Share The Article

sadat-hassan-manto3

സാദത്ത്‌ ഹസന്‍ മന്‍ടോയുടെ സിയാഹ് ഹാഷിയെ (കറുത്ത വക്കുകള്‍ )എന്ന കഥാസമാഹാരത്തിലെ ഏതാനും കഥകള്‍ ഇവിടെ തര്‍ജ്ജമ ചെയ്തു പോസ്റ്റ്‌ ചെയ്യുന്നു. വേറെ വേറെ കഥകളാണിവയെങ്കിലും ഒരുമിച്ചു വായിക്കുമ്പോള്‍ എല്ലാം കൂടി ഒരു കഥയായി മാറുന്നു. നിറയെ കറുത്ത ഫലിതം കുത്തി നിറച്ച ഈ കഥകള്‍ പിറവി കൊണ്ട പശ്ചാത്തലം മനസ്സിലാക്കണമെന്നുള്ളവര്‍ ഇവിടെ ഞെക്കുക

ചെരിപ്പു മാല
ജൂത്ത

സംഘം അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി; സര്‍ ഗംഗാ റാമിന്‍റെ പ്രതിമക്കരികിലേക്ക്. അവര്‍ പ്രതിമയില്‍ വടി കൊണ്ടടിച്ചു, കല്ലെറിഞ്ഞു, കരിയോയിലൊഴിച്ചു. അതിനിടെ മറ്റൊരാള്‍ പഴയ ചെരിപ്പുകള്‍ കൊണ്ട് തീര്‍ത്ത മാല ചാര്‍ത്താനായി പ്രതിമക്കരികിലേക്ക് നീങ്ങി.
പൊലീസെത്തി. വെടിവെച്ചു.
ചെരിപ്പുമാല പിടിച്ചു നില്‍ക്കുന്നയാള്‍ക്ക് വെടിയേറ്റു.
സമയം കളയാതെ അയാളെ ചികിത്സക്കായി സര്‍ ഗംഗാ റാം സ്മാരക ആശുപത്രിയിലെത്തിച്ചു.
***

അറിവില്ലായ്മയുടെ മെച്ചം
ബേഖബരി കാ ഫായെദാ

കാഞ്ചി വലിഞ്ഞു; കൈത്തോക്കില്‍ നിന്ന് വെടിയുണ്ട പാഞ്ഞു. ജനല്‍ വഴി രംഗം വീക്ഷിക്കുകയായിരുന്ന മദ്ധ്യവയസ്കന്‍ തല്‍ക്ഷണം മൃതിയടഞ്ഞു. രണ്ടാമതും കാഞ്ചി വലിഞ്ഞു. വെള്ള വിതരണക്കാരന്‍റെ തോല്‍ത്തൊട്ടി പൊട്ടി. നിലംപതിച്ച അയാളുടെ രക്തത്തോടൊപ്പം വെള്ളം റോഡിലൂടെ ഒഴുകി. മൂന്നാമത്തെ വെടി ഉന്നം തെറ്റി. അതൊരു കുതിര്‍ന്ന മതിലില്‍ പോയി തറച്ചു.
നാലാത്തെ ഉണ്ട മുതുകില്‍ തറച്ച വൃദ്ധ നിലവിളി പോലുമില്ലാതെ മരിച്ചു വീണു.
ആരും മരിച്ചില്ല, ആര്‍ക്കും പരിക്കേറ്റില്ല ഇതായിരുന്നു അഞ്ചും ആറും ഉണ്ടകളുടെ സ്ഥിതി.
വെടിക്കാരന്‍ അസ്വസ്ഥനായി. ഒരു കൊച്ചു കുട്ടി റോഡ് മുറിച്ചു കൊണ്ടോടുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ തോക്ക് അവനു നേരെ ചൂണ്ടി.
‘നീയെന്താ ചെയ്യുന്നത്?’ അയാളുടെ കൂട്ടുകാരന്‍ ചോദിച്ചു. ‘നിന്‍റെ തോക്കില്‍ ഉണ്ട ബാക്കിയില്ല.’
‘മിണ്ടാതിരി! അതാ കുട്ടിക്കെങ്ങനെ അറിയാം?.’
***

