ഓണസദ്യയും മാലാഖന്മാരും

Spread the love

06

ഓണം എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക് ഓടിയെത്തുക, വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യയാണ്.കൂട്ടുകാരികളുടെ കൂടെയിരുന്ന് കഴിക്കുന്ന ആ സദ്യക്ക് പ്രത്യേക രുചി തന്നെ ആയിരുന്നു.ചില വീടുകളില്‍ താഴെ ചമ്രം പടിഞ്ഞിരുന്നു കഴിക്കണമെന്ന് നിര്‍ബന്ധമുണ്ട്. എന്റെ ആ ഇരിപ്പും കഴിക്കുന്നതിലെ കഷ്ടപ്പാടും കാണുമ്പോള്‍, പായസം ഗ്ലാസ്സില്‍ കൊടുക്കുവാനുള്ള നിര്‍ദ്ദേശം ഉണ്ടാവാറുണ്ട്.ഒരുപക്ഷെ മലയാളികള്‍ 4 ദിവസമായിരിക്കും ഓണസദ്യ ഉണ്ണുന്നത് എന്നാല്‍ ഞാനാണെങ്കില്‍ അവധിക്കാലമായ പത്ത് ദിവസവും പിന്നെയുള്ള ശനി ഞായറും സദ്യയുണ്ണല്‍ പരിപാടിയിലായിരിക്കും.ഞാനൊരു ക്രിസ്ത്യാനിയും കൂട്ടുകാരെല്ലാം ഹിന്ദുക്കള്‍ ആയിരുന്നു എന്നത് കൊണ്ടു ഉണ്ടായ ഭാഗ്യമാണിത്.

എന്നാല്‍ കല്യാണം കഴിഞ്ഞ് കേരളത്തിനോട് ഭാഗികമായി യാത്ര പറഞ്ഞ്, ജോലി സ്ഥലത്തോട്ട് ചേക്കേറിയപ്പോള്‍, ഏറ്റവും കൂടുതല്‍ ദു:ഖിച്ചിട്ടുള്ളതും ഓണനാളുകളിലായിരുന്നു. ഏതോ ഫ്‌ലാറ്റിന്റെ മൂലയിലെ അടുക്കളയില്‍ ഇരുന്ന് പാചകപുസ്തകം നോക്കി ഓണസദ്യ ഒരുക്കിയപ്പോഴൊന്നും ആ അമ്മമാരുടെ കൈപ്പുണ്യമോ സ്‌നേഹമോ ഒന്നും എന്റെ വിഭവങ്ങളില്‍ കണ്ടില്ല. ഏതൊരു പ്രവാസി മലയാളികളെപ്പോലെ ഗൃഹാതുരത്വമായ ഓര്‍മ്മകളാല്‍ അറിയാതെ കണ്ണ് നനഞ്ഞു പോയിരുന്ന ദിവസങ്ങളായിരുന്നു.

നല്ലൊരു ദിവസമായിട്ട് കരയാനിരിക്കേണ്ട എന്ന വീട്ടുകാരുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായിട്ടാണ്, തിരുവോണനാളിലെ സദ്യ ഏതെങ്കിലും ഓണസദ്യയൊരുക്കുന്ന ഭക്ഷണശാലയിലേക്ക് മാറ്റിയത്.മലയാളികള്‍ ചെല്ലാത്ത നാട് ഇല്ലാത്തതു കൊണ്ടാവും ലോകത്ത് പല ഭക്ഷണശാലകളിലും ‘ഓണസദ്യയേയും വാണിജ്യവിഷയമാക്കാറുണ്ട്. എല്ലാ കറികളിലും കുറച്ച് തേങ്ങ ഇട്ടതു കൊണ്ട് മാത്രം കേരള രുചിയിലുള്ള സദ്യ ആകില്ല എന്ന് മനസ്സിലാക്കി കൊടുക്കേണ്ട അവസരമായിരുന്നു അത്. എന്തോ, ആ സദ്യകളൊന്നും എന്റെ പ്രതീക്ഷകള്‍ക്കൊപ്പം ആയിരുന്നില്ല. അവിടത്തെ മാനേജര്‍ മുതല്‍ പാചകക്കാരെ വിളിച്ച് എന്റെ അതൃപ്തി അറിയിക്കേണ്ടതായി വന്നിട്ടുണ്ട്. അവിടെ വന്നിട്ടുള്ള മറ്റുള്ളവരുടെയും വീട്ടുകാരുടേയും കണ്ണുരുട്ടല്‍ …….. ഫലം …നിരാശ തന്നെ.

