ഓണത്തിന് തീയറ്ററുകള്‍ നിറയെ മലയാള ചിത്രങ്ങള്‍; നാളെ മൂന്ന് എണ്ണം ഇറങ്ങുന്നു

new

ഓണത്തിന് ഇത്രയേറെ മലയാള ചിത്രങ്ങള്‍ റിലീസാകുന്നത് കുറച്ചു നാളുകള്‍ക്ക് ശേഷമാണ്. ഓണം എത്താന്‍ ഇനി കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ആഴ്ച തോറും രണ്ടും മൂന്നും പടങ്ങള്‍ റിലീസ് ആവുകയാണ്. ഇതിന്റെ ഒപ്പം ഓണത്തിന് റിലീസ് ആകാന്‍ കാത്തിരിക്കുന്ന പടങ്ങള്‍ വേറെയും.

കുഞ്ചാക്കോ ബോബന്റെ ജമുനപ്യാരി, നാദിര്‍ ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന അമര്‍ അക്ബര്‍ ആന്റണി, ലിജോ ജോസ് പള്ളിശ്ശേരി ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ഡബിള്‍ ബാരല്‍, രഞ്ജിത്-മോഹന്‍ ലാല്‍ ടീമിന്‍റെ ലോഹം, കമല്‍-മമ്മൂട്ടി ടീമിന്റെ ഉട്ടോപ്പിയയിലെ രാജാവ് തുടങ്ങിയ ചിത്രങ്ങള്‍ ഓണത്തിന് തിയറ്റരുകളില്‍ എത്തും.

അയ്യോ, ഇനിയും ഞങ്ങള്‍ കാത്തിരിക്കണോ എന്ന് ചോദിക്കുന്ന പ്രേക്ഷകര്‍ക്ക് അല്‍പ്പം ആശ്വാസമായി നാളെ വേറെ മൂന്ന് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട്.

ഫഹദ് ഫാസില്‍ നായകനാകുന്ന അയാള്‍ ഞാനല്ല, സുരേഷ് ഗോപി നായകനാകുന്ന രുദ്രസിംഹാസനം, ജയസൂര്യ നായകനാകുന്ന ജിലേബി എന്നിവയാണ് നാളെ തീയറ്ററുകളില്‍ എത്തുന്നത്.

അയാള്‍ ഞാനല്ല എന്ന ചിത്രം ഫഹദ് ഫാസിലിനെ സംബന്ധിച്ച് നിലനില്‍പിന്റെ പ്രശ്‌നമാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന ഫഹദിനെ അയാള്‍ ഞാനല്ല രക്ഷിക്കും എന്നാണ് പ്രതീക്ഷ. നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാള്‍ ഞാനല്ല.

ജയസൂര്യ നായകനാകുന്ന ജിലേബി പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണക്കാരനായ കര്‍ഷകനായി ജയസൂര്യ എത്തുന്ന ചിത്രത്തില്‍ രമ്യ നമ്പീശനാണ് നായിക

രുദ്രസിംഹന്‍ എന്ന ടൈറ്റില്‍ റോളില്‍ സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാനി, കനിഹ, ശ്വേത മേനോന്‍ എന്നിവരാണ് നായികമാരായെത്തുന്നത്.