ഉചിതമായ നടപടി
മുനാസിബ് കാറവായി

കലാപമുണ്ടായപ്പോള്‍ പ്രദേശ വാസികളായ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ചിലര്‍ കൊല്ലപ്പെടുകയുണ്ടായി. ബാക്കിയായവര്‍ ജീവനും കൊണ്ടോടി. ഒരാള്‍ മാത്രം പക്ഷേ അയാളുടെ ഭാര്യയെയും കൂട്ടി പത്തായപ്പുരയിലൊളിച്ചു.
മൂന്നു രാത്രികളും മൂന്നു പകലുകളും അവര്‍ അക്രമികള്‍ക്കു വേണ്ടി വൃഥാ കാത്തിരുന്നു. വീണ്ടും രണ്ടു ദിവസങ്ങള്‍ കൂടി അവിടെ. മരണത്തെക്കുറിച്ചുള്ള ഭയം കുറഞ്ഞു വന്നു. വെള്ളത്തിനും ഭക്ഷണത്തിനുമുള്ള ആഗ്രഹം ശക്തമായി.
നാലു ദിനങ്ങള്‍ കൂടി കഴിഞ്ഞു. ജീവിതവും മരണവുമൊന്നും ഇപ്പോള്‍ ദമ്പതികളെ അലട്ടുന്ന പ്രശ്നമേ അല്ല. ഇരുവരും ഒളിവില്‍ നിന്ന് പുറത്തു വന്നു.
ഭര്‍ത്താവ് അതുവഴി പോകുന്ന ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ക്ഷീണിച്ച സ്വരത്തില്‍ അയാള്‍ വിളിച്ചു പറഞ്ഞു, ‘ദയവു ചെയ്ത് ഞങ്ങളെയൊന്ന് കൊല്ലൂ. ഞങ്ങള്‍ കീഴടങ്ങുന്നു.’
വിളി കേട്ടയാള്‍ കൈമലര്‍ത്തി, ‘ഞങ്ങളുടെ മതത്തില്‍ ജീവനെടുക്കുന്നത് പാപമാണ്’

അവര്‍ ജൈന മതക്കാരായിരുന്നു. എന്നാല്‍ അല്‍പ നേരത്തെ കൂടിയാലോചനക്കു ശേഷം അവര്‍ ഭാര്യയെയും ഭര്‍ത്താവിനെയും ഉചിതമായ നടപടികള്‍ക്കായി തൊട്ടടുത്ത പ്രദേശത്തുള്ളവര്‍ക്കെത്തിച്ചു കൊടുത്തു.
***

പഠാനിസ്താന്‍

‘ഖോ എക്ദം ജല്‍ദി ബോലോ, തും കോനേ?’
‘മേ…മേ…’
‘ഖോ ശേത്താന്‍ കാ ബച്ചാ ജല്‍ദി ബോലോ….. ഇന്ദൂ ഏ യാ മുസ്ലിമീന്‍?’
‘മുസ്ലിമീന്‍’
‘ഖോ തുമാരാ റസൂല്‍ കോനേ?’
‘മുഹമ്മദ് ഖാന്‍’
‘ടീകേ … ജാഊ’
***
അങ്ങനെയല്ല; ഇതാ.. ഇങ്ങനെ
ഹലാല്‍ ഓര്‍ ഝട്കാ

‘ഞാനവന്‍റെ കഴുത്തിലെ രക്തക്കുഴലില്‍ തന്നെ കത്തി വച്ചു. പതുക്കെ, വളരെ പതുക്കെ ഞാനവനെ അറുത്തു.’
ഛെ! നീയെന്താ ചെയ്തത്?
‘എന്തേ?’
‘നീ എന്തിന് അയാളെ അങ്ങനെ കൊന്നു?’
‘അങ്ങനെ കൊല്ലുന്നതാണ് ഒരു രസം.’
‘വിഡ്ഢീ, നീ അവനെ ഒറ്റവെട്ടിന് (ഝട്ക) കൊല്ലേണ്ടിയിരുന്നു. ഇതാ ഇങ്ങനെ’
പതുക്കെ ഹലാല്‍ കൊല നടത്തിയവന്‍റെ തല ഝട്കയായി- തലയും ഉടലും വേറെവേറെയായി.

