Share The Article


ഒന്ന്- മാറാരോഗാശുപത്രികള്‍
1864 ലാണ് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ. ആയില്യം തിരുനാള്‍ (ഭരണകാലം 1860-1880) തിരുവനന്തപുരം സിവിള്‍ആശുപത്രിയ്ക്ക് തറക്കല്ലിടുന്നത്. അതാണ് പിന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രി ‌ആയത്. (9 നവംമ്പര്‍ 1865). തുടക്കം മുതല്‍ തന്നെ ആ ധര്‍മ്മാശുപത്രിയില്‍ രോഗികളുടെ തിരക്കു കൂടുതലായിരുന്നു. അവിടെ വന്ന കിടത്തി ചികിത്സിക്കേണ്ട രോഗികളില്‍ മിക്കതും അന്നത്തെ രീതി അനുസരിച്ച് ചികിത്സ ഒന്നും ഫലിക്കാത്തവരും. അവരെ കിടത്തിക്കഴിഞ്ഞാല്‍ പിന്നെ അത്യാഹിതരോഗികളേയും, സുഖപ്പടാന്‍ സാധ്യതയുള്ള രോഗികളേയും കിടത്താന്‍സ്ഥലമില്ലാതെ വന്നു.
സുഖപ്പെടാന്‍ (അന്നു) സാധ്യത കുറവായിരുന്ന രോഗികളില്‍മിക്കവര്‍ക്കും ക്ഷ‌യവും, കുഷ്ഠവും ഒക്കെയായിരുന്നു. ഡോക്ടര്‍മാര്‍ക്കും, പരിചാരകര്‍ക്കും, വേറെ ആര്‍ക്കും വേണ്ടാത്ത പാവങ്ങള്‍. മറ്റുള്ള രോഗികള്‍ ഇവരെ ആട്ടിപ്പായിച്ചിരുന്നു. അവരുടെ വേദനകളും, പേടികളും ആരും കണ്ടതായി നടിച്ചുപോലുമില്ല.
(കുഷ്ഠം എന്ന പേരിനു പകരം ഹാന്‍സണ്‍സ് രോഗം എന്നു പറയണമെന്നാണ് ഔദ്യോഗികരീതി. പഴയ പഴയ കാലത്തെ നാളുകളിലെ കഥ പറയുന്നതായതു കൊണ്ട് പഴയ പേരുകള്‍ഉപയോഗിക്കുന്നതേയുള്ളൂ. അതിനു ഒരു മുന്‍കൂര്‍ മാപ്പ്. ഞാനിവിടെ കുഷ്ഠം എന്നു കുറിക്കുന്ന സ്ഥലത്തൊക്കെ ഹാന്‍സണ്‍ രോഗം എന്നു തിരുത്തി വായിക്കണമെന്ന് അപേക്ഷ).
അതുകൊണ്ടാണ് പിന്നെ വന്ന വിശാഖം തിരുനാള്‍മഹാരാജാവിന്‍റെ കാലത്ത് സിവിള്‍ ആശുപത്രിയുടെ സമീപം തന്നെ വേറൊരു ആശുപത്രികൂടി പണിഞ്ഞത്. ‘മാറാവ്യാധി’ക്കാര്‍ക്കാരുടെ ആശുപത്രി (Hospital for Incurables). അവിടെ മുഴുവന്‍ നിറഞ്ഞത് അനാഥരും, സര്‍വ്വരാലും വെറുക്കപ്പെടുന്നവരുമായ ഒരു കൂട്ടം ദുരിതര്‍, മിക്കവര്‍ക്കും കുഷ്ഠം. അവരുടെ കരിയാവ്രണങ്ങളും, ചലവും, പഴുപ്പും ദുസ്സഹമായ ഗന്ധവും ആ പ്രദേശമാകെ വ്യാപിച്ചു. ജനം അതിനെതിരെ കടുത്ത പ്രതിഷേധവുമായി വന്നു.
അവരുടെ വ്രണങ്ങളില്‍ നിന്നു പൊഴിഞ്ഞുവീഴുന്ന പൊരിക്കകളും. ചിലപ്പോള്‍ വിരലുകളും മറ്റും കാക്കകളും നായ്ക്കളും കടിച്ചെടുത്തു പലയിടങ്ങളിലും വിതറി. ഒരിക്കല്‍അത്തരമൊരെണ്ണം കാക്കകൊത്തി ഒരു കൊട്ടാരത്തിന്റെ വിളപ്പിൽ കൊണ്ട് ചെന്നിട്ടു. അതു കാരണമാണ് ആ ആശുപത്രി നഗരത്തിന്‍റെ അന്നു പ്രാന്തപ്രദേശമായിരുന്ന ഊളന്‍പാറയിലേക്കു മാറ്റിയതെന്ന് (1896) ഒരു കേള്‍വി. അവിടെ 1870 മുതല്‍ക്കു ഒരു മനോരോഗാശുപത്രി ഉണ്ടായിരുന്നു. 1903 ല്‍‍ആ ആശുപത്രി വികസിപ്പിച്ചപ്പോള്‍ വില‌ക്ഷണമായ മാറാരോഗാശുപത്രി അവിടെ നിന്നും വീണ്ടും മാറ്റണമെന്നായി. അത് തിരുവനന്തപുരം നഗരത്തിലേ വേണ്ട എന്നുമായി. അങ്ങനെയാണ് കുഷ്ഠരോഗത്തിനു മാത്രമായി ഒരു ആശുപത്രി പണിഞ്ഞത് (1934).
ദാരിദ്ര്യവും രോഗങ്ങളും വ്യാപകമായിരുന്ന നാളുകളില്‍ജനങ്ങള്‍ ഈയാംപാറ്റകള്‍ പോലെയാണ് ചത്തുവീണിരുന്നത്. ആണ്ടോണ്ടാണ്ട് വരുന്ന മസൂരിയും, കോളറയും, പ്ലേഗും, ടൈഫോയ്ഡും ജനത്തിനെ കൊന്നതിനു കണക്കില്ല. അതെക്കാളും ദയനീയം കൊല്ലാതെ കൊല്ലുന്ന ദീര്‍ഘസ്ഥായിയായ ക്ഷയവും, കുഷ്ഠവും ഒക്കെയായിരുന്നു. തിരുവിതാംകൂറിന് ഒരു ക്ഷയരോഗാശുപത്രി വേണമെന്നു വച്ചു തുടങ്ങിയ ഒന്ന് സംസ്ഥാനപുനര്‍വിഭജനകാലത്ത് തമിഴ്നാട്ടിലായി. പിന്നെയാണ് വേറൊന്നു പുലയനാര്‍.കോട്ടയില്‍വന്നത്.
