Share The Article

r

നീണ്ട പ്രവാസജീവിതത്തില്‍ നിന്നും അനുവദിച്ചു കിട്ടിയ പരോള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു ഞാന്‍. തുലാമാസത്തിലെ മഴയുടെ സംഗീതമാസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോഴാണ് അലാറമടിച്ചത്. ചാടി എണീറ്റ് ജീന്‍സ് എടുത്തിട്ടു ഓടാന്‍ ഒരുങ്ങുമ്പോഴാണ് അടിച്ചത് അലാറമല്ലെന്നും ഞാനിപ്പോള്‍ നാട്ടിലാണെന്നും ഇതു വരെ കേട്ടത് പ്രിയതമയുടെ പ്രഭാത ഭേരിയാണെന്നും മനസ്സിലായത് . അലാറം നിര്‍ത്താതെ അടിക്കുകയാണ്. ഇതെന്താ റിപീറ്റ് മോഡിലാണോ.

‘എടീ നീ ഒന്നു നിര്‍ത്തി നിര്‍ത്തി പാടൂ. എന്നാല്ലല്ലേ ഭാവം വരൂ.’
‘അതേയ് മതി ഉറങ്ങിയത്, ഗള്‍ഫിന്നു ഉറങ്ങിയതൊന്നും പോരെ ? എണീറ്റ് വന്നാട്ടെ നേരം എത്രയായിന്നാ വിചാരം?. നാട്ടിലെത്തിയാല്‍ പിന്നെ ഇങ്ങള് ചേകനൂര്‍ന്റെ കൂടെ കൂട്യോ ? സുബഹിയും ളുഹുറും ഒന്നും ഇല്ലേ ?’
ദേ വീണ്ടും അലാറം. ഞാന്‍ എണീക്കാതെ ഈ അലാറം ഓഫാകില്ലെന്നു ഉറപ്പാ.

ഗള്‍ഫില്‍ എനിക്ക് ഗൂര്‍ക്കാ പണിയാണെന്നാ ഇവളുടെ വിചാരം ,, പന്ത്രണ്ടു മണിക്കൂര്‍ ജോലിയും കഴിഞ്ഞു ഭക്ഷണവും വസ്ത്രമലക്കലും, പോരാത്തതിന് ബ്ലോഗിലും ഫേസ്ബുക്കിലും കറങ്ങി സകല ബ്ലോഗിനും കമന്റി എഫ് ബിയില്‍ പച്ചവെള്ളത്തിന്റെ ഫോട്ടോക്ക് പോലും ലൈക്കും അടിക്കുറിപ്പുമെഴുതി എന്റെ ‘ഭാവന’ ‘നയന്‍താരയായി’ ഉറക്കം പോയതൊക്കെ ഇവളുണ്ടോ അറിയുന്നു ?. എങ്കിലും ‘സമാധാനപരമായ കുടുംബജീവിതത്തിനു അനുസരണ ശീലം വളരെ അത്യാവശ്യമാണെന്ന്’ അച്ഛനില്ലാത്ത അമ്മയുടെ പ്രസിഡണ്ട് ശ്രീ ശ്രീ ഗുരു ഇന്നസെന്റ്‌ചേട്ടന്‍ ഒരു സിനിമയില്‍ ഡയലോഗിയതു മനസ്സിലോര്‍ത്തുകൊണ്ട് , എണീറ്റ് പൂമുഖത്തെ ചാരുപടിയിലിരുന്ന് ടെറസില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളിലേക്കങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ഒരു ‘മാരണം’ കുടയും ചൂടി കയറിവരുന്നത്. എന്റെ ബാല്യകാല സുഹൃത്തും നാട്ടുകാരുടെ പരസഹായിയും ആയ ആലിയായിരുന്നു അത് .

