കുഴപ്പങ്ങളില്‍ (confusion) നിന്നുമുള്ള ഉയിര്‍ത്തെഴുന്നേക്കലാണോ ‘fusion’?

7

recipe-0111

കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവും കൂടി ബന്ധുമിത്രാദികളുടെ സല്‍ക്കാരങ്ങള്‍ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോള്‍ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാന്‍!

ജീവിതത്തില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിനമാണ് ക്രിസ്തുമസ്സ്. അത് ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനമാണോ അതോ പാതിര കുര്‍ബ്ബാന കഴിഞ്ഞ് കിടന്നുറങ്ങുന്ന എന്നെ കണ്ണ് തുറപ്പിക്കുന്നത് തന്നെ അടുക്കളയില്‍ നിന്നും വരുന്ന പാലപ്പത്തിന്റേയും സ്റ്റ്യൂവിന്റേയും മണമായിരിക്കും.അതുപോലെതന്നെ ക്രിസ്തുമസ്സ് അപ്പൂപ്പന്റെ സമ്മാനങ്ങളും. പിന്നീട് അങ്ങനെയൊരു അപ്പൂപ്പന്‍ ഇല്ല എന്ന് മനസ്സിലാക്കിയ നാളുകളില്‍ ഞങ്ങള്‍ സഹദോരിസഹദോരന്മാര്‍ പരസ്പരം അവരവരുടെ പോക്കറ്റ്മണി വെച്ച് എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ മേടിച്ച് ട്രീ യുടെ അടിയില്‍ വെക്കുമായിരുന്നു. അതൊക്കെ എന്താണെന്നറിയാനുള്ള ആകാംക്ഷ ….. അങ്ങനെ കണ്ണ് തുറന്ന് വരുന്നത് തന്നെ ഉത്സാഹത്തൊടെയാണ്…..

ആ ദിനമാണോ എനിക്ക് ‘പാര’ ആയി വരുന്നത് ഓര്‍ത്തിട്ട് തന്നെ സങ്കടം വന്നു. കാര്യം മറ്റൊന്നുമല്ല. വിരുന്ന് തന്ന പലരും തമാശയായിട്ടും കാര്യമായിട്ടും ചോദിക്കാന്‍ തുടങ്ങി ‘ക്രിസ്തുമസ്സിന് ഞങ്ങളെ ക്ഷണിക്കുന്നില്ലേ ?’

ഏകദേശം ഇരുപതോ അതില്‍ കൂടുതല്‍ ആളുകളെ ക്ഷണിക്കാനുണ്ട്.പാചകത്തില്‍ അധികമൊന്നും പയറ്റി തെളിയാത്തതു കൊണ്ട് എനിക്ക് അതൊരു വലിയ പാര തന്നെയായിരുന്നു.

ഏതായാലും ഒരു കൂട്ടുകാരി സഹായഹസ്തവുമായി എത്തി. അവളുടെ കുടുംബവും ഞങ്ങളും കൂടി സഹകരിച്ച് സല്‍ക്കാരം നടത്താം.ഞങ്ങള്‍ രണ്ടു പേരും നസ്രാണികളും കൂട്ടത്തില്‍ ക്ഷണിക്കേണ്ട അതിഥികളും ഒരേ കൂട്ടരായിരുന്നു. എനിക്കാണെങ്കില്‍ പ്രധാനമായും അവരുടെ രണ്ട് കൊച്ച് കുട്ടികളെ അന്വേഷിക്കുകയും അതുപോലെ എല്ലാത്തിനും ഒരു സഹായി ആയി നില്‍ക്കുക. സംഗതി ജോറായിട്ട് തന്നെ തോന്നി.

കൂട്ടുകാരി വിചാരിച്ച പോലെ അല്ലായിരുന്നു.പാചകം ഒരു വിനോദം ആയിട്ട് കൊണ്ട് നടക്കുന്ന ആളാണ്. പലതും പുതുമയുള്ള വിഭവങ്ങള്‍ ആയിരുന്നു. എല്ലാ കാര്യത്തിലും അങ്ങേയറ്റം ‘പെര്‍ഫെക്ഷന്‍ ‘ അനുഷ്ഠിക്കുന്നുണ്ട്. അത് പച്ചക്കറി അരിയുന്ന കാര്യത്തിലാണെങ്കില്‍ പോലും, ആ കാര്യത്തില്‍ ഞാന്‍ പലപ്പോഴും പരാജയമായിരുന്നു. ഞാന്‍ അരിഞ്ഞ് വെച്ചിരിക്കുന്നതിനെ സൂക്ഷമമായി പരിശോധിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതൊക്കെ മാറ്റി വെക്കും. പിന്നീട് പുതിയത് പിന്നേയും അരിയും.എങ്ങനെ അരിഞ്ഞാലും വായിലോട്ട് ഇടുമ്പോള്‍ എല്ലാം ഒരേ പോലെ ആകില്ലേ എന്ന് ഞാന്‍ ഓര്‍ക്കാതിരുന്നില്ല. ഏതൊരു കൊച്ചു കാര്യവും വളരെ ഗൗരവമായി കാണുന്ന പ്രകൃതക്കാരി എന്ന് പറയാം.

