Share The Article

new

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ,മറ്റൊരു സമരം കൂടി. ഏറ്റെടുത്തിരിക്കുകയാണ്. ബോയ്‌ക്കോട്ട് കല്യാണ്‍, അഥവാ കല്യാണിനെ ബഹിഷ്‌ക്കരിക്കുക. കല്യാണ്‍ സാരീസിന്റെ ഒരൊറ്റ ഉത്പന്നം പോലും ഉപയോഗിക്കരുതെന്നും, ക്യാമ്പെയ്‌നില്‍ പരമാവധി പേരിലേക്കെത്തിക്കുവാനും സോഷ്യല്‍ മീഡിയ ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു. തെക്കേന്ത്യയിലാകെമാനം ബ്രാഞ്ചുകളുള്ള കല്യാണ്‍ എന്ന വലിയ വ്യവസായ ശൃംഖലയ്ക്കെതിരെ എന്തുകൊണ്ട് സോഷ്യല്‍ മീഡിയ തിരിഞ്ഞുവെന്ന ചോദ്യം സ്വാഭാവികം. തൃശ്ശൂര്‍ കല്യാണ്‍ സാരീസിലെ ആറു സ്ത്രീ തൊഴിലാളികളെ സ്ഥലം മാറ്റിയതോടു കൂടിയാണ് ബോയ്ക്കോട്ട് കല്യാണ്‍ വരെയുള്ള സംഭവവികാസങ്ങളിലെക്ക് കാര്യങ്ങള്‍ എത്തിച്ചത്.

രണ്ടാം ഇരിക്കല്‍ സമരം ഇവിടെ തുടങ്ങുന്നു.

ടെക്‌സ്റ്റൈല്‍ മേഖലിയെ സെയില്‍സ് ഗേള്‍സ് ചൂഷണത്തിനെതിരെ സംഘടിതമായ ഒരു നീക്കം ഉണ്ടാകുന്നത് ആദ്യ ഇരിക്കല്‍ സമരത്തോടു കൂടിയാണ്. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ (AMTU) നേതൃത്വത്തില്‍ 2014 മെയ് 1 ന് തുടക്കം കുറിച്ച ‘ഇരിക്കല്‍ സമരത്തെ’ തുടര്‍ന്നാണ് ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അനുഭവിച്ച നരകതുല്യമായ ജീവിതം ചര്‍ച്ച ചെയ്യപ്പെട്ടത്.രാവിലെ 8ഉം 9ഉം മണിക്ക് തൊഴില്‍ സ്ഥലത്തെത്തുന്ന തൊഴിലാളികള്‍ വൈകുന്നേരം 7ഉം-8ഉം മണിവരെ പണിയെടുക്കേണ്ടിവരുന്നു. ഈ സമയമത്രയും അവര്‍ ഒരേ നില്‍പ്പ് നില്‍ക്കണം എന്നതാണ് എവുതപ്പെടാത്ത നിയമം. മൂത്രം ഒഴിക്കാന്‍ പോലും അനുവാദമില്ലാതെ മൂത്രതരിപ്പിലും പാവപ്പെട്ട വനിതാ തൊഴിലാളികള്‍ നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇരിക്കല്‍ സമരം 2014 മെയ് 1ന് ഇരിക്കല്‍ സമരം കോഴിക്കോട്ട് നടന്നത്. സമരം വന്‍ വിജയമായിരുന്നു. കേരളത്തിന്റെ യുവജന കമ്മീഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ ശ്രദ്ധയിലേക്ക്ക്ക് ഈ ചൂഷണം എത്തുകയും, സെയില്‍സ് ഗേള്‍സിന് അനുകൂലമായി ശമ്പള വര്‍ദ്ധനവും, ഇതര ആനുകൂല്യങ്ങളും അവകാശമാക്കിമാറ്റുവാന്‍ സമര പോരാളികള്‍ക്ക് കഴിയുകയും ചെയ്തു. ഇരിക്കല്‍ സമരത്തെ തുടര്‍ന്ന് സാമൂഹ്യവും സര്‍ക്കാര്‍ തലത്തിലുമുള്ള സമ്മര്‍ദ്ധത്തെ തുടര്‍ന്ന് നാലായിരവും അയ്യായിരവുമായിരുന്ന ശമ്പളം  ചില ജില്ലകളില്‍ 7000 രൂപയും മറ്റ് ജില്ലകളില്‍ 7400 യുമായി വര്‍ദ്ധിപ്പിക്കാന്‍ കല്യാണ്‍ നിര്‍ബന്ധിതമായിരുന്നു.

തൊഴിലാളികള്‍ എങ്ങനെ ശത്രുക്കളായി ?