‘എന്താഷ്ട്ടാ ഇത്, ഒന്ന് പുറത്തിറങ്ങി നോക്ക് ഇന്നലത്തെ മഴയില്‍ മ്മളെ അബ്ദുക്കന്റെ പറമ്പിലുള്ള ഉളര്‍ !മാവ് റോട്ടില്‍ക്ക് വീണു റോഡാകെ ബ്ലോക്ക് ആയി കിടക്കുകയാണ് ,വാ പോയി നോക്കാം !! നാട്ടിലെത്തിയാല്‍ അവധി കഴിഞ്ഞു പോകുന്നത് വരെ എന്റെ കൂട്ട് അവനാണ് ,അവന്‍ വിളിച്ചാല്‍ പിന്നെ പോവാതിരിക്കാന്‍ പറ്റുമോ ? മാത്രമല്ല എന്റെ കുഞ്ഞു പെങ്ങളുടെ കല്യാണത്തിനു അളിയന്‍ വീട്ടിലേക്ക് കയറുമ്പോള്‍ ,സ്വീകരിക്കാന്‍ ബൊക്ക ക്ക് പറഞ്ഞയച്ചിട്ട് ,ബൊക്ക കിട്ടാഞ്ഞതിനാല്‍ ‘റീത്ത്’ വാങ്ങി വന്നു ആതമാര്‍ത്ഥത കാണിച്ച എന്റെ ബെസ്റ്റ് ഫ്രന്റ് .
‘ എന്നാല്‍ വാ ഒന്നു പോയിനോക്കാം’

‘നീയന്താടാ പെണ്ണ് കാണാന്‍ പോകാണോ ? പോയി ഒരു കത്തിയെടുത്തു വാ അവിടെ കുറച്ചു പണിയുണ്ട്’ .അപ്പോഴാണ് ഞാന്‍ ആ കാര്യം ഓര്‍ത്തത് ,വെറും കയ്യോടെ അവിടെ ചെന്നാല്‍ നാട്ടുകാര്‍ കളിയാക്കും .ഓടിപ്പോയി ഒരു കത്തിയുമെടുത്തു അവനോടൊപ്പം അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടത് , കുട്ടിക്കാലത്ത് സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും അബ്ദുക്കയുടെ വീട്ടില്‍ അയാളില്ലാത്ത സമയം നോക്കി മാവില്‍ കല്ലെറിഞ്ഞ് ,സ്‌കൂള്‍ കുട്ടികളെ കാണുമ്പോള്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ‘ കെ.എം. എസ് ബസ്സിനെ’ കല്ലെറിയാനുള്ള പരിശീലനം നേടിയ ഉളര്‍!മാവുണ്ട് റോഡിലേക്ക് വീണു കിടക്കുന്നു. ! വഴിയിലെ തടസ്സം മാറ്റുന്നതും ഒരു പുണ്യപ്രവര്‍ത്തിയാണെന്ന് പഠിപ്പിച്ച ഗുരുക്കന്‍മാരെ മനസ്സില്‍ ധ്യാനിച്ച് , റോഡിലേക്ക് വീണ മാവ് മുറിച്ചു മാറ്റുന്നവരുടെ കൂടെ ഞങ്ങളും കൂടി.

ചില്ലകള്‍ നിറയെ മുളിയെറുമ്പാണ്. ആലിയെ കടിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവ എന്നെയാണ് കടിക്കുന്നത് . അല്‍മറായി തൈരില്‍ മുക്കി ഉണക്ക കുബ്ബൂസ് തിന്നു വീര്‍ത്ത എന്റെ ബോഡി അവറ്റകള്‍ക്ക് നന്നായി പിടിച്ചെന്നു തോന്നുന്നു .എല്ലാം സഹിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തനം മുന്നോട്ട് പോകുമ്പോഴായിരുന്നു ഒരു ആള്‍ട്ടോ കാറ് ഹോണ്‍ മുഴക്കി അവിടെയെത്തിയത്..റോഡിന്റെ ഒരരികിലൂടെ കഷ്ടിച്ച് കാറിനു കടന്നു പോകാം ,അതില്‍ കൂടി അയാള്‍ ധൃതിയില്‍ കാറ് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഞങ്ങളുടെ കൂട്ടത്തിലെ ഒരു ‘സാമൂഹികന്‍’ അയാളെ തടഞ്ഞത് .
