ഒരു ‘ഓര്‍ഡിനറി’ വെക്കേഷന് പറ്റിയ സ്ഥലം, ഗവി !

new

പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്.

മലയാളികള്‍ ഗവിയെ അറിഞ്ഞത് ‘ഓര്‍ഡിനറി’ എന്നാ സൂപ്പര്‍ ഹിറ്റ്‌ മലയാളം ചിത്രത്തിലൂടെയാണ്.

ഇടുക്കി ജില്ലയിലെ കുമളിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായാണ് ഗവി സ്ഥിതി ചെയ്യുന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് 28 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഗവിയില്‍ എത്തിച്ചേരാം.
പത്തനംതിട്ടയില്‍ നിന്ന് ജീപ്പ് മാര്‍ഗവും ഗവിയില്‍ എത്തിച്ചേരാം.

വണ്ടിപ്പെരിയാര്‍ ടൗണ്‍ കഴിഞ്ഞ് അടുത്ത ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ എത്തിച്ചേരും. ഇവിടെ സന്ദര്‍ശകരുടെ വിവരങ്ങള്‍ നല്‍കി ഗവിയിലേക്കുള്ള യാത്ര തുടങ്ങാം.

വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാംപിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ ഇവിടെ നടത്തുന്നുണ്ട്. നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഗവിയിലെ പ്രധാന കാഴ്ചകള്‍ അവിടുത്തെ വന്യജീവികള്‍ തന്നെയാണ്. ആനകളുടെ വിഹാര കേന്ദ്രമാണ് ഗവി.

കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 900 രൂപമുതല്‍ 1750 രൂപവരെയാണ് ഇവിടെ നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരെ മാത്രമേ ഇവിടെ തങ്ങാന്‍ അനുവദിക്കുകയുള്ളൂ. വര്‍ഷത്തില്‍ ഏത് സമയവും യാത്ര ചെയ്യാന്‍ പറ്റുന്ന കാലവസ്തയാണ് ഗവിയിലേത്.

പത്തനംതിട്ടയില്‍നിന്നു ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആര്‍.ടി.സി ബസ്സ് സര്‍വ്വീസുണ്ട്. രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് ഈ സര്‍വ്വീസുകള്‍.

 

Write Your Valuable Comments Below