ഓര്‍മകളുടെ ഇടവഴികള്‍

52


ഓര്‍മകളില്‍ തെളിയുന്ന ഇടവഴികളിലൂടെയായിരുന്നു അന്ന് ഓണത്തിനും പെരുന്നാളിനുമെല്ലാം വിരുന്നുപോയിരുന്നത്. ബാപ്പയുടെ വിരലില്‍ തൂങ്ങി തക്ബീര്‍ ധ്വനികളുയരുന്ന പള്ളിയിലേക്ക് നടന്നുപോയതും മാവേലി വേഷത്തെ മുന്നില്‍ നടത്തി ക്ളബിലെ ചേട്ടന്മാര്‍ പുലികളിച്ചു വന്നതും കരിയില മൂടിയ ഇടവഴികളിലൂടെയായിരുന്നു. ഓലകെട്ടിയ വീട്ടില്‍നിന്ന് ഓടിട്ട തറവാട്ടു വീട്ടിലേക്കുള്ള ആഹ്ളാദയാത്രയായിരുന്നു ഓരോ പെരുന്നാളും. സ്നേഹത്തിന്‍െറ പൂമണം പരക്കുന്ന അയല്‍വീടുകളിലേക്ക് സദ്യയുണ്ണാനും അത്തപൂക്കളത്തിന്‍െറ നടുവില്‍ വെച്ച അരിയടയില്‍ അമ്പെയ്ത് ജയിക്കാനുമുള്ള നടത്തകളായിരുന്നു ഓണം. സ്നേഹച്ചോരയൊഴുകുന്ന ധമനികള്‍ പോലെ ഈ വീടുകളെയെല്ലാം പരസ്പരം ഇണക്കിയിരുന്നത് ഇടവഴികളായിരുന്നു. നിരനിരയായി നട്ടുവളര്‍ത്തിയ കടലാമണക്കുകളും ഈറ്റയും കൊണ്ട് മെനഞ്ഞ വേലികള്‍ക്കിടയിലെ അല്‍പ വഴിയിലൂടെ കരിയിലകളില്‍ കലമ്പല്‍ കൂട്ടി നടന്നുപോകുമ്പോള്‍ കൈനീട്ടി പൊട്ടിക്കുന്ന കടലാമണക്കുകളുടെ ചുന തെറിക്കും കൈയിലും ദേഹത്തുമെല്ലാം.

ഈറ്റയുടെ ചെറിയ പീച്ചാംകുഴലുണ്ടെങ്കില്‍ കടലാമണക്കിന്‍െറ തണ്ട് പൊട്ടിക്കുമ്പോള്‍ പൊടിയുന്ന കറ കൊണ്ടുരുഗ്രന്‍ വിദ്യയുണ്ട്. വര്‍ണരാജികള്‍ ഉള്ളിലടക്കിയ നീര്‍കുമിളകള്‍ പറത്തിവിടാം. അനുജത്തിക്ക് ഇടവഴി നടത്തം അത്രമേല്‍ ഇഷ്ടമാകാനൊരു കാരണം ആ നീര്‍കുമിളകളായിരുന്നു. തറവാട്ടു വീട്ടിലേക്ക് പോകുമ്പോള്‍ ചാടിത്തുള്ളിയായിരുന്നു നടത്തം. ഉമ്മയുടെ വിരല്‍ത്തുമ്പില്‍നിന്ന് വെട്ടിയകന്നു അവളും മത്സരിച്ചോടും. ആ യാത്രകള്‍ ഓരോന്നും ഓരോ ഉത്സവങ്ങളായിരുന്നു. എല്ലാം കഴിഞ്ഞുള്ള മടക്കം ഓണാവധിക്കുശേഷം സ്കൂളിലേക്ക് പോകുന്നതുപോലെ നിഴല്‍വീണ, കണ്ണീര്‍ ചാലിട്ട കവിളുകളുമായും.