‘ ഞങ്ങള്‍ കുറച്ചാളുകള്‍ ഈ പണിയൊക്കെ എടുക്കുന്നതു ഇങ്ങള് കണ്ടില്ലേ ,,കുറച്ചു വെയ്റ്റ് ചെയ്യ് ,,ഞങ്ങള് ഇതൊക്കെ മാറ്റിയിട്ട് പോയാല്‍ മതി’. ‘ റോഡ് എന്താടാ ഇങ്ങളെ തറവാട് സ്വത്താണോ ? മാറിനില്‍ക്ക് ഇത് റോഡാണെങ്കില്‍ ഞാന്‍ ഇത് വഴി പോകും ‘.എന്തും സഹിക്കാം പക്ഷെ തറവാട് തൊട്ടു കളിച്ചാല്‍ വിവരം അറിയും. ,,,മലയാളം ഡിക്ഷ്ണറിയില്‍ സുരേഷ് ഗോപി പോലും കണ്ടു പിടിക്കാത്ത തെറിയുടെ പൂരമായിരുന്നു പിന്നീടങ്ങോട്ടുമിങ്ങോട്ടും. വാക്ക് പയറ്റ് വാള്‍ പയറ്റിലെത്താന്‍ പിന്നെ അധികസമയം വേണ്ടി വന്നില്ല ,,ഇങ്ങിനെയൊരു കലഹം കാണാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ സന്തോഷം പൂണ്ട് ഞാനും !! .അതിനിടയില്‍ ആലി പോയി കാറിലിരിക്കുന്ന നാരിയെയും നാല് തെറിവിളിച്ചു ,അതും കൂടെ ആയപ്പോള്‍ ,മഹിളാമണി നേരെ പോലീസ്‌സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു പീഡന വാര്‍ത്ത! റിപ്പോര്‍ട്ട് ചെയ്തിരുന്നു…അധികം വൈകാതെ അവിടെയെത്തിയ ഏമാന്‍മാര്‍ പ്രശനത്തില്‍ ഇടപെട്ട് ,കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസെടുത്തു രംഗം ശാന്തമാക്കി ,,

ഒന്നൊന്നര മണിക്കൂറിനു ശേഷം വീട്ടിലെത്തി ടെലിവിഷന്‍ ഓണ്‍ ചെയ്തു റിമോട്ടില്‍ വിരല്‍ അമര്‍ത്തി ഞങ്ങളുടെ നാട്ടിലെ പ്രാദേശിക കേബിള്‍ ടി,വി, ചാനല്‍ തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത! കണ്ടത് ..’ഊര്‍ക്കടവില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജമീലയെയും െ്രെഡവറെയും മാരകായുധങ്ങളുമായി ഒരു കൂട്ടമാളുകള്‍ ആക്രമിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു .അക്രമത്തിനു പിന്നില്‍ ഗൂഡാലോചനയെന്നു സംശയം. അക്രമികള്‍ക്ക് വിദേശസഹായം ലഭിച്ചു എന്ന് പോലീസ് സംശയിക്കുന്നു .അക്രമസ്ഥലത്ത് നിന്ന് കണ്ടെടുത്ത ‘റ’ കത്തി വിദേശ നിര്‍മ്മിതം..ലോക്കല്‍ ജേര്‍ണലിസ്റ്റിന്റെ വാര്‍ത്ത കണ്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത് .