Share The Article

1484438_10152840108062194_3507731191869369181_n

തുടര്‍ച്ചയായി നെടുങ്കന്‍ ഗതാഗതക്കുരുക്കുകളില്‍ പെടുന്നത് നല്ലതാണ്.

ജോലിയെക്കുറിച്ചോ കുടുംബത്തിനെക്കുറിച്ചോ ആകുലപ്പെടാതെ ഈ ജീവിതത്തെക്കുറിച്ചും അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ചിന്തിക്കാനും വിശകലനം ചെയ്യാനും അതില്‍ നിന്നുള്ള വെളിപാടുകള്‍ എങ്ങിനെ സമൂഹത്തിനു ഗുണപ്രദമാക്കി മാറ്റാം
എന്നും കണ്ടെത്താനുള്ള അവസരമായി ആ വീണു കിട്ടുന്ന മണിക്കൂറുകളെ വിനിയോഗിക്കുകയാണെങ്കില്‍ നമ്മള്‍ സ്വപ്നം കാണുന്ന ആ നല്ല നാളെയിലേക്കുള്ള ദൂരം എത്ര പെട്ടെന്ന് സഞ്ചരിച്ചു തീര്‍ക്കാം.

രാഷ്ട്രീയ ജാഥകളും യാത്രകള്‍ തുടങ്ങി അമ്പു പെരുന്നാള്‍ പ്രദിക്ഷണം വരെ നമുക്ക്
സമ്മാനിക്കുന്ന ഈ അനര്‍ഘനിമിഷങ്ങളില്‍ വെറുതെ കണ്ണും പൂട്ടി പാട്ടും കേട്ട് ഇരുന്നാല്‍ പോര.
കണ്ണും കാതും തുറന്നു വെക്കണം, അപ്പോള്‍ താനേ തുറന്നു വരും നിങ്ങളുടെ തലച്ചോറില്‍
വെളിപാടിന്റെ സ്ഫുലിന്ഗങ്ങള്‍ തീര്‍ക്കാന്‍ പോന്ന ആ കാഴ്ചകള്‍. അവയെ ഒന്ന് ക്രോഡീകരിച്ചു അവതരിപ്പിക്കുകയെ വേണ്ടൂഎല്ലാം ശുഭം.

ഇത്തരം മിക്ക ജാഥകളുടെയും യാത്രകളുടെയും പ്രദക്ഷിണങ്ങളുടെയും അവിഭാജ്യ ഘടകം ആണ് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് വെക്കാതെ, മൂന്നു പേരെക്കയറ്റി അതതു സംഘടനകളുടെ വലിയ കൊടികളും പാറിച്ചു കൊണ്ട് യുവാക്കളുടെ ചീറിപ്പായല്‍.ബാറുകള്‍ പൂട്ടിയതിനാല്‍ ഉണ്ടാകുന്ന റവന്യൂ നഷ്ടത്തിന്റെ ഒരു ചെറിയ അംശം എങ്കിലും നികത്താന്‍ കഴിയും
ഇത്തരം അവസരങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍.

ഇവരെ നിലക്ക് നിര്‍ത്താന്‍ പോന്ന ഒരു ദാസനും വിജയനും ഇത് വരെ കേരള പോലീസില്‍ ഉണ്ടായിട്ടില്ലാത്തത് കൊണ്ടും. ഇത്തരം ‘ഹെല്‍മെറ്റില്ലാ മൂന്നു പേര്‍’ ബൈക്ക് യാത്രകള്‍ ഇത്തരം അവസരങ്ങളിലെ സംഘശക്തിയുടെ ഏറ്റവും ഉയര്‍ന്ന പ്രകടനവും ആയതിനാലും
ഓരോ രാഷ്ട്രീയ യാത്ര/മത ആഘോഷങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഓരോ സ്വീകരണ സ്ഥലത്തും എത്ര ബൈക്കുകള്‍ ഇങ്ങനെ യാത്രയില്‍ പങ്കെടുക്കും എന്ന് മുന്കൂട്ടി കണക്കു നല്‍കാന്‍ സംഘാടകരോട് രേഖാമൂലം ആവശ്യപ്പെടുക. അതിനു ഒരു ബൈക്കിനു 100 രൂപ എന്ന കണക്കില്‍
മുന്‍കൂറായി അടക്കാന്‍ പറയുക. 50 ല്‍ അധികം വാഹനങ്ങള്‍ ഉണ്ടെകില്‍ തുക ഇളവു ചെയ്തു കൊടുക്കാവുന്നതാണ്.

