കേജ്രിവാളില്‍ നിന്നും രാഹുല്‍ഗാന്ധി പഠിക്കേണ്ട കാര്യങ്ങള്‍

01

ചൂലെടുത്ത് ഡല്‍ഹി തൂത്ത് വാരിയ ആം ആദ്മി പാര്‍ട്ടിയെ കണ്ടു പകച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയും. അതിന്റെ അവസാനത്തെ അടയാളമാണ് ലീവിന് അപേക്ഷിച്ച് കൊണ്ട് അജ്ഞാത വാസത്തിനായി രാഹുല്‍ പോയത്. അതിനെക്കാള്‍ രസകരമായത് കേജ്രിവാള്‍ മാതൃകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും തിരികെ വരുമെന്ന രാഹുലിന്റെ പ്രസ്താവനയാണ്. അതിനര്‍ത്ഥം രാഹുല്‍ കേജ്രിവാളില്‍ നിന്നും പഠിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. എന്നാലിപ്പോള്‍ പഠിച്ചതൊന്നും പോരാ, കേജ്രിവാള്‍ എന്ന ഡിക്ഷ്ണറിയില്‍ പഠിക്കാന്‍ ഇനിയും വാക്കുകളുണ്ടെന്ന സത്യം രാഹുല്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മുത്തശ്ശി പാര്‍ട്ടിയും അതിന്റെ വൈസ് പ്രസിഡനറും കേവലം രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രം പ്രായമായ ആം ആദ്മിയില്‍ നിന്നും അതിന്റെ നേതാവില്‍ നിന്നും പഠിക്കേണ്ടത് എന്തൊക്കെയാണ്?

ഒരാളുടെ ജനസ്വാധീനം മനസ്സിലാക്കാന്‍ സാധിക്കുക

കേജ്രിവാള്‍ എന്ന നേതാവിന്റെ ജനസ്വാധീനം മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ഗാന്ധിയും പരാജയപ്പെട്ടു എന്നതാണ് സത്യം. അതിന്റെ ഫലമാണ് നമ്മള്‍ ഫലം വന്നപ്പോള്‍ കണ്ടത്.

ജനങ്ങളുടെ മനസ്സറിയുക

ജനങ്ങളുടെ മനസ്സറിയാത്തതാണ് രാഹുലിനും കോണ്‍ഗ്രസിനും പറ്റിയ വലിയ തെറ്റ്. അതറിഞ്ഞിടത്താണ് കേജ്രിവാളിന്റെയും ആം ആദ്മിയുടെയും വിജയവും

ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക

പാചകവാതകത്തിനും പെട്രോളിനും വില വര്‍ദ്ധിപ്പിച്ച് ഇന്ത്യയുടെ സമ്പദ്ഘടന പിടിച്ചു നിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും ജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന്‍ മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു എന്നതാണ് സത്യം. ഭാവി സമ്പുഷ്ടമാക്കുവാന്‍ ഇപ്പോള്‍ കഴുത്തിന്‌ പിടിച്ചാല്‍ ജനം തിരികെ പിടിക്കും എന്ന സത്യം രാഹുല്‍ എക്കണോമിസ്റ്റിനു ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്താല്‍ നല്ലത്.

ഒരു നേതാവാകുമ്പോള്‍ റിസ്കെടുക്കാന്‍ തയ്യാറാവുക

കേജ്രിവാളില്‍ നിന്നും രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി മന്മോഹനും മനസ്സിലാക്കേണ്ട സംഗതി. മറ്റാരും കാണിക്കാത്ത ധൈര്യമാണ് ഷീല ദീക്ഷിതിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതിലൂടെ കേജ്രിവാള്‍ കാണിച്ചിരിക്കുന്നത്. ഇനി ലോക്സഭ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെയാണ് കേജ്രിവാളിന്റെ ഉന്നം എന്ന് കേള്‍ക്കുന്നു. എങ്കില്‍ ആ ധൈര്യത്തെ രാഹുല്‍ കണ്ടു പഠിക്കണം.

ഇനി മുകളില്‍ ഉള്ളതൊക്കെ പഠിച്ച് കേജ്രിവാളാകുവാന്‍ നോക്കിയാല്‍

അതിന്റെ ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നൂറു വര്‍ഷത്തിലധികം പാരമ്പര്യമുള്ള കോണ്‍ഗ്രസുകാര്‍ കേവലം ഒരു വര്‍ഷം പ്രായമുള്ള ആം ആദ്മിയെ കണ്ടു പഠിക്കാന്‍ നോക്കിയാല്‍ വീണ്ടും പണി പാളും എന്നെ പറയാനുള്ളൂ.