ഈ ആശുപത്രികളിലേക്കു രോഗികളെത്തിപ്പെടുന്നത് അതിനിഷ്ഠൂരമായ രീതികളിലായിരുന്നു. അവര്‍ആശുപത്രിയില്‍ സ്വച്ഛയോടെ വരുകയോ, അവരെ ബന്ധുക്കള്‍കൊണ്ടാക്കുകയോ ചെയ്യുന്നതല്ല. പലപ്പോഴും അവരെ ബലമായി തന്നെ ആരോഗ്യവകുപ്പുദ്യോഗസ്ഥരും മറ്റു അധികാരികളും പിടിച്ചു കൊണ്ടു വന്നതാണ്. മിക്കവാറും തടവറകളെ പോലെയായിരുന്നു ഇത്തരം ആശുപത്രികള്‍.
അങ്ങനെയായിരുന്നു ലോകത്തു മിക്കയിടത്തുമുള്ള പതിവും! ഇന്ന് അവിശ്വനീയമെന്നു തോന്നുമായിരിക്കും പക്ഷെ ‘ഐസൊലേറ്റു’ ചെയ്തു അങ്ങനെ കുറേപ്പേരുണ്ടെന്നുള്ളത് ജനവും അധികാരികളും ബോധപൂര്‍വ്വം വിസ്മരിക്കും. അതായിരുന്നു പതിവ്.
രണ്ട്- പെട്ടുപോയാല്‍
എന്‍റെ ഓര്‍മ്മയിലാദ്യമെത്തുന്നത് പണ്ടു പണ്ടത്തെ ചില കഥകളാണ്.
രണ്ടാം ലോകയുദ്ധത്തിന്‍റെ അതിതീവ്രമായ കാലം. യുദ്ധത്തിന്‍റെ നേര്‍ കെടുതികള്‍ ഇന്നാട്ടുകാര്‍അനുഭവിച്ചില്ലെങ്കിലും ആ ദുരന്തത്തിന്‍റെ അനുപൂരകമായി വന്ന ദാരിദ്ര്യം ഇന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. പട്ടിണി ആയിരുന്നു മിക്ക വീടുകളിലും. ബംഗാളില്‍ അന്നു വന്നുപോലെയുള്ള കൊടുംക്ഷാമത്തില്‍ നിന്ന് തിരുവിതാംകൂറിനെ രക്ഷിച്ചത് ശ്രീ. വിശാഖം തിരുനാള്‍മഹാരാജാവിന്‍റെ കാലത്ത് (ഭരണകാലം 1880-85) ഇവിടെ തുടങ്ങിയിരുന്ന കപ്പ കൃഷി ആയിരുന്നു. പക്ഷെ അതുപോലും 1940 കളില്‍ അപര്യാപ്തമായിരുന്നു. പട്ടിണി മാത്രമല്ല അതിനോടൊപ്പം സാര്‍വത്രികമായി പടര്‍ന്നു പിടിച്ച ഘോരവ്യാധികളും ജനത്തെ വലച്ചു.
ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് ‘കട്ടി’ല്ലാത്ത കപ്പയും, കിട്ടാവുന്ന നാടുകളില്‍ നിന്നൊക്കെ വാങ്ങിക്കൂട്ടിയ അരിയും ഗോതമ്പും, പഞ്ഞപ്പുല്ലും, ബജ്രയും ഒക്കെ കൊണ്ട് പാവം ജനത്തിനു കഷ്ടിച്ചു തിന്നാനെന്തെങ്കിലും കൊടുക്കാനായത് പുണ്യമായി. അതിലും പാവപ്പെട്ട പട്ടിണിക്കാര്‍ക്ക് ഒരു നേരമെങ്കിലുമുള്ള ആഹാരത്തിനു അന്ന് പല സ്ഥലങ്ങളിലും വഞ്ചി പുവര്‍ ഫണ്ടിന്‍റെ വലിയ വാനുകളില്‍ സൗജന്യ കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുമായിരുന്നു.
പക്ഷെ എന്നാലും പടര്‍ന്നു പിടിക്കുന്ന സാംക്രമികരോഗങ്ങള്‍തടയാന്‍ മാര്‍ഗ്ഗങ്ങള്‍ ചുരുക്കമായിരുന്നു. പ്രത്യേകിച്ചും കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍. ഇന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും ആളെ കിട്ടില്ല. ഇങ്ങനെയുള്ള ആള്‍ക്കാരെ പോലീസും, കുഷ്ഠരോഗനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരും തെരഞ്ഞുപിടികൂടി കുഷ്ഠരോഗാശുപത്രിയിലേക്കു കൊണ്ടുപോകും. അതിനു വേണ്ടി വീടുവീടാന്തരം കയറി അവര്‍ കണക്കെടുക്കും ആദ്യം വന്ന്. പിന്നെ ആകും ആളുകളും ഒരുക്കങ്ങളുമായി ആരും പ്രതീക്ഷിക്കാത്ത നാളില്‍സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ അവരുടെ അടച്ചു മൂടിയ വണ്ടികളുമായി വരുന്നത്.
ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു ഞങ്ങളുടെ അയല്‍ക്കാരിയായിരുന്ന ഒരു അമ്മയേയും അവരുടെ മകനേയും പിടികൂടിക്കൊണ്ടുപോകയത്. അക്കാലത്തൊക്കെ കുഷ്ഠരോഗാശുപത്രിയില്‍ പെട്ടുപോയാല്‍ അതാവും അവരുടെ അന്ത്യവിശ്രമസ്ഥലം. അവിടെ കിടന്നു കാലപുരി പൂകുകയേയുള്ളൂ. സത്യത്തില്‍ ലോകമെമ്പാടുമുള്ള രീതിയായിരുന്നു അത്. എത്ര ദയനീയമായിരുന്നു അതെന്ന് പറയാനുമാവില്ല.
മൂന്ന്- ഒരു തീസിസില്‍ തുടങ്ങിയ കാര്യം.
ഇനി പലതും ഫാസ്റ്റ് ഫോര്‍.വേര്‍ഡ് ചെയ്യും. അതേ പറ്റൂ.
