ഒമ്പത് മേഖലകളില്‍ കൂടി നിതാഖത്ത് ; പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

nitaqat-1
സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ ഏപ്രില്‍ ഇരുപതുമുതല്‍ പുതുതായി ഒന്‍പത് മേഖലകളില്‍കൂടി നിതാഖാത്ത് ഏര്‍പ്പെടുത്തും. ഇരു ഹറമുകളിലെയും നിര്‍മാണജോലികള്‍, വികലാംഗപരിചരണ കേന്ദ്രങ്ങള്‍, ശിശുപരിചരണ കേന്ദ്രങ്ങള്‍, സ്ത്രീകള്‍ക്കുള്ള സേവനങ്ങള്‍ഉല്‍പ്പന്നങ്ങള്‍, ഗ്യാസ് കടകള്‍, തന്ത്രപര പങ്കാളിത്തമുള്ള സ്ഥാപനങ്ങള്‍, ആരോഗ്യകോളേജുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ലേഡീസ് ടെയ്‌ലറിങ് ഷോപ്പുകള്‍, ഹോസ്പിറ്റാലിറ്റിഹോട്ടലുകള്‍, ഹജ്ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളാണ് ഉള്‍പ്പെടുത്തിയത്.

2015 ഏപ്രില്‍ 20 മുതല്‍ നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും സ്വദേശിവല്‍ക്കരണത്തിന്റെ ശതമാനം വര്‍ധിപ്പിക്കുമെന്നും നവംബര്‍ ഒന്നിന് തൊഴില്‍മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. നിലവില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കാത്തതോ മറ്റു ബിസിനസ്, പ്രവര്‍ത്തനമേഖലകള്‍ക്കുകീഴില്‍ വരുന്നതോ ആണ് പുതുതായി ചേര്‍ത്തവ. ഇരു ഹറമുകളിലെയും നിര്‍മാണ കരാര്‍ മേഖലയിലുള്ള സ്ഥാപനങ്ങള്‍ പ്ലാറ്റിനം വിഭാഗത്തിലാകുന്നതിന് 71 ശതമാനവും സൗദിവല്‍ക്കരണം പാലിക്കേണ്ടിവരും. ഈ മേഖലയിലെ ചെറുകിട, ഇടത്തരം, വന്‍കിട, ഏറ്റവും വലിയ കമ്പനികള്‍ക്കെല്ലാം ഒരേ തോത് ബാധകമാണ്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് മൂന്നുവര്‍ഷം മുന്‍പാണ് നിതാഖാത്ത് പ്രഖ്യാപിച്ചത്. ഒന്‍പത് തൊഴില്‍മേഖലകള്‍കൂടി ചേരുന്നതോടെ നിതാഖാത്ത് പരിധിയില്‍ പെടുന്ന തൊഴില്‍വിഭാഗങ്ങള്‍ 58 ആയി.