(മുസ്ലിംകള്‍ മൃഗങ്ങളെ അറുക്കുക പതുക്കെ മൂര്‍ന്നാണ് ;ഹലാല്‍ ചെയ്യുക എന്നു പറയും എന്നാല്‍ സിഖുകാര്‍ അവയെ ഒറ്റവെട്ടിന് അറുക്കുകയാണ് ചെയ്യുക ഇതാണ് ഝട്ക)
***
നഷ്ടക്കച്ചവടം
ഘാട്ടെ കാ സോദാ

പത്തിരുപത് പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് നാല്‍പത്തി രണ്ട് രൂപ കൊടുത്താണ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരെണ്ണത്തിനെ വാങ്ങിയത്.
‘നിന്‍റെ പേരെന്താ?’ ഒരാള്‍ ചോദിച്ചു.
പേരു കേട്ടതും അയാള്‍ കോപം കൊണ്ട് വിറച്ചു.
‘നീ മറ്റേ സമുദായത്തില്‍ പെട്ടവളാണെന്നാണല്ലോ ആ ചങ്ങാതി ഞങ്ങളോടു പറഞ്ഞിരുന്നത്!’
‘അയാള്‍ നുണ പറഞ്ഞതാണ്’ പെണ്‍കുട്ടി പറഞ്ഞു.
അയാള്‍ ഓടി കൂട്ടുകാരന്‍റെ വീട്ടിലെത്തി, ‘ആ തന്തയില്ലാത്തവന്‍ നമ്മളെ പറ്റിക്കുകയായിരുന്നു. നമ്മുടെ സമുദായത്തില്‍ പെട്ട ഒരു പെണ്ണിനെ തന്നെ നമ്മുടെ തലയില്‍ വെച്ചു കെട്ടി. വാ, തിരിച്ചു കൊടുത്തിട്ട് വരാം.’
***
താക്കീത്
ഖബര്‍ദാര്‍)

ഏറിയ പിടിവലികള്‍ക്കു ശേഷമാണ് കെട്ടിട ഉടമയെ പുറത്തുകൊണ്ടു വന്ന് കൊല്ലുന്നവര്‍ക്ക് മുമ്പിലിട്ടു കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചത്. അയാള്‍ എഴുന്നേറ്റ് നിന്ന് വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു. ‘നിങ്ങളെന്നെ കൊന്നോളൂ, പക്ഷേ എന്‍റെ ഒരു രൂപയോ പൈസയോ തൊട്ടു പോകരുത്.. പറഞ്ഞില്ലെന്ന് വേണ്ട…’
***

