ഒരു ‘വെളുക്കാന്‍’ കാലത്ത്..

 

ക്‌ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. അതേ..അങ്ങനെയാണ് ഈ സ്‌റ്റോറി തുടങ്ങുന്നത്. കുടുംബത്തിലെ ബാക്കി എല്ലാവരും എക്‌സെപ്റ്റ് മൈ ഫാദര്‍ വെളുത്തു ഇരിക്കുമ്പോള്‍, നോം മാത്രം കറുത്ത് ഇരിക്കുന്നത് പീരിയോഡിക് ടേബിള്‍ ഓഫ് എലെമെന്റ്‌സില്‍ (periodic table of elements) ചേനയുടെ ഇംഗ്ലീഷ് നെയിം ചേര്‍ക്കുന്നത് പോലെ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിടുണ്ട്. ആയതു കൊണ്ട് പ്രായ പൂര്‍ത്തി ആകുന്നതിനു 34 വര്‍ഷം മുമ്പ് തന്നെ ഞാന്‍ വെളുക്കാനുള്ള എന്റെ യജ് ഞം തുടങ്ങി കഴിഞ്ഞിരുന്നു.

അങ്ങു ഫെയര്‍ & ലവ്‌ലീ മുതല്‍ ഒലേയുടെ വൈറ്റനിംഗ് ക്രീം വരേയും, ഹിമാലയുടെ സ്‌ക്രബ് മുതല്‍ തൈരില്‍ കസ്തൂരി മഞ്ഞള്‍ ഇട്ട് ഉള്ള മൂത്തശി കലാപരിപാടി വരെ ഞാന്‍ പയറ്റി. കംട്രീ ഗൂസ്.. നിത്യേനെ ഉപയോഗിച്ചാല്‍ കറുത്ത പാടുകള്‍ മാറി, വെളുത്തു തുടുത്തു ഒടുക്കത്തെ ഗ്ലാമര്‍ ആയി പണ്ടാരമടങ്ങി തട്ടി പോയ ഡയാന രാജകുമാരി വരെ കുഴിയില്‍ നിന്ന് വന്നു നമ്മളെ കണ്ടു വീണ്ടും തട്ടി പോകും എന്നു വരെയുള്ള പരസ്യങ്ങളെ ഞാന്‍ കണ്ണും പൂട്ടി വിശ്വസിച്ചിരുന്ന ഒരു കാലം.കാവേരിയുടെ ഫെയര്‍നസ്സ് ക്രീം, കസ്തൂരിയുടെ വൈറ്റനിംഗ് ക്രീം രാജപ്പന്റെ ചുണ്ണാമ്പ്, ജബ്ബാറിന്റെ ഗോതമ്പുമാവ്, എന്തൊക്കെ ആയിരുന്നു. പക്ഷേ തോറ്റാലും തോറ്റാലും, വീണ്ടും വീണ്ടും പഠിച്ചു പരീക്ഷ പാസ്സ് ആവണമെന്ന ഒരു വിദ്യാര്‍ഥിയുടെ അതേ മനസും ആയി മാറി മാറി വന്ന ഫെയെര്‍നെസ്സ് ക്രീമുകളുടെ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന് അണ്‍കണ്ടീഷണല്‍ സപ്പോര്‍ട്ട് നല്‍കി ഞാന്‍ ജീവിച്ചു പോന്നു.

കാലം കടന്നു പോയി. ഞാന്‍ വളര്‍ന്നു, മീശ വന്നു. (? നടുക്ക് ഇപ്പോഴും ഇച്ചിരി കൂടി വളരാനുണ്ട്, ഇപോ ഒരു ചൈനീസ് കട്ട് ) താടി വന്നു (അസൂയാലുക്കള്‍ താടിക്ക് കനം കുറവാണെന്ന് പറയും, വിശ്വസിക്കണ്ട) പൊക്കം വച്ച്, സുന്ദരനായി. ഗ്ലാമര്‍ ആയി ബുദ്ധിയായി. പക്ഷെ നിറം മാത്രം വന്നില്ല. പക്ഷെ ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റു കമ്പനീസ് വളര്‍ന്നു പന്തലിച്ചു ജ്ഞാനപിണ്ടം അവാര്‍ഡ് വരെ നേടി. എനിക്ക് പുല്ലാ..

ബൈ ദി ബൈ, ഇന്നലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ചേച്ചിയുടെ കൂടെ പോയപ്പോള്‍, അവള്‍ ഉണക്ക മീനിന്റെയും മത്തിയുടെം വില നോക്കി നിന്നപ്പോ ഞാന്‍ ചുമ്മാ ഒന്ന് കോസ്‌മെറ്റിക്‌സ് സെക്ഷന്‍ വരെ പോയി. എന്നെ പറ്റിച്ചു പറ്റിച്ചു ഇവര്‍ ഇപ്പോള്‍ എന്ത് പ്രോഡക്റ്റ്‌സ് ആണ് ഇറക്കിയിരിക്കുന്നത് എന്ന് അറിയാനുള്ള ഒരു കോസ്‌മെറ്റിക് ജിജ്ഞാസ മാത്രം.. ഇനി എന്നെ പറ്റിക്കാന്‍ നോക്കണ്ടാ..

വാല്‍കഷ്ണം : തിരിച്ചു ബില്‍ അടിക്കുമ്പോള്‍ ആരും കാണാതെ ഞാന്‍ ബില്ലെര്‍ക്ക് ഒരു എക്‌സ്ട്രാ സാധനം ബില്‍ അടിക്കാന്‍ കൊടുത്തു, പപ്പായ വൈറ്റനിംഗ് സോപ്പ്. ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?