ദാരിദ്ര്യത്തിന്‍െറ കാലമായിരുന്നു അത്. നിറയാത്ത പാത്രങ്ങളുടെ നെടുവീര്‍പ്പുകള്‍ ഓലപ്പൊളിയുടെ കെട്ടനിറത്തോടൊപ്പം വീട്ടിനുള്ളില്‍ തങ്ങിനില്‍ക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തറവാട്ടു വീട്ടിലെ നിറഞ്ഞ പാത്രങ്ങളായിരുന്നു പെരുന്നാളിന്‍െറ ആഹ്ളാദം. 10ാം വയസില്‍ ഇറച്ചിയും മീനും നാവിന് അരുചിയായതു മുതല്‍ പെരുന്നാള്‍ വിരുന്നിനെക്കാള്‍ രുചി ഓണസദ്യക്കായി. ചാണകം മെഴുകിയ നിലത്ത് പായ വിരിച്ച് അതില്‍ തൂശനിലയിട്ട് അയലത്തെ അമ്മമാര്‍ വിളമ്പിത്തരുന്ന സദ്യ കഴിച്ച് കുമ്പ വീര്‍ക്കും. മാവേലി പരുവത്തിലായ വയറുമായി പിന്നെ കൃഷിയൊഴിഞ്ഞ പുരയിടത്തിലെ വലിയ വരിക്കപ്ളാവിന്‍െറ ചുവട്ടിലേക്കൊരോട്ടമാണ്. പ്ളാവിന്‍ കൊമ്പത്ത് പ്ളാച്ചിവള്ളി കൊണ്ട് ഞാത്തിയിട്ട ഊഞ്ഞാലില്‍ കയറാന്‍ ഊഴമിട്ടുള്ള കാത്തുനില്‍പ്. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് പറന്നങ്ങ് പോകാനും റിവേഴ്സടിക്കാനും എന്തൊരു രസമാണ്. ഒരിക്കല്‍ ആകാശത്തേക്ക് പോയിട്ട് തിരിച്ചുവന്നില്ല. ആ വര്‍ഷം വനം കയറി നടന്നെങ്കിലും അയലത്തെ ചേട്ടന് മൂപ്പത്തെിയ പ്ളാച്ചിവള്ളി കിട്ടിയിരുന്നില്ല. കയറുകൊണ്ട് കുറവുനികത്തിയെങ്കിലും അത് ചതിച്ചു. കയര്‍പിരിച്ചവര്‍ നിശ്ചയിച്ച ഗാരന്‍റിക്കും ഒരു പരിധിയുണ്ടല്ളോ. മരക്കൊമ്പിലുരഞ്ഞ് അതങ്ങ് പൊട്ടിയപ്പോള്‍ ഇരിപ്പിടമായ വിറക് മുട്ടിയോടൊപ്പം നിലംപതിച്ചു. ഓണാവധിക്ക് ശേഷം തുറക്കുന്ന സ്കൂളിലേക്ക് ഒരു നീണ്ട സിക്ക് ലീവ് കിട്ടുമായിരുന്ന സാധ്യതയെ നിഷ്കരണം ഇല്ലാതാക്കി ചെന്നുവീണത് കരിയിലമത്തെയില്‍. ഇരിപ്പിട മുട്ടിക്കും നിലത്തിനുമിടയില്‍ അവയവങ്ങളില്‍ ഏതൊക്കെയോ കുടുങ്ങിയും ഉരഞ്ഞും ദിവസങ്ങളോളം എരിവുകയറ്റിയ വേദനയുണ്ടായിരുന്നെങ്കിലും സ്കൂള്‍ ലീവിന് അത് മതിയായ കാരണമായി കേന്ദ്രം പരിഗണിച്ചില്ല.

ഊണും ഊഞ്ഞാലാട്ടവും കഴിഞ്ഞ് ഇടവഴി താണ്ടി ഗ്രാമ കവലയിലത്തെിയാല്‍ ശക്തി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ളബിന്‍െറ ഓണാഘോഷ പരിപാടികള്‍ കാണാം. പലവിധ മത്സരങ്ങളില്‍ പങ്കെടുക്കാം. സോപ്പുപെട്ടിയും ചില്ലുകപ്പുമെല്ലാം സമ്മാനമായി നേടാം. കളികളില്‍ ബിസ്കറ്റ് കടി മത്സരമായിരുന്നു ഇഷ്ടം. വലിച്ചുകെട്ടിയ കയറില്‍ നൂലില്‍ കൊരുത്തു വരി വരിയായി ഞാത്തിയിടുന്ന ബിസ്ക്കറ്റുകള്‍ ചാടിത്തുള്ളുമ്പോള്‍ കൈകള്‍ പിറകില്‍ കെട്ടി വായുകൊണ്ട് ചാടിപ്പിടിക്കാന്‍ ശ്രമിക്കണം. മത്സരം ജോറാണ്. ചേട്ടന്മാര്‍ കയര്‍ വല്ലാതെയങ്ങ് ചലിപ്പിച്ചുകളയും. മധുരമുള്ള ബിസ്ക്കറ്റുകള്‍ കണ്‍മുമ്പില്‍, നാവിന് തൊട്ടകലെ പിടി തരാതെ കിടന്നുതുള്ളും. ബിസ്ക്കറ്റ് കടിച്ചെടുത്ത് ഒരിക്കലും ജയിക്കാനായിട്ടില്ളെങ്കിലും ബാക്കി വരുന്ന ബിസ്ക്കറ്റ് തിന്നാന്‍ തരുമായിരുന്നു നടത്തിപ്പുകാരായ ചേട്ടന്മാര്‍. മിഠായി പെറുക്കല്‍ മത്സരവും ഇഷ്ടമായിരുന്നു. കസേരകളി മത്സരം മാത്രം ഇഷ്ടമായിരുന്നില്ല. കസേര കിട്ടത്തുമില്ല, തല കറങ്ങുന്നത് മിച്ചവും. റോഡില്‍ കുമ്മായ വരകളിട്ട് ട്രാക്കുകളുണ്ടാക്കി നടത്തുന്ന ഓട്ട മത്സരത്തിലും ഒരിക്കലും ജയിക്കാനായിട്ടില്ല. രാത്രിയില്‍ ചേട്ടന്മാര്‍ തകര്‍ത്ത് അഭിനയിക്കുന്ന നാടകമുണ്ടാവും. കൂട്ടത്തില്‍ നാട്ടിലെ പാട്ടുകാര്‍ നടത്തുന്ന ഗാനമേളയും. പാതിരാത്രിവരെ നീളുന്ന പരിപാടികള്‍ എല്ലാം കാണാന്‍ സമ്മതിക്കാതെ സ്റ്റേജിന് മുന്നില്‍നിന്ന് കൈയ്യില്‍ തൂക്കിയെടുത്ത് ബാപ്പ ഒരു നടത്തമാണ് വീട്ടിലേക്ക്. ബാപ്പയെ ഭയന്ന് മുട്ടിനില്‍ക്കുന്ന കരച്ചില്‍ വീട്ടിലത്തെി ഉമ്മയുടെ മുന്നിലൊരു പൊട്ടിയൊഴുകലാണ്.