വീതം വെപ്പ്
തഖ്സീം

അവരിലൊരാള്‍ തെരഞ്ഞെടുത്തത് വലിയൊരു മരപ്പെട്ടിയായിരുന്നു. പൊക്കാന്‍ ശ്രമിച്ചെങ്കിലും അതൊരിഞ്ച് നീക്കാന്‍ പോലും അയാള്‍ക്കായില്ല.
ഒന്നും കിട്ടാതെ നിരാശനായി ഇതെല്ലാം കണ്ടു നില്‍ക്കുകയായിരുന്ന മറ്റൊരാള്‍ സഹായ ഹസ്തം നീട്ടി. ‘ഞാന്‍ സഹായിക്കണോ?’
‘ശരി’
അതുവരെ ഒന്നും തരമാകാതെ നില്‍ക്കുകയായിരുന്നയാള്‍ പെട്ടി ബലിഷ്ഠമായ കൈകള്‍ കൊണ്ടുയര്‍ത്തി ഒരു ഞരക്കത്തോടെ പുറത്ത് വഹിച്ചു. ഇരുവരും പുറത്തിറങ്ങി.
പെട്ടിക്ക് നല്ല ഭാരമുണ്ടായിരുന്നു. ഏറ്റിയ ആള്‍ അതിന്‍റെ ഭാരത്തിന് കീഴെ ഞെരിഞ്ഞു. കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. എന്നാല്‍ കിട്ടാനുള്ള പ്രതിഫലമോര്‍ത്ത്, പ്രയാസം വകവെക്കാതെ അയാള്‍ നടന്നു.
പെട്ടി കണ്ടെത്തിയ ആള്‍ ഏറ്റുന്ന ആളെ അപേക്ഷിച്ച് വളരെ ദുര്‍ബ്ബലനായിരുന്നു. വഴിയിലുടനീളം അയാള്‍ ഒരു കൈ പെട്ടിയില്‍ വച്ചു കൊണ്ട് തന്‍റെ അവകാശം പ്രഖ്യാപിച്ചു കൊണ്ടിരുന്നു. സുരക്ഷിതമായ ഒരിടത്തെത്തിയപ്പോള്‍ പെട്ടി അവിടെ ഇറക്കി വച്ചു. എല്ലാ വിഷമങ്ങളും സഹിച്ചവന്‍ ചോദിച്ചു, ‘പറയൂ, ഈ പെട്ടിയില്‍ നിന്ന് എന്‍റെ പങ്കെന്താണ്?’
‘നാലിലൊന്ന്’ പെട്ടി ആദ്യം കണ്ടെത്തിയവന്‍ പറഞ്ഞു.
‘അത് വളരെ കുറഞ്ഞു പോയി’
‘എനിക്കങ്ങനെ തോന്നുന്നില്ല, തന്നെയുമല്ല വളരെ കൂടുതലുമാണ്. ഞാനാണത് കണ്ടെത്തിയത് എന്ന് നീ ഓര്‍ക്കണം’
‘അത് ശരിയാണ്. പക്ഷേ, ഇതുവരെ മുതുക് തകര്‍ത്ത് ഏറ്റിക്കൊണ്ടുവന്നതാരാണ്?
‘എന്നാല്‍ പകുതിയും പകുതിയും..സമ്മതമാണോ?’
‘ശരി, പെട്ടി തുറക്ക്’
പെട്ടി തുറന്നതും അതിനുള്ളില്‍ നിന്ന് വാളും പിടിച്ച് ഒരാള്‍ എഴുന്നേറ്റ് നിന്ന് രണ്ട് അവകാശികളെയും നാലായി ഭാഗിച്ചു.
***
ജെല്ലി

രാവിലെ ആറു മണിക്ക് ഉന്തുവണ്ടിയില്‍ ഐസ് വിറ്റിരുന്നയാള്‍ പെട്രോള്‍ പമ്പിന്നരികില്‍ കുത്തേറ്റ് മരിച്ചു. ഏഴു മണി വരെ ജഡം റോഡില്‍ കിടന്നു. ഐസുരുകി റോഡിലൂടെ വെള്ളമായി ഒഴുകി.
ഏഴെ കാലിന് പൊലിസെത്തി ജഡം മാറ്റി. ഐസിന്‍റെയും രക്തത്തിന്‍റെയും മിശ്രിതം റോഡില്‍ കട്ടപിടിച്ചു കിടന്നു.
അന്നേരം ആ വഴി ഒരു കുതിരവണ്ടി കടന്നു പോയി. ഐസും രക്തവും കട്ടപിടിച്ചു കിടക്കുന്നത് കണ്ട കൊച്ചു കുട്ടി അമ്മയുടെ കുപ്പായം പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു ‘നോക്കൂ അമ്മേ, ജെല്ലി’
***

പരാതി
ഉല്‍ഹനാ

നോക്കൂ ചങ്ങാതീ, നീ ബ്ലാക്ക് മാര്‍ക്കറ്റ് വിലയും ഈടാക്കി വകക്ക് കൊള്ളാത്ത പെട്രോളും തന്നു. നോക്ക്, ഒരൊറ്റ കട പോലും കത്തിയില്ല.
***