കാലം 1962. ഞങ്ങളുടെ സെക്കന്‍ഡ് എംബി കാലം. അന്ന് പതോളജി പരീക്ഷയ്ക്കു ഒരു തീസീസു കൂടി കൊടുക്കണം. അത് ‘കാരുണ്യവാനെന്ന്’ വിശേഷിക്കപ്പെട്ടിരുന്ന പ്രൊഫസര്‍ടി.വിയുടെ ആശയം. ഇന്നതു അതുണ്ടോ എന്നൊന്നും അറിഞ്ഞുകൂടാ. പിള്ളര്‍ക്കു മിക്കവര്‍ക്കും അത് ഒരു തമാശയായിരുന്നു. പതോളജി ടെക്സ്റ്റ് ബുക്കില്‍ നിന്നു എന്തെങ്കിലും പകര്‍ത്തി എഴുതി (ടൈപ്പു ചെയ്യുക എന്നത് ഏതോ കൂടിയ കാര്യമാണ് അന്ന്) നാല്‍പതു- അമ്പതു പേജു തികച്ച് പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തിയ മൂന്നു നാലു ചിത്രങ്ങളുമായി ഒരു തീസീസ്. അതു ബൈന്‍ഡ് ചെയ്തു ഉഷാറാക്കി തരുക എന്നത് ആ ഡിപ്പാര്‍ട്ട്.മെന്‍റിലെ ഒരു അറ്റന്‍ഡറുടെ സൈഡ് ബിസിനസ്സായിരുന്നു. അ‍ഞ്ചു മാര്‍ക്കു മാത്രമേയുള്ളൂ ആ തീസീസിന്. ഏറ്റവും കുറഞ്ഞത് അഞ്ചില്‍രണ്ടര കിട്ടും. ഏറ്റവും കൂടിയത് നാല്. അങ്ങനെയൊരു ‘സാദാ’ തീസീസ് എഴുത്തുകൊണ്ട് എന്തുപയോഗമുണ്ടായിരുന്നുവെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഒരു രൂപവുമില്ലായിരുന്നു.
അപ്പോള്‍ വെറുതേ ഒരു കിറുക്കിനു എനിക്കു ഒരു ആശയം തോന്നി. എന്തേ ഇത് പ്രയോജനപ്പെടുത്തിക്കൂടാ? മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പല തരം കേസുകളുമുണ്ട്. അവയില്‍ഏതെങ്കിലും ഒന്നു പഠിച്ചാലോ? സെക്കന്‍ഡ് എം.ബി കാലത്ത് എനിക്ക് അങ്ങനെ ചെന്നു ചോദിക്കാനും പോന്ന പരിചയമുള്ള അധ്യാപകരൊന്നുമില്ലായിരുന്നു. ഡോ. മാത്യൂ റോയിയൊക്കെ വരുന്നത് പിന്നെയാണ്. മെഡിസിനിലെ ബാക്കി ഗംഭീരന്മാരെ അന്നു പരിചയമായിട്ടുമില്ല. രണ്ടും നിശ്ചയിച്ച് ചെന്നു പെട്ടത് സ്കിന്‍ ഡിപ്പാര്‍ട്ട്.മെന്‍റിലെ ഡോ. അമ്പാടി സാറിന്‍റെ (Dr. B M Ambadi 1912-1975) മുമ്പില്‍. അന്ന് സ്കിന്‍ ഡിപ്പാര്‍ട്ട്.മെന്‍റിന് ഡെര്‍മ്മര്‍.റ്റോളജി/ വെനീറിയോളജി എന്ന വലിയ പേരൊന്നും വന്നിട്ടില്ല. അമ്പാടി സാറാണ് ഈ വിഭാഗം ആദ്യമായി കേരളത്തില്‍ കൊണ്ടു വരുന്നത്. ആഢ്യന്‍, തറവാടി, തനി സായിപ്പു സ്റ്റൈല്‍, ആകാരത്തിലും പ്രകൃതത്തിലും.
പക്ഷെ കഷ്ടകാലത്തിന് സാറിന്‍റെ പി.ജി ബിരുദങ്ങളെല്ലാം അമേരിക്കന്‍ ആയിരുന്നു. അന്ന് ആ ബിരുദങ്ങള്‍ക്ക് ആകെ അയിത്തമായിരുന്നു മെഡിക്കല്‍ കോളേജ് സര്‍വ്വീസില്‍. സാറിന്‍റെ മാതിരി യോഗ്യതയോ പ്രവൃത്തി പരിചയമോ ഉള്ള ഒരു ഡെര്‍മ്മറ്റോളജിസ്റ്റും അന്നു ഇന്ത്യയിലാകെ നോക്കിയാലും ഇല്ലായിരുന്നു എന്നുകൂടി പറയണം. പറഞ്ഞിട്ടെന്തു കാര്യം സാറ് പ്രമോഷനൊന്നും കിട്ടാതെ വെറും ഒരു അസിസ്റ്റന്‍റ് പ്രൊഫസറായി തന്നെ സര്‍വ്വീസില്‍ നിന്നു റിട്ടയര്‍ ചെയ്യേണ്ടി വന്നു.
സാറിന്‍റെ സഹായത്തോടെ എടുത്ത ചിത്രങ്ങളും, സാറ് പറഞ്ഞ റഫറന്‍സുകളും, പിന്നെ ലൈബ്രറിയില്‍ നിന്നു തപ്പിയെടുത്ത മറ്റു ഗവേഷണപ്രബന്ധങ്ങളുമൊക്കെയായി എഴുതിതീര്‍ത്ത എന്‍റെ തീസിസിനു ഒരു നല്ല കാര്യം കൂടി ഉണ്ടായിരുന്നു. സാധാരണ രീതിയില്‍ അന്ന് ലഭിക്കാന്‍ഏറെക്കുറെ അസാധ്യമായിരുന്ന ഈ രോഗത്തിനെ കുറിച്ചുള്ള കേരളത്തിലെ വിശദമായ സ്ഥിതിവിവരക്കണക്കുകളും എനിക്കു സംഘടിപ്പിക്കാനായി.
ഗുരുപൂജ ആയിക്കോട്ടെ എന്നു കരുതി എന്നു കരുതി ആ തീസീസിന്‍റെ ഒന്നാം പേജില്‍ തന്നെ ‘അമ്പാടിസാറിനു സമര്‍പ്പിക്കുന്നു’ എന്നു കൂടി എഴുതിയിരുന്നു. തീസിസിന്‍റെ ഒരു കോപ്പി ആദ്യമായി സാറിനാണ് കൊടുത്തത്. അതു പാതോളജി ഡിപ്പാര്‍ട്ട്,മെന്‍റിലുണ്ടാക്കിയ പൊല്ലാപ്പ് വിടുന്നു.