ഇരിക്കല്‍ സമരത്തിന്റെ വിജയത്തോടെ ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ട ആറുപേരും അസംഘടിത തൊഴിലാളി യൂണിയനില്‍ അംഗങ്ങളായി. ഇതോടെ മറ്റ് ജോലിക്കാരുമ്യൂണിയനുമായി അടുത്തു. 9.30 മുതല്‍ രാത്രി 8 മണി വരെയാണ് മിക്കവരുടെയും ജോലിസമയം. ഉദ്ദേശം 10 1/2 മണിക്കൂര്‍. ഇതിനിടയില്‍ ഒന്ന് ഇരിക്കാന്‍ പോലും കഴിയില്ല, ഒരേ നില്‍പ്പ്. ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന 20 മിനിട്ട്, അതാണ് ഏക ആശ്വാസം. രണ്ടോ മൂന്നോ മിനിട്ട് വൈകിയാണ് ജോലിക്കു വന്നതെന്തില്‍, ഒരു മാസത്തില്‍ രണ്ടു തവണ ആവര്‍ത്തിച്ചാല്‍ ഹാഫ് ഡേ ലീവ് രേഖപ്പെടുത്തും. പക്ഷേ ലീവാണെങ്കിലും അവിടെ ജോലി ചെയ്തിരിക്കണം. അങ്ങനെ കൂലി ഇല്ലാത്ത ജോലി. പി.എഫിലും ക്ഷേമനിധിയിലും ഇടാന്‍ ശമ്പളത്തില്‍ നിന്നും കാശ് പിടിക്കുന്നുണ്ടെങ്കിലും അതിന് യാതൊരു രേഖയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ഇതൊക്കെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതാണ് തങ്ങള്‍ക്കെതിരെ കല്യാണ്‍ തിരിയാന്‍ കാരണമെന്ന് സ്ഥലംമാറ്റപ്പെട്ട തൊഴിലാളികള്‍ പറയുന്നു.

കാണേണ്ടവര്‍ കണ്ണടയ്ക്കുമ്പോള്‍

സമരങ്ങളുടേതാണ് എന്നും കേരള രാഷ്ട്രീയ ചരിത്രം.ഐതിഹാസികമയ ഇത്തരമൊരു സമരം നടക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും. പ്രമുഖ തൊഴിലാളി സംഘടനകള്‍ ഇതുവരെ സമരപ്പന്തലിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രദേശിക സിപിയൈ ഘടകവും, സി.പി.ഐ എം .എല്‍ മുക്കെ സമരക്കാരെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആം ആദ്മിയുടെ സാറാ ജോസഫും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ എത്തിയിരുന്നു.

പ്രമുഖ മാധ്യമങ്ങളുടെ മൗനമാണ് വിഷയത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് മനസിലാക്കി തരുന്നത്. ഒരു മാസത്തോളമാകുന്ന സമരത്തെ പ്രമുഖ പത്ര- ദൃശ്യമാധ്യമങ്ങള്‍ കയ്യൊഴിഞ്ഞ മട്ടാണ്. ആറുപേരുടെ സമരമല്ല, മറിച്ച് ആറു കോടിയുടെ പരസ്യം നല്കുന്ന കല്യാണിനോടാണ് അവരുടെ മമത. വിഷയം ഇപ്പോള്‍ ജില്ലാ ലേബര്‍ ഓഫീസറുടെ പരിഗണനയിലാണ്. സ്ഥലമാറ്റക്കാര്യങ്ങളില്‍ ഇടപെടാനുള്ള അധിക്കരം ലേബര്‍ കമ്മീഷനില്ല എന്നുപറഞ്ഞ് അവരും കൈകഴുകുകയാണ്.

കണ്ണടച്ച് ഇരുട്ടാക്കി കല്യാണ്‍

സംഭവങ്ങളെ നിസാരവല്ക്കരിച്ചാണ് കല്യാണ്‍ മാനേജ്‌മെന്റിന്റെ പ്രതികരണം. സ്ഥാപനത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ഇത്തരത്തില്‍ സ്ഥലം മാറ്റങ്ങള്‍ ആവശ്യമാണെന്നും, ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നുമാണ് കല്യാണിന്റെ നിലപാട്. ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് സ്ഥലം മാറ്റത്തിന് അവകാശമുണ്ടെന്നും, ഉത്തരവ് പിന്‍വലിക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. തൃശൂരില്‍ തന്നെ ജോളിക്ക് കയറണമെന്ന് നിര്‍ബന്ധമുള്ളവര്‍ സ്വയം പിരിഞ്ഞു പോകട്ടെയെന്നാണ് കല്യാണിന്റെ നിലപാട്.

സമരം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു

പ്രമുഖ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അധികാരികളും ഒരുപോലെ തഴഞ്ഞപ്പോഴാണ് ശബ്ദമില്ലാത്തവന്റെ ശബ്ദമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയത്. ബോയ്ക്കോട്ട് കല്യാണ്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ആകെമാനം ക്യാമ്പെയ്ന്‍ ശക്തമാകുകയാണ്. കല്യാണിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അവിടെ ഉയരുന്നതും . സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ ശവംതീനികളാണെന്നും , തൊഴിലാളി സംഘടനാ നേതാക്കള്‍ മുതലാളിമാരുടെ ബിനാമികളാണെന്നും അവര്‍ ആരോപിയ്ക്കുന്നു. ബോയ്ക്കോട്ട് കല്യാണ്‍ എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയ സമരം വ്യാപകമാകുന്നത്.

 

തിരുവനന്തപുരം കേരള ലോ അക്കാദമിയിലെ അഞ്ചാം വര്‍ഷ നിയമബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. പൊതുപ്രവര്‍ത്തകന്‍, സംവാദകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍ . നിലവില്‍ ലോ സ്റ്റുഡന്റ്സ് അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയാണ്.