ഒറ്റയാന്‍ ഉമ്മന്‍ചാണ്ടി

10649900_10152346687611404_1589700965099066653_n

അരുവിക്കരയിലെ തിരഞ്ഞെടുപ്പ് വിജയം ആരുടെതാണെന്ന ചോദ്യത്തിന് അവസാന ഉത്തരം ഉമ്മന്‍ചാണ്ടി എന്നുമാത്രമാണ്. പ്രതികൂല കാലാവസ്ഥയിലും ഇത് തന്റെ ഗവണ്മെന്റിന്റെ വിലയിരുത്തലാകുമെന്ന് സധൈര്യം പ്രസ്താവിച്ച ആ ചങ്കൂറ്റത്തെ സമ്മതിച്ചേ കഴിയൂ.

അരുവിക്കര കയറിയതോടെ കേരള രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞിരുന്നു. എ.കെ ആന്റണിക്കോ, വി.എസ്സിനോ ഇല്ലാത്ത തലയെടുപ്പ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരിക്കുന്നു. 2006 ല്‍ പ്രതിപക്ഷ നേതാവായ കാലം മുതല്‍ പടിപടിയായി ഉമ്മന്‍ചാണ്ടി ജനകീയ നേതാവായി വളരുകയായിരുന്നു.

അന്ന് പ്രതിപക്ഷത്തെ ഏക നേതാവായി അദ്ദേഹം മാറിയിരുന്നെങ്കില്‍, അതിനു ശേഷം തന്റെ തോളിനോടൊപ്പം വളര്‍ന്ന സുധീരനെയും, ചെന്നിത്തലെയേയും പിന്നിലാക്കാനും ഇന്നത്തെ ജനവിധി അദ്ദേഹത്തെ സഹായിച്ചിരിക്കുന്നു. 2009 ഇലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും, 2010 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ വിജയമായിരുന്നുവെങ്കില്‍ 2011 നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം ഉമ്മന്‍ചാണ്ടിയുടേത് മാത്രമായിരുന്നു.

സോളാറും, ബാറും, സലീം രാജുമുള്‍പ്പടെ വലിയ പ്രതികൂല സാഹചര്യങ്ങളില്‍ നേടിയ ഈ അരുവിക്കര വിജയത്തിന്റെ മധുരം ഇരട്ടിയാണ്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ തുലാസിലായിരുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി പദവും അരക്കിട്ടുറപ്പിക്കാന്‍ കുഞ്ഞൂഞ്ഞിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യക്ഷത്തിലില്ലെങ്കിലും, ഒളിപ്പോര്‍ നയിച്ചിരുന്ന രമേശ് ചെന്നിത്തലയ്ക്കും തല്കാലം കുറെക്കാലത്തേക്ക് എങ്കിലും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇതുവരെ കൂടെയില്ലാതിരുന്ന ഹൈക്കമാന്‍ഡും കുഞ്ഞൂഞ്ഞ് ഭക്തരായി കഴിഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തോടെ പ്രതിപക്ഷത്തിന്റെ പോരാട്ടത്തിനും ശമനമുണ്ടാകും. പ്രശ്‌നങ്ങളെല്ലാം താത്കാലികമായി ഒഴിവായെങ്കിലും വരുംകാലവും അത്ര മികച്ചതാകാന്‍ വഴിയില്ല. ഇതിനോടകം തന്നെ ബാര്‍ കേസില്‍ കുറ്റപത്രത്തെ ചൊല്ലി വിവാദം തുടങ്ങിക്കഴിഞ്ഞു. മാസങ്ങള്‍ക്ക് അപ്പുറത്ത് നിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിധി എതിരാണെങ്കിലും നേതൃമാറ്റം ഉന്നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് വരാനിരിക്കുന്നതുമെയുള്ളൂ…

എങ്കിലും കുറെക്കാലത്തേക്കെങ്കിലും കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി ഒറ്റയാന്‍ തന്നെ…