ആ തീസിസു കൊണ്ട് ഒരുപാടു ഗുണം ഉണ്ടായി. പതോളജിയില്‍നല്ല മാര്‍ക്കു കിട്ടി. അമ്പാടി സാറു തന്നെ അക്കാലത്തു ഇംഗ്ലണ്ടില്‍ നിന്നു മടങ്ങിയ ഡോ. ബി.കെ. ഹരീന്ദ്രന്‍ നായര്‍ക്ക് (1933-2004) എന്‍റെ തീസീസ് വായിക്കാന്‍ കൊടുത്തു. ഹരീന്ദ്രന്‍സാറിനു ലെപ്രോളജി ഒരു ഹരമായിരുന്നു, അദ്ദേഹം എന്നെ നേരിട്ടു വിളിപ്പിച്ച് നല്ല വാക്കുകള്‍ പറഞ്ഞു. ഒരു അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയെ ഒരു സ്പെഷ്യലിസ്റ്റ് അധ്യാപകന്‍ വിളിപ്പിക്കുക എന്നതെല്ലാം അന്ന് അസാധാരണമായിരുന്നു. അങ്ങനെ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം നിലനിന്നത് സാറിന്‍റെ മരണം വരെ.
പിന്നെ എന്‍റെ സ്പെഷ്യാലിറ്റി മാറിയെങ്കിലും ലെപ്രോളജിയിയുണ്ടായ താല്‍പര്യം തുടര്‍ന്നു. പ്രത്യേകിച്ചും ഞരമ്പുകളില്‍ മാത്രം ബാധിക്കുന്ന ഈ രോഗത്തിന്‍റെ ഒരു രീതിക്ക് സെക്കന്‍ഡ് ഒപിനിയനു വേണ്ടി പല ഡിപ്പാര്‍ട്ട്.മെന്‍റുകളില്‍ നിന്നും എന്നെ വിളിച്ചിരുന്നതു കൊണ്ട് ആ വിഷയത്തില്‍ തുടര്‍ന്ന പഠനവുമുണ്ടായിരുന്നു.
അമ്പാടി സാറിനെക്കുറിച്ചും ഹരീന്ദ്രന്‍ നായരെക്കുറിച്ചും മലയാളത്തില്‍ ഞാന്‍ മാത്രമേ എഴുതിയിട്ടുള്ളൂ. അത്ര ഹൃദ്യമായ ഓര്‍മ്മകളായിരുന്നു എനിക്ക് അവരെ കുറിച്ച്. ഹരീന്ദ്രന്‍ നായര്‍ അസ്സലൊരു കഥ പറച്ചിലുകാരനായിരുന്നു. അടുക്കാത്തവരോട് സാറ് ഒരു മുരടന്‍ ആണെന്ന് അഭിനയിച്ചെങ്കിലും.
സാറ് പറഞ്ഞിട്ടുള്ള കഥകളില്‍ ഒന്ന് നൂറനാട്ടെ ലെപ്രസി ആശുപത്രികഥയാണ്. അതാണ് ഇനി.
നാല്- പാലും നൂറും ഒരുക്കുന്നവര്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ കുറെ ബാച്ചുകള്‍ക്ക് മെഡിസിന്‍ പോസ്റ്റിങ്ങില്‍ കുറച്ചൊരു കാലം മനോരോഗാശുപത്രിയിലും, ലെപ്രസി ആശുപത്രിയിലും ആയിരുന്നു.
ലെപ്രസി ആശുപത്രി പോസ്റ്റിങ്ങെന്നു വച്ചാല്‍ അവിടെ ചെന്നു താമസിക്കണമെന്നൊന്നും ഇല്ല. സത്യത്തില്‍ അതൊരു ദിവസത്തെ കാഴ്ച കാണാന്‍ പോക്കെന്നേയുണ്ടായിരുന്നുള്ളൂ. രാവിലെ അവിടെ പോകുക, വൈകുന്നേരം വരെ അവിടെ തങ്ങുക, പിന്നെ തിരിച്ചു മടങ്ങുക. ഏതാണ്ട് ഒരു ദിവസത്തെ എസ്കര്‍ഷന്‍ പരിപാടി പോലെ.
ഹരീന്ദ്രന്‍ നായരും കൂട്ടരും അവിടെ ചെന്നപ്പോള്‍ ഏകദേശം മണി പത്തു കഴിഞ്ഞു. അവര്‍ അവിടെ പ്രതീക്ഷിച്ചത് ആകെ പേടിപ്പെടുത്തുന്ന അന്തരീക്ഷവും അലങ്കോലപ്പെട്ടു കിടക്കുന്ന പരിസരവും, ദുര്‍ഗന്ധപൂര്‍ണ്ണമായ വാ‌യുവും സര്‍വ്വവും നശിച്ച വിഷാദരായ അംഗവൈകല്യം വന്ന രോഗികളേയും ആയിരുന്നു. പക്ഷെ കണ്ടത് എല്ലാം അടുക്കും ചിട്ടയിലും ഒരുക്കിയ വാര്‍ഡുകളും, സ്ഥലങ്ങളുമായിരുന്നു. ദൂരെയുള്ള പറമ്പുകളിലും വയലുകളിലും കുറേപേര്‍കൃഷിചെയ്യുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാണുന്നത് അവരുടെ പൊഴിഞ്ഞുപോയ വിരലുകളും, വ്രണങ്ങള്‍ ഉണങ്ങിയ വലിയ വടുക്കളും. അവയും വച്ച് അവര്‍അവരുടെ ജോലി‌ചെയ്യുകയായിരുന്നു.
തീരെ അവശരായവര്‍ ആശുപത്രി വാര്‍ഡുകളില്‍കിടപ്പുണ്ടായിരുന്നു. ആകെ രണ്ടോ മൂന്നോ നഴ്സുമാര്‍. പിന്നെ പത്തു പന്ത്രണ്ടു അറ്റന്‍ഡര്‍മാര്‍. അവരില്‍ ഒരാളോട് അവര്‍ചോദിച്ചു ഇവിടത്തെ ഡോക്ടര്‍ എവിടെയുണ്ടാവുമെന്ന്. ഉത്തരമൊന്നും പറയാതെ അയാളങ്ങു മുങ്ങി. അപ്പോഴാണ് മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ ഒരു തോര്‍ത്തും കെട്ടി ഒരാള്‍കുറേപ്പേരോടു ചേര്‍ന്നു ഒരു കുലച്ച വാഴ ഒടിഞ്ഞതിനു ഊന്നു കൊടുക്കുന്നതു കണ്ടത്. അതാണ് ഡോക്‍ടര്‍ എന്നു പറഞ്ഞുകൊടുത്തത് അവിടത്തെ ഒരു രോഗിയായിരുന്നു. അവരന്നു കേട്ടിരുന്നു ഡോ. എസ്. എസ് ഉണ്ണിത്താന്‍ എന്നൊരു ഡോക്ടര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നെന്ന്. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അരധ്വരമാരായ ഉന്നതരെ കണ്ടു ശീലിച്ച അവര്‍ക്കു ആ ഡോക്ടരുടെ രൂപം തീരെ അപരിചിതമായി തോന്നി,
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ കണ്ടയുടനെ ഡോ. ഉണ്ണിത്താന്‍ പറഞ്ഞു ‘ഓ, നിങ്ങളാണോ മെഡിക്കല്‍കോളേജിലെ ഇക്കൊല്ലത്തെ പിള്ളര്‍, ഒരു മിനിട്ടു താ, ഈ വാഴയ്ക്ക് ഞാന്‍ ഒരു ഊന്നു കൊടുത്തോട്ടേ, നിങ്ങള്‍ ചെന്ന് എന്‍റെ വീട്ടിലിരിക്ക്. ഞാന്‍ വരാം ഉടനെ’.
