലേത് പോലെ അത്രയൊന്നും ഇല്ലെങ്കിലും ഇല്ലാതില്ല …

പിന്നെ നമ്മുടെ സംസ്‌കാരവും .., ജീവിത രീതികളും .., അമേരിക്കയില്‍ നിന്നും വ്യത്യസ്ഥമാണല്ലോ …!

കുറച്ചു നാളുകള്‍ക്ക് മുന്‍പ് .., തമിഴ് നാട്ടില്‍ ഒരു കുട്ടി അവന്റെ സഹപാഠിയെ ക്ലാസ്സില്‍ കയറി വെട്ടികൊന്നത് താനും വായിച്ചതല്ലേ …!

അങ്ങിനെയുള്ള സംഭവങ്ങള്‍ ഇവിടേയും ഉണ്ട് …!

ഓ .., കേട്ടിട്ട് തന്നെ പേടിയാകുന്നു …!

പേടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല ..,

കലികാലം …, കാലം കലിതുള്ളുമ്പോള്‍ ഇതും .., ഇതിലപ്പുറവും കാണുകയും കേള്‍ക്കുകയും വേണം …!

പക്ഷേ കാലത്തിന്റെ മാറാപ്പിലേക്ക് വിധിയെന്ന പേരു ചാര്‍ത്തി കൈകഴുകാന്‍ ഒരു ഉത്തമ സമൂഹത്തിന് ആകുമോ …?

അതാ പറഞ്ഞത് .., നല്ല ശിക്ഷണങ്ങള്‍ വീട്ടില്‍ നിന്നേ കൊടക്കണമെന്ന് .., അടിയെങ്കില്‍ നല്ല ചുട്ട അടി ….!

കുട്ടികളെ നേര്‍വഴിക്കു നടത്തുന്നതിന് ഒരു സാംസ്‌കാരിക ശൈലികളും .., ജീവിത രീതികളും .., നിയമ സംഹിതകളും ഒന്നും തന്നെ തടസ്സം നില്‍ക്കരുത് …!

അവരെ നേര്‍വഴിക്ക് നടത്തേണ്ടത് .., മാതാപിതാക്കളുടെ കടമയാണ് .., ഉത്തരവാദിത്വവും …, സാമൂഹിക ബോധവും ഉള്ള ഒരു നല്ല യുവ തലമുറയെ വാര്‍ത്തെടുക്കണമെങ്കില്‍ ഇത്തരത്തിലുള്ള ശിക്ഷാ നടപടികള്‍ അനിവാര്യം തന്നെയാണ് …!

തങ്ങളുടെ മക്കള്‍ ഭാവിയിലെ ക്രിമിനലുകള്‍ ആകണമെന്ന് ആരും ആഗ്രഹിക്കാറില്ലല്ലോ …!

അതല്ല മാഷേ .., കുട്ടികളെ അടിക്കാതെ തന്നെ ..,ശാസ്ത്രീയമായ രീതിയില്‍ അവരെ പറഞ്ഞു മനസ്സിലാക്കണമെത്രെ …!

അങ്ങിനെയെങ്കില്‍ .., പിന്നെ നമ്മുടെ നാട്ടില്‍ ജയിലുകളുടെയൊന്നും ആവശ്യമില്ലല്ലോ …?, അവരേയും ശാസ്ത്രീയമായ രീതിയില്‍ പറഞ്ഞു മനസ്സിലാക്കിയാല്‍ പോരേ …!

കാരണം മുതിര്‍ന്നവര്‍ക്ക് .., അവരുടെ തെറ്റുകള്‍ മനസ്സിലാക്കാനും .., തിരുത്താനും ഇതുപോലത്തെ കടുത്ത ശിക്ഷാ നടപടികള്‍ വേണമെങ്കില്‍ .., കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ നിന്നും അനുയോജ്യമായ ശിക്ഷാ നടപടികള്‍ നല്‍കി വരുന്നത് അവരുടെ ഭാവിക്കും .., കുടുംബത്തിനും .., സമൂഹത്തിനും തന്നെയാണ് ഗുണകരമായിത്തീരുക …!

പക്ഷേ മുതിര്‍ന്നവര്‍ തെറ്റു ചെയ്യുന്നത് .., അത് തെറ്റു തന്നെയാണ് .., എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയല്ലേ …?, അപ്പോള്‍ അവര്‍ക്ക് കടുത്ത ശിക്ഷകള്‍ അനിവാര്യം തന്നെയല്ലേ …?

അതേ .., മുതിര്‍ന്നവര്‍ തെറ്റു ചെയ്യുന്നത് .., അത് തെറ്റു തന്നെയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ..!, അതില്‍ അവര്‍ക്ക് കടുത്ത ശിക്ഷകള്‍ അനിവാര്യം തന്നെയാണ് ..!