എന്നാല്‍ ,തുടര്‍ന്ന് വന്ന രംഗം കണ്ടപ്പോഴാണ് ഞാന്‍ ശെരിക്കും ഞെട്ടിയത് ,,അവന്‍ കാണിച്ച ആ ‘റ’ കത്തി എന്റെതാണ് ,സൗദി അറേബ്യയില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള മുല്ലുക്കിയ എരിയുന്ന റ ശെയ്പ്പില്‍ ഉള്ള അവന്‍ പറയുന്ന ആ കത്തി , ഞാന്‍ നാട്ടിലേക്ക് വരുമ്പോള്‍ നാല്‍പ്പതു കിലോ ലഗേജു തികക്കാന്‍ ജിദ്ധയില്‍ നിന്നും പത്തു റിയാല്‍ കൊടുത്തു വാങ്ങിയതായിരുന്നു. ബഹളം നടക്കുമ്പോള്‍ അതും പിടിച്ചു ഞാന്‍ തെക്കും വടക്കും നടക്കുന്ന രംഗമാണവന്‍ എക്‌സ്‌ക്ലുസിവ് ന്യൂസ് ആയി മാറി മാറി കാണിച്ചു കൊണ്ടിരിക്കുന്നത് . അതായത് അവന്‍ പറഞ്ഞ തീവ്രവാദി ഞാന്‍ തന്നെ !!.

ഇനിയെന്ത് പുലിവാലണാവോ വരാന്‍ പോകുന്നത് എന്ന് ആലോചിച്ച് അന്തം വിട്ടിരിക്കുമ്പോഴാണ് ശ്രീമതിയുടെ വരവ്. ‘അല്ലാ ഇങ്ങളെ ഫോട്ടോ ഒക്കെ ടി.വി,യിലും ണ്ടോ ,,ഇങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു ..’നീയെന്നെ സമ്മതിക്കാന്‍ പോണതേയുള്ളൂ ബാക്കി കൂടി കാണ് ,ഞാന്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു പീഡനക്കേസിലെ പ്രതിയാണ് ‘ . അപ്പോഴാണ് അവളും ആ വാര്‍ത്ത! കാണുന്നത് ..’അല്ല ഇങ്ങളെ ചങ്ങായി എന്ത്യേ പീഡിപ്പിക്കാന്‍ അറിയാതെ സ്ഥലം വിട്ടോ ?മൂപ്പരെ ഫോട്ടോ ഒന്നും ഇതില്‍ കാണുന്നില്ലല്ലോ ? അപ്പോഴാണ് ഞാന്‍ ആലിയെക്കുറിച്ച് ആലോചിച്ചത് .പറഞ്ഞത് പോലെ അവന്‍ എവിടെപ്പോയി ? പോലീസ് വന്നതറിഞ്ഞു എല്ലാവരും മുങ്ങിയപ്പോള്‍ ആദ്യം സ്ഥലം വിട്ടത് അവനായിരുന്നു .
‘ ഇതിനൊക്കെ ങ്ങള്‍ക്ക് നേരംണ്ട് ,നിങ്ങള് കൊണ്ടോന്ന ആ കോയന്‍സ് വിറ്റ് ഒരു നെക്ക്‌ലയ്‌സ് വാങ്ങി തരാന്‍ പറഞ്ഞാല്‍ അന്നേരം ങ്ങള്‍ക്ക് ചെവി കേള്‍ക്കില്ല ‘.(ഹാവൂ ഇന്നിത് പറയാന്‍ ഇവള്‍ മറന്നല്ലോ എന്ന് വിചാരിച്ചത് വെറുതെയായി).
പിറ്റേന്ന് രാവിലെ പുതപ്പ് വലിച്ചു മൂടി അധികം കിടക്കേണ്ടി വന്നില്ല ,,രാവിലെത്തെ കണി ഒരു പോലീസ്‌കോണ്‍സ്റ്റബിള്‍ ആയിരുന്നു ..’ ഫൈസല്‍ ബാബു വാണോ പേര് ?