അധികനേരം കാത്തിരിക്കേണ്ടി വന്നില്ല, മുണ്ട് മാറ്റി ഒരു പാന്‍റും, തീരെ അയഞ്ഞ പാതി തുറന്ന ഷര്‍ട്ടുമായി ഡോ. ഉണ്ണിത്താന്‍ വന്നു. കുശലമെല്ലാം അന്വേഷിച്ച ശേഷം പറഞ്ഞു ‘വാ, നിങ്ങളെല്ലാവരും, പേഷ്യന്‍സിനെ കാണിച്ചു തരാം’.
അവര്‍ ചെന്നു കണ്ടത് വളരെ കലശലായ രോഗമുള്ളവരെ ആയിരുന്നു. കണ്ണുകള്‍ പോയ, വിരലുകള്‍ മുറിഞ്ഞുപോയ, വലിയ വ്രണങ്ങള്‍ ദേഹത്തില്‍ പലയിടത്തുമുള്ള, മുഖത്തും ചെവികളിലും ആകെ കുഷ്ഠഗോളങ്ങള്‍ നിറഞ്ഞ, ചുണ്ടും ചെവിയുമൊക്കെ അടര്‍ന്ന പലരേയും ആയിരുന്നു. അന്ന് ചികിത്സയായി വലുതായൊന്നുമില്ല. ഡാപ്.സോണ്‍ ഗുളികകള്‍പോലുമില്ലാത്ത, ചാള്‍മുഗ്ര എണ്ണയും മറ്റും കുത്തിവയ്ക്കുന്ന കാലം. അവരുടെ വ്രണങ്ങള്‍ ദിവസവും കഴുകി ഉണക്കി വെടുപ്പാക്കി കെട്ടിവയ്ക്കും, എന്നാലും നീരും, പഴുപ്പും ഒഴുകിയിറങ്ങും.
(ലെപ്രസിക്ക് ഈ ചാള്‍മുഗ്ര എണ്ണ കുത്തിവയ്പ് കണ്ടിട്ടുള്ളവര്‍ഇന്നുണ്ടാവില്ല. മരോട്ടി എണ്ണയാണ്. കുത്തിവയ്ക്കുന്നിടം മുഴച്ചു വരും, ദിവസങ്ങളോളം നില്‍ക്കുന്ന വേദനയാണ് പിന്നെ. ആ മരുന്നുകൊണ്ട് രോഗം മാറുന്നത് വളരെ സാവകാശമായിരുന്നു. അതു തന്നെ കുറെയേറെ അപൂര്‍ണ്ണമായും. ഭാഗ്യത്തിനു ഞങ്ങളുടെ പഠനകാലത്തുതന്നെ ഡാപ്.സോണ്‍ പ്രാചു‌ര്യത്തില്‍വന്നു കഴിഞ്ഞു. മരോട്ടി എണ്ണ ഞാന്‍ കണ്ടിട്ടുള്ളത് പണ്ടു വിളക്കെണ്ണയായി ഉപയോഗിക്കുന്നതാണ്. അതിന്‍റെ കരിയായിരുന്നു കണ്‍മഷിയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്).
ഇത്തിരി കണ്ടേയുള്ളൂ, അന്നു പോയ പല വൈദ്യവിദ്യാര്‍ത്ഥികളും ആ വാര്‍ഡ് റൗണ്ട്സില്‍ നിന്നു പിന്‍മാറി. ചിലര്‍ക്കു തല കറങ്ങി. ഇങ്ങനെയുള്ളതൊന്നും അവര്‍ മെഡിക്കല്‍ കോളേജില്‍ കണ്ടിട്ടില്ലായിരുന്നു. ആ വല്ലാഴ്കിയിലും അവര്‍ കണ്ടത് ആ രോഗികള്‍ക്കു ഡോക്ടറോടുള്ള സ്നേഹവും അടുപ്പവും, അദ്ദേഹത്തിനു അവരോടുള്ള കരുണയുമാണ്. അവര്‍ക്ക് കൊടുക്കാന്‍ ഡോക്ടറുടെ പക്കല്‍‌ വലിയ മരുന്നുകളൊന്നുമില്ലായിരുന്നു. എന്നാലും അദ്ദേഹം അവര്‍ക്ക് വാരിക്കോരിക്കൊടുത്തത് മമതയും ധൈര്യവും സ്നേഹവുമായിരുന്നു. തിരുവനന്തപുരത്തു നിന്നു വന്ന ആ വിദ്യാര്‍ത്ഥികള്‍ അതുവരെ കണ്ട്ടില്ലായിരുന്ന ആ രീതികള്‍കണ്ട് അത്ഭുതപ്പെട്ടുപോയി.