ഒരു സദ്യ ഉണ്ടാക്കുന്നതിനേക്കാള്‍ കീറാംമുട്ടിയായിട്ടാണ് കേരളതനിമയുള്ള ഓണസദ്യ ഒരുക്കുന്ന ഒരു സ്ഥലം കണ്ടുപിടിക്കുക..താന്‍ പാതി ഗൂഗിള്‍ പാതി എന്ന മട്ടില്‍ കണ്ടുപിടിച്ച ഈ സ്ഥലം ഇവിടത്തെ പേര് കേട്ട ആശുപത്രിയുടെ പുറകിലായിട്ടായിരുന്നു.സാധാരണ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കടയുടെ ബോര്‍ഡ് തന്നെ വലിയ അക്ഷരത്തില്‍ മലയാളത്തില്‍ എഴുതിയതായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ ആ കടയുടെ മാത്രമല്ല അവിടെയുള്ള മിക്ക കടകളുടെയും പേരുകള്‍ മലയാളത്തില്‍ തന്നെയായിരുന്നു.എന്നെ ശരിക്കും ആശ്ചര്യഭരിതമാക്കിയ പ്രദേശം. ആശുപത്രിയിലെ നഴ്‌സുമാരില്‍ വലിയൊരു ശതമാനമായ മലയാളികള്‍ താമസിക്കുന്നതാണവിടെ.എവിടെ നോക്കിയാലും മലയാളം പറയുന്ന ചേച്ചിന്മാരും & ചേട്ടന്മാരും.ശരിക്കും കേരളത്തില്‍ ചെന്ന പ്രതീതി.അവിടെയുള്ള ഹിന്ദി ചേട്ടന്മാരും മലയാളം പറയുന്നുണ്ടോ എന്ന് സംശയം !

കേരളത്തിലെ ചായക്കട പോലെയുളള സ്ഥലം. ആകെ 56 മേശകളും അതിന് ചുറ്റുമുള്ള കസേരകള്‍, ഞങ്ങള്‍ ചെന്നപ്പോള്‍ ഏതാനും നഴ്‌സുന്മാരും അവരുടെ കൂട്ടുകാരും കൂടെ ഓണസദ്യ കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.കൂട്ടുകാര്‍ സ്പൂണ്‍ വെച്ച് വാഴയിലയില്‍ നിന്ന് പയറ്റാം എന്ന മട്ടിലാണ്..കറികളില്‍ ഉണ്ടാവുന്ന എരിവിന്റെ കാര്യത്തില്‍ വളരെ ഉല്‍കണ്ഠരായിരിപ്പുണ്ട്.അതിന്റെ മുന്നോടിയായി ഓരോത്തരും ഒരു കുപ്പി വെള്ളം ആയിട്ടാണ് ഇരിക്കുന്നത്. നഴ്‌സുമാര്‍, ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാവേലി കഥയും അത്തം ഇടുന്ന വിശേഷങ്ങളും കൂട്ടുകാരുമായി പങ്ക് വെക്കുന്നുണ്ട്. ഞങ്ങളുടെ വരവോട് കൂടി അവിടത്തെ മലയാളികളുടെ എണ്ണം കൂടി അതുകൊണ്ടായിരിക്കാം ഞങ്ങളുടെ കൂടെ നിര്‍ബന്ധത്തിന്റെ ഭാഗമായി അവര്‍ കൈകൊണ്ട് കഴിക്കാന്‍ തയ്യാറായി.എല്ലാവരും പരസ്പരം പരിചയപ്പെട്ടും പഴയ ഓര്‍മ്മകളെ തട്ടിയുണര്‍ത്തിയും ഗൃഹോചിതമായ ഒരന്തരീക്ഷം ഉണ്ടാക്കി എടുത്തു. ഓണത്തിനോടുള്ള ആവേശവും സന്തോഷവും തൊട്ടറിഞ്ഞ നിമിഷങ്ങള്‍!. നഴ്‌സുമാര്‍, അവരുടെ ജോലിയോടൊപ്പം തന്നെ നമ്മുടെ സംസ്‌കാരത്തെയും ആഘോഷങ്ങളേയും കൂടെ കൊണ്ട് വന്നിരിക്കുന്നു!

