Share The Article

Untitled-2

ലേഖനത്തിലെ അഭിപ്രായപ്രകടനങ്ങളും, വിമര്‍ശനങ്ങളും, ലേഖകന്‍റെ മാത്രം കാഴ്ച്ചപ്പാടുകളാണ്. ഇതില്‍ ബൂലോകത്തിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. 

ഇന്നലത്തെ പത്ര താളുകളിലെ ആ ചിത്രം എന്നെ ഇപ്പോഴും വേട്ടയാടുന്നു. ഒരു വനിതാ പോലിസ്‌കാരി ഇരുന്നോറോളം കുട്ടികളെ വളഞ്ഞു നിര്‍ത്തി അതിന്റെ ഒത്ത നടുവില്‍ ഒരു സൈഡ് ലേക്ക് കൈ ചൂണ്ടി ആക്രോശിക്കുന്ന ചിത്രവും യതീം ഖാനയിലെക്കുള്ള കുട്ടിക്കടത്തിന്റെ പൊലിപ്പിച്ച വാര്‍ത്തയും. ആ പോലീസ് കാരിയുടെ മുഖത്ത് ഒരല്പം പോലും ദയയുടെ അംശം പോലും കാണാനില്ല. മറിച്ചു നിരന്നു നില്കുന്ന കുട്ടികള്‍ എല്ലാം ഭയന്ന് വിറച്ചു നില്കുന്ന ചിത്രം..!

400 കുട്ടികളെ കേരളത്തിലേക്ക് കടത്തിയത്രെ . വിദ്യാഭ്യാസം ആയിരുന്നു ആ കുട്ടികളുടെ ലക്ഷ്യം എന്നത് തന്നെയാണ് മലയാള ഭൂവിലുള്ള ഒട്ടു മിക്ക ബുദ്ധിജീവികളുടെയും അവസാന പക്ഷം. അത് അങ്ങിനെ മനസ്സിലാക്കാന്‍ ഐന്‍സ്ടീന്റെ ബുദ്ധി വേണമെന്നില്ലല്ലോ. ആ കൂട്ടത്തിലെ പകുതി പേരും അതേ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത് മാത്രം കേട്ടാല്‍ മതി. എന്നിട്ടും കൊണ്ടുവന്നവരെക്കള്‍ വെട്ടയാടപ്പെട്ടത് ആ കൊച്ചു കുട്ടികള്‍ ആയിരുന്നു. നമ്മുടെ നാട്ടിലെ കുട്ടികളുടെ കാര്യം ആലോചിച്ചാല്‍ മനസ്സിലാവും അവര്‍ക്ക് എത്ര കണ്ടു പോലീസിനെ പേടിയാണെന്ന്. ആ സംഭവത്തിന് ശേഷം അതിലെ കുട്ടികളില്‍ കുറച്ചു പേര്‍ പനിവന്നു ആശുപത്രിയില്‍ ആയതില്‍ നിന്ന് പോലീസ് അവരോടു എങ്ങിനെ പെരുമാറിയിട്ടുണ്ടാവും എന്ന് ഊഹിച്ചെടുക്കാം. (പേടിച്ചു മൂത്രമൊഴിക്കാത്ത കുഞ്ഞുങ്ങള്‍ അതിലുണ്ടാവുമോ ആവൊ..? ).

എത്ര തലങ്ങും വിലങ്ങും വായിച്ചിട്ടും എനിക്ക് മനസ്സിലാവാത്ത കാര്യം ആ കുഞ്ഞുങ്ങള്‍ ചെയ്ത കുറ്റമാണ്. തന്റെ ചേട്ടന്മാര്‍ പഠിക്കുന്ന പോലെ പഠിക്കണം എന്ന് ആഗ്രഹിച്ചതാണോ അവര്‍ ചെയ്ത തെറ്റ്..? സ്‌കൂളില്‍ ചേര്‍ത്തിയ ദിവസം മുതല്‍ സ്‌കൂള്‍ ബാഗ് മുതുകത്തു നിന്ന് മാറ്റാത്ത, പാതി രാത്രി എഴുന്നേറ്റു ‘ നാളെ സ്‌കൂളില്‍ കൊണ്ടോവോ..? ‘ എന്ന് ചോദിക്കുന്ന 4 വയസുകാരിയുടെ അച്ഛനായ എനിക്ക്, ആ കൂട്ടത്തിലെ ഓരോ കുട്ടിയുടെയും ആഗ്രഹവും ആവേശവും മനസ്സിലാവുന്ന പോലെ ഓരോ അച്ഛനും മനസ്സിലാവും. അതിനു പക്ഷെ സംഭോഗത്തിന്റെ ഉപോല്പന്നം ആയി കുഞ്ഞുങ്ങളെ കാണുന്ന പരിഷ്‌കൃത കേരളത്തിന്റെ പിതൃധര്‍മ്മം പോര…!