‘ഇപ്പോഴേക്കു ഇതു മതി, രോഗം കുറെ ഭേദപ്പെട്ടിട്ടുള്ളവരൊക്കെ അവര്‍ക്കിഷ്ടമുള്ള ഓരോരോ ജോലികള്‍ ചെയ്യാന്‍ പോയിട്ടുണ്ട്. ഏതായാലും ഇനി എന്തെങ്കിലും കഴിച്ചിട്ട് അവരേയും കാണാന്‍പോകാം’. അതിരാവിലെ ഹോസ്റ്റലുകളില്‍ നിന്നു കിട്ടിയതെന്തോ കഴിച്ചിട്ടിറങ്ങിയ അവര്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഡോക്ടറുടെ വിശാലമായ ക്വാര്‍.ട്ടേഴ്സിലെ പൂമുഖത്തു ഏതോ ഒരാള്‍ പുട്ടും കടലയും രസകദളിപ്പഴങ്ങളും ഒക്കെയായി അവരേയും കാത്തു നിന്നിരുന്നു. അസ്സല്‍രൂചിയോടെ അതെല്ലാം കഴിച്ച് കാപ്പി കുടിച്ചപ്പോള്‍ അതിന്‍റെ സ്വാദ് അവര്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
അപ്പോഴാണ് ഡോ. ഉണ്ണിത്താന്‍ പറയുന്നത്. ‘കാപ്പി ഇഷ്ടമായി അല്ലേ? ഇഷ്ടമാകും, അത് ഇവിടെ തന്നെ വളര്‍ത്തുന്ന പശുക്കളുടെ പാലും, ഇവിടെതന്നെ വളര്‍ത്തുന്ന കാപ്പിച്ചെടിയുടെ കായ്കളില്‍ നിന്നുള്ള കാപ്പിപ്പൊടിയുമാണ്. ഞങ്ങള്‍ക്കു മിക്കവാറും ഒന്നും പുറമേ നിന്നു വാങ്ങണ്ട. എല്ലാം ഇവിടെ നിന്നു തന്നെ കിട്ടും. ഇവ മുഴുവന്‍ ഇവിടത്തെ അന്തേവാസികള്‍ ചെയ്യുന്നതാണ്. അവരാണ് പശുക്കളെ വളര്‍ത്തുന്നതും കറക്കുന്നതും, അടുക്കളയില്‍ പാചകം ചെയ്യുന്നതും. ഞാനടക്കം എല്ലാവരും എന്നും കഴിക്കുന്നത് ഇതൊക്കെ തന്നെ. രോഗം മാറിയാലും ഇവരിലാരെയും വീട്ടുകാര്‍ കൊണ്ടുപോകില്ല ഞങ്ങള്‍ എത്ര ശ്രമിച്ചാലും. പക്ഷെ ഇവരെ ഇവിടെ പരിപാലിക്കാൻ സാധ്യമായത് നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ട് മാത്രമാണ്.
ഇതൊക്കെ കേട്ട പിള്ളര്‍ ആദ്യമൊന്നു ഞെട്ടിപ്പോയി. ചിലര്‍ക്കു അവിടെ നിന്നോടിക്കളയാനാണ് തോന്നിയത്. രോഗികള്‍കൃഷിചെയ്തെടുത്ത നെല്ലിന്‍റെ അരി കൊണ്ടുണ്ടാക്കിയെടുത്ത പുട്ടും, അവര്‍ ചിരകിയെടുത്ത തേങ്ങാപ്പീരയും, അവര്‍ ശരിപ്പെടുത്തിയെടുത്ത കാപ്പിപ്പൊടിയും, അവര്‍ കറന്ന പാലും ഒക്കെ കൊണ്ടുള്ള ഭക്ഷണം. ഉണ്ണിത്താന്‍ സമാധാനപ്പെടുത്തി, ഒന്നുമുണ്ടാവില്ല, രോഗം മാറിയവരെയാണ് ഇതിനൊക്കെ നിയോഗിക്കുകയെന്ന്. ഉണ്ണിത്താന്‍ അന്നു പഠിപ്പിച്ച പാഠങ്ങള്‍ അവരില്‍ പലരുടേയും മനസ്സില്‍ വല്ലാതെ പതിഞ്ഞു. സ്പെഷ്യാലിറ്റികള്‍ എന്നൊന്നും അറിഞ്ഞുപോലും കൂടാ‌യിരുന്ന കാലത്ത് ഡോ. ഹരീന്ദ്രനടക്കം അവരില്‍ രണ്ടുമൂന്നുപേര്‍ അന്നേ തീരുമാനിച്ചു പഠിക്കുന്നത് ഡെര്‍മ്മറ്റോളജി- ലെപ്രോളജി തന്നെയാവുമെന്ന്.
ഡോ. ഹരീന്ദ്രന്‍നായര്‍ പറഞ്ഞ കഥകള്‍ ഞാനിവിടെ ആവര്‍ത്തിച്ചെന്നേയുള്ളൂ.
അഞ്ച്- ഒരു അശ്വമേധ കഥ.
നാടകാചാര്യനായിരുന്ന ശ്രീ. തോപ്പില്‍ ഭാസിയെ (1924 –1992) ഞാന്‍ രണ്ടുമൂന്നു തവണയേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ കൃതികളില്‍ പലതും എനിക്കിഷ്ടവുമാണ്. പക്ഷെ അദ്ദേഹത്തിന്‍റെ കൃതികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അശ്വമേധം. ആ നാടകം പിന്നെയെപ്പോഴോ അരങ്ങേറിയ ഒരു സ്ഥലത്തുവച്ചാണ് അദ്ദേഹത്തേയും ആദ്യം കാണുന്നത്. 1962-3 കാലത്തായിരുന്നു എന്ന് ഓര്‍മ്മ. പക്ഷെ കുറെ കൊല്ലങ്ങള്‍കഴിഞ്ഞ് അതു സിനിമയും ആയി. അതും കണ്ടു. ശ്രീ ഭാസിയുടെ അനുപമമായ രചനാ വൈഭവം ഈ കൃതിയിലും പ്രകടമാണ്.
ശ്രീ. തോപ്പില്‍ ഭാസിയുടെ കഥയ്ക്ക് ആധാരം ഡോ. ഉണ്ണിത്താനും അദ്ദേഹത്തിന്‍റെ ആശുപത്രിയുമായിരുന്നു. കുറെ ദിവസങ്ങള്‍‌ ഡോ. ഉണ്ണിത്താനോടൊപ്പം കഴിഞ്ഞശേഷമാണ് ശ്രീ. ഭാസി ആ കഥ എഴുതുന്നത്. മലയാളത്തില്‍ ഒരു രോഗത്തെ കുറിച്ച് ആദ്യമായി എഴുതിയ കഥയും, സിനിമയും അതായിരിക്കണം. ഒരു പക്ഷെ ഈ കഥ പലര്‍ക്കും അറിയില്ലായിരിക്കും. അശ്വമേധത്തിലെ ഡോ. തോമസിനെ ശ്രീ. ഭാസി അവതരിപ്പിച്ചത് ഡോ. ഉണ്ണിത്താന്‍റെ ഛായയിലായിരുന്നു എന്നാണ് പിന്നെ ഡോ. ഹരീന്ദ്രന്‍ നായര്‍പറഞ്ഞത്.
ആയുര്‍വേദകോളേജില്‍ പഠിച്ച ശ്രീ. തോപ്പില്‍ ഭാസിയ്ക്കു ആ രോഗത്തിന്‍റെ വൈദ്യപ്രാധാന്യവും, സാമൂഹിക പ്രസക്തിയും ശരിക്കു മനസ്സിലാക്കാനായി. ആ കഥയ്ക്ക് ജീവന്‍റെ തുടിപ്പുകള്‍ മുഴുവന്‍ നേടാനായത് എഴുത്തുകാരന്‍റെ സര്‍ഗ്ഗവൈഭവത്തോടൊപ്പം നേരില്‍ കണ്ട അനുഭവങ്ങളുടെ അനുരണനങ്ങളും കൊണ്ടായിരുന്നു. അനുഭവങ്ങൾ വാക്കുകളാകുമ്പോൾ അവ മനുഷ്യ കഥാനുഗായികൾ ആവും
തോപ്പില്‍ ഭാസിയുടെ പ്രതിഭയുടെ ചിരഞ്ജീവിത്വം ഉറപ്പാണ്. പക്ഷെ ആ കഥയുടെ തനത് നായകനായ പഴയ ഡോ. എസ്.എസ്. ഉണ്ണിത്താനെ ആര് ഇന്നു ഓര്‍മ്മിക്കുന്നു?