പിന്നീട് മുതിര്‍ന്നപ്പോള്‍ ശക്തി ക്ളബിന്‍െറ ഭാരവാഹിയും ഓണാഘോഷ നടത്തിപ്പുകാരനുമായി. നാടിന്‍െറ ഞരമ്പുകളായ ഇടവഴികളിലൂടെ മാവേലിയെ മുന്നില്‍ നടത്തി ഘോഷയാത്രകള്‍ നടത്തി ബക്കറ്റ് നീട്ടി നാണയത്തുട്ടുകള്‍ ശേഖരിച്ചു, ക്ളബ്ബിന്‍െറ ദൈനംദിന ചെലവുകള്‍ക്ക്. നാട്ടിടവഴികളുടെ ഓരങ്ങളില്‍ അന്നും സൗഹൃദത്തിന്‍െറ പൂമരങ്ങള്‍ പൂത്തുനിന്നിരുന്നു. ഓണവും പെരുന്നാളും ക്രിസ്തുമസുമെല്ലാം അസ്വദിച്ചുണ്ട് സദ്യകളുടെ രുചികാലങ്ങളില്‍ ആമോദത്തോടെ ജീവിച്ചു, പ്രായമേറുന്നതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ വേനലായി ചുട്ടുപൊള്ളിക്കുന്നതുവരെ. തൊഴില്‍രഹിത ജീവിതത്തിന്‍െറ വൈഷമ്യങ്ങളും കുറ്റപ്പെടുത്തലുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഒരിക്കല്‍ എല്ലാവരും പലവഴി പിരിഞ്ഞുപോയി.

പലവഴി മറികടന്നുള്ള ജീവിതയാത്രക്കിടയില്‍ കിട്ടുന്ന അവധികള്‍ നാട്ടിലേക്കുള്ള തിരിച്ചത്തെലുകളാകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് ഓര്‍മകളുടെ ഇടവഴി സഞ്ചാരങ്ങള്‍ തന്നെയായിരുന്നു. നാട്ടിടവഴികള്‍ കാലം പണ്ടേ ടാറും കോണ്‍ക്രീറ്റുമിട്ട് മായച്ചുകളഞ്ഞിരുന്നു. കടലാമണക്കുകളുടെ വേലികള്‍ കോണ്‍ക്രീറ്റ് ചെടികളുടെ വലിയ അലങ്കാര മതില്‍ക്കെട്ടുകള്‍ക്ക് വഴിമാറി. നിലത്തുകിടന്ന് ചെവിചേര്‍ത്തുവച്ചുനോക്കി, ഇല്ല ടാറിട്ട ഇടവഴികളില്‍ ചോരയോട്ടത്തിന്‍െറ സ്പന്ദനമില്ല. ക്ളബ് മാത്രം ഗ്രാമകവലയുടെ കോണ്‍ക്രീറ്റ് എടുപ്പുകള്‍ക്കിടയില്‍ ഒറ്റപ്പെട്ട് റോഡ് പുറമ്പോക്കില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ ശക്തിയും സൗന്ദര്യവുമെല്ലാം ചോര്‍ന്നൊലിച്ചൊരു അസ്ഥികൂടമായി..! മനസു വേദനയോടെ മന്ത്രിച്ചു, വയ്യ, ഇനിയൊരു ഓണക്കാലത്തും ഇങ്ങോട്ടില്ല.

Write Your Valuable Comments Below

Comments are closed.