പണിതുടങ്ങാന്‍ സമയമായി
ദാവത്തെ അമല്‍

തീ ആളിപ്പടര്‍ന്നു. ആ പ്രദേശം മുഴുവന്‍ കത്തിച്ചാമ്പലായി. ഒരു കടയും അതിന് പുറത്തു തൂക്കിയ ‘ഇവിടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കപ്പെടും’എന്നെഴുതിയ ബോഡും മാത്രം ബാക്കിയായി.
***
ശുദ്ധി
ഇസ് ലാഹ്

‘നീ ആരാ?’
‘ആരാ നീ?’
‘ഹര ഹര മഹാദേവ! ഹരഹര മഹാദേവ!
ഹരഹര മഹാദേവ!’
‘തെളിവെന്താ?’
‘തെളിവ്…. എന്‍റെ പേര് ധര്‍മ്മചന്ദ്രന്‍ എന്നാണ്.’
‘അതൊരു തെളിവല്ല.’
‘നാലു വേദങ്ങളില്‍ നിന്നെന്തെങ്കിലും എന്നോട് ചോദിച്ചോളൂ… ഉത്തരം തരാം’
‘ഞങ്ങള്‍ക്ക് വേദങ്ങള്‍ അറിയില്ല. തെളിവ് താ’
‘എന്ത് തെളിവ്?’
‘പൈജാമ താഴ്ത്തൂ’
പൈജാമ താഴ്ന്നതും ഒരട്ടഹാസം. ‘കൊല്ലവനെ, കൊല്ലവനെ’
‘നില്‍ക്ക് നില്‍ക്ക്. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. ഭഗവാനാണെ സത്യം. ഞാന്‍ നിങ്ങളുടെ സഹോദരനാണ്.’
‘പിന്നെ ഇത്?’
‘ഞാന്‍ ഇപ്പോള്‍ വരുന്നത് നമ്മുടെ ശത്രുക്കളുടെ പ്രദേശത്തു നിന്നാണ്. അതിനാല്‍ ഞാന്‍ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനായി. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രം….. അത് മാത്രമാണെന്‍റെ തെറ്റ്. ബാക്കിയെല്ലാം ഞാന്‍ ഓക്കെയാണ്.’
‘ആ തെറ്റ് ശരിയാക്കൂ’ അയാള്‍ കൂടെ നില്‍ക്കുന്നവരോടലറി.
ആ തെറ്റ് ശരിയാക്കി. കൂടെ ധര്‍മ്മചന്ദ്രനെയും.
***
സോഷ്യലിസം
ഇഷ്തിറാകിയത്ത്

അയാള്‍ തന്‍റെ വീട്ടിലെ മുഴുവന്‍ സാധന സാമഗ്രികളും ഒരു ട്രക്കില്‍ കയറ്റി അടുത്ത നഗരത്തിലേക്ക് പോവുകയായിരുന്നു. വഴിയില്‍ ആക്കൂട്ടം വണ്ടി തടഞ്ഞു.
‘നോക്കൂ ചങ്ങാതീ, എന്തൊരു രസത്തിലാ പഹയന്‍ ഇത്രയധികം സാധങ്ങള്‍ ഒറ്റക്കടിച്ചെടുത്ത് കൊണ്ടുപോകുന്നത്’
‘ഇതെന്‍റെ സ്വന്തം വീട്ടിലെ വസ്തുവഹകളാണ്.’ ഉടമ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
രണ്ട് മൂന്ന് പേര്‍ ചിരിക്കുകയും ചെയ്തു, ‘എല്ലാം ഞങ്ങള്‍ക്കറിയാം’
ഒരാള്‍ അലറി, ‘അവയെല്ലാം എടുത്തോളൂ. ഇവന്‍ പണക്കാരനാണ്. ട്രക്ക് ഉപയോഗിച്ച് കളവ് നടത്തുന്ന പെരുങ്കള്ളന്‍ .’
***
സോറി