ആറ്- ഉണ്ണിത്താനെ തെരക്കി.
കുറെയേറെ നാള്‍ ഞാന്‍ ഈ ഡോ. ഉണ്ണിത്താനെ തെരക്കി നടന്നു. ആളെക്കുറിച്ച് ഒരു വിവരവും കിട്ടിയുമില്ല. നൂറനാട്ടെ ആശുപത്രിയിലും അന്വേഷിച്ചു. ഒന്നും കിട്ടിയില്ല. അപ്പോഴാണ് എന്‍റെ സുഹൃത്തായിരുന്ന ഡോ. കിഷോര്‍ കുമാറിനെ ഓര്‍ത്തത്. ക്വൂ.പി.എം.പി.ഏ (Q.P.M.P.A Qualified Private Medical Practitioners Association) എന്ന സംഘടനയുടെ ഒരു കാലത്തെ ജീവാത്മാവും പരമാത്മാവുമായിരുന്നു അദ്ദേഹം. എന്നെ കൊണ്ട് അവ‌രുടെ ജേണലില്‍ ഏകദേശം രണ്ടു കൊല്ലത്തോളം നിരന്തരമായി ഒരു പംക്തി (Clinical Tales in Neurology) എഴുതിച്ചിരുന്നു. അദ്ദേഹം അതിന്‍റെ എഡിറ്റര്‍ സ്ഥാനത്തു നിന്നു മാറിയപ്പോള്‍ ആ ജേണല്‍ കുറെനാളത്തേക്ക് ചത്തുകിടന്നു. അത് അദ്ദേഹം തന്നെ പുനരാരാംഭിച്ചപ്പോള്‍വീണ്ടും ആവശ്യപ്പെട്ടു ആ പംക്തി തുടരാന്‍. അന്ന് ആദ്യം മനസ്സില്‍ വന്നത് ഹാന്‍സണ്‍സ് രോഗത്തെ കുറിച്ചായിരുന്നു. അപ്പോഴാണ് എനിക്കൊരു തോന്നല്‍ എന്തേ കായംകുളത്തുകാരന്‍ ഡോ. കിഷോറിനോട് ആവശ്യപ്പെട്ടു കൂടാ, ഈ ഡോ. ഉണ്ണിത്താന്‍റെ ഒരു ഫോട്ടോയെങ്കിലും സംഘടിപ്പിച്ചു തരാന്‍.
ഡോ. ഉണ്ണിത്താനെ കുറിച്ച് അദ്ദേഹത്തിനു ഒരു വിവരവുമില്ലായിരുന്നു. എന്‍റെ ആവശ്യം കേട്ട നാള്‍ തന്നെ അദ്ദേഹം കാറുമെടുത്തു കറങ്ങി. അന്നു വൈകുന്നേരത്തിനു മുമ്പ് ഡോ. ഉണ്ണിത്താന്‍റെ ഫോട്ടോ എനിക്കു തരപ്പെടുത്തിത്തന്നു. പക്ഷെ ഉണ്ണിത്താന്‍റെ ജീവിതകഥ അദ്ദേഹവും പലരോടും തെരക്കിയെങ്കിലും കിട്ടിയില്ല.
അങ്ങനെയാണ് മിക്ക ഡോക്ടര്‍മാരുടേയും ഗതി. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളെകുറിച്ച് പാടി പുകഴ്ത്താന്‍ നൂറുപേരുണ്ടാവും. മരിച്ച പിറ്റേന്നു തൊട്ട് അവരെ കുറിച്ച് എല്ലാവരും മറക്കും. ഒരാളും അവരെ കുറിച്ച് ഒരക്ഷരം പോലും എഴുതിയിട്ടിട്ടുണ്ടാവില്ല.
ഡോ. ഉണ്ണിത്താന്‍റെ പ്രവര്‍ത്തനങ്ങളുടെ കഥാരൂപമായ അശ്വമേധവും അതെഴുതിയ ശ്രീ. തോപ്പില്‍ ഭാസിയും ചിരസ്മരണയില്‍ ഉണ്ട്.
അതു പറഞ്ഞപ്പോള്‍ ഒന്നു കൂടി. എന്‍റെ സുഹൃത്തായിരുന്ന ഡോ. കിഷോര്‍ കുമാര്‍ കഴിഞ്ഞകൊല്ലം നിര്യാതനായി. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടാന്‍ ഞാനിന്നും ശ്രമിക്കുന്നു. കിട്ടുമായിരിക്കും.
ഏഴ്- ദൈവത്തിന്‍റെ പത്തു വിരലുകള്‍.
അശ്വമേധത്തേയും അതിന്‍റെ രചയിതാവായ ശ്രീ. തോപ്പില്‍ഭാസിയേയും കുറിച്ച് ധാരാളം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും, ഡോ. ഉണ്ണിത്താനേയും ഡോ. അമ്പാടിയേയും, ഡോ. ഹരീന്ദ്രന്‍നായരെകുറിച്ചും ഇതുവരെ ഞാന്‍ മാത്രമേ എഴുതിയിട്ടുള്ളൂ. ലെപ്രോളജിയില്‍ പേരെടുത്ത വേറെ പലരേയും പിന്നെയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ‌കോഴിക്കോട്ടെ ഡോ. ഗോപിനാഥിനേയും ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. ഭൂട്ടാണിയേയും മറ്റും. പക്ഷെ അമ്പാടി സാറിനോടും ഹരീന്ദ്രന്‍നായരോടുള്ളതുപോലൊരു ബഹുമാനം എനിക്ക് വേറെ തോന്നിയിട്ടില്ല. അവരെ കുറിച്ച് എഴുതാനായത് ഒരു പുണ്യം പോലെ തോന്നുന്നു.