ഇതിനിടയ്ക്ക് ചിക്കന്‍ കറി ഉണ്ടാക്കുന്നതിനിടയ്ക്ക് കുട്ടികളുടെ എന്തോ ആവശ്യത്തിനായി പോകേണ്ടി വന്ന കാരണം ബാക്കി ചെയ്യേണ്ടത് എന്നോട് ചെയ്യാന്‍ പറഞ്ഞു. പറഞ്ഞ പോലെ എല്ലാം ചെയ്‌തെങ്കിലും എരിവ് ഭയങ്കരമായി കൂടി പോയി. ഒരു പക്ഷെ നിസ്സാരമായി കാണുന്ന പാചകത്തില്‍ പോലും നമ്മളെ കുഴപ്പത്തിലാക്കുന്ന ചില ചെറിയ കാര്യങ്ങള്‍! ആകെ മാനസിക പിരിമുറക്കത്തില്‍പ്പെട്ട ഞാന്‍ ഒരു ഉപായം എന്ന രീതിയില്‍ മനസ്സിലേക്ക് ഓടി വന്നത് ‘ കുറച്ച് പഞ്ചസാര ഇടുക എന്നുള്ളതാണ്.ഞാന്‍ അതുപോലെ തന്നെ ചെയത് നല്ലവണ്ണം ഇളക്കി ഉണ്ടാക്കിയ പാത്രം അടുപ്പില്‍ നിന്ന് മാറ്റി ഫ്രിഡ്ജിന്റെ മുകളില്‍ വെച്ചു.കൂട്ടത്തില്‍ അവള്‍ കാണാല്ലേ എന്ന ഒരു പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

കൂട്ടുകാരി തിരിച്ച് വന്ന് ബാക്കി ജോലികളില്‍ തിരക്കായി. അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ ചിക്കന്‍കറിയുടെ കാര്യം പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.അന്ന് സ്‌പെഷ്യല്‍ ആയിട്ട് നൂഡില്‍സ്സാണ് ഉണ്ടാക്കിയത്. ആ നാളുകളില്‍ അതൊന്നും വീടുകളില്‍ ആരും ഉണ്ടാക്കില്ലായിരുന്നു.ഉണ്ടാക്കുന്ന ഓരോ വിഭവത്തിലും അത് പപ്പടം വറുക്കുന്നതില്‍ തൊട്ട് തന്റേതായ സ്വന്തം മുദ്ര (signature) ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.പാചകവും ഒരു കല ആണെന്ന് മനസ്സിലാക്കിയ ദിവസം !

അതിഥികള്‍ വന്ന് ഭക്ഷണം വിളമ്പിയപ്പോള്‍ എനിക്ക് ചിക്കന്‍ കറി മേശപ്പുറത്ത് വെയ്ക്കാന്‍ തന്നെ പേടിയായിരുന്നു. ചിക്കന്‍ കറി ഇല്ലാതെ എന്ത് ക്രിസ്തുമസ്! പക്ഷെ ആ കറി എന്നെ ചതിച്ചില്ല.അതില്‍ പഞ്ചസാര യൊക്കെ അലിഞ്ഞ് എരിവും മധുരവും കൂടി ചേര്‍ന്ന്! ഒരു പുതിയ വിഭവം തന്നെ ആയി. നൂഡില്‍സ്സിന്റെ കൂടെ ഉചിതമായത് അങ്ങനെ അറിയാതെ ആണെങ്കിലും ഞാനും എന്റേതായ signature ആരും അറിയാതെ ഉണ്ടാക്കി.എല്ലാ വിഭവങ്ങളും കൂട്ടുകാരിയുടേതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതു കൊണ്ട് അതിന്റെ അംഗീകാരവും കൂട്ടുകാരിക്കായിരുന്നു.അവള്‍ക്ക് പരിചിതമല്ലാത്ത രുചി ആയതു കൊണ്ടായിരിക്കും ആ മധുരത്തിനെ കുറിച്ച് പിന്നീട് ഇടയ്ക്ക് എന്നോട് അന്വേഷിക്കാറുണ്ടായിരുന്നു.എല്ലാം നിന്റെ പാചകത്തിനോടുള്ള സമര്‍പ്പണം എന്ന മട്ടിലായിരുന്നു ഞാന്‍ !

പിന്നീടു പല പാചകപരീക്ഷണങ്ങളില്‍ അലങ്കോലപ്പെടുമ്പോള്‍ .ഇങ്ങനത്തെ എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങളുമായി നവീകരിക്കാറുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തരുന്നത് ആ ചിക്കന്‍കറിയാണ്.…………..

ഇന്ന് പല കുക്കറി ഷോ കാണുമ്പോള്‍, പലതും ഇറ്റലി അല്ലെങ്കില്‍ യൂറോപ്പ് ചേരുവകളില്‍ നിന്ന്! തുടങ്ങി ചൈനയില്‍ കൂടി കടന്ന്! നമ്മുടെ നാടന്‍ വിഭവങ്ങളുമായി കൂട്ടിക്കലര്‍ത്തി വിശിഷ്ടഭോജ്യം ആയി മാറുന്നത് കാണാം ‘fusion എന്ന വകുപ്പിനടിയില്‍ ഇങ്ങനത്തെ വിശിഷ്ടവിഭവംകാണുമ്പോള്‍, ഞാനറിയാതെ ഓര്‍ത്ത് പോകുന്നത് ആ ചിക്കന്‍ കറിയെയാണ്.ഇതുപോലത്തെ കുഴപ്പങ്ങളില്‍(confusion) നിന്നുമുള്ള ഉയിര്‍ത്തെഴുന്നേക്കലാണോ ഈ ‘fusion’?

Write Your Valuable Comments Below