അടുത്തുള്ള കടകളുടെ പേരും വിവരങ്ങളും മലയാളത്തില്‍ തന്നെ. പലച്ചരക്കു കടയില്‍ ആണെങ്കില്‍ കപ്പ, നേന്ത്രപ്പഴം,വെളിച്ചെണ്ണ, മലയാളം മാഗസിനുകള്‍ …..കേരളത്തിന്റേതായ എല്ലാ സാധനങ്ങളും ഉണ്ട്. കടയില്‍ ഏത് ഭാഷയുടെ ഉപഭോക്താവ് വന്നാലും മലയാളത്തിലാണ് മറുപടി.മലയാളം പ്രാദേശികഭാഷയാക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നറിയില്ല.എന്തായാലും വന്നവര്‍ക്ക് എല്ലാം മനസ്സിലാവുന്നുണ്ട് …അതിനാണല്ലോ പ്രാധാന്യം! അതിനുപുറമേ നമ്മുടെയെല്ലാം പ്രത്യേക താല്‍പര്യമായ സ്വര്‍ണ്ണക്കടയേയും കണ്ടു . തവണകളായി പൈസ കൊടുത്ത് ആഭരണങ്ങള്‍ വാങ്ങിക്കാം എന്ന പ്രത്യേകതയോടെ. വൃത്തിയുടെ കാര്യത്തില്‍ പുറകിലാണെങ്കിലും ആ കൊച്ചു കേരളത്തില്‍ ചെന്നപ്പോള്‍ എനിക്ക് അതൊന്നും വലിയ പ്രശ്‌നമായി തോന്നിയില്ല.

ആശുപത്രിയുടെ പ്രധാനകവാടത്തിന്‍ മുന്നില്‍ കൂടെ പോകുമ്പോള്‍ കൂട്ടം കൂട്ടമായി മലയാളികള്‍ പോകുന്നത് കണ്ടിട്ടുണ്ട്. ലോകത്തുള്ള ഏത് ആശുപത്രിയില്‍ പോയാലും പ്രവചനാതീതമായ സഹായങ്ങളുമായി നമ്മുടെ കൂടെ ഉണ്ടാവുന്നത് മലയാളി നഴ്‌സുമാരായിരിക്കും. എന്നാലും കഴിഞ്ഞ 56 വര്‍ഷമായിട്ട് പ്രവര്‍ത്തനാരംഭിച്ച ഈ ആശുപത്രിയുടെ പുറകില്‍ ഇങ്ങനെയൊരു ‘കോളനി ഉള്ള കാര്യം എനിക്ക് ഒരു പുതിയ ഒരറിവ് ആണെങ്കിലും ഇവിടത്തെ പല മലയാളികളും അവിടത്തെ കടകളിലെ നിത്യസന്ദര്‍ശകരാണ്. പിന്നിട് പലപ്പോഴും പല കേരളസാധനങ്ങള്‍ക്കായി ആ കടകള്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട് ഒരു പ്രദേശത്തുള്ള മലയാളികള്‍ക്കായി ഔചിത്യപ്രവര്‍ത്തനങ്ങളും ഒരു പക്ഷെ അവരറിയാതെ തന്നെ ചെയ്യുന്നു. …പ്രശംസാര്‍ഹമായ കാര്യം തന്നെ ! നമ്മുടെ മാലാഖകുട്ടികള്‍ ചെയ്തു തന്ന ഈ ഉപകാരത്തിന് നന്ദി പറഞ്ഞു കൊണ്ട് എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍ !!!!