ഇത് വഴി മിക്കവാറും എല്ലാ മാസവും (ഒന്ന് ആഞ്ഞു പിടിച്ചാല്‍ ആഴ്ചയും പിന്നെയും ആഞ്ഞാഞ്ഞു പിടിച്ചാല്‍ ദിവസവും ചെറുതല്ലാത്ത ഒരു തുക പോലീസ് വഴി സര്‍ക്കാരിന് നേടിയെടുക്കാവുന്നതാണ്.)

ഇവരൊക്കെ തങ്ങളുടെ മുന്നിലൂടെ ഇങ്ങനെ ചീറിപ്പായുമ്പോള്‍ അണ്ടി പോയ അണ്ണാനെ പോലെ നോക്കി നില്‍ക്കുന്ന പോലീസുകാരന്റെ ചളിപ്പ് മാറ്റാനും വളവിലും തിരിവിലും പതുങ്ങി നിന്നും തങ്ങളെ ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, ഓവര്‍ സ്പീഡ് എന്നൊക്കെ പറഞ്ഞു ചാര്‍ജ് ചെയ്ത പോലീസുകാരന്റെ നിസ്സഹായത നേരില്‍ കണ്ടു  ആളുകള്‍ കളിയാക്കി ചിരിക്കാതിരിക്കാനും ഈ നടപടി ഉപകരിക്കും.

ഇത് പോലെയുള്ള മറ്റു പല വിശേഷപ്പെട്ട വെളിപാടുകളും ഈ ഗതാഗതക്കുരുക്കുകള്‍ എനിക്ക് നല്‍കിയിട്ടുണ്ട്.റോഡ് ബ്ലോക്ക് ചെയ്യുന്നതിന് ഒരു നിശ്ചിത ഫീസ്, മണിക്കൂറിനു ഇത്ര എന്നാ തോതിലോ അല്ലെങ്കില്‍ കിലോ മീറ്റര്‍ കണക്കിലോ, അതുമല്ലെങ്കില്‍ വിജയകരമായി ബ്ലോക്കില്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ വണ്ടികളുടെ എണ്ണം വച്ചോ (ബൈക്ക് 5 രൂപ, ഓട്ടോ 10 രൂപ, കാര്‍ 15 രൂപ, ലോറി ബസ് തുടങ്ങിയവയ്ക്ക് 25 രൂപാ വീതം) സര്‍ക്കാരിന് ഈ ഫീസ് നിശ്ചയിക്കാം. അതതു പാര്‍ടികളുടെയും മതസ്ഥാപനങ്ങളുടെയും കയ്യില്‍ നിന്നും അത് പിരിച്ചെടുക്കാം.
ഒരു കൊല്ലം ഉണ്ടാക്കാന്‍ പോകുന്ന ബ്ലോക്കിന് ഒന്നിച്ചു (ഡിസ്‌കൌണ്ടോടെ) പണമടക്കാനുള്ള
സൌകര്യവും ഏര്‍പ്പെടുത്താവുന്നതാണ്.

ശുഭാപ്തി വിശ്വാസമാണ് ജീവിത വിജയത്തിന്റെ ആധാരം. എനിക്ക് മാത്രമല്ല നിങ്ങള്‍ക്ക് ഇങ്ങനെ ചിന്തിക്കാനുള്ള അവസരങ്ങള്‍ ആവോളം ലഭ്യമാകട്ടെ എന്ന് ആത്മാര്‍ഥമായ ആശംസിക്കുന്നു. അത്തരം അവസരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ തന്തക്കു വിളിക്കാതെ മതങ്ങളെ കുറ്റം പറയാതെ ചിന്തിക്കൂ, നിങ്ങളുടെ തലച്ചോറിനെ മേയാന്‍ വിടൂ എന്തെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല.

സുലാന്‍

സമര്‍പ്പണം!

ഇന്ന് രാവിലെ തൊട്ടു ഉച്ച വരെ തൃശൂര്‍ പൂങ്കുന്നം പരിസര വാസികള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ അവസരം ഒരുക്കി തന്ന ആ മഹദ്വ്യക്തിയോടും (ആരാണ് റോഡ് ബ്ലോക്ക് ആക്കി മരണപ്പാച്ചില്‍ നടത്തിയിരുന്നതെന്ന് നാളെ പത്രം വരുമ്പോള്‍ അറിയാം)ആ പരിപാടി ഒരു പഴുതുപോലും പാളാതെ വന്‍ വിജയമാക്കി തീര്‍ത്ത പോലീസ് വകുപ്പിനോടുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്ലത് മാത്രം വരട്ടെ

Advertisements