കള്ളക്കരിക്കാടിമാസം, ഇല്ലായ്മയുടേയും, വല്ലായ്മയുടേയും മാസമാണ്.കഴിഞ്ഞ തവണത്തെ കര്‍ക്കിടകം പേമാരിയായ് കുത്തിയൊലിച്ചാര്‍ത്തിരുന്നു.കരളിന്‍ തുടിപ്പുകള്‍ കടലായ് ചമഞ്ഞിരുന്നു. ചിങ്ങം വന്നെത്തിയപ്പോള്‍ കുളിച്ചീറനുടുത്തപോല്‍ മാമരങ്ങള്‍ നിന്നിരുന്നു…പൂവിറുക്കാന്‍ പൊലും പുറത്തിറങ്ങാന്‍, അയ്യത്തെ കുട്ടികള്‍ക്ക് പേടിയായിരുന്നു.എപ്പെഴാ മഴ തുള്ളിക്കൊരുകുടമായി തലയില്‍ പതിക്കുക….. പക്ഷേ..ഇത്തവണ കര്‍ക്കിടകം പകുതിയായിട്ടും, മഴയില്ലാ… കൂടെക്കൂടെ മാനമൊന്നിരുളും,മാനം പോയ പെണ്ണിനെപ്പോലെ….. പിന്നെയങ്ങ വെളുക്കും സ്വര്‍ണ്ണം കിട്ടിയ പെണ്ണിനെപ്പോലെ…

ഇന്നലെ അവധി ദിവസമായിരുന്നു. ഞായറാഴ്ച..മടി ദിവസം…എനിക്ക് കുറേ നേരം ഉറങ്ങണം അതുകൊണ്ട് തന്നെ എന്നെ വിളിച്ചുണര്‍ത്തരുതെന്ന് ഭാര്യയോട് ശട്ടം കെട്ടിയിരുന്നൂ.. അവള്‍ക്കത് പരിപാലിക്കാനായില്ലാ… രാവിളെ ഏഴ് മണിക്ക് തന്നെ ഒരു കൂട്ടര്‍ എത്തി. തൊട്ടടുത്തുള്ള വായനാശാലാ വാര്‍ഷികാഘോഷക്കമ്മിറ്റി ക്കാര്‍. ഓണപ്പരിപാടിക്ക് അവര്‍ക്കൊരു സിനിമാതാരത്തെ ഉല്‍ഘാടകനായി കൊടുക്കണം.. അതിന്റെ രക്ഷാധികാരി എന്ന പദവി എനിക്ക് അലങ്കാരമായി കിട്ടിയിരുന്നത് കൊണ്ട് പറ്റില്ലാ എന്ന് പറയാന്‍ പറ്റിയില്ലാ…ഞാന്‍ ഒരു നടനനെ വിളിച്ച് കാര്യമുണര്‍ത്തിച്ചു. അദ്ദേഹം വരാമെന്നേറ്റൂ… കമ്മറ്റിക്കാര്‍ക്ക് സന്തോഷം…ഞാന്‍ വീണ്ടും കിടക്കയിലേക്ക് …. വീണ്ടും വിളിനാദം…ഇത്തവണ പിരിവുകാരാണ്…. എതാണ്ട് പത്തോളം കൂട്ടര്‍ എത്തി പിരിവിനും,ഓണ മത്സരങ്ങളില്‍ ജഡ്ജായിരിക്കുവനും മറ്റുമൊക്കെയായി.. ആറുമണിക്കാണു അയ്യാള്‍ എത്തിയത്… കഴിഞ്ഞപ്രാവശ്യം കണ്ടതിനേക്കാള്‍ നന്നായി ക്ഷീണിച്ചിരിക്കുന്നൂ… മണിയന്‍ എന്നാണ് അയ്യാളുടെ പേര്.ഒരു കാക്കാരിശ്ശിനാടക കലാകാരന്‍… ഇത്തവണ ഓണത്തിന് അയ്യാള്‍ക്ക് രണ്ട് മൂന്ന് പ്രോഗ്രാമെങ്കിലും ശരിയാക്കിക്കൊടുക്കണം എന്ന അഭ്യര്‍ത്ഥനയുമായി… എനിക്ക് ഒട്ടും നിരസിക്കാന്‍ പറ്റിയില്ലാ..കാരണം ഞാനും ഒരു കലാകാരനാണല്ലോ!.

ചായകുടിച്ച്, അയ്യാള്‍ പടിയിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു ‘അന്യം നിന്ന് പോകുന്ന ഒരു നാടോടികലാരൂപം കൂടി’

കാക്കാരിശ്ശി നാടകം.