‘ അതെ സാര്‍ എന്താ കാര്യം ?
‘വാ സ്‌റ്റേഷന്‍ വരെ ഒന്ന് പോകാം ,എസ് ഐ ക്ക് ഒന്ന് പരിചയപെടണംന്ന് ‘ പഴയ എസ് ഐ സാര്‍ ഉപ്പയുടെ ഒരു പരിചയക്കാരനായിരുന്നു .ഒരു പക്ഷെ എന്നെപ്പറ്റിയൊക്കെ പറഞ്ഞു കാണും ,മാത്രമല്ല ഞാനിപ്പോള്‍ സ്വന്തമായി ഇ മെയിലും ബ്ലോഗും ഒക്കെയുള്ള മുതലാളിയല്ലേ ,ഇനി എന്റെ ബ്ലോഗ് വായിച്ചു ഒരു നല്ല കമന്റ് നേരില്‍ തരാനാണെങ്കിലോ ? അതൊക്കെയാലോചിച്ചപ്പോള്‍ ‘സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ഞാനിപ്പോള്‍ മാനത്ത് കേറിപ്പോകും ‘ എന്ന ഹാപ്പി പരസ്യ വാചകമാണോര്‍മ്മവന്നത് .

ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇമ്പ്രെഷന്‍ എന്നാണല്ലോ ..യാര്‍ഡ്‌ലി പൌഡറും റോയല്‍ മിറാജ് സ്‌പ്രേയും അടിച്ചു ഒരു മണവാളന്‍ സ്‌റ്റൈലില്‍ നേരെ സ്‌റ്റേഷനിലെത്തി റിസപ്ഷനില്‍ ഉള്ള സാറിനെ കൈവണങ്ങി താഴ്ന്നു. നേരെ സബ് ഇന്‍സ്‌പെക്ടര്‍ സാറിന്റെ അടുത്തെത്തി.വെളുത്തു തടിച്ചു കണ്ണട ധരിച്ച കട്ടിമീശയുള്ള ഒരു ജെന്റില്‍മാന്‍ ഇന്‍സ്‌പെക്ടര്‍.’നമസ്‌കാരം സാര്‍’. പത്രം വായിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ഒന്ന് തലപൊക്കി വളരെ താഴ്മയോടെപറഞ്ഞു ‘ഇരിക്കൂ’ .ഹാവൂ വലിയ കുഴപ്പമില്ല . അദ്ധേഹത്തിന്റെ ഈ പെരുമാറ്റം കണ്ടപ്പോള്‍ !ഞാന്‍ സ്‌റ്റേഷനില്‍ തന്നെയാണോ നില്‍ക്കുന്നത് എന്ന് സംശയിച്ചു.
‘ഉം പറയൂ എന്താണ് വന്നത് ?’
‘ ഞാന്‍ ഊര്‍ക്കടവില്‍ നിന്നും വരികയാണ് ,’സാറിന് എന്നെ കാണണമെന്നു പറഞ്ഞു ,എന്താ സാര്‍ കാര്യം?’