പക്ഷേ ആ ഒരു കുറ്റകൃത്യ വാസന എങ്ങിനെ അവരുടെ ഉള്ളില്‍ കടന്നു ..,കൂടി നല്ല ശിക്ഷണത്തില്‍ വളര്‍ന്ന ഒരു കുട്ടിയും .., വളര്‍ന്നുവരുമ്പോള്‍ .., ഒരു സാമൂഹ്യതെറ്റ് ആവുകയില്ല …!

അതാണ് ശിക്ഷണ നടപടികള്‍ വീട്ടില്‍നിന്നും നല്‍കിയാല്‍ .., അവന്‍ ഒരു സാമൂഹ്യ വിപത്തായി ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരില്ല എന്ന് അടിവരയിട്ട് പറയുന്നത് …!

കാരണം തെറ്റ് ചെയ്ത ഒരു കുട്ടിയോട് .., നമ്മള്‍ ശാസ്ത്രീയമായ രീതിയില്‍ കൂടി അത് തെറ്റ് തന്നെയാണ് എന്ന് ആ കുട്ടിയെ മനസ്സിലാക്കികൊടുക്കുകയാണെങ്കില്‍ കൂടിയും .., ആ തെറ്റിന്റെ ആഴം .., ആ മനസ്സിലേക്ക് അത്രത്തോളം വേരൂന്നണമെന്നില്ല ..!

തെറ്റ് ചെയ്ത ഒരു കുട്ടിയോട് .., ആ ചെയ്ത തെറ്റ് തെറ്റാണെന്നും .., അത് പോലത്തെ തെറ്റുകള്‍ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും .., സമൂഹം അവരെ പൊട്ട രീതിയില്‍ നോക്കിക്കാണുമെന്നും .., ഒറ്റപ്പെടുത്തുമെന്നും …!, ജയില്‍ .., പോലിസ് .., തുടങ്ങി മറ്റു പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നുംമൊക്കെ ത്തന്നെയാണ് ശാസ്ത്രീയമായി വിശദീകരിക്കാനാകൂ ..!

എന്നാല്‍ മുതിര്‍ന്ന ഒരാള്‍ അതിന്റെ ഗൌരവം ഉള്‍ക്കൊണ്ട് പറയുന്ന ഈ കാര്യങ്ങള്‍ ….ഒരു കൗമാര ബുദ്ധി എത്രത്തോളം മുഖവിലക്കെടുക്കുമെന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ് ..!

കാരണം നമ്മുടെ ഗൌരവ ബുദ്ധി അവര്‍ക്കില്ല .., അവര്‍ അതിനെ നിസ്സാരവല്‍ക്കരിക്കുന്നു ..!

ഞാനീ തെറ്റു ചെയ്തീട്ടും .., ഉപദേശം മാത്രമേയുള്ളൂ .., ഇതില്‍ കൂടുതല്‍ എന്ത് വരാനാണ് …?എന്നുള്ള ഒരു ധൈര്യം അവരുടെ ഉള്ളില്‍ ഉടലെടുക്കുന്നു .

അതുപോലെ ഇന്ന് അദ്ധ്യാപകന്‍ ഒരു കുട്ടിയെ അടിച്ചു എന്ന് പറഞ്ഞാല്‍ തന്നെ പുകിലാണ് …!

ഒരു കുട്ടി തെറ്റു ചെയ്താല്‍ അത് തിരുത്തുവാനുള്ള അധികാരവും അവകാശവും ഒരു അധ്യാപകനില്‍ നിഷിപ്തം തന്നെയാണ് ..!

കാടത്തമായ രീതിയില്‍ ചിലര്‍ പെരുമാറുന്നുണ്ട് എന്നുള്ളത് സത്യം തന്നെ .., അത് പോലെ തന്നെ ചില മാതാ പിതാക്കളും .., പക്ഷേ അതെല്ലാം വെറും വിരലില്‍ എണ്ണാവുന്നത് മാത്രം …, ആ കണ്ണുകള്‍ കൊണ്ട് എല്ലാവരേയും അളക്കരുത് …!

എന്നും പഠിക്കാതെ വരുന്ന കുട്ടിക്ക് ..,, എന്നും ഉപദേശം മാത്രം നല്‍കിയാല്‍ .., അവന്റെയുള്ളിലെ ഭീതി മാറുന്നു .., എന്നാല്‍ രണ്ട് ചുട്ട പെട കൊടുത്താലോ .., ആ ഭീതിയില്‍ അവന്‍ തീര്‍ച്ചയായും നാളേക്ക് പഠിച്ചിട്ടു വരാന്‍ തന്നെ ശ്രമിക്കും ..!