പത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു നിറഞ്ഞത് മുതല്‍, ഇതിനെ എങ്ങിനെ വിലയിരുത്തിയാലാണ് തന്റെ രാഷ്ട്രീയ, മത നേതൃ മുന്നേറ്റം സാധ്യമാവുക എന്ന് നോക്കിയാണ് ഓരോ നേതാവും പ്രതികരിച്ചത്. പോലീസ് പിന്നെ തങ്ങളുടെ തലയ്ക്കു വെളിവ് കുറവാണെന്ന് പണ്ട് മുതലേ ആവര്‍ത്തിച്ചു തെളിയിക്കുന്നവരാണ്. നാണമില്ലാതെ മത നേതാക്കളും രാഷ്ട്രീയ നേതാക്കളും വരെ തങ്ങളുടെ ‘വിലയിരുത്തലുകള്‍’ നടത്തിയപ്പോള്‍ ആഭ്യന്തര മന്ത്രി വരെ മനുഷ്യത്വമില്ലാത്ത വിശകലങ്ങള്‍ നടത്തിയത് നാം കണ്ടു. കുഞ്ഞുങ്ങള്‍ മതം ഏതായികൊള്ളട്ടെ..അവരുടെ സ്വപ്‌നങ്ങള്‍ ഒന്നായിരുന്നു. ആഗ്രഹങ്ങള്‍ ഒന്നായിരുന്നു. കുഞ്ഞുങ്ങളെ കൊണ്ടുവന്നവര്‍ തെറ്റ് ചെയ്തവരെങ്കില്‍ അവരെ മാതൃക പരമായി ശിക്ഷിക്കട്ടെ. കേരളമെന്ന സ്വപ്നഭൂമിയില്‍ എത്തുന്ന വരെ നെഞ്ചിലും മനസ്സിലും ആവേശത്തിന്റെ വീര്‍പ്പുമുട്ടലുമായി പുതിയ സ്‌കൂള്‍ തേടി വന്ന ആ പിഞ്ചു മനസ്സുകളെ കൊത്തി വലിക്കുന്നത് നിര്‍ത്താന്‍ ഇനിയെന്താണ് വേണ്ടത്.?

പത്തു പെറ്റാലും പട്ടി പെറ്റാലും മാവ് വീണാലും മ്ലാവ് വീണാലും ആര്‍ത്ത് ചിലച്ചു വരുന്ന അജിതമാരുടെയും സാറമാരുടെയും നിഴല്‍പോലും ഈ മനുഷ്യകുഞ്ഞുങ്ങളുടെ അടുത്ത് വന്നില്ല. ജുവനെയില്‍ ബുദ്ധിജീവികളുടെ കസര്‍ത്തും കുഞ്ഞുങ്ങളുടെ ഭീതി മാറ്റിയില്ല. സാംസ്‌കാരിക നായകന്മാര്‍ ഒന്നടങ്കം ഏത് മാളത്തില്‍ പോയൊളിച്ചു..? ‘സംഭവം മതമല്ലേ..ജനങ്ങള് തങ്ങളെ കല്ലെറിയില്ലേ..? പിന്നെ ഈ ജനങ്ങള്‍ തങ്ങളെ സാംസ്‌കാരിക നായകര്‍ എന്ന് എങ്ങിനെ വിളിക്കും..?? നിങ്ങള്‍ ഓരോരുത്തരുടെയും പ്രകൃതിജന്തുമനുഷ്യ സ്‌നേഹം പ്രശസ്തിയുടെ പടവുകള്‍ കേറാന്‍ മാത്രമുള്ളതാണെന്ന് ഇന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

സാംസ്‌കാരിക കേരളമേ..ലജ്ജിക്കൂ..! നിന്നെ പ്രധിനിധാനം ചെയ്യുന്നത് ഇത്തരം രാഷ്ട്രീയക്കാരാണല്ലോ എന്നോര്‍ത്ത്..

Advertisements