‘ എണീക്കടോ അവിടുന്ന് ? ഇങ്ങട്ട് മാറി നില്‍ക്ക് ,,(സോറി എനിക്ക് തെറ്റിയില്ല ഞാന്‍ സ്‌റ്റേഷനില്‍ തന്നെയാണ് വന്നത് !!.) അപ്രതീക്ഷിതമായ ആ അറ്റാക്കില്‍ എത്രവേഗം കൊണ്ടാണ് ഞാന്‍ ആ കസേരയില്‍ നിന്നും എണീറ്റത് എന്ന് എനിക്ക് തന്നെ അറിയില്ല ..അതിനു കാരണം ഇന്നലെത്തെ വിഷയമാണ് എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് .പിന്നീട് തിരിച്ചും മറിച്ചും ചോദ്യങ്ങളുടെ ഒരു മാരത്തോണ്‍ തന്നെയായിരുന്നു ..ആദ്യ ചോദ്യം ചെയ്യലിനു ശേഷം സാര്‍ എനിക്ക് ഒരു പ്രൊമോഷന്‍ തന്നു നേരെ സി ഐ യുടെ അരികിലെത്തിച്ചു .അദ്ദേഹം ഇങ്ങോട്ട് വല്ലതും ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ അങ്ങോട്ട് കേറി പറഞ്ഞു ..’സാര്‍ ഞാന്‍ ഈ കേസില്‍ നിരപരാധിയാണ് ,സംഭവം നടന്ന സമയത്ത് ഞാന്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് എന്നാല്‍ ഞാന്‍ ആരെയും ആക്രമിച്ചിട്ടില്ല.തൊട്ടു മുകളിലെ പറമ്പില്‍ കയറി എല്ലാം നോക്കി ക്കാണുകയായിരുന്നു ,സാര്‍ ഒരു കാര്യം കൂടി ആ സ്ത്രീയെ ആരും കയറിപ്പിടിച്ചിട്ടില്ല ..അവരെ ചിലര്‍ ചീത്തപറഞ്ഞു എന്നത് മാത്രമാണ് സത്യം ‘
അതിനു മറുപടി ഒരു തുറിച്ചു നോട്ടം മാത്രമായിരിരുന്നു പിന്നെ കയ്യിലെ ലാത്തിവടി ഒന്ന് കറക്കിയിട്ട് ഒരു ചോദ്യം
‘നിനക്ക് എന്താണ് ജോലി ?
‘സൗദിയില്‍ ആണ് സാര്‍ ‘ തലയുയര്‍ത്തി അല്പം അഭിമാനത്തോടെ ഞാന്‍ പറഞ്ഞു .
‘അതറിയാം അവിടെ എന്താണ് ജോലി ? ആയുധം കടത്താണോ ?’ ആ ‘റ’ കത്തിയാണ് ഏമാന്റെ എയിം എന്ന് എനിക്ക് മനസ്സിലായി. ഒരു കാര്യവുമില്ലാതെ ആ കത്തി വാങ്ങാന്‍ തോന്നിയ നിമിഷത്തെ ശപിക്കുമ്പോഴായിരുന്നു സാറിന്റെ അടുത്ത ചോദ്യം
‘നിനക്ക് തടിയന്റവിട നസീറിനെയും ശഫാസിനെയും അറിയുമോ? ‘
ഇമ്മാതിരി ചോദ്യം കേട്ട് ചിരിക്കാതെ എന്ത് ചെയ്യും ..ഇവരെയൊക്കെ ഞാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ കളവാകും . പ്രത്യേകിച്ച് ഒരു വിഷയവും ഇല്ലാതാവുമ്പോള്‍ ചാനലുകാര്‍ ഇടയ്ക്കിടക്ക് ‘എഫ് ഐ ആറും’ ‘കുറ്റപത്രവുമൊക്കെ’യായി ചര്‍ച്ചക്കിടുന്ന തീവ്രവാദികള്‍..പക്ഷെ അവരും ഞാനും തമ്മില്‍ എന്ത് ബന്ധം ?
‘ചോദിച്ചത് കേട്ടില്ലേ നസീറിനെയും ശഫാസിനെയും അറിയുമോ എന്ന് ?’
‘ഇല്ല സാര്‍ ,കൊമ്പനെയും വട്ടപ്പോയിലിനെയും അറിയാം’ അലറിവിളിച്ചുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി ( രണ്ടു പേരും ദയവുചെയ്ത് എന്നോട് ക്ഷമിക്കണം)
‘ആരാടാ അവരൊക്കെ ?’
‘അവരൊക്കെ ബ്ലോഗേര്‍സ് ആണ് സാര്‍’
‘ ബോമ്പേഴ്‌സൊ ???
