‘കുഞ്ഞ് കിടക്കുന്നു, അളിയാ വെട്ടല്ലേ’ എന്ന് കരഞ്ഞു പറഞ്ഞ ഗുണ്ടയെ കുഞ്ഞിന്റെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി

Untitled-1

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടയുമായ മോര്‍ച്ചറി ഷമീര്‍ എന്ന ഷമീറിനെ(36) വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു  സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് പറഞ്ഞു.

കഴിഞ്ഞ മാസം പാലാരിവട്ടു വച്ചു യൂണിയന്‍ തൊഴിലാളിയുമായി ഷമീര്‍ അടിപിടിയുണ്ടാക്കിയിരുന്നു.ഈ സംഭവമാണു കൊലപാതകത്തിലെത്തിച്ചതെന്നു പോലീസ് കരുതുന്നു. എരൂര്‍ അര്‍ക്കക്കടവ് പാലത്തിനു താഴെയുള്ള ഷമീറിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണു മൂന്നംഗ സംഘം അതിക്രമിച്ചു കയറി വെട്ടി വീഴ്ത്തിയത്.

പുലര്‍ച്ചെ 5.30ന് വീട്ടിലെത്തിയ സംഘം അടുക്കളയില്‍ പാചകത്തിലായിരുന്ന ഭാര്യയോട് ഷെമീറിനെ അന്വേഷിച്ചു. അപ്പോള്‍ ഭാര്യ ഇവിടെ ഇല്ല എന്നു പറഞ്ഞെങ്കിലും അതു വകവെയ്ക്കാതെ ഒരാള്‍ തോര്‍ത്തുമുണ്ടു കൊണ്ടു മുഖം മറച്ച് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. പിന്നാലെ ഹെല്‍മറ്റ് ധരിച്ച രണ്ടു പേര്‍ കൂടി കടന്നുവന്ന് ഉറക്കം ഉണര്‍ന്നു വന്ന ഷമീറിനെ വെട്ടി.

ഇതിനിടയില്‍ തോര്‍ത്തുമുണ്ട് മാറി മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഷമീര്‍ ‘അളിയാ വെട്ടല്ലേ, കുട്ടി കിടക്കുന്നു’ എന്നു പറഞ്ഞു കേണപേക്ഷിച്ചു. ശബ്ദം കേട്ട് ഭാര്യയും ഉമ്മയും അടുത്ത മുറിയില്‍നിന്ന് എണീറ്റ് വന്നു ആക്രമണം തടയാന്‍ ശ്രമിച്ചു. ഇവരെ പിടിച്ചുമാറ്റി ഹെല്‍മറ്റ്ധാരികള്‍ ഷമീറിനെ തുരുതുരാ വെട്ടി. അതിനുശേഷം മൃതപ്രായനായ ഷമീറിനെ ഉപേക്ഷിച്ച് അക്രമികള്‍ ഓടി.

എട്ടോളം പേര്‍ ഹെര്‍മറ്റ് ധരിച്ച് അകലെ മാറി നിന്നിരുന്നതായി ഭാര്യയുടെ മൊഴിയില്‍ പറയുന്നു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരില്‍ ചിലര്‍ വരികയും ഒരാള്‍ ഓട്ടോറിക്ഷയുമായി എത്തുകയും ചെയ്തു. എന്നാല്‍ ഓട്ടോയില്‍ കയറ്റാന്‍ പറ്റാത്ത നിലയിലായിരുന്നതിനാല്‍ മറ്റൊരു വാഹനം വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്.