Share The Article

01

എഴുതിയത്: ഷെഫീക് മുസ്തഫ

ഓണം വന്നാലും പെരുന്നാള് വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞമാതിരിയാണ് പെണ്ണുങ്ങളുടെ അവസ്ഥ.

ഉത്സവദിനങ്ങളില്‍ ആണുങ്ങളും കുട്ടികളും ഉമ്മറത്ത് ആര്‍മാദിക്കുമ്പോള്‍ അടുക്കളയില്‍ പൊരിക്കലും വറുക്കലും ‘ചുമയ്ക്കലും’ ഒക്കെയായി ഉത്സവം കെങ്കേമമാക്കാന്‍ കഷ്ടപ്പെടുകയാവും പെണ്ണുങ്ങള്‍.

മുസ്ലിം പുരുഷന്മാരെ സംബന്ധിച്ച് നോമ്പുകാലം അല്പമൊക്കെ വിശ്രമത്തിന്റെ കാലമാവുമ്പോള്‍ സ്ത്രീകള്‍ക്ക് അത് അത്യധ്വാനത്തിന്റെ കാലമാണ്. രാവിലത്തെ ഒതുക്കലും പെറുക്കലും അടിച്ചുവാരലും മുറ്റം തൂക്കലും ഒന്നും നോമ്പുകാലത്തും ഇല്ലാതാവുന്നില്ല. വയസ്സായവരും കുട്ടികളും നോമ്പ് നോല്‍ക്കാറില്ലാത്തതുകൊണ്ട് സാധാരണ ദിവസങ്ങളില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനു പുറമേ നോമ്പെടുക്കുന്ന അംഗങ്ങള്‍ക്കു കൂടി ഭക്ഷണം ഉണ്ടാക്കേണ്ട അധിക ബാധ്യതയുണ്ടവള്‍ക്ക്. നോമ്പ് തുറക്കാന്‍ പുറമേ നിന്ന് അതിഥികളുണ്ടെങ്കില്‍ ഉണ്ടാക്കേണ്ട ഭക്ഷണത്തിന്റെ മെനു മന്ത്രവാദി എഴുതിക്കെടുത്ത കുറുപ്പടി പോലെ നീളും. ഏതു വിശപ്പിനേയും പുല്ലുപോലെ വെല്ലുവിളിക്കും എന്നു നമ്മള്‍ കരുതുന്ന പുരുഷുക്കള്‍ അസറിനു ശേഷം മെത്തമേല്‍ തളര്‍ന്നുറങ്ങുമ്പോള്‍ അബലയായ ഗൃഹനായിക പൂര്‍വ്വാധികം ഉന്മേഷത്തോടെ തന്റെ പത്തു കൈകളും പുറത്തെടുത്ത് അടുക്കളയില്‍ നൃത്തം ചവിട്ടുകയാവും.

പുരുഷന്‍ തറാവീഹ് കഴിഞ്ഞു വന്ന് കയ്യിലെ തസ്ബീഹ് ഉരുട്ടിക്കൊണ്ട് ന്യൂസ് അവര്‍ കാണുമ്പോള്‍ കഴിച്ചതും കുടിച്ചതുമായ ഒരു കുന്നു എച്ചില്‍പാത്രങ്ങളുടെ നടുക്ക് അവയൊക്കെ സുബ്ഹിക്ക് മുമ്പെങ്കിലും മെഴുക്കിത്തീരുമോ എന്ന് നെടുവീര്‍പ്പിടുകയാവും അയാളുടെ ഭാര്യ. അത്താഴത്തിന് മറ്റുള്ളവരെ ഉണര്‍ത്താനും വിളമ്പാനുമൊക്കെ അവള്‍ക്ക് നേരത്തേ എഴുന്നേല്‍ക്കേണ്ടതുണ്ട്. മൂന്നര രാവിലെയിലെ ഉറക്കച്ചടവിനിടയിലും അടുക്കളയും അതിലെ പാത്രങ്ങളും അടുപ്പും ഒരിക്കല്‍ക്കൂടി ഉണരും. അത്താഴശേഷം ബാക്കിയാവുന്ന പാത്രങ്ങള്‍ എല്ലാം കൂടി പിന്നെ സിങ്കില്‍ കൂട്ടിയിട്ടു കിടന്നുറങ്ങാനേ അവള്‍ക്കാവൂ.

രാവിലെ എഴുന്നേറ്റ് ഈ പാത്രങ്ങളൊക്കെ കഴുകിവെച്ച് പുതിയൊരു പ്രഭാതം തുടങ്ങുന്നതിന്റെ തട്ടലും മുട്ടലും കേള്‍ക്കുമ്പോള്‍ അസ്വസ്ഥനാവുന്ന ഗൃഹനാഥന്‍ കിടക്കയില്‍ കിടന്ന് വിളിക്കും: ‘എടിയേ, നിനക്കിതൊക്കെ അപ്പോഴപ്പോള്‍ കഴുകിവെച്ചാലെന്താ?’

അയാള്‍ക്കെന്തറിയാം?

ആറുപേരുള്ള ഒരു കുടുംബത്തില്‍ വെറും അരിപ്പത്തിരി ഉണ്ടാക്കണമെങ്കില്‍ പാടെത്ര പെടണമെന്നാണ് വിചാരം? വെള്ളം ചൂടാക്കണം, മാവ് കിണ്ടണം, മാവ് അയയ്ക്കണം, പിന്നെ അത് ഉരുട്ടണം, പരത്തണം, പൊടിതട്ടണം, പൊള്ളിക്കണം അങ്ങനെ എത്രയെത്ര ഘട്ടങ്ങള്‍! കൂട്ടുകുടുംബമായിരുന്നപ്പോള്‍ ജോലികള്‍ ഷെയര്‍ ചെയ്തു പോകുമായിരുന്നു. ഇന്ന് എല്ലാം ചെയ്യാന്‍ ഒരൊറ്റൊരുത്തിയേ ഉള്ളൂ എന്ന് മറക്കരുത്.

പണ്ട് ഞങ്ങള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ പലഹാരം ഉണ്ടാക്കുന്നതിന് ഉമ്മായെ സഹായിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ‘ഉമ്മാ, നമുക്ക് ബാപ്പായെക്കൂടി വിളിക്കാം’

ഉമ്മ പറഞ്ഞു: ‘അപ്പോ ഇവിടെ വരുത്തുന്ന മാധ്യമം പത്രവും മാതൃഭൂമി ആഴ്ചപ്പതിപ്പുമൊക്കെ ആരു വായിച്ചു തീര്‍ക്കും?’

ബാപ്പ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന് അകത്തേക്ക് എത്തിനോക്കി. കയ്യില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്. മുഖത്ത് എലിപ്പത്തായത്തിലെ കരമന ജനാര്‍ദ്ധനന്‍ നായരുടെ ഭാവം!!