‘അല്ല സാര്‍ ‘ബ്ലോഗേര്‍സ്’ .തൂലിക പടവാളാക്കി അനീതിക്കെതിരെ പോരാടുന്ന ബൂലോകത്തെ അറിയപ്പെടുന്ന മിതവാദികള്‍.’.
ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടിയില്‍ അതുവരെ ഗൌരവത്തില്‍ എന്നെ ചോദ്യം ചെയ്ത സി ഐ സാര്‍ അല്‍പ്പമൊന്ന് തണുത്തു ,പിന്നെ തോളില്‍ തട്ടിപ്പറഞ്ഞു ,
‘എടൊ നിനക്കിവിടെ നിന്നും പോവണംന്നുണ്ടെങ്കില്‍ ,ആരോടെങ്കിലും ജാമ്യത്തില്‍ എടുക്കാന്‍ വരാന്‍ പറ’
‘അല്ല സാര്‍ എനിക്കിതുവരെയറിയില്ല എന്താണ് എന്റെ പേരിലുള്ള കേസ് എന്ന് ‘
അതിനു ഒരു മറുപടിയും പറയാതെ അദ്ദേഹം തൊട്ടടുത്ത റൂമില്‍ പോയി ഒരു ലിസ്റ്റുമായി വന്നു ..സാറ് അല്‍പ്പം സംതിംഗ്‌സ് വാങ്ങുന്ന ആളാണെന്നു തോന്നുന്നു .ആ ലിസ്റ്റില്‍ ഉള്ളതൊക്കെ വാങ്ങി കൊടുത്താല്‍ ചിലപ്പോള്‍ എനിക്ക് പോകാമായിരിക്കും.
‘ന്നാ പിടി’ ഇത് വായിച്ചു നോക്ക് ‘ സന്തോഷത്തോടെ ഇരുകയ്യും നീട്ടി അത് വാങ്ങി ഞാന്‍ വായിച്ചു നോക്കി
മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമണം..(പടച്ചോനെ അതെപ്പോള്‍ ? )
ഗൂഡാലോചന ( ആലിയുമായി മരം മുറിച്ചു മാറ്റിയത് ആയിരിക്കും )
വിദേശനിര്‍മ്മിത ആയുധങ്ങള്‍ കൈവശം വെക്കല്‍ ,(ഈ റ കത്തി കൊണ്ട് ഞാന്‍ കുടുങ്ങിയല്ലോ റബ്ബേ )
പൊതുവഴിയി തടസ്സപ്പെടുത്തല്‍ ( ചത്താലും ഇനി റോഡു ബ്ലോക്ക് തീര്‍ക്കാന്‍ ഞാനില്ലേ )
മാനഹാനി ,ധന നഷ്ട്ടം …അങ്ങിനെ നിരവധി ..അതൊക്കെ സഹിക്കാമായിരുന്നു എന്നാല്‍ അവസാനത്തെ പരാതിയാണ് എന്നെ ശെരിക്കും ഞെട്ടിച്ചത് .സ്ത്രീ പീഡനം…… !! ..എല്ലാം കൂടി ചുരുങ്ങിയത് ഒരു നാല് ജീവപര്യന്തം കിട്ടാനുള്ള വകുപ്പുണ്ട് ..
ഇനിയുള്ള എന്റെ ഭാവിഎന്താകും ? സൗദിയില്‍ എന്നെ കാത്തിരിക്കുന്ന ബോസ്സ് ,,വല്ലതും വായിക്കാന്‍ ഉണ്ടാവും എന്ന് തെറ്റിദ്ധരിച്ചു അബദ്ധത്തില്‍ പെട്ടുപോയ എന്റെ ബ്ലോഗിലെ ഫോളോവേഴ്‌സ് ഇവരോടൊക്കെ ഞാന്‍ എന്തു സമാധാനം പറയും ?
