Share The Article

IMG_1259‘എന്താ ഇക്കാക്ക ഉറക്കം വരുന്നില്ലേ? എന്നേം മക്കളെയും വിട്ടു നിക്കണതിലുള്ള സങ്കടംണ്ടെന്നറിയാം എന്ത് ചെയ്യാം എല്ലാ സൌഭാഗ്യങ്ങളും പടച്ചോന്‍ ഒന്നിച്ചു തരില്ലല്ലോ ? ഇങ്ങള് പോയിട്ട് വേഗം വന്നാല്‍ മതി’.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത് അവളെയും മക്കളെയും പിരിഞ്ഞിരിക്കുന്നതിലുള്ള വിഷമം കൊണ്ടാണന്നാവും ആ പാവം വിചാരിച്ചത് , പിറ്റേന്ന് നടക്കുന്ന ബ്ലോഗര്‍ ഓഫ് ദി വീക്കില്‍ പങ്കെടുക്കുന്ന ടെന്‍ഷനാനെണന്ന് എനിക്കെല്ലേ അറിയൂ. അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഷൂട്ടിംഗ് ഓര്‍ത്ത് ഇരിക്കാനും വയ്യ കിടക്കാനും വയ്യ, എന്നാലും എന്താകും റിയാസിനു എന്നോട്‌ചോദിക്കാനുണ്ടാവുക?. സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ കിടുകിടെ വിറച്ചു മൈക്ക് താഴെ പോവുമോ?

വടക്ക് നോക്കി യന്ത്രം സിനിമയിലെ ശ്രീനിവാസനെപ്പോലെ ഞാന്‍ ഡയലോഗ് പഠിക്കാന്‍ തുടങ്ങി. ‘പ്രേക്ഷകരെ ഞാനൊരു കലാകാരനാണ്, ചിത്രകാരനാണ്,നന്നായി ബ്ലോഗെഴുതുകയും പാടുകയും ചെയ്യും, പക്ഷെ ഇപ്പോള്‍ പാടുന്നില്ല, ഞാന്‍ പാടിയിട്ട് നിങ്ങളുടെയൊക്കെ ഉറക്കം കെടുത്തുന്നത് ശരിയല്ലല്ലോ.’

‘എന്താ പടച്ചോനെ ന്റെ ഇക്കാക്കക്ക് പറ്റിയത് ? ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യനാ നാളെ കഴിഞ്ഞു ഗള്‍ഫില്‍ക്ക് തന്നെ തിരിച്ചു പോവാനുള്ളതാണല്ലോ എല്ലാം കൈവിട്ടോ റബ്ബേ’, അവളുടെ നെടുവീര്‍പ്പ് അട്ടഹാസമായപ്പോഴാണ് സ്വബോധം തിരിച്ചു വന്നത്. ലെഫ്റ്റും റൈറ്റും യു ടേണ്‍ അടിച്ചും എങ്ങിനെയോ നേരം വെളുപ്പിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ ബാര്‍ബര്‍ മൂസ്സകുട്ടി യുടെ കടയിലെത്തി കറങ്ങുന്ന കസേരയിലിരുന്നു ഞാന്‍ പറഞ്ഞു.

‘മൂസൂട്ടി സമയം എത്ര എടുത്താലും വേണ്ടിയില്ല പൈസയും പ്രശനമില്ല സംഗതി നീ എന്നെയൊരു സുന്ദരനാക്കണം!. പഴയ വി എം കുട്ടി പാട്ടിനു കത്രിക കൊണ്ട് താളമിട്ട് തലമുടിയില്‍ താജ്മഹല്‍ പണിതുകൊണ്ടിരിക്കുമ്പോള്‍ മൂസ്സൂട്ടി എന്നെയൊരു നോട്ടം. ഇത് ഞാന്‍ തന്നെയല്ലേ എന്ന് ഉറപ്പു വരുത്താനാവും.

‘എന്താടാ വല്ല പെണ്ണും കാണാന്‍ പോകുണ്ടോ ജ്ജി’ ?

