ഓര്‍മ്മകള്‍

വീട്ടിന്റെ മുന്‍ഭാഗത്ത് കൂടെ വരാന്‍ പേടിയായത് കൊണ്ട് പതിവ് പോലെ അടുക്കള ഭാഗത്ത് കൂടെ കയറി,

രാമ രാമ രാമ……

ഹോ ഇവന്‍ ഇന്നും എന്നെ തല്ല് കൊള്ളിക്കും. നേരെ കുളിമുറിയിലേക്ക് ഓടി കുളിച്ചു ഡ്രസ്സ് മാറ്റി വാതില്‍ക്കല്‍ വന്നു. അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് ഉപ്പ നമസ്കാരം കഴിഞ്ഞു, ഉമ്മയും ഉമ്മാമയും ഉപ്പയുടെ നേരെ പിന്നിലിരുന്നു സലാം വീട്ടി.

ഇവനിന്നും കളിച്ചു എത്തിയില്ലെ ഉപ്പയുടെ ചോദ്യം ?

അയലത്തെ വീട്ടില്‍ നിന്നും ദിനേശന്‍ രാമ രാമ രാമ… ഉറക്കെ  ചൊല്ലാന്‍  തുടങ്ങി എന്തു നല്ല കുട്ടിയാ അവന്‍… കുളിച്ച്  വിളക്ക്  കത്തിച്ചു സന്ധ്യാ നാമം ചൊല്ലിത്തുടങ്ങി

രാമ  രാമ  രാമ  …….

അവന്‍  ഉച്ചത്തില്‍ ജപിച്ച് കൊണ്ടേ ഇരുന്നു. ഹോ ഇത് എന്നെ തല്ല് കൊള്ളിക്കാന്‍ തന്നെ …

ഉമ്മ പറഞ്ഞു മഗ്രിബ് ബാങ്ക് വിളിച്ചു നിസ്കാരം കഴിഞ്ഞു. എന്നിട്ടും ഇവിടെയുള്ളവന്റെ കുളി ഇത് വരെ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ ഉണ്ട് എന്നറിയിക്കാന്‍ ഉറക്കെ ഉമ്മയോട് ചോദിച്ചു

“എന്റെ ഖുറാന്‍ കണ്ടിരുന്നോ” ഉമ്മാ?

ഉമ്മ പറഞ്ഞു ഇതാ ഇവിടെയുണ്ട്. ഹോ ആശ്വാസമായി ഇന്ന് ദേഷ്യത്തില്‍ അല്ല. ഉമ്മയുടെ അടുത്തു ചെന്നു ഖുറാന്‍ എടുത്തു വായിക്കാന്‍ തുടങ്ങി

ആരോ വീട്ടില്‍ വന്നു ഉപ്പ ഇരിക്കാന്‍ പറഞ്ഞു. ദിനേശന്റെ അച്ഛന്‍ സഹായക്കുറിയുടെ കത്തുമായി വന്നതായിരുന്നു. ഉമ്മ വേഗം അടുക്കളയിലേക്ക് പോയി. ഒരു കപ്പ് ചായ അച്ഛനും ഉപ്പയ്ക്കും കൊടുത്തു  കൂട്ടാന്‍ ഇത്തിരി മിച്ചറും. ഉമ്മാമയും അച്ഛനും പഴയ കഥകള്‍ പറയാന്‍ തുടങ്ങി

ദിനേശന്‍ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി

ഉണരുവിന്‍ വേഗം.. ഉണരുവിന്‍ സ്വരാ.. മൊട്ടുകളെ ..

ദിനേശന്‍ ജപിച്ച് കഴിഞ്ഞു പഠനവും തുടങ്ങി. ഉമ്മ പറഞ്ഞു

‘ശരിയാ അവനു പഠിക്കാന്‍ വലിയ ഇഷ്ടാ’

‘പഠിച്ചു ഒരു മാഷവാനാണ് അവന് താത്പര്യം’, അച്ഛന്‍ പറഞ്ഞു.

മണ്ണെണ്ണ വെളിച്ചത്തില്‍ ഞാനും  വായിക്കാന്‍ തുടങ്ങി. പഠനം കഴിഞ്ഞാല്‍ ഉമ്മാമയുടെ രസകരമായ  കഥകള്‍ കേള്‍ക്കാം. എന്തു രസമാണണോ ഓരോ കഥകളും. കഥകള്‍ കാണാന്‍ അന്ന് ടി‌വി ഇല്ലായിരിന്നു. ജീന്നിന്റെയും ഇഫ്രീത്തിന്റെയും കഥകള്‍, മൂസയുടെയും ഫറോവയുടെയും കഥകള്‍ ..

ദിനേശന്‍ അവന്റെ അമ്മൂമ പറഞ്ഞു കൊടുക്കുന്ന രാമായണ കഥകളും മഹാഭാരത കഥകളും എനിക്കു പറഞ്ഞു തരുമായിരുന്നു. ഞങ്ങള്‍ കഥ പുസ്തകങ്ങള്‍ പരസ്പരം കൈ മാറി വായിച്ചു. ആ വായനകള്‍ മനസ്സിന് ആനന്ദമേകിയിരുന്നു. അമ്മൂമയുടെ കഥകള്‍ മനസ്സിന് കൂളിരേകിയിരുന്നു. സ്കൂളില്‍ നിന്നു പഠിക്കുന്ന കവിത ചൊല്ലാനും കേള്‍ക്കാനും പ്രത്യേക രസമായിരുന്നു.

ഇന്ന് സന്ധ്യ സമയത്ത് മുറ്റത്ത് വിളക്ക് വെക്കാനും തുളസിത്തറയില്‍ വിളക്ക് കൊളുത്താനും കുട്ടികള്‍ക്ക് അറിയുമോ ? മുത്തശ്ശിമാരുടെ കഥകള്‍ അവര്‍ കേട്ടിട്ടുണ്ടോ…?സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നുണ്ടോ…?

മുത്തശ്ശി മാരുടെ കഥകള്‍ക്ക് പകരം സീരിയലില്‍ കരയുന്ന അമ്മമാരും അനിയത്തി മാരും.. ഗല്‍ഫിലെ പല കുട്ടികള്‍ക്കും അമ്മൂമയെയും  മുത്തച്ഛന്‍മാരെയും അറിയില്ല..അവരില്‍ നിന്നും കഥകള്‍ കേട്ടിട്ടില്ല..സന്ധ്യാ  നാമവും വിളക്കും എല്ലാം ഒരു കഥ പോലെ ആരോ പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു ….

SHARE