ഒരു വക്കീലിന്റെ സഹായത്തോടെ ജാമ്യത്തില്‍ ഇറങ്ങി വീട്ടിലേക്കു പോകുമ്പോള്‍ എന്റെ തലയില്‍ ഒരു ബള്‍ബുകത്തി ,കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുക. വക്കീലിനോട് ആലോചിച്ചപ്പോള്‍ അത് മാത്രമാണ് വഴി എന്ന് അയാളും ഉപദേശം തന്നു ,,അങ്ങിനെ ഞാന്‍ വീട്ടിലേക്കു പോകാതെ റൂട്ട് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ഗെയ്റ്റ് കടന്നു മുറ്റത്തെത്തിയപ്പോള്‍ കസേരയില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നു പാമ്പ്. ശരിക്കും ഒരു രാജ വെമ്പാല. എന്നെ കണ്ടതോടെ മൂപ്പര്‍ ഒന്ന് ചീറ്റി.
‘എന്താടാ നിനക്ക് ഇവടെ കാര്യം.’
‘ഞാന്‍ ആക്രമിക്കാന്‍ വന്നതല്ലേ’.എന്നു പറഞ്ഞു ഞാന്‍ സമാധാനത്തിന്റെ വെള്ളക്കൊടി വീശിക്കാണിച്ചു . അതോടെ പ്രസിഡന്റിന്റെ പത്തി ഒന്ന് താന്നു. അതിനിടയില്‍ ലേഡി രാജ വെമ്പാല വാതില്‍ക്കല്‍ ഒന്നെത്തി നോക്കിയിട്ട് അകത്തേക്ക് വലിഞ്ഞുവെങ്കിലും രാജവെമ്പാല ഗൌരവത്തില്‍ തന്നെ. ഞാന്‍ മെല്ലെ ഒരു പാമ്പാട്ടിയുടെ മെയ്‌വഴക്കത്തോടെ അടുത്തേക്ക് ചെന്നു, ഇല്ല കുഴപ്പമില്ല. ഇതു ട്യൂണ്‍ ചെയ്തു എടുക്കാവുന്നതെ ഉള്ളൂ. നടന്ന സംഭവവും കേസിന്റെ കാര്യവും പറഞ്ഞപ്പോള്‍ അവിടുന്നും കിട്ടി വേറൊരു ലിസ്റ്റ് .പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവാന ( അതും ഉറുപ്പിക വേണ്ട റിയാല്‍ മതി ,,അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഈന്തപ്പനയില്‍ കയറി വെറുതെ പറിക്കാന്‍ കിട്ടുന്ന ഒന്നാണല്ലോ , ) .സോപ്പ് ചീര്‍പ്പ് കണ്ണാടി മുതല്‍ ചെവിയില്‍തോണ്ടി വരെയും ,ചീനച്ചട്ടി മുതല്‍ കെ എല്‍ എഫ് വെളിച്ചെണ്ണ യടക്കം നാട്ടില്‍ കിട്ടാത്ത സകലതും ഞാന്‍ ഗള്‍ഫില്‍ പോയാല്‍ അയച്ചു കൊടുക്കണം. (ഇതിലും ഭേദം ആ സ്‌റ്റേഷനില്‍ കിടക്കുന്നതായിരുന്നു ) ഇതൊക്കെ പോരാഞ്ഞ് ആങ്ങളയുടെ മകന് ഒരു വിസയും. ( ഒരു ആട് വിസ ഞാന്‍ വിചാരിച്ചാലും ഒപ്പിക്കാം ,വേറൊന്നും കൊടുത്തില്ലേലും അത് ഞാന്‍ കൊടുക്കും , ) അങ്ങിനെ എല്ലാം പറഞ്ഞു കോംപ്രമൈസാക്കി കേസും പിന്‍വലിപ്പിച്ചു ,
എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി വീണ്ടും പ്രവാസത്തിലേക്ക് .(ശുഭം )