എന്റെ അഭിപ്രായത്തില്‍ .., അടിച്ചു പഴിപ്പിക്കുന്നതിനു തന്നെയേ തിളക്കം കൂടുകയുള്ളൂ ..!

സ്വന്തം മകനെയോ .., മകളെയോ .., നേരെയാക്കാന്‍ തല്ലിയതിന്റെ പേരില്‍ ഒരു മാതാവോ പിതാവോ കോടതി കയറുകയെന്നു വെച്ചാല്‍ ….? ഒരു അദ്ധ്യാപകന്‍ കയറിയാല്‍ …?

അപ്പോള്‍ ആ മനസ്സിലെ നാളത്തെ ചിന്ത എന്തായിരിക്കും ..?

നീ എങ്ങിനെയെങ്കിലും ആയിക്കോടാ .., എനിക്കൊന്നുമില്ല .., ഇത് നാളത്തെ ഒരു കൂട്ടം നിരുത്തരവാദികളും .., പോക്കിരികളും .., അലസന്‍മാരുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാമെന്നല്ലാതെ .., ഈ നിയമങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതാകുന്നു ..!

പോയി .., പോയി ..,സ്‌കൂളില്‍ ഒന്ന് തല്ലിയാല്‍ പോലും .., ഹര്‍ത്താലാക്കിയാലോ എന്ന് ചോദിക്കുന്ന കുട്ടികള്‍ വരെയായി നമ്മുടെ നാട്ടില്‍ …!

അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ …?, ഒന്ന് തുമ്മിയാല്‍ പോലും ഹര്‍ത്താല്‍ ആഘോഷിക്കുന്ന നാട്ടില്‍ ഇതിലപ്പുറവും നടക്കും …!

ഇതൊക്കെ പറഞ്ഞാല്‍ പറയുന്നവര്‍ ഒറ്റപ്പെടുകയേ ഉള്ളൂ …!

ഒറ്റപ്പെട്ട ശബ്ദങ്ങളിലൂടയേ … ചരിത്രങ്ങള്‍ മാറ്റപ്പെട്ടിട്ടുള്ളൂ …, സുഹൃത്തേ …!

ഒരു കാര്യമോര്‍ത്ത് നമുക്ക് അല്‍പം ആശ്വസിക്കാം .., ഈ കാര്യത്തില്‍ നമ്മുടെ നിയമവ്യവസ്ഥ ഇത്രയും കാര്‍ക്കശ്യം കാണിക്കുന്നില്ലെന്നത് …!

കാരണം ഒരു മകനോ .., മകളോ .., നന്നായി വളരേണ്ടത് ..,ഏത് മാതാപിതാക്കളുടേയും ..,ആഗ്രഹവും ..,അഭിമാനവുമാണ് …!, അതിനേക്കാള്‍ മേലെ ഉത്തരവാധിത്വവും .., നാളെ അവര്‍ സാമൂഹ്യ ദ്രോഹികളായി കോടതികള്‍ക്ക് മുന്നില്‍ …, തലകുനിച്ചു നില്‍ക്കാന്‍ ഇടവരാതിരിക്കുവാന്‍ …, ചെറിയ .., ചെറിയ ശിക്ഷാ നടപടികളിലൂടെ അവരുടെ ബാല്യത്തില്‍ തന്നെ അവരെ നേര്‍വഴിക്ക് നയിക്കുകയാണ് വേണ്ടത് …!

അതിന്റെ പേരില്‍ ഒരു മാതാപിതാക്കളും .., അദ്ധ്യാപകരും കോടതികള്‍ കയറിയിറങ്ങാന്‍ ഇടവരാതിരിക്കട്ടെ ..!

ഒരു ചെറിയ കഥ ഓര്‍മ്മ വരുന്നു …!

തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഒരു മകന്റെ അവസാന ആഗ്രഹം .., അമ്മയെ ഒന്ന് കാണണമെന്നായിരുന്നു …!

അമ്മയെ കണ്ട മകന്‍ പറഞ്ഞു …!

അമ്മേ .., ചെറുപ്പത്തില്‍ ഞാനൊരു മൊട്ടു സൂചി കൊണ്ട് വന്നപ്പോള്‍ .., അത് എവിടന്നാണ് നിനക്ക് കിട്ടിയത് എന്ന് ചോദിച്ചു അമ്മയെന്നെ തല്ലിയിരുന്നെങ്കില്‍ .., ഇന്ന് ഞാനീ നിലയില്‍ എത്തുമായിരുന്നില്ല …!

ഒന്നിനെ മാത്രമല്ല .., പത്തുണ്ടെങ്കിലും ഉലക്കകൊണ്ട് തല്ലി തന്നെയാണ് വളര്‍ത്തേണ്ടത് …!

Write Your Valuable Comments Below