കുടിയന്മാരുടെ കണ്ണ് നനയിക്കുന്ന ദുരന്തം…

liquor store_3_0_0_0_0

ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ മദ്യപാനികളുടെ ദുഖത്തിനിടയക്കിയ ഒരു ദുരന്തം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഭവം മറ്റൊന്നുമല്ല കുളപ്പുള്ളിയിലെ വിദേശമദ്യ വില്‍പനശാലയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 1.28 കോടി രൂപയ്ക്കുള്ള വിദേശമദ്യം കത്തി നശിച്ചതാണ്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അഗ്നിബാധ. പ്രതിദിനം ഒരു ലോഡ് മദ്യം ചെലവാകുന്ന വില്‍പനശാലയാണു കുളപ്പുള്ളിയിലേത്. അടുത്ത 10 ദിവസങ്ങളിലായി നടക്കുന്ന പ്രാദേശിക ഉല്‍സവങ്ങള്‍ ലക്ഷ്യമിട്ടു സൂക്ഷിച്ചിരുന്നതാണു കത്തിനശിച്ച വിദേശമദ്യമത്രയും. ഒട്ടാകെ 5000 കെയ്‌സ് മദ്യം കത്തിപ്പോയി. മുന്തിയ ഇനം മദ്യമായിരുന്നു ഏറെയും. വൈദ്യുതിത്തകരാറാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വന്‍ സാമ്പത്തിക നഷ്ടം ബിവറേജസ് കോര്‍പ്പറേഷന് ഉണ്ടാകുമെങ്കിലും ഇവിടെ ഉണ്ടാകാന്‍ പോകുന്ന മദ്യ ദൌര്‍ലഭ്യം കുടിയന്മാരെ ബാധിക്കുമോ എന്ന് കണ്ടറിയണം.

വില്‍പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഗോഡൗണിലാണു തീപടര്‍ന്നത്. തലേന്നാണു രണ്ടു ലോഡ് മദ്യം കുളപ്പുള്ളിയിലെ ഗോഡൗണില്‍ ഇറക്കിയത്. സംസ്ഥാനത്തു മദ്യ വില്‍പനയില്‍ മുന്‍നിരയിലുള്ളതാണു ബിവറേജസ്  കോര്‍പറേഷന്റെ കുളപ്പുള്ളിയിലെ വില്‍പനശാല. തീപിടിത്തത്തിനു 12 മണിക്കൂര്‍ ശേഷവും കുപ്പികളില്‍ മദ്യം ചൂടുമാറാതെ തുടരുന്നതിനാല്‍ ഇവ നശിപ്പിക്കുന്നത് എളുപ്പമാകില്ലെന്ന് അധികൃതര്‍ പറയുന്നു.