എത്രയോ നാള്‍ കഴിഞ്ഞ് കാണണമെന്ന് എത്രയോ ആഗ്രഹിച്ച ഒരാളെ കൂടി കാണാന്‍ വെല്ലൂരിനടുത്ത കരിഗിരിയില്‍ രണ്ടു തവണ പോയി. ന്യൂറോളജിക്കാരനേയല്ലാത്ത ആ ഓര്‍.ത്തോപീഡിക് സര്‍ജനെ ഉഗ്രംപശ്യരായ അമേരിക്കന്‍ന്യൂറോസര്‍ജന്മാരുടെ ഒരു സംഘടന അവരുടെ പ്രധാന അതിഥിയായി ഒരിക്കല്‍ ക്ഷണിച്ച കഥ ഞാന്‍വായിച്ചറിഞ്ഞിരുന്നു. വല്ലാത്ത പൊങ്ങച്ചത്തിനു പേരുകേട്ട അവര്‍ പോലും ആ പ്രഭാഷണം കഴിഞ്ഞപ്പോള്‍കരഘോഷവുമായി എഴുന്നേറ്റു നിന്നുപോയി. അത്ര കണ്ടു പ്രചോദനപരമായിരുന്നു അദ്ദേഹത്തിന്‍റെ സര്‍ജറികളുടെ കഥ.
ആളുടെ പേര് ഡോ. പാള്‍ ബ്രാന്‍ഡ് (1914-2003). മിഷണറി പ്രവര്‍ത്തകരായ അച്ഛനമ്മമാര്‍. വെല്ലൂരിലാണ് ജന‌നം. ലണ്ടനില്‍നിന്നു ജയിച്ചു വന്നത് ഓര്‍.ത്തോപീഡിക് സര്‍ജനായി. പക്ഷെ സ്വയം തീരുമാനിച്ചെടുത്തു തന്‍റെ ജീവിതം ലെപ്രസി രോഗികളെ സംരക്ഷിക്കാനാണെന്ന്. എന്തെല്ലാം ത്യാഗമാണ് ചെയ്യേണ്ടി വന്നത്! വിരലുകള്‍ അളിഞ്ഞു മുറിഞ്ഞുപോ‌യവരുടെ കൈകള്‍ പുനഃസൃഷ്ടിക്കുന്ന പ്രയാസം പിടിച്ച ജോലിയായിരുന്നു അദ്ദേഹത്തിനു പ്രിയം.
ഇദ്ദേഹത്തെ കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് അദ്ദേഹത്തിന്‍റെ അസിസ്റ്റായി കുറെനാള്‍ ജോലിചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍.ത്തോപീഡിക്സ് ഡോക്ടര്‍അച്യുതമേനോനില്‍ നിന്നാണ്. അന്നു കേട്ടതൊക്കെ എത്ര നിസ്സാരമാണെന്നറിഞ്ഞത് പാൾ ബ്രാൻഡിന്റെ പ്രബന്ധങ്ങള്‍വായിച്ചപ്പോഴും.
അദ്ദേഹത്തെ കാണാനാണ് രണ്ടു തവണ വെല്ലൂര്‍ മെഡിക്കല്‍കോളേജിനടുത്ത കരിഗിരി ലെപ്രസി ആശുപത്രിയില്‍ പോയത്. രണ്ടാം തവണയേ കണ്ടുള്ളൂ. അവിടെ വച്ചു നടത്തിയ ഒരു സെമിനാറില്‍ അദ്ദേഹം പങ്കെടുത്തതുകൊണ്ട് കേള്‍ക്കാനും പറ്റി. അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ ഗരിമ ഇന്നും ആശ്ചര്യമുണ്ടാക്കുന്നതാണ്. വേദനയെന്ന ആര്‍ക്കും വേണ്ടാത്ത അനുഗ്രഹത്തെ കുറിച്ചായിരുന്നു പ്രഭാഷണം.
ഒരു പക്ഷെ വേദനയെ ആകെ ശപിക്കുന്ന നമ്മളെല്ലാവരും വായിക്കേണ്ടതാണ് അദ്ദേഹത്തിന്‍റെ ഒരു പുസ്തകം (Pain: The Gift Nobody Wants by Paul Brand and Philip Yancey. 1999). വേദനയൊന്നില്ലാത്തതു കൊണ്ട് വരുന്ന വ്രണങ്ങളും, അഴുകി വീണുപോകുന്ന മാംസവും എല്ലുകളും ആണ് ലെപ്രസിയുടെ മുഖമുദ്ര. അതായിരുന്നു ഡോ. പാള്‍ ബ്രാന്‍ഡിന്‍റെ പ്രഭാഷണത്തിന്‍റെ വിഷയം.
മൂന്നു നാലു പതിറ്റാണ്ടു കൊണ്ടു വന്ന മാറ്റങ്ങളെ ഇന്ന് ആരും ആശ്ചര്യത്തോടെയല്ല നോക്കുന്നത്. സത്യത്തില്‍ ഇന്നത്തെ ജനതയുടെ ഏറ്റവും പ്രകടമായ പ്രത്യേകത തന്നെ ഒന്നും അവരെ ആശ്ചര്യപ്പെടുത്തുന്നില്ല എന്നുള്ളതാണ്. ഇന്ന് ഹാന്‍സണ്‍സ് രോഗം താരതമ്യേന ചികിത്സിക്കാന്‍പ്രയാസമില്ലാത്ത രോഗമായി. പല മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്കും ആ രോഗത്തിന്‍റെ ക്രൗര്യമാര്‍ന്ന അവസാനഘട്ടങ്ങള്‍ ടെക്സ്റ്റ് ബുക്കുകളിലെ ചിത്രങ്ങള്‍മാത്രമായി. പക്ഷെ ഇന്നും ഈ രോഗം പൂര്‍ണ്ണമായി നിയന്ത്രണവിധേയമായിട്ടില്ല. ലോകത്തിലാകെ പുതുതായി ഉണ്ടാകുന്ന കേസുകളിലെ പകുതിയിയിലേറെ ഇന്ത്യയിലാണെന്ന് ഡബ്യു. എച്ഛ്. ഓ കണക്ക്. കേരളത്തിലും പുതുതായ രോഗികള്‍ ഉണ്ടാകുന്നുണ്ട്.
പഴയ ഈ രോഗത്തിന്‍റെ പുതിയ ഭാവങ്ങള്‍ പലപ്പോഴും രോഗനിര്‍ണ്ണയകാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുമുണ്ട്.
അവസാനം ഒന്നു കൂടി. ഞാനീ എഴുതിയ ആള്‍ക്കാരെല്ലാം മുട്ടം വെട്ടി മുന്നാഴി മാത്രം വാങ്ങി മടങ്ങിയവരാണ്. അടുക്കു മാത്രം പറഞ്ഞു അഞ്ഞാഴി വാങ്ങി മിടുക്കരായവരെ കുറിച്ച് ഒന്നും പറയാതെ വിടുന്നു.
© Dr. K R Nair.

  • 3
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.