കത്തി വയറ്റില്‍ ആഴ്ന്നിറങ്ങി. നാഭി തുളച്ചു. താഴോട്ട് താഴോട്ട് വന്ന് പൈജാമയുടെ ചരടു വരെ അറുത്തു. കത്തി കയറ്റിയവന്‍റെ വായില്‍ നിന്ന് പെട്ടെന്നാണ് ഖേദത്തിന്‍റെ ശബ്ദം ഉയര്‍ന്നത്.
‘ഛെ ഛെ ഛെ ഛെ ഛെ മിസ്റ്റെയ്ക്ക്.’
***
യോഗഭാഗ്യം
ഖിസ്മത്

ഒന്നുമില്ല ചങ്ങാതി… ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആകെയൊരു പെട്ടിയാണ് കൈയില്‍ തടഞ്ഞത്. കള്ള പന്നിയുടെ ഇറച്ചിയേ അതിലുണ്ടായിരുന്നുള്ളൂ.
***

മുന്‍കരുതല്‍ നടപടികള്‍
പേശ് ബന്ദി

ഒന്നാമത്തെ സംഭവം തെരുവിന്‍റെ ആ മൂലിയില്‍ ഹോട്ടലിന് മുമ്പിലാണുണ്ടായത്. വൈകാതെ ഒരു പൊലിസുകാരനെ അവിടെ പോസ്റ്റ്‌ ചെയ്തു.
രണ്ടാമത്തെ സംഭവം പിറ്റേ ദിവസം വൈകുന്നേരമാണുണ്ടായത്; ജനറല്‍ സ്റ്റോറിന് തൊട്ടടുത്ത്. പൊലിസുകാരനെ അങ്ങോട്ട് മാറ്റി.
മൂന്നാമത്തെ സംഭവം രാത്രി 12 മണിക്ക് ലോന്‍ഡ്രിക്കരികില്‍ വെച്ചാണുണ്ടായത്.
അങ്ങോട്ടു നീങ്ങാനുള്ള നിര്‍ദ്ദേശം നല്‍കിയ ഇന്‍സ്പെക്ടറോട് പൊലീസുകാരന്‍ പറഞ്ഞു, അടുത്ത കൊലപാതകം നടക്കുന്ന സ്ഥലത്തേക്ക് എന്നെ മാറ്റാത്തതെന്ത്?’
***

എല്ലാം അവന്‍റെ ഔദാര്യം
സദഖേ ഉസ്കേ

മുജ്ര (നൃത്ത സദസ്സ്) സമാപിച്ചു. കാണികളെല്ലാം പിരിഞ്ഞു പോയി. അന്നേരം ഉസ്താദ്ജി പറഞ്ഞു, എല്ലാം കൊള്ള ചെയ്യപ്പെട്ട് വെറും കൈയ്യോടെയാണ് നാം ഇവിടെ വന്നത്. സര്‍വ്വശക്തന് സ്തുതി. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഈ രൂപത്തില്‍ അവന്‍ നമുക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുവല്ലോ.
***

നന്ദിയില്ലാത്ത വര്‍ഗ്ഗം
ആംഘോ പര്‍ ചര്‍ബി

നമ്മുടെ സമുദായക്കാരുടെയൊരു കാര്യം. എത്ര കഷ്ടപ്പെട്ടാണ് അമ്പത് പന്നികളെ പിടിച്ചു കൊണ്ടു വന്ന് ഈ പള്ളിയില്‍ വെച്ചറുത്തത്. അവിടെ അമ്പലങ്ങളിലറുത്ത ഗോ മാംസം ഥടഥടാ വിറ്റു പോകുന്നു. ഇവിടെയോ? പന്നിയിറച്ചി വാങ്ങാനായി ഒരു നായിന്‍റെ മോന്‍ പോലും വരുന്നില്ല.
***

എനിക്കൊന്ന് വിശ്രമിക്കണം
ആറാം കി സറൂറത് ഹെ

‘ഇത് വരെ മരിച്ചില്ല…. നോക്ക് ഇപ്പോഴും ജീവന്‍ ബാക്കിയുണ്ട്.’
‘അവടെ നിക്കട്ടെ ചങ്ങാതീ…. ഞാന്‍ ആകെ ക്ഷീണിതനാണ്.’