കേരളത്തില്‍, ഒരു കാലത്ത് വളരെയധികം പ്രചാരത്തിലിരുന്ന ഒരു നാടോടി കലാരൂപമാണ് ‘കാക്കാരിശ്ശി നാടകം’ ഹാസ്യ രസമാണ് ഇതിന്റെ പ്രധാന ഭാവം. കാക്കാന്‍,കാക്കാത്തിമാര്‍, തമ്പ്രാന്‍ തുടങ്ങിയ കഥാപാത്രങ്ങളണ് വേദിയിലെത്തുന്നത്.. നൃത്തവും,ഗീതവും, വാദ്യവും ഒരുപോലെ സമ്മേളിക്കുന്ന ഇതിലെ പാട്ടുകള്‍ മിക്കവാറും അയ്യടിത്താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.’ താ..താ..തക തീ തക താതെയ്യ്, തെയ്താതക ധിമിതക താതെയ്യ് എന്ന ചൊല്ല് ഇതില്‍ പ്രധാനമാണ്. കുറവ സമുദാ യത്തില്‍പ്പെട്ട ആള്‍ക്കാരാണ് ഇതു കൂടുതലായും അവതരിപ്പിക്കുന്നത്. കാക്കാനും കാക്കാത്തി യുമായുള്ള ശണ്ഠയും അതിലിടപെടുന്ന തമ്പ്രാനും, പിന്നെ നാട്ട് കാര്യങ്ങളും,വീട്ട് കാര്യങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്നതും, രണ്ട് ഭാര്യമാരുള്ള കാക്കാന്റെ ധര്‍മ്മ സങ്കടങ്ങളും, മദ്യപാനിയായ കാക്കാന്റെ വിഡ്ഡിത്തങ്ങളും ഇതില്‍ വിഷയങ്ങളാകുന്നു… ശിവനും പാര്‍വ്വതിയും, കുറവനും ,കുറത്തിയായും ഭൂമിയിലെത്തിയതിന്റെ പ്രതീകാത്മക ചിന്തയായിരിക്കാം ഇത്തരത്തിലുള്ള ഒരു കലാരൂപം ഉണ്ടായതിന്റെ പിന്നിലെ മിത്ത്. പരമശിവനും രണ്ട് ഭാര്യമാരുണ്ടായിരുന്നല്ലോ( പാര്‍വ്വതിയും,ഗംഗയും). അത്തരത്തിലുള്ള ഒരു കാക്കാലന്റേയും, കാക്കാലത്തി യുടേയും കര്‍ക്കിടമാസ വിശേഷങ്ങള്‍ പറയുന്ന ഒരു ഗാനം ഇന്നലെ രാത്രി ഞാനെഴുതി. അതന് നിമിത്തമായ മണിയന്‍ എന്ന വ്യക്തിക്ക് സമര്‍പ്പണമാണീ ഗാനം….

പാട്ട്

അന്തിക്കള്ള് മോന്തിക്കൊണ്ടേ… ആടിവരും കാക്കാന്റെ
പാടിയിലെ പൊന്‍ കാക്കാത്തിക്കുള്ളീന്നൊരരിശ്ശത്താളം..
അരിശ്ശത്താളം….

കാക്കാത്തിച്ചൊല്ലിന് ദ്രുത താളം
കാക്കാന്റെ ചോടന് വിളംബതാളം

പത്ത് പെറ്റ പെണ്ണേ നീയും പത്ത് മാറ്റ് തങ്കം പോലെ
പമ്മിപ്പതുങ്ങിപടിക്കലെത്തിച്ചൊല്ലി പാവം കാക്കാനും
താക തൈ, പാവം കാക്കാനും.

പനങ്കള്ളിന്‍ മധുരംചേര്‍ത്തൊരു മധുമൊഴി കേള്‍ക്ക്‌കേണ്ട
തമ്പ്രാന്റെ കൂടെ നടന്നിട്ടില്ലാക്കളിയാടിക്കോ,
പെറ്റ പത്ത് വയറു നിറക്കാന്‍ കടം വാങ്ങാനിടമില്ലാ
കാക്കാത്തിക്കരിശം കൂടി തെയ്താതക തിത്തെയ്യ്‌തോം

കളിയല്ലെടി കാര്യം പെണ്ണേ പൊടിമൂടും കുഴിത്താളം
കൊണ്ട് പോരെ തിരുവോണനാളിലുണ്ട് കളിവേല
കാക്കാത്തിക്കരിശം മാറി കാക്കാനതി രസമായി
കാരശ്ശേരി കാവിലന്ന് കാക്കാരിശ്ശി നടമാടി..

തിരക്കഥാ രചയിതാവ്, സീരിയല്‍ സംവിധായകന്‍, നിര്‍മ്മാതാവ്... ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 13 സീരിയലുകള്‍,15 നാടകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍ എന്നിവ എഴുതിയിട്ടുണ്ട്.