‘ഒന്നിനെ തന്നെ മേച്ച് നടക്കാന്‍ പറ്റണില്ല അപ്പോഴാ അന്റെ രണ്ടാം കെട്ട് ഇത് അതൊന്നും അല്ല സംഗതി വേറെയാ ‘.
താടിയിലും തലമുടിയിലുമുള്ള കലാപരിപാടികള്‍ കഴിഞ്ഞപ്പോള്‍ അവിടെ നിന്നും വീട്ടിലെത്തി കുളിച്ചു പൌഡറിട്ട് കണ്ണാടിയായ കണ്ണാടിയിലൊക്കെ വിവിധ ആംഗിളില്‍ പോസ്സ് ചെയ്തു സ്‌പ്രേ പൂശുമ്പോള്‍ അവളുടെ വക പിന്നെയും ഡയലോഗ്

‘ഇന്നെ പെണ്ണ് കാണാന്‍ വന്നപ്പംപോലും ഇങ്ങള് ഇത്ര ഒരുങ്ങി കാണില്ല, ഇതൊക്കെ കണ്ടാല്‍ തോന്നും ഇങ്ങളെ സിനിമേല്‍ ക്ക് എടുത്തന്ന്. എന്തായാലും ആ സ്‌പ്രേ തീര്‍ക്കണ്ട അതിന്റെ മണമൊന്നും ക്യാമറയില്‍ പതിയൂല ഇങ്ങള് വേഗം പോവാന്‍ നോക്കി ‘

‘അതിന്റെയൊരു കുറവാണ് ഞാനിപ്പം അനുഭവിക്കുന്നത് അസൂയക്കും കഷണ്ടിക്കും നിനക്കും മരുന്നില്ലാത്തത് കൊണ്ട് തല്‍ക്കാലം ഞാന്‍ പോയി വരാം ട്ടോ’.

രണ്ടു മണിക്ക് കോഴിക്കോട് അരയടത്തു പാലത്ത് എത്തിയപ്പോള്‍ റിയാസിനെ വിളിച്ചു നോക്കി

‘ പ്രദീപ് മാഷും സിയാഫ് ക്കയും റെയില്‍വേ സ്‌റ്റേഷനിലുണ്ട്, അവരുടെ കൂടെ വരൂ ‘

അപ്പോഴാണ് ഞാന്‍ മാത്രമല്ല വേറെയും പുലികള്‍ ഷൂട്ടിങ്ങിനുണ്ട് എന്ന് മനസ്സിലായത്. ഉടനെ പ്രദീപ് മാഷേ കുത്തിവിളിച്ചു.

‘ഹലോ ഞാന്‍ മാഷല്ല, മാഷ് വണ്ടിയോടിക്കുകയാണ് ഇത് സിയാഫ് ആണ് നീ എവിടെയാ ഫൈസല്‍ ‘
സിയാഫ് ക്കയുടെ ശബ്ദം കേട്ടപ്പോള്‍ സന്തോഷമായി. ഒത്തിരി നാളായി’കഥവണ്ടിയുടെ ഡ്രൈവറെ‘ നേരിലൊന്ന് കാണാനാഗ്രഹിക്കുന്നു.

നടക്കാവിലെത്തിയപ്പോള്‍ പ്രദീപ് മാഷ് ബൈക്കിലും പിറകില്‍ സിയാഫ്ക്കയും സ്വീകരിക്കാനിരിക്കുന്നു. ഒരു ബ്ലോഗര്‍ മറ്റൊരു ബ്ലോഗറെ ആദ്യമായി കണ്ടാല്‍ എന്തു ചെയ്യും? അതെ അത് തന്നെ കെട്ടിപ്പിടുത്തം. നട്ടുച്ച നേരത്ത് നടക്കാവിലെ ആലിംഗനം ആരൊക്കെയോ ഹിഡന്‍ ക്യാമറയില്‍ പകര്‍ത്തുന്നു എന്നതൊന്നും ശ്രദ്ധിക്കാതെ ഞങ്ങള്‍ നേരെ ദര്‍ശന ടി വി സ്റ്റുഡിയോയിലെത്തി. അവിടെ ബ്ലോഗര്‍ റിയാസ് കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ എല്ലാവരും കൂടി നാട്ടു വര്‍ത്തമാനവും ബ്ലോഗും, പോസ്റ്റിനെയും കുറിച്ചുമൊക്കെ ഗംഭീര ചര്‍ച്ചയില്‍ മുഴുകി, എന്റെ കത്തിയും സിയാഫ്ക്കയുടെ കൊടുവാളും തമ്മില്‍ ബലാബലം തീപ്പൊരി പാറിക്കുന്നതിനിടയില്‍ റിയാസിന്റെ ക്ഷമ കെട്ടു,

‘ആദ്യം ആരെയാണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചു നേരെ മേയ്ക്കപ്പ് റൂമിലേക്ക് വന്നോളൂട്ടോ’. അതും പറഞ്ഞു റിയാസ് രക്ഷപെട്ടു. അപ്പോഴാണ് പാവം പ്രദീപ് മാഷ്ന്റെ മുഖത്തേക്ക് ഞാനൊന്ന് ഇടംകണ്ണിട്ട്‌നോക്കിയത്.
‘ഞാനൊരു പാവം സ്‌കൂള്‍ മാഷാണ് എന്നെ വിടൂ എന്ന രീതിയിലാണ് മാഷിന്റെ ഇരുത്തം.

‘ആദ്യം നീ പൊയ്‌ക്കോ ഫൈസല്‍’ , സിയാഫ് ക്ക വക ഉപദേശം.അങ്ങിനെ രണ്ടും കല്‍പിച്ചു ഞാന്‍ മേയ്ക്കപ്പ് റൂമിലെത്തി.

‘ഹേ നിങ്ങളെ അധികം മെയ്ക്കപ്പ് ചെയ്യേണ്ട കാര്യമില്ല ആളൊരു സുന്ദരനല്ലേ’ ( ഇത് ആ മെയ്ക്കപ്പ് മാന്‍ എന്നോട് പറഞ്ഞതാട്ടോ സത്യം!! ) .ഷൂട്ടിങ്ങിന്റെ ആദ്യ ഘട്ടം അങ്ങിനെ അവിടെ അവസാനിച്ചു. പിന്നെ സ്റ്റുഡിയോയിലെത്തി അവിടെ റിയാസ് സ്വത സിദ്ധമായ പുഞ്ചിരിയോടെ ഒരു പിടി ചോദ്യവുമായി എന്നെ അറ്റാക്ക് ചെയ്തു. ഒരു വിധം കുഴപ്പമില്ലാതെ ഷൂട്ടിംഗ് കഴിഞ്ഞു ഞാന്‍ പുറത്തുവന്നു. അടുത്ത ഊഴം കാത്തു നില്‍ക്കുന്ന സിയാഫ് ക്കയുടെ അടുത്തെത്തി, അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. സിയാഫ്ക്കയുടെ കൈ വിറക്കുന്നു,

‘സിയാഫ് ക്ക നിങ്ങള്‍ പേടിക്കണ്ട ധൈര്യമായി ചെല്ല് ‘
‘ആര്‍ക്കാടാ പേടി? ഇത് പേടിച്ചു വിറക്കുന്നതൊന്നും അല്ല, മൊബൈല്‍ വൈബ്രേറ്റ് ചെയ്യുന്നതാണ് ‘ എന്നിട്ട് ഫോണെടുത്തു എന്റെ നേരെ നീട്ടി. പിന്നെ സിയാഫ്ക്കയും ആ മേയ്ക്കപ്പ് റൂമില്‍ കയറി.ആ സമയം ഞാനും പ്രദീപ് മാഷും പുറത്ത് നാട്ടുവര്‍ത്തമാനവും പറഞ്ഞിരിന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു ‘ ഹാവൂ അങ്ങിനെ അതും കഴിഞ്ഞു ‘
‘ആരാ മനസ്സിലായില്ല ? ഞാന്‍ ചോദിച്ചു’
‘എടാ ഇത് ഞാനാ സിയാഫ് ‘

അപ്പോഴാണ് ഞാന്‍ ശെരിക്കും സിയാഫ്ക്കയെ നോക്കിയത് ‘ മേയ്ക്കപ്പ് മാന്‍ സിയാഫ്ക്ക യെ സുന്ദരനാക്കിയത് കണ്ടപ്പോള്‍ പറക്കും തളികയിലെ മണവാളനെയാണ് എനിക്ക് ഓര്‍മ്മ വന്നത്.ഹോ എന്തൊരു ഗ്ലാമര്‍’.

റിയാസിനോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മാഷ് പറഞ്ഞു

‘ നമുക്ക് വരയ്ക്കല്‍ കടപ്പുറം പോവാം ഫോളോ മീ’. അങ്ങിനെ മാഷേ പിന്തുടര്‍ന്നു ഞങ്ങള്‍ വരയ്ക്കല്‍ കടപ്പുറത്തു എത്തി, ശാന്തമായ കടപ്പുറത്ത് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. അപ്പോഴേക്കും സിയാഫ്ക്കയുടെ ട്രെയിന്‍ വരാനുള്ള സമയമായിരുന്നു, ഒരു ചായ കുടിച്ചു പിരിയാം എന്ന ആശയം ആദ്യം പറഞ്ഞത് മാഷായിരുന്നു.
‘എന്നാല്‍ പിന്നെ നമുക്ക് സൈനാത്തയുടെ ഹോട്ടലില്‍ പോയാലോ?’. പ്രമേയം ഏക സ്വരത്തില്‍ പാസ്സാക്കി, ഒരു കാലത്ത് കുപ്രസിദ്ധമായ ബംഗ്ലാദേശ് കോളനിയുടെ ആധുനിക മുഖവും കണ്ടു നേരെ സീനാ ഹോട്ടലില്‍ ഈറ്റാന്‍ കയറി. ക്യാഷ് കൌണ്ടറില്‍ തന്നെ സൈനാത്ത ഇരിപ്പുണ്ടായിരുന്നു ,

‘സൈനാത്ത ഇത് പ്രശസ്ത ബ്ലോഗ്ഗര്‍ സിയാഫ് ഇദ്ദേഹം മംഗലാപുരത്തു നിന്നും വന്നതാണ്, എന്താണ് ഇത്ത ഇന്നത്തെ സ്‌പെഷ്യല്‍ ?’

സ്വതസിദ്ധമായ ചിരിയോടെ സൈനാത്ത വെയിട്ടര്‍ക്ക് ഓര്‍ഡര്‍ കൊടുത്തു ,

നിമിഷങ്ങള്‍ക്കകം അന്നത്തെ സ്‌പെഷ്യല്‍ വിഭവമായ മത്തിയുടെ പഞ്ഞി പൊരിച്ചതും കോഴി നിറച്ചതും നേര്‍ത്ത പത്തിരിയും കല്ലുമ്മക്കായ നിറച്ചതും ഇറച്ചിപത്തിരിയും കൊണ്ട് തീന്‍ മേശ നിറഞ്ഞു. എല്ലായിടത്തും വന്നപോലെ സീനാ ഹോട്ടലിലും ബംഗാളി വല്‍ക്കരണം വന്നിട്ടുണ്ട് എന്ന് ആ ഹോട്ടലിലെ വെയിറ്റേഴ്‌സിനെ കണ്ടപ്പോള്‍ മനസ്സിലായി. മൂക്കറ്റം തട്ടി അതിനു മുകളില്‍ ഒരു കട്ടന്‍ ചായയും കുടിച്ചു സിയാഫ് ക്കയോടും പ്രദീപ് മാഷോടും യാത്ര പറഞ്ഞു ഊര്‍ക്കടവിലേക്ക് തിരിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നി, ഇനി ഇത് പോലൊരു കൂടിച്ചേരല്‍ എന്നാവും. ഓര്‍ക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി വീണ്ടും പ്